•  4 Sep 2025
  •  ദീപം 58
  •  നാളം 26
നേര്‍മൊഴി

പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട മര്യാദകള്‍

   നട്ടുവളര്‍ത്താന്‍ വര്‍ഷങ്ങള്‍ വേണം. വെട്ടിവീഴ്ത്താന്‍ നിമിഷങ്ങള്‍ മതി. പ്രശസ്തിയും പദവിയും ആര്‍ജിക്കാന്‍ സമയമെടുക്കും. എന്നാല്‍, അതെല്ലാം കൈവിട്ടുപോകാന്‍ അധികം സമയം വേണ്ടിവരില്ല. ഈ സത്യമാണ് യുവകോണ്‍ഗ്രസ്‌നേതാവിന്റെ ജീവിതത്തിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങളിലൂടെ വെളിപ്പെടുന്നത്. കഴിവും സംഘാടനശേഷിയും പ്രസംഗപാടവവും പൊതുജനസമ്മതിയും മുതിര്‍ന്ന നേതാക്കന്മാരുടെ സംരക്ഷണവും പുതുതലമുറനേതാക്കന്മാരുടെ പിന്തുണയുമൊക്കെ ആര്‍ജിക്കാന്‍ കഴിഞ്ഞ ഒരു പൊതുപ്രവര്‍ത്തകന്‍ എത്രയോ കൂടുതല്‍ ജാഗ്രതയോടെ വര്‍ത്തിക്കേണ്ടിയിരുന്നു.
    തെറ്റ് അതില്‍ത്തന്നെ തെറ്റാണെങ്കിലും അത് ആരു ചെയ്തുവെന്നതനുസരിച്ച് അതിന്റെ ഗൗരവം വര്‍ദ്ധിക്കും. ക്യാമറക്കണ്ണുകളുടെ മുമ്പില്‍ വ്യാപരിക്കുന്ന നേതാക്കന്മാരുടെ ചെറിയ വീഴ്ചകള്‍പോലും തത്സമയം എരിവും പുളിയും ചേര്‍ത്ത് പൊതുസമൂഹത്തിന്റെ മുമ്പിലെത്തും. അതുകൊണ്ടുതന്നെ പൊതുപ്രവര്‍ത്തകര്‍ വാക്കിലും പ്രവൃത്തിയിലും ബന്ധങ്ങളിലും അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേയിരിക്കുന്നു. രാഷ്ട്രീയത്തിലാകുമ്പോള്‍ ശത്രുക്കളുടെ എണ്ണം കൂടുമെന്ന കാര്യവും ഏവര്‍ക്കും അറിവുള്ളതാണ്. നിര്‍മ്മിതബുദ്ധിയുടെ ഈ കാലഘട്ടത്തില്‍ മനുഷ്യഭാവനയെ അതിശയിപ്പിക്കുന്ന വിധത്തിലുള്ള സൈബര്‍ ആക്രമണം ഉറപ്പാണെന്ന സത്യം തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പുതുതലമുറനേതാക്കന്മാര്‍ക്കില്ലെന്നു കരുതാനാവില്ല. എന്താരോപണം ഉണ്ടായാലും അതിനെ രാഷ്ട്രീയമായി നേരിടാമെന്ന ധാര്‍ഷ്ട്യം വിലപ്പോവില്ലെന്ന് ആനുകാലികസംഭവങ്ങള്‍ വ്യക്തമാക്കുന്നു. തലപ്പാവ് ഇതിനോടകം നഷ്ടപ്പെട്ടു. അധികാരത്തിന്റെ അവശേഷിക്കുന്ന ആടയാഭരണങ്ങള്‍കൂടി അഴിഞ്ഞുവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. യഥാര്‍ഥത്തില്‍ നഷ്ടപ്പെട്ടത് പദവികളോ അധികാരമോ അല്ല, സല്‍പ്പേരാണ്. ഈ നഷ്ടം ഒരു വ്യക്തിക്കുമാത്രമല്ല, അയാള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനുകൂടിയാണ്. അതു നന്നായി അറിയാവുന്ന ചില നേതാക്കന്മാരാണ് കളങ്കിതന്‍ സ്ഥാനമൊഴിയണമെന്നു സമ്മര്‍ദം ചെലുത്തുന്നത്. ആസന്നമായ തിരഞ്ഞെടുപ്പുകളുടെ തലയ്ക്കുമുകളില്‍ ഈ പ്രശ്‌നം ഡെമോക്ലീസിന്റെ വാള്‍പോലെ ഭീഷണിയുടെ ചിഹ്നമായി ഉണ്ടാകുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്മാര്‍ക്കറിയാം.
ഇപ്പോള്‍ ഇതാ ഈ കുറിപ്പ് തയ്യാറാക്കുന്ന അവസരത്തില്‍ നിര്‍ണായകമായ ആ തീരുമാനം വന്നിരിക്കുന്നു. കുറ്റാരോപിതനായ എം.എല്‍.എ.യെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് ആറുമാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. അടുത്ത നിയമസഭാസമ്മേളനത്തില്‍നിന്ന് എം.എല്‍.എ. യെ മാറ്റിനിറുത്താനും അവധി നിര്‍ദേശിക്കാനും  സാധ്യതയുണ്ട്. ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കേണ്ടതില്ല എന്ന തീരുമാനവും പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളതായി അറിയുന്നു. ഈ തീരുമാനം സമീപകാല രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും ബുദ്ധിപരവും തന്ത്രപരവും സാങ്കേതികത്തികവുമുള്ളതുമാണ്. എം.എല്‍.എ. പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാകും. കുറ്റവാളിയെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി ചിത്രീകരിക്കപ്പെടും. തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതന്‍ കുറ്റവാളിയല്ലെന്നൊക്കെ ന്യായവാദം പറയാന്‍ കഴിയുമെങ്കിലും ജനം അതു വിശ്വസിച്ചുകൊള്ളണമെന്നില്ല. ആരോപണം മാത്രമാണെങ്കില്‍ എന്തുകൊണ്ട് സംഘടനാനേതൃപദവി ഉടനടി ഉപേക്ഷിച്ചു എന്ന ചോദ്യമുയരും. ആരോപണവിധേയനായ എം.എല്‍.എ.യുടെ ശരീരഭാഷതന്നെ കുറ്റസമ്മതത്തിന്റേതായി മാറിയത് മുന്‍പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും.
    എം.എല്‍.എ. സ്ഥാനം ഉപേക്ഷിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അത് പാര്‍ട്ടിക്കു തിരിച്ചടിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അടുത്ത വര്‍ഷം ആരംഭത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് പാലക്കാട്ട് ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ ആ സീറ്റ് നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞെന്നു വരില്ല. അങ്ങനെ സംഭവിച്ചാല്‍ അത് നിയമസഭാതിരഞ്ഞെടുപ്പിനെത്തന്നെ പ്രതികൂലമായി ബാധിച്ചെന്നിരിക്കും. ഇതെല്ലാം മുന്നില്‍കണ്ടുള്ള തീരുമാനമാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. എം.എല്‍.എ. സ്വതന്ത്രനായി തുടരും. അദ്ദേഹത്തിന്റെ ഭാവി നിയമവ്യവസ്ഥ നിശ്ചയിക്കും. അപ്പോഴേക്കും ഉപതിരഞ്ഞെടുപ്പു സാധ്യതയില്ലാതാകും. ഈ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് മറ്റു പാര്‍ട്ടികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. എത്ര കുറ്റാരോപിതരാണ് യാതൊരു ഉളുപ്പുമില്ലാതെ അധികാരസ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്! സംരക്ഷിക്കുന്ന പാര്‍ട്ടിക്കു ലജ്ജയില്ലേ?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)