ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു സ്‌കൂള്‍ അധ്യാപക, അനധ്യാപക തസ്തികകളില്‍ മൂന്നുശതമാനം സംവരണമേര്‍പ്പെടുത്തണമെന്നുള്ള രാഷ്ട്രീയ തീരുമാനവും അതിനു കോടതിയില്‍നിന്നുള്ള അംഗീകാരവും ലഭിച്ചത് 1995 ലാണ്. എങ്കിലും, ഈ നയം നടപ്പിലാക്കാന്‍ കാലതാമസം വേണ്ടി വന്നു. 2016 മുതല്‍ നിയമനനടപടികള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശങ്ങളോടെ സര്‍ക്കാര്‍ രംഗത്തുവന്നു. ആരംഭത്തില്‍ എയ്ഡഡ് മാനേജുമെന്റുകളുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികണമായിരുന്നില്ല ഉണ്ടായത്. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ എന്ന നിലയിലായിരുന്നു ആ നിലപാട്. എന്നാല്‍, കോടതി അത്യാവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാരിനോടു സഹകരിക്കാന്‍ എയ്ഡഡ് മാനേജുമെന്റുകള്‍ പ്രത്യേകിച്ചു ക്രിസ്ത്യന്‍ എയ്ഡഡ് മാനേജുമെന്റുകള്‍ തയ്യാറായി.
2021 ആയപ്പോഴേക്കും സര്‍ക്കാര്‍ തങ്ങളുടെ നിലപാട് കടുപ്പിച്ചു. ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കാതെ മറ്റു നിയമനങ്ങള്‍ അംഗീകരിക്കില്ലെന്നു ശാഠ്യം പിടിച്ചു. നിയമനം നടത്തുന്നത് മാനേജുമെന്റുകളാണെങ്കിലും അത് അംഗീകരിക്കുന്നത് സര്‍ക്കാരാകയാല്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ യോഗ്യരായ ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കൈവശം അത്തരമൊരു ഉദ്യോഗാര്‍ഥി പട്ടിക ഇല്ലായിരുന്നുവെന്നതാണ് വസ്തുത. അധ്യാപകര്‍ സമരത്തിലേക്ക് എത്തിയപ്പോള്‍ മാത്രമാണ് പട്ടിക തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
ഭിന്നശേഷി നിയമനം സാധ്യമാക്കുന്നതിനു രണ്ടു മാര്‍ഗങ്ങളാണുള്ളത്. യോഗ്യരായവരെ നിയമിക്കുക എന്നതുതന്നെയാണ് ആദ്യത്തേത്. ഉദ്യോഗാര്‍ഥികള്‍ ലഭ്യമല്ലെങ്കില്‍ തസ്തിക നിശ്ചയിച്ച് ആ സീറ്റുകള്‍ ഒഴിച്ചിട്ട് മറ്റു തസ്തികകളില്‍ നിയമനാനുമതി നല്‍കുക എന്നതാണു രണ്ടാമത്തെ മാര്‍ഗം. ക്രൈസ്തവ എയ്ഡഡ് മാനേജുമെന്റുകള്‍ ഈ രണ്ടു സാധ്യതകള്‍ക്കും സമ്മതം അറിയിച്ചതാണ്. എന്നിട്ടും, സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങളും ഒഴിവുകഴിവുകളും പറഞ്ഞ് നിയമനനിരോധനമേര്‍പ്പെടുത്തി.
വാതിലുകള്‍ മുട്ടി മടുത്ത അധ്യാപകര്‍ ജനപ്രതിനിധികളെ സമീപിച്ചു. കടുത്തുരുത്തി എം.എല്‍.എ. വിഷയം ഗൗരവത്തോടെ നിയമസഭയില്‍ അവതരിപ്പിച്ചു. സ്പീക്കര്‍ അതിനിടയില്‍ അപക്വമായി പ്രതികരിച്ചത് വാഗ്വാദങ്ങള്‍ക്ക് ഇടയാക്കി. എയ്ഡഡ് മാനേജുമെന്റുകളെക്കുറിച്ചു പ്രതിപാദിച്ചപ്പോള്‍ ക്രൈസ്തവമാനേജുമെന്റുകളെക്കുറിച്ചും മെത്രാന്മാരും വൈദികരും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഈ വിഷയത്തില്‍ കണ്ടു സംസാരിച്ചതിനെക്കുറിച്ച് എം.എല്‍.എ. പറഞ്ഞു. മെത്രാന്മാരെയും സഭയെയും നിയമസഭാ ചര്‍ച്ചകളില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന സ്പീക്കറുടെ നിലപാട് ആര്‍ക്കുവേണ്ടിയാണ് എന്നു വിശ്വാസസമൂഹം സ്വാഭാവികമായും പരിശോധിക്കും. നിഷ്പക്ഷമതികളും പക്വതയുള്ളവരും അനുഭവസമ്പത്ത് ആര്‍ജിച്ചവരുമായിരിക്കണം സഭാ നടപടികള്‍ നിയന്ത്രിക്കുന്ന സ്പീക്കര്‍ എന്ന പരമ്പരാഗതധാരണയുടെ അര്‍ഥവും യുക്തിയും സാമാന്യ ബുദ്ധിയുള്ളവര്‍ ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. വിദ്യാഭ്യാസമന്ത്രി ഇത് ഏറ്റുപിടിക്കുകയും ക്രൈസ്തവമാനേജുമെന്റുകളോടു മനസ്സില്‍ സൂക്ഷിച്ചിരുന്ന കലിപ്പ് തീര്‍ക്കുകയും ചെയ്തു. വിമോചനസമരത്തിന്റെ ഓര്‍മകളുണര്‍ത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നതെന്ന ധ്വനി ജനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വെളുക്കാന്‍ തേച്ചതു പാണ്ടായെന്ന് മന്ത്രിക്കും മന്ത്രിസഭയ്ക്കും പിന്നീട് മനസ്സിലായെന്നു തോന്നുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ചക്കുള്ളില്‍ ഭിന്നശേഷി ഒഴിവുകളും അതിനു യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരെന്നും കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യാന്‍ തീരുമാനമായത്.
എന്‍.എസ്.എസ്. മാനേജ്‌മെന്റ് സുപ്രീംകോടതിയില്‍നിന്നു തങ്ങള്‍ക്കനുകൂലമായ വിധി ഈ വിഷയത്തില്‍ നേടിയപ്പോള്‍ അതു തങ്ങള്‍ക്കും ബാധകമാകുമെന്ന് മറ്റ് എയ്ഡഡ് മാനേജുമെന്റുകളും കരുതിയെങ്കിലും ഓരോരുത്തരും കോടതിയില്‍ പോയി വിധി സമ്പാദിക്കണമെന്നായിരുന്നു വകുപ്പുമന്ത്രിയുടെ നിലപാട്. എല്ലാറ്റിനും കോടതിയില്‍ പോകണമെങ്കില്‍ പിന്നെ എന്തിനാണ് മന്ത്രിസഭ. കോടതി അവസാനത്തെ മാര്‍ഗം മാത്രമാണ്. സര്‍ക്കാര്‍ കോടതി കയറ്റുന്നത് ജനത്തെ ശിക്ഷിക്കുന്നതിനു തുല്യമാണ്.
ഭിന്നശേഷിക്കാരെ അറിയാത്തവരോ സംരക്ഷിക്കാത്തവരോ ആണ് ക്രൈസ്തവമാനേജുമെന്റെന്ന് ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല. ക്രൈസ്തവസഭകളുടെ നൂറുകണക്കിനു സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാരെ പൊന്നുപോലെ നോക്കി പരിചരിക്കുന്നുണ്ട്. അതേ പരിഗണന ഭിന്നശേഷിക്കാരായ അധ്യാപര്‍ക്കുമുണ്ടാകും. ഭിന്നശേഷിക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ അത്യാവേശം കാണിക്കുന്ന സര്‍ക്കാര്‍ നാലുവര്‍ഷത്തിലധികമായി നീതി നിഷേധിക്കപ്പെട്ട അവസ്ഥയില്‍ ജോലി ചെയ്യുന്ന നിയമനാംഗീകാരം ലഭിക്കാത്ത പാവപ്പെട്ട അധ്യാപകരെ അവഗണിക്കുന്നത് എന്തുകൊണ്ടാണ്. അധ്യാപകര്‍ക്കെതിരെ സര്‍ക്കാര്‍ ഭാഗത്തുനിന്നു നീതി നിഷേധം നടന്നിട്ടും ലെവി പിരിക്കുന്ന അധ്യാപകസംഘടനകളൊന്നും രംഗത്തു വരാത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ''വൈകിപ്പോയെങ്കിലും തിരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനുമുമ്പ് വിഷയം പരിഹരിക്കണം.