ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ ഒന്നും സംഭവിച്ചില്ല. സര്‍വേഫലങ്ങള്‍ പ്രവചിച്ചതിനേക്കാള്‍ മികച്ച വിജയം എന്‍ഡിഎ മുന്നണി നേടി. കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തില്‍ തറപറ്റി. ഇന്ത്യാമുന്നണി കടലാസുമുന്നണിയാണെന്നു ചിന്തിക്കാന്‍ രാഷ്ട്രീയനിരീക്ഷകരെ പ്രേരിപ്പിച്ചു.
നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിനേക്കാള്‍ കൂടുതല്‍ സീറ്റു നേടിയത് ബിജെപിയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവാണ് സാധാരണനിലയില്‍ മുഖ്യമന്ത്രിയാവുക. എന്നാല്‍, ബീഹാറില്‍ നിതീഷ്‌കുമാര്‍തന്നെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. പത്താംതവണയാണ് നിതീഷ് ആ സ്ഥാനത്ത്. ഭൂരിപക്ഷം ഇല്ലാത്തിടത്തുപോലും മന്ത്രിസഭയുണ്ടാക്കാനും ഇഷ്ടക്കാരെ അവിടെ മുഖ്യമന്ത്രി സ്ഥാനത്തു പ്രതിഷ്ഠിക്കാനും തന്ത്രം പ്രയോഗിക്കാറുള്ള ബിജെപി പക്ഷേ, ആ സാഹസത്തിനു മുതിര്‍ന്നില്ല. കാരണം, നിതീഷ്‌കുമാറിനെ അവര്‍ക്കു നന്നായറിയാം. നിതീഷ്‌കുമാറിന് ബീഹാര്‍ജനതയ്ക്കുമേല്‍ വലിയ സ്വാധീനമുണ്ട്. അദ്ദേഹം പാര്‍ട്ടി മാറിയാലും മുന്നണി മാറിയാലും ജനം അദ്ദേഹത്തോടൊപ്പമാണ്. ജനങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര വിശ്വാസമാണ്. ഈ വിശ്വാസം അദ്ദേഹം വികസനനായകനായതുകൊണ്ടല്ല; മറ്റു പല കാരണങ്ങളാലുമാണ്.
ഒന്നാമത്തേത്, ബീഹാറിന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള പ്രത്യേകകൗശലം അദ്ദേഹത്തിനുണ്ടെന്നുള്ളതാണ്. ജാതിമതസമവാക്യങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാന്‍ നിതീഷ്‌കുമാറിന് മറ്റാരേക്കാളും വശമുണ്ട്. ഇന്ന് ഉത്തരേന്ത്യന്‍സംസ്ഥാനങ്ങളുടെയെല്ലാം ഭാവി നിശ്ചയിക്കുന്നത് ജാതിമതസമവാക്യങ്ങളാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് മതേതരത്വത്തിന്റെ പേരില്‍ ജാതിമതശക്തികളെ രാഷ്ട്രീയോപകരണങ്ങളാക്കി മാറ്റിയിരുന്നില്ല. ഈ സ്ഥിതിക്കു മാറ്റമുണ്ടായത് 1989 ല്‍ മണ്ഡല്‍ കമ്മിറ്റി റിപ്പോര്‍ട്ടു വന്നതിനുശേഷമാണ്. 1992 ല്‍ നരസിംഹറാവു മന്ത്രിസഭയുടെ കാലത്താണ് മണ്ഡല്‍ റിപ്പോര്‍ട്ട് പ്രാബല്യത്തില്‍വന്നത്. ജാതിവ്യവസ്ഥയില്‍ വേരൂന്നിയ ബീഹാറിലെ പട്ടികവര്‍ഗ, പട്ടികജാതി വിഭാഗങ്ങളെയും ഇതര ദുര്‍ബലവിഭാഗങ്ങളെയും കൂടെനിര്‍ത്താന്‍ നിതീഷിനു സാധിക്കും. സവര്‍ണവിഭാഗത്തെ മാത്രം മാനിച്ചുവന്നിരുന്ന മറ്റു നേതാക്കന്മാരില്‍നിന്നു നിതീഷ്‌കുമാര്‍ വ്യത്യസ്തനായത് ഇക്കാരണത്താലാണ്. അധഃസ്ഥിതജനവിഭാഗത്തിന്റെ വീരനായകപട്ടം അദ്ദേഹം നേടിയെടുത്തു. ജനത്തിന്റെ വിശ്വാസമാണ് വോട്ടായി മാറുന്നത്.
രണ്ടാമത്തെ കാര്യം, ഭരണത്തിലെത്തിയപ്പോള്‍ അദ്ദേഹം നിയമവാഴ്ച പുനഃസ്ഥാപിച്ചുവെന്നതാണ്. കളവും കൊലയും തട്ടിക്കൊണ്ടുപോകലും പതിവായിരുന്ന സംസ്ഥാനത്ത് നിതീഷ്‌കുമാര്‍ ക്രമസമാധാനനില ഭദ്രമാക്കിയതിനെ ജനം താത്പര്യപൂര്‍വം ഏറ്റെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത് അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു. ബീഹാറില്‍ അവഗണിക്കപ്പെട്ടവരുടെ പട്ടികയിലായിരുന്നു സ്ത്രീകളുടെ സ്ഥാനം. സ്ത്രീശക്തീകരണത്തിന്റെ ഫലമായി ബീഹാറില്‍ വനിതാവോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചു. ഇപ്പോള്‍ പുരുഷവോട്ടര്‍മാരേക്കാള്‍ കൂടുതല്‍ വനിതാവോട്ടര്‍മാരാണ്. പുതുതായി ശക്തിപ്രാപിച്ച സ്ത്രീശക്തി നിതീഷിന് അനുകൂലമായി. നിതീഷ് ഏതുമുന്നണിയില്‍ നില്ക്കുന്നുവെന്നു നോക്കിയല്ല ജനങ്ങള്‍ വോട്ടു ചെയ്യുന്നത്. നിതീഷ്‌കുമാറിനാണ് വോട്ട്. അതറിയാവുന്ന നിതീഷ് രാഷ്ട്രീയകാലാവസ്ഥ കൃത്യമായി നിരീക്ഷിച്ച് ജയസാധ്യതയുള്ള മുന്നണി തിരഞ്ഞെടുക്കുന്നതില്‍ വിജയിക്കുന്നു. കാലുമാറ്റമോ കൂറുമാറ്റമോ ജനങ്ങള്‍ വിഷയമാക്കുന്നില്ല.
നിതീഷ് പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും തലത്തില്‍ ദുര്‍ബലനും ക്ഷീണിതനുമാണ്. അഴിമതിരഹിതഭരണമാണ് അദ്ദേഹത്തിന്റേതെന്ന് ഉറപ്പിച്ചുപറയാന്‍ ജനങ്ങള്‍ തയ്യാറുമല്ല. എന്നിട്ടും അവര്‍ അദ്ദേഹത്തെ കൈവിടാന്‍ മടിക്കുന്നത് ഉള്ളതില്‍ഭേദം അദ്ദേഹംതന്നെ എന്ന തിരിച്ചറിവാണ്.
മദ്യനിരോധനം ഏര്‍പ്പെടുത്തുകയും ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തത് ബീഹാറിലെ കുടുംബിനികള്‍ക്ക് ആശ്വാസമായി. മദ്യനിരോധനം അപ്രായോഗികമാണ്, മദ്യപാനം ആഗോളപ്രതിഭാസമാണ്, അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ് എന്നൊക്കെയുള്ള വാദഗതികള്‍ നിലനില്‌ക്കെയാണ് മദ്യനിരോധനത്തിന്റെ ഗുണഫലങ്ങള്‍ വോട്ടാക്കിമാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചത്. സ്ത്രീകളെ ലക്ഷപ്രഭുക്കളാക്കി മാറ്റുമെന്നുള്ള പ്രഖ്യാപനത്തില്‍ ഇത്തവണ വീണു. അങ്ങനെ നിതീഷ് വിജയം ഒരു ശീലമാക്കി മാറ്റി.
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍
