വി.എസിന്റെ വിയോഗവാര്‍ത്ത കേട്ടയുടനെ മുതിര്‍ന്ന ഒരു കമ്യൂണിസ്റ്റ് അനുഭാവി പറഞ്ഞത് കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ആശയവും ആവേശവും അവസാനിച്ചുവെന്നാണ്. സാധാരണക്കാരനായ ആ മനുഷ്യന്റെ വിലയിരുത്തല്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണ്. വി.എസ്. കറ തീര്‍ന്ന കമ്യൂണിസ്റ്റായിരുന്നു. അടിമുടി അദ്ദേഹം പോരാട്ടവീര്യമുള്ള കമ്യൂണിസ്റ്റായിരുന്നു. ഒമ്പതു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അനീതിക്കും ഉച്ചനീചത്വങ്ങള്‍ക്കും ഫ്യൂഡലിസത്തിനും നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കുമെതിരെയുള്ള ഒറ്റയാള്‍പോരാട്ടത്തിനുശേഷം നൂറ്റിരണ്ടാം വയസ്സിലാണ് വി.എസ്. കടന്നുപോകുന്നത്. മുഖം നോക്കാതെയുള്ള പോരാട്ടമാണ് വി.എസിനെ ജനകീയനാക്കിയത്. പാര്‍ട്ടിക്കുള്ളിലുള്ള തിന്മകള്‍ക്കെതിരേ പോരാടാനും ധൈര്യം കാണിച്ച നേതാവായിരുന്നു വി.എസ്.
വി.എസ്. ഒരു വ്യക്തി മാത്രമായിരുന്നില്ല, സാധാരണക്കാരുടെ വികാരം കൂടിയായിരുന്നു. 2019 ല്‍ പക്ഷാഘാതമുണ്ടായശേഷം പൊതുരംഗത്തു സജീവമാകാന്‍ കഴിയാതിരുന്നിട്ടും വി.എസിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് പതിനായിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആവേശത്തോടെ ഒഴുകിയെത്തിയത്. വി.എസ്. ഇതിഹാസനായകനായിരുന്നുവെന്നതിന്റെ സാക്ഷ്യമാണ് വിഎസിന്റെ ഭൗതികശരീരം അവസാനമായി കാണാന്‍ ഒഴുകിയെത്തിയ ജനസാഗരം. വി.എസ്. എന്നും അവര്‍ക്ക് കണ്ണായിരുന്നു, കരളായിരുന്നു. അവര്‍ ഹൃദയം പൊട്ടി വിളിച്ച മുദ്രാവാക്യങ്ങളില്‍നിന്ന് അതു വ്യക്തമായിരുന്നു.
വി.എസിനെ ഭാഗ്യവാനെന്നാണോ അദ്ഭുതപ്രതിഭാസമെന്നാണോ വിശേഷിപ്പിക്കേണ്ടത്? ഔദ്യോഗികവിദ്യാഭ്യാസത്തിന്റെ അകമ്പടിയും ആഡംബരവുമില്ലാത്ത ഒരാള്‍ക്ക് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഉയര്‍ന്ന പദവികളിലെത്താനും സംഘടനാരാഷ്ട്രീയത്തില്‍ കരുത്തനാകാനും ജനങ്ങളുടെ വീരനായകനാകാനും സാധിച്ചത് ആരെയും വിസ്മയിപ്പിക്കുന്ന കാര്യമാണ്. ദാരിദ്ര്യത്തിന്റെയും ജാതിവിവേചനത്തിന്റെയും ഇരയായിരുന്ന ഒരു ബാലന്‍ നീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠയായി മാറിയത് അദ്ഭുതമെന്നല്ലാതെ മറ്റെന്താണ്?
പാര്‍ട്ടിയിലെ ഭിന്നതയ്ക്കും വിഭജനത്തിനും വിഎസ് കാരണക്കാരനായിരുന്നിട്ടുണ്ട്. ഔദ്യോഗികനേതൃത്വത്തോടു കലഹിച്ച വിഎസിനെ പാര്‍ട്ടി പലപ്പോഴും ശാസിക്കുകയും ശിക്ഷണനടപടികള്‍ക്കു വിധേയനാക്കുകയും ചെയ്തിട്ടുണ്ട്. 2007 ല്‍ എ.സി.ബി. കരാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വിഎസ് പോളിറ്റ് ബ്യൂറോയുടെ ശാസനയ്ക്കു വിധേയനായി. അതേവര്‍ഷംതന്നെ അച്ചടക്കലംഘനത്തിന്റെ പേരില്‍ വി.എസിനെ പോളിറ്റ് ബ്യൂറോയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രണ്ടുവര്‍ഷത്തിനുശേഷം പാര്‍ട്ടിസെക്രട്ടറി പിണറായി വിജയനുമായുണ്ടായ ഏറ്റുമുട്ടലുകള്‍ക്കുശേഷം വി.എസിനെ പിബിയില്‍ നിന്നു പുറത്താക്കി. വെട്ടിനിരത്തലിലൂടെ ജനശ്രദ്ധനേടിയ വിഎസിനെ പാര്‍ട്ടിതന്നെ വെട്ടിനിരത്തി മൂലയ്ക്കിരുത്തിയിട്ടും അദ്ദേഹം തളര്‍ന്നില്ല. ജനങ്ങള്‍ അദ്ദേഹത്തെ എടുത്തുയര്‍ത്തി. വി.എസിനെപ്പോലെ കേന്ദ്രകമ്മിറ്റിയിലും പി.ബി.യിലും ദീര്‍ഘകാലം അംഗമായിരുന്ന മറ്റൊരു കമ്യൂണിസ്റ്റുകാരനുണ്ടായിട്ടില്ല. പാര്‍ലമെന്ററി രാഷ്ട്രീയത്തിലും വി.എസിന് വിജയം വരിക്കാനായി. മുഖ്യമന്ത്രിയായിരിക്കാന്‍ അഞ്ചുവര്‍ഷം മാത്രമാണു ലഭിച്ചതെങ്കിലും ഏറ്റവും കൂടുതല്‍കാലം, പതിന്നാലുവര്‍ഷം പ്രതിപക്ഷനേതാവാകാന്‍ വി.എസിനു ഭാഗ്യം ലഭിച്ചു. വി.എസിന് ഏറ്റവും ഇണങ്ങിയ വേഷം പ്രതിപക്ഷനേതാവിന്റേതാണെന്നു ജനം കരുതുന്നത് അദ്ദേഹത്തിന്റെ പോരാട്ടവീര്യംകൊണ്ടായിരിക്കണം. ഭരണത്തലവനായിരിക്കുമ്പോഴും അദ്ദേഹം തിന്മകള്‍െക്കതിരെയും പാര്‍ട്ടിക്കുള്ളിലെ കൊള്ളരുതായ്മകള്‍ക്കെതിരെയും പോരാടി പ്രതിപക്ഷനേതാവിനെപ്പോലെ വര്‍ത്തിച്ചിരുന്നു.
കമ്യൂണിസ്റ്റുപ്രത്യയശാസ്ത്രം അരച്ചുകലക്കിക്കുടിച്ച് ഉന്മത്തനായ കമ്യൂണിസ്റ്റുകാരനായിരുന്നു വി.എസ്. എന്നു കരുതുന്നവര്‍ കുറവാണ്. അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റുദര്‍ശനം പുസ്തകങ്ങളിലെ കമ്യൂണിസ്റ്റുസിദ്ധാന്തങ്ങളില്‍നിന്നും രൂപപ്പെട്ടതായിരുന്നില്ല. പകരം, ജീവിതാനുഭവങ്ങളില്‍നിന്നു വികസിപ്പിച്ചെടുത്തതായിരുന്നു. പാവപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും പക്ഷം പിടിക്കുന്നതാണ് കമ്യൂണിസം എന്ന ബോധ്യമാണ് പോരാട്ടനായകനായി വിഎസിനെ മാറ്റിയത്. പരിപ്പുവടയില്‍നിന്നും കട്ടന്‍കാപ്പിയില്‍നിന്നും കമ്മ്യൂണിസ്റ്റുപ്രസ്ഥാനം മാറിയപ്പോഴും വി.എസ്. പഴയ കമ്യൂണിസ്റ്റുകാരനായി തുടര്‍ന്നു. അഴിമതിയുടെ കറപുരളാത്ത കമ്മ്യൂണിസ്റ്റുകാരന്‍ എന്നതാണ് വി.എസിന്റെ യഥാര്‍ത്ഥമേല്‍വിലാസം. ജനം വിഎസിനെ വിശ്വസിച്ചത് ഇക്കാരണത്താലാണ്.
വി.എസിനെ ജനകീയനാക്കിയതും ജനനായകനാക്കിയതും അദ്ദേഹത്തിന്റെ സാമൂഹികഇടപെടലുകളാണ്. 1964 മുതല്‍ കേന്ദ്രകമ്മിറ്റി അംഗമായതോ മൂന്നുതവണ പാര്‍ട്ടി സെക്രട്ടറിയായതോ 1985 മുതല്‍ പിബി അംഗമായതോ അല്ല; അഞ്ചുവര്‍ഷക്കാലം ജയില്‍വാസം അനുഭവിച്ചതുമല്ല; പകരം അദ്ദേഹം സ്വീകരിച്ച പ്രകൃതി സംരക്ഷണനില
പാടുകളും സ്ത്രീപക്ഷ നിലപാടുകളും ഭൂമികൈയേറ്റക്കാര്‍ക്കും പ്രകൃതിചൂഷകര്‍ക്കുമെതിരേ സ്വീകരിച്ച കര്‍ശനമായ നടപടികളുമായിരുന്നു. ശരി വി.എസിന്റെ പക്ഷത്താണെന്ന് ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ നീട്ടിയും കുറുക്കിയുമുള്ള വി.എസിന്റെ പ്രസംഗങ്ങള്‍ക്കു സാധിച്ചു.