•  16 Oct 2025
  •  ദീപം 58
  •  നാളം 32
നേര്‍മൊഴി

പ്രസിഡന്റ് ട്രംപിന്റെ നയങ്ങള്‍ ഇന്ത്യയ്ക്കു തിരിച്ചടി

   അമേരിക്കന്‍ പ്രസിഡന്റിന്റെ നയങ്ങളും പരിഷ്‌കാരങ്ങളും ഇന്ത്യയ്ക്കു കനത്ത തിരിച്ചടിതന്നെയാണ്. ഇന്ത്യയെ അതു ബാധിക്കില്ല, വന്‍ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശക്തിയുണ്ട്, ട്രംപിന്റെ പുതിയ സമീപനങ്ങളെ തിരിച്ചടിയായിട്ടല്ല വളരാനുള്ള പുതിയ മാര്‍ഗങ്ങളും അവസരങ്ങളുമായിട്ടാണ് കാണേണ്ടത് എന്നൊക്കെയുള്ള സാന്ത്വനന്യായങ്ങളൊക്കെ പറഞ്ഞാലും പ്രശ്‌നം പരിഹൃതമാകുന്നില്ല. ഇന്ത്യയുടെ വളര്‍ച്ചയെയും പുരോഗതിയെയും അതു നിര്‍ണായകമായരീതിയില്‍ ബാധിക്കും.
ഇറക്കുമതിത്തീരുവ ഉയര്‍ത്തിയാണ് ട്രംപ് ആദ്യമേ ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചത് ഇന്ത്യപോലെയുള്ള രാജ്യങ്ങള്‍ക്ക് പിഴച്ചുങ്കംകൂടി അടിച്ചേല്പിച്ചു. 25 ശതമാനം തീരുവപോലും വിപണിയെ ബാധിക്കും. അത് ഇരട്ടിയാക്കുമ്പോഴുണ്ടാകുന്ന ആഘാതം കണക്കുകളുടെ അകമ്പടി യല്ലാതെതന്നെ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകും. പിഴച്ചുങ്കത്തിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനുമുമ്പുതന്നെ തൊഴില്‍വിസായുടെ കാര്യവും ഇന്ത്യാക്കാര്‍ക്കു ഭാരമാകത്തക്കവിധം കര്‍ശനമാക്കി. ഐ.ടി. പോലെ ഉയര്‍ന്ന ശമ്പളസാധ്യതയുള്ള വിസായുടെ നിരക്ക് ഇരുപത് ഇരട്ടിയോളം വര്‍ദ്ധിപ്പിച്ച് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തി. ഒരു ലക്ഷം ഡോളര്‍ ഇന്ത്യന്‍ രൂപായില്‍ 88 ലക്ഷത്തോളമാണ്. ഇതുവരെ വിസയ്ക്കുവേണ്ടി ചെലവഴിക്കേണ്ടിയിരുന്നത് രണ്ടരലക്ഷം മുതല്‍ അഞ്ചുലക്ഷം വരെയാണ്. അതാണ് കുത്തനെ ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയത്.
ഉയര്‍ന്ന വേതനമുള്ള ജോലികള്‍ക്കായി വിദേശികള്‍ക്ക് അമേരിക്ക അനുവദിക്കുന്ന വിസയാണ് എച്ച് വണ്‍ ബി വീസ. ഈ വിസയുടെ ചെലവ് നിര്‍വഹിക്കുന്നത് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്ന കമ്പനികളാണ്. അമേരിക്കയിലെ എച്ച് വണ്‍ ബി വിസക്കാരില്‍ 71 ശതമാനവും ഇന്ത്യക്കാരാണ്. അവരുടെ ശരാശരി വാര്‍ഷികവരുമാനം 58 ലക്ഷം രൂപയാണ്. അതിന്റെ ഇരട്ടിയോളം തുക മുടക്കിവേണം കമ്പനികള്‍ അവരെ നിയമിക്കാന്‍. വെറും അഞ്ചു ശതമാനത്തില്‍ താഴെ ജോലിക്കാര്‍ക്കു മാത്രമാണ് ഒന്നരലക്ഷം ഡോളറിനുമുകളില്‍ ശമ്പളമുള്ളത്. കമ്പനികള്‍ എച്ച് വണ്‍ ബി വിസയെ ആശ്രയിക്കാതിരുന്നാല്‍ അമേരിക്കയിലേക്കുള്ള ഇന്ത്യാക്കാരുടെ കുടിയേറ്റം വലിയ തോതില്‍ കുറയും. പ്രസിഡന്റ് ട്രംപ് ഉദ്ദേശിക്കുന്നത് അതുതന്നെയാണ്. നുഴഞ്ഞു കയറ്റക്കാരെയും നിയമാനുസൃതം അമേരിക്കയിലേക്കു കുടിയേറുന്നവരെയും നിയന്ത്രിക്കുക.
കുടിയേറ്റം ഗണ്യമായി നിയന്ത്രിച്ചാല്‍ അമേരിക്കയിലെ തൊഴിലില്ലായ്മ കുറെയൊക്കെ പരിഹരിക്കപ്പെടും. പ്രത്യേക പഠനവും പരിശീലനവുമുള്ള വിദേശ ഉദ്യോഗാര്‍ഥികള്‍ക്കു തുല്യരായവരെ ഉടനടി രാജ്യത്ത് ലഭ്യമായെന്നു വരില്ല. ആ കുറവ് വിദ്യാഭ്യാസകേന്ദ്രങ്ങളിലൂടെ പരിഹരിക്കും. അതിന്റെ ഫലമായി ശാസ്ത്രസാങ്കേതികവിദ്യാഭ്യാസമേഖല ശക്തിപ്പെടുന്നതിനിടയാകും. തൊഴില്‍മേഖലയിലെ സ്വയംപര്യാപ്തത ഒരു രാജ്യത്തിനാവശ്യമാണ്. വിലകൊടുത്ത് തൊഴിലാളികളെ വാങ്ങുന്ന രീതി എളുപ്പമുള്ളതാണെങ്കിലും ഒരു രാജ്യത്തിന്റെയും ഭാവിക്കു നല്ലതല്ല.
അമേരിക്ക വലിയ സാമ്പത്തികഞെരുക്കത്തിലാണ്, ട്രംപിന്റെ കാലത്തുതന്നെ അമേരിക്കന്‍ സാമ്പത്തികത്തകര്‍ച്ച സമ്പൂര്‍ണമാകുമെന്നൊക്കെയുള്ള അമേരിക്കന്‍വിരുദ്ധശക്തികളുടെ പ്രചാരണത്തിന് വലിയ വില കല്പിക്കേണ്ടതില്ല. അമേരിക്കന്‍ സാമ്പത്തികസ്ഥിതി ഇപ്പോഴും ശക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി അമേരിക്കതന്നെയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സാമ്പത്തികവളര്‍ച്ചാനിരക്കു കുറവായതിനാലാണ് സാമ്പത്തികമാന്ദ്യം, സാമ്പത്തികത്തകര്‍ച്ച എന്നൊക്കെയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. അമേരിക്കയിലെ സര്‍വീസ് സെക്ടറിലാണ് വളര്‍ച്ചാനിരക്ക് കുറവ്. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം ഉള്‍പ്പെടെയുള്ള നിത്യോപയോഗസാധനംപോലെയോ അതിനേക്കാള്‍ പ്രധാനമോ ആണ് മൊബൈല്‍, ഇന്റര്‍നെറ്റ് പോലെയുള്ള സൗകര്യങ്ങള്‍. അത്തരം ഉത്പന്നങ്ങളെല്ലാം ചൈന, ഇന്ത്യപോലെയുള്ള രാജ്യങ്ങളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. അതിന്റെ ഫലമായി പൊതുസേവനമേഖലയിലെ വളര്‍ച്ചാനിരക്ക് അമേരിക്കയില്‍ കുറവാണ്. എന്നാല്‍, പ്രതിരോധം, സിവില്‍ ഏവിയേഷന്‍, കാര്‍ഷികം, വ്യവസായം തുടങ്ങിയ മേഖലകളില്‍ അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ന്ന നിലയില്‍ത്തന്നെയാണ്.
അമേരിക്കന്‍നയങ്ങള്‍ അമേരിക്കയെ മാത്രമല്ല, ലോകരാഷ്ട്രങ്ങളെ മുഴുവന്‍ സ്വാധീനിക്കും. കാരണം, അമേരിക്ക എന്ന രാജ്യം അത്ര ശക്തമാണ്. പ്രസിഡന്റ് ട്രംപിന്റെ നയവ്യതിയാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനുള്ള കാരണങ്ങള്‍ രണ്ടാണ്. ഒന്ന്: തീരുമാനങ്ങള്‍ പെട്ടെന്നുണ്ടാകുന്നു, അപ്രതീക്ഷിതമായിട്ടുണ്ടാകുന്നു. രണ്ട്: ഉടനടി അത് നടപ്പിലാക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ എല്ലാ തീരുമാനങ്ങളും അമേരിക്കന്‍ താത്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതും അമേരിക്കയ്ക്ക് സാമ്പത്തികനേട്ടം ഉറപ്പാക്കുന്നതുമാണ്. കച്ചവടക്കാരനായ ഒരു രാഷ്ട്രീയക്കാരന്റെ സ്വാഭാവികപ്രതികരണങ്ങളാണ് പ്രസിഡന്റ് ട്രംപില്‍നിന്നുണ്ടാകുന്നത്. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)