രാജ്യത്ത് ഏകകക്ഷിഭരണം അവസാനിച്ചിട്ട് ഏകദേശം രണ്ടുപതിറ്റാണ്ടുകാലമായി. ദേശീയ പാര്‍ട്ടികള്‍ക്ക് പ്രാദേശികവികാരങ്ങളെയും അവരുടെ പ്രത്യേക ആവശ്യങ്ങളെയും കൃത്യമായി അഭിസംബോധന ചെയ്യാനാവുകയില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികരാഷ്ട്രീയ കക്ഷികള്‍ രൂപം കൊള്ളുകയും കാലാന്തരത്തില്‍ അധികാരരാഷ്ട്രീയത്തില്‍ അവര്‍ പിടിമുറുക്കുകയും ചെയ്തു. പ്രാദേശികസ്വത്വബോധം വര്‍ധിച്ചുവരികയാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വികസനത്തിനും തടസ്സമാകത്തക്കവിധം ചിലയിടങ്ങളില്‍ പ്രാദേശികവാദം ശക്തിപ്പെട്ടുവരുന്നുവെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
ബീഹാറിലെ ബി.ജെ.പി. വിജയം പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലും ഇത്രയും വലിയൊരു വിജയം പാര്‍ട്ടിനേതാക്കളെപ്പോലും വിസ്മയിപ്പിച്ചു. ജാതിമതസമവാക്യങ്ങളെ ബുദ്ധിപരമായി കൈകാര്യം ചെയ്തതിലുള്ള വിജയമാണ് ബീഹാറിലേത്. സാധിക്കുന്നിടത്തോളം ചെറുകക്ഷികളെ കൂടെനിര്‍ത്തി അവരുടെ മുഴുവന്‍ വോട്ടും മുന്നണിക്കു നേടിയെടുക്കാന്‍ ബിജെപി പ്രകടിപ്പിച്ച പ്രചാരണതന്ത്രം വിജയിക്കുകതന്നെ ചെയ്തു. മുന്നണിരാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചയും ചേര്‍ത്തുപിടിക്കലും പ്രധാനപ്പെട്ടതത്രേ. വല്യേട്ട മനോഭാവം മുന്നണിരാഷ്ട്രീയത്തില്‍ വിജയിക്കില്ല. ബീഹാര്‍ വിജയം നല്‍കുന്ന ഒന്നാമത്തെ സൂചന സമീപകാലത്തെങ്ങൂം അധികാരത്തില്‍ എത്താന്‍ സാധിക്കാത്തവിധം കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുന്നുവെന്നതാണ്. അതിന്റെ മറുവശം ആര്‍ക്കും കീഴടക്കാനാവാത്തവിധം ബിജെപി ശക്തിപ്രാപിച്ചിരിക്കുന്നുവെന്നതുമാണ്. കോണ്‍ഗ്രസ് അജയ്യശക്തിയായി നാലരപ്പതിറ്റാണ്ടുകാലം രാജ്യം ഭരിച്ചു. ഭരിച്ചുക്ഷയിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതേ ദുര്‍ഗതി ഏതു പാര്‍ട്ടിക്കും സംഭവിക്കാം.
ജനക്ഷേമവും വികസനവും ഉറപ്പാക്കുന്നവര്‍ക്കു വോട്ടു നല്‍കാന്‍ സമ്മതിദായകര്‍ തയ്യാറാണെന്ന സന്ദേശമാണ് ബീഹാര്‍ തിരഞ്ഞെടുപ്പുഫലം നല്‍കുന്നത്. വിദ്യാഭ്യാസം, ആരോഗ്യംപോലുള്ള മേഖലകളില്‍ രാജ്യത്ത് ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള സംസ്ഥാനമാണ് ബീഹാര്‍. അവിടെ ജനത്തെ ആകര്‍ഷിക്കാന്‍ വികസനമന്ത്രത്തിനാകുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അറിയാമായിരുന്നു. അതിന്റെ വെളിച്ചത്തിലുള്ള വികസനപദ്ധതികള്‍ ആവിഷ്‌കരിക്കുകയും വോട്ടിന്റെ രൂപത്തില്‍ ജനം പ്രതിനന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ദൃശ്യമായ വികസനസ്മാരകങ്ങളാണ് ബീഹാറില്‍ ഇന്നു കാണുന്ന റെയില്‍വേ ലൈനുകളും ഹൈവേകളും ഫ്‌ളൈഓവറുകളും.
വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളില്‍ പ്രതീക്ഷ നിലനിറുത്തുകയെന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ നിലനില്പിന്റെ പ്രാണവായുവാണ്. അധികാരത്തിലിരിക്കുന്നവരുടെ വാഗ്ദാനങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവരുടെ വാഗ്ദാനങ്ങളെക്കാള്‍ വിലയുണ്ട്. അധികാരത്തിലെത്താന്‍ സാധ്യതയില്ലാത്തവന്‍ തേനും പാലും വാഗ്ദാനം ചെയ്താലും അതിനു സ്വീകാര്യതയുണ്ടാവുകയില്ല. അധികാരം ഉറപ്പിക്കാന്‍വേണ്ടി എന്‍.ഡി.എ. മുന്നണി ഒരു കോടി യുവജനങ്ങള്‍ക്ക് ജോലിയോ തൊഴിലവസരങ്ങളോ വാഗ്ദാനം ചെയ്തു. ഒരു കോടി വനിതകളെ ലക്ഷാധിപതികളാക്കി മാറ്റുമെന്നു പ്രഖ്യാപിക്കുകയും ഒരു കോടി ഇരുപത്തിയേഴുലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പതിനായിരം രൂപ നല്‍കുകയും ചെയ്തു. ഇത് തിരഞ്ഞെടുപ്പിനുമുമ്പു നടന്ന കാര്യമാണ്. തിരഞ്ഞെടുപ്പുസമയത്തും ഈ പണംകൈമാറ്റം തുടര്‍ന്നുവെന്ന ആക്ഷേപമുണ്ടായിരുന്നു. ലക്ഷക്കണക്കിനു വാഗ്ദാനങ്ങളേക്കാള്‍ ജനങ്ങള്‍ക്കു വിശ്വാസം അക്കൗണ്ടിലെത്തിയ തുകയിലാണ്. ജനങ്ങള്‍ നോക്കുന്നത് എന്തുകിട്ടുമെന്നാണ്.
ബി.ജെ.പിയുടെ വിജയത്തിനടിസ്ഥാനം പ്രത്യയശാസ്ത്രത്തിന്റെ മികവോ മുദ്രാവാക്യങ്ങളുടെ സ്വീകാര്യതയോ മാത്രമല്ല, നേതൃത്വത്തിന്റെ പൊലിമകൂടിയാണ്. നേതാക്കന്മാരുടെ എണ്ണമല്ല, അവരുടെ ഗുണനിലവാരമാണ് പ്രധാനം. കോണ്‍ഗ്രസ്സില്‍ നേതാക്കന്മാരില്ലെന്നല്ല, അവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര പിന്തുണ ഉണ്ടാകുന്നില്ലെന്ന പ്രശ്‌നമുണ്ട്. നേതാക്കന്മാരുടെ കരുത്ത് സ്വന്തം കഴിവുകളല്ല, സംഘടനയുടെയും ജനങ്ങളുടെയും ഭാഗത്തുനിന്നു ലഭിക്കുന്ന പിന്തുണ കൂടിയാണ്. തമ്മിലടിക്കുന്നിടത്തു കരുത്തു കുറയും.
വിജയം നിര്‍ണയിക്കുന്നതില്‍ സംഘടനാബലത്തിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. ബിജെപിയുടെ സംഘടനാബലം അപ്രതിരോധ്യമാണ്. പാര്‍ട്ടിയെ താങ്ങി നിര്‍ത്തുന്ന സംഘടനകളും പോഷകസംഘടനകളും ചിലപ്പോഴെങ്കിലും അതിരുകടക്കുകയുംക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ ന്യൂനപക്ഷപീഡനത്തിന് ചില സംഘപരിവാര്‍ ശക്തികള്‍ കാരണമാകുന്നുവെന്ന പരാതിയുണ്ട്. ഭരണകൂടത്തിന് അവരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. തുടര്‍ ആക്രമണങ്ങളുണ്ടാകുമ്പോള്‍ നേതൃത്വത്തിന്റെ അനുമതിയോടെ അതു സംഭവിക്കുന്നുവെന്ന് ജനങ്ങള്‍ വിശ്വസിക്കുക സ്വാഭാവികമാണ്. ജനക്ഷേമവും രാഷ്ട്രവികസനവുംപോലെ മുഖ്യമാണ് സാമൂഹികസഹവര്‍ത്തിത്വവും മതനിരപേക്ഷതയും.
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍
