•  14 Aug 2025
  •  ദീപം 58
  •  നാളം 23
നേര്‍മൊഴി

ഛത്തീസ്ഗഡ് സംഭവത്തിന്റെ ബാലന്‍സ്ഷീറ്റ്

   അവസാനം ഒമ്പതുദിവസത്തെ ജയില്‍ജീവിതത്തിനുശേഷം മലയാളികന്യാസ്ത്രീകള്‍ ദുര്‍ഗ്ജയിലില്‍നിന്നു മോചിതരായി. മോചിതരായവരും അവരുടെ കുടുംബാംഗങ്ങളും മോചിപ്പിക്കാന്‍ ശ്രമിച്ചവരും ഒത്തുചേര്‍ന്ന് ആഹ്ലാദിക്കുന്നതു കണ്ടു. അപ്രതീക്ഷിതമായി ലോട്ടറി അടിക്കുമ്പോഴുണ്ടാകുന്നതുപോലുള്ള സന്തോഷം. ഉന്നതപരീക്ഷാവിജയം സംഭവിക്കുമ്പോഴും തിരഞ്ഞെടുപ്പുവിജയം ആഘോഷിക്കുമ്പോഴും കാണാറുള്ള സന്തോഷത്തിമിര്‍പ്പ്. ആഹ്ലാദത്തിനുള്ള വക ഞാന്‍ കാണുന്നില്ല. ജയില്‍മോചനം ആശ്വാസമാണെന്നു പറയാം. ആഹ്ലാദിക്കണമെങ്കില്‍ ഇനിയും പല കാര്യങ്ങള്‍ അന്യായമായി കന്യാസ്ത്രീകളെ ജയിലിലടച്ചവരുടെ ഭാഗത്തുനിന്നുണ്ടാകണം. ഇതു തെറ്റുതിരുത്തലിന്റെ ആദ്യപടിയായി കരുതാം.

   ജയില്‍മോചിതരായെങ്കിലും കന്യാസ്ത്രീകള്‍ കുറ്റവിമുക്തരാക്കപ്പെട്ടിട്ടില്ല. വ്യാജമായി അവരുടെമേല്‍ ചുമത്തിയ എഫ്.ഐ.ആര്‍. റദ്ദു ചെയ്യണം. അവര്‍ക്കുണ്ടായ ശാരീരികമാനസികപീഡനത്തിനും അവകാശനിഷേധത്തിനും അപമാനങ്ങള്‍ക്കും പരിഹാരമുണ്ടാകണം. അതുമാത്രം പോരാ. വര്‍ഗീയതാത്പര്യങ്ങളുടെ പേരില്‍ പ്രശ്‌നമുണ്ടാക്കിയ റെയില്‍വേ ഉദ്യോഗസ്ഥനെയും അയാള്‍ വിളിച്ചുകൂട്ടിയ ബജറങ്ദള്‍ പ്രവര്‍ത്തകരെയും അവരുടെ ആജ്ഞാനുവര്‍ത്തികളായി വര്‍ത്തിച്ച പൊലീസുകാരെയും കേസ് എന്‍.ഐ.എ.യ്ക്കു വിടാന്‍ ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും സംസ്ഥാനസര്‍ക്കാര്‍ തങ്ങള്‍ക്കു സംഭവിച്ച പിഴവു സമ്മതിക്കുകയും കേന്ദ്രസര്‍ക്കാര്‍ ക്രൈസ്തവന്യൂനപക്ഷത്തോടു മാപ്പു പറയുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആത്മാവിനേറ്റ മുറിവ് ഉണങ്ങിത്തുടങ്ങുക. അതു സംഭവിക്കാത്തിടത്തോളംകാലം ആഹ്ലാദത്തിന് എന്തര്‍ഥം?
പാവപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിലൂടെ ഭരണഘടനാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് സംഭവിച്ചത്. ഭരണഘടനയുടെ 14-ാം അനുഛേദത്തില്‍ നിയമത്തിനു മുമ്പില്‍ എല്ലാ പൗരന്മാരും തുല്യരാണെന്നും തമ്മില്‍ വിവേചനംപാടില്ലെന്നും വ്യക്തമാക്കുന്നു. എന്നാല്‍, ആ നീതി കന്യാസ്ത്രീകള്‍ക്കു നിഷേധിക്കപ്പെട്ടു. ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ പൗരന്മാര്‍ക്കു വിവേചനം ഉണ്ടാകാന്‍ പാടില്ല. ക്രൈസ്തവര്‍ ഈ രാജ്യത്തിന്റെ ഭാഗമാണ്. ചില നേതാക്കന്മാര്‍ ആരോപിക്കുന്നതുപോലെ അവര്‍ വിദേശികളല്ല, അഭയാര്‍ത്ഥികളല്ല, നുഴഞ്ഞു കയറ്റക്കാരല്ല; പകരം ഇന്ത്യ എന്ന മഹത്തായ ആശയത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരും രാഷ്ട്രനിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുമാണ്. അവര്‍ രാജ്യദ്രോഹികളല്ല, രാജ്യസ്‌നേഹികളാണ്. അവര്‍ മതപരിവര്‍ത്തനം നടത്തുന്നവരല്ല. രാജ്യത്ത് മതപരിവര്‍ത്തനനിരോധനനിയം വരുന്നതിനുമുമ്പുതന്നെ നിര്‍ബന്ധിതമതപരിവര്‍ത്തനത്തെ തെറ്റായി വിശ്വസിച്ചുപോന്നവരാണ്. മതപരിവര്‍ത്തനനിരോധനനിയമംതന്നെ രാജ്യം പൂര്‍ണമായി അംഗീരിച്ചിട്ടുള്ളതല്ല. 12 സംസ്ഥാനങ്ങളില്‍ മാത്രമാണ് നിയമം പാസാക്കിയിട്ടുള്ളത്. നിര്‍ബന്ധത്തിന്റെയോ വാഗ്ദാനങ്ങളുടെയോ ഭീഷണിയുടെയോ വിവേചനഭയത്തിന്റെയോ പേരില്‍ ഒരാളെ ഒരു മതത്തില്‍നിന്നു മറ്റൊരു മതത്തിലേക്കു മാറ്റാന്‍ പാടില്ല എന്നതാണ് ഈ നിയമത്തിന്റെ സാരാംശം. ക്രൈസ്തവസഭ മതം മാറ്റാനല്ല, മനസ്സുമാറ്റാനാണ് ശ്രമിക്കുന്നത്. അതായത്, കൂടുതല്‍ നല്ല മനുഷ്യനായി ജീവിക്കാനുള്ള സഹായവും പരിശീലനവുമാണ് സഭ തന്റെ ശുശ്രൂഷയിലൂടെ നല്‍കുന്നത്.
   കന്യാസ്ത്രീകളെ അറസ്റ്റു ചെയ്യുകവഴി ക്രൈസ്തവവിശ്വാസത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്നു ചിന്തിച്ചവര്‍ക്കു തെറ്റി. കനലായി കിടന്നത് തീപ്പന്തമായി കത്തുന്നതിന് അതിടയാക്കി എന്നതാണ് സത്യം. മതപീഡനങ്ങളിലൂടെയാണ് ക്രൈസ്തവസഭ വളര്‍ന്നത്. സഭയുടെ  ചരിത്രം വിശ്വാസസാക്ഷ്യത്തിന്റെയും മാനവപരിചരണത്തിന്റെയുമാണ്. സമാധാനത്തിനുള്ള നൊബേല്‍സമ്മാനം ഈ രാജ്യത്ത് എത്തിച്ചത് കന്യാസ്ത്രീയായ മദര്‍ തെരേസയാണ്. ഇന്ത്യയ്ക്ക് ഇതുവരെ 12 നൊബേല്‍ പുരസ്‌കാരങ്ങളാണ് പല വിഷയങ്ങളില്‍ ലഭിച്ചിട്ടുള്ളത്. അഞ്ചുപേര്‍ മാത്രമാണ് ഇന്ത്യക്കാര്‍. ഏഴുപേര്‍ ഇന്ത്യന്‍ വംശജരോ ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചവരോ ആണ്. 
ഛത്തീസ്ഗഡിലെ അറസ്റ്റുവഴി ഭരണഘടനയെ ഭരണകൂടം നോക്കുകുത്തിയാക്കിയിരിക്കുന്നു. പൗരന്റെ സമത്വാവകാശം (ഖണ്ഡിക 14), സഞ്ചാരസ്വാതന്ത്ര്യം (ഖണ്ഡിക 19), വിശ്വസിക്കാനുള്ള അവകാശം (ഖണ്ഡിക 25-28) എന്നിവ അകാരണമായി കന്യാസ്ത്രീകള്‍ക്കു നിഷേധിക്കപ്പെട്ടു. മറ്റൊരു സര്‍ക്കാരിന്റെ കാലത്താണ് മതപരിവര്‍ത്തനനിരോധനനിയമം നിലവില്‍ വന്നത് എന്ന വാദം അറസ്റ്റിനെ ന്യായീകരിക്കാന്‍ ചേരുന്നതല്ല. ഭരണഘടനയ്‌ക്കെതിരായ ആ നിയമം നിലനില്ക്കുന്നതാണോ എന്ന നിയമപ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടതാണെന്നു തോന്നുന്നു. നിയമത്തിന്റെ മറവില്‍ വര്‍ഗീയശക്തികളെ അഴിഞ്ഞാടാന്‍ അനുവദിച്ചതാണു തെറ്റ്. മേലില്‍ ഭരണഘടനാവിരുദ്ധവും മനുഷ്യാവാകാശധ്വംസനപരവുമായ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)