ത്രിതല പഞ്ചായത്തുപ്രതിനിധികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പുവിജ്ഞാപനമിറങ്ങി. ഡിസംബര്‍ 9, 11 തീയതികളില്‍ വോട്ടെടുപ്പ് നടക്കും. 13 ന് വോട്ടെണ്ണി വിജയികളെ നിശ്ചയിക്കും. രണ്ടു ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ്. ഒമ്പതാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും പതിനൊന്നാം തീയതി തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് സമയം. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22 നു നടക്കും. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാനസമയം നവംബര്‍ 24. സംസ്ഥാനതിരഞ്ഞെടുപ്പുകമ്മീഷണര്‍ എ. ഷാജഹാനാണ് തിരഞ്ഞെടുപ്പുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
മണ്ഡലപുനര്‍നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ വാര്‍ഡുകളുടെ എണ്ണം 21900 ല്‍നിന്ന് 23612 ആയി ഉയര്‍ന്നു. ഗ്രാമപഞ്ചായത്തില്‍ 17337 വാര്‍ഡുകളും ബ്ലോക്ക് പഞ്ചായത്തില്‍ 2267 വാര്‍ഡുകളും ജില്ലാ പഞ്ചായത്തില്‍ 346 വാര്‍ഡുകളും മുനിസിപ്പാലിറ്റികളില്‍ 3205 വാര്‍ഡുകളും കോര്‍പ്പറേഷനുകളില്‍ 421 വാര്‍ഡുകളുമുണ്ട്. ആകെ വോട്ടര്‍മാരുടെ എണ്ണം 2,84,30,761 ആണ്. പുരുഷവോട്ടര്‍മാര്‍ 1,34, 12,470 ഉം വനിതാ വോട്ടര്‍മാര്‍ 150,18,010 പേരുമുണ്ട്. 33746 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തുകളില്‍ 28127 ഉം കോര്‍പ്പറേഷനുകളില്‍ 2015 ഉം മുനിസിപ്പാലിറ്റികളില്‍ 3604 ഉം പോളിങ് ബൂത്തുകളുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നവര്‍ക്ക് 25000 രൂപയും മുനിസിപ്പാലിറ്റികളില്‍ 75000 വും ജില്ലാപഞ്ചായത്തില്‍ ഒന്നരലക്ഷംരൂപയും ചെലവഴിക്കാനുള്ള അംഗീകാരമുണ്ട്. അതിനു മുകളില്‍ ധൂര്‍ത്തടിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാനുള്ള സംവിധാനമുണ്ടെന്നു വ്യക്തമാക്കുന്നതാണ് 2020 ല്‍ കൂടുതല്‍ ചെലവഴിച്ച 10,000 സ്ഥാനാര്‍ഥികളെ അയോഗ്യരാക്കിയ സംഭവം.
വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ആറു കോര്‍പ്പറേഷനുകളില്‍ അഞ്ചെണ്ണവും ഭരിക്കുന്നത് എല്‍ഡിഎഫാണ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാത്രമാണ് യു.ഡി.എഫിനൊപ്പമുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ 571 എണ്ണം എല്‍.ഡി.എഫിന്റെ പക്ഷത്തും 351 എണ്ണം യു.ഡി.എഫ് ചേരിയിലുമാണ്. 38 ബ്ലോക്കുപഞ്ചായത്തുകള്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ എല്‍.ഡി.എഫിന്റെ കൂടെ നില്‍ക്കുന്നത് 113 ബ്ലോക്കുകളാണ്. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യു.ഡി.എഫ്. ഭരണം. പതിനൊന്നു ജില്ലകളും എല്‍.ഡി.എഫ്. ഭരണത്തിന്‍കീഴിലാണ്. മുനിസിപ്പാലിറ്റികള്‍ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. എല്‍.ഡി.എഫ്. - 44, യു.ഡി.എഫ്. - 41. രാഷ്ട്രീയത്തില്‍ കണക്കുകള്‍ സൂചന മാത്രമാണ്. യാഥാര്‍ഥ്യമാകണമെന്നില്ല. വോട്ടു ചെയ്യുന്ന സമയത്തെ മനോനിലയാണ് നിര്‍ണായകം. ചെറിയ സംഭവങ്ങള്‍പോലും തീരുമാനങ്ങളെ സ്വാധീനിക്കും. രാഷ്ട്രീയം അവസരങ്ങളുടെ കലയാണ്. തിരഞ്ഞെടുപ്പു നടക്കുന്ന സമയത്തെ സംഭവങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നുവെന്നതനുസരിച്ചാണ് ജയം. എങ്കിലും ചെരിഞ്ഞിരിക്കുന്നിടത്തേക്കു വീഴാനുള്ള സാധ്യതയെ തള്ളിക്കളയാനാവുകയില്ല.
എന്തിന് പുതിയൊരു ഭരണസമിതിയെ തിരഞ്ഞെടുക്കണം എന്നു ചോദിക്കത്തക്കവിധത്തിലുള്ള ഒരു പത്രറിപ്പോര്‍ട്ടിനു മുമ്പിലിരുന്നാണ് ഞാന്‍ ഈ കുറിപ്പ് തയ്യാറാക്കുന്നത്. ട്രഷറിനിയന്ത്രണം മൂലം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കഴിഞ്ഞവര്‍ഷം ചെലവഴിച്ചത് വെറും 21.6 ശതമാനം തുകമാത്രം. പഞ്ചായത്തുകള്‍ 26.27 ശതമാനവും ബ്ലോക്കുപഞ്ചായത്തുകള്‍ 23.9 ശതമാനവും മുന്‍സിപ്പാലിറ്റികള്‍ 13.65 ശതമാനവും ചെലവഴിച്ചു. അനുവദിച്ച മൊത്തം തുക 9215 കോടി രൂപ. ചെലവഴിച്ചത് വെറും 2024 കോടി മാത്രം. ആസൂത്രണബോര്‍ഡിന്റെ പ്ലാന്‍ സ്‌പേസില്‍ പ്രസിദ്ധീകരിച്ച കണക്കാണിത്.
കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും വലിയ പദ്ധതികള്‍ സാധാരണക്കാര്‍ക്കു പ്രയോജനപ്പെട്ടുകൊ
ള്ളണമെന്നില്ല. തദ്ദേശസ്വയം
ഭരണസ്ഥാപനഫണ്ടുകളാണ് പ്രാദേശികവികസനത്തിനു സഹായിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ലക്ഷ്യംതന്നെ പ്രാദേശികവികസനവും ജനക്ഷേമവുമാണ്. അതിന് അനുവദിക്കുന്ന പണം ചെലവഴിക്കാനായില്ലെന്നു കാണുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. ഫണ്ട് എത്താതിരിക്കാന്‍ കാരണക്കാര്‍ സമ്മതിദായകരാണെന്നു കരുതാനാവുകയില്ല. അതിന്റെ ഉത്തരവാദികള്‍ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഭരണകൂടമോ ആരുതന്നെയായിരുന്നാലും ജനങ്ങളോടു സമാധാനം പറയേണ്ടതാണ്. കല്ലിടാനും നാടമുറിക്കാനും മാത്രമായി നേതാക്കന്മാര്‍ വേണോ?
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍
