•  14 Aug 2025
  •  ദീപം 58
  •  നാളം 23
നേര്‍മൊഴി

പൗരസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സര്‍ക്കാര്‍ മാനിക്കണം

   ഭയം കൂടാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടിലേറെ അങ്ങനെ ജീവിക്കാന്‍ പൗരന്മാര്‍ക്കു സാധിച്ചിരുന്നു. എന്നാല്‍, സമീപകാലത്ത് ആ സംരക്ഷണം എന്തുകൊണ്ടോ ന്യൂനപക്ഷസമൂഹങ്ങള്‍ക്ക്; പ്രത്യേകിച്ച്, ക്രൈസ്തവന്യൂനപക്ഷത്തിനു ലഭിക്കുന്നില്ല. 2014 മുതല്‍ 2024 വരെയുള്ള കാലത്ത് ക്രൈസ്തവര്‍ക്കെതിരേ 4316 ആക്രമണങ്ങളുണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആക്ഷേപമുന്നയിച്ചു. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ മാത്രമാണ് മതന്യൂനപക്ഷങ്ങള്‍ക്കു ഭീതി കൂടാതെ ജീവിക്കാനാകുന്നത്. അത് ആരുടെയെങ്കിലും പ്രത്യേകസംരക്ഷണം ലഭിച്ചതുകൊണ്ടല്ല. എണ്ണത്തിലും സ്വാധീനത്തിലും കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ താരതമ്യേന ശക്തരായതുകൊണ്ടാണ്. അവരുടെ ഉയര്‍ന്ന വിദ്യാഭ്യാസനിരക്കും അതിനു കാരണമാണ്. ഭരണഘടനയെ മാനിക്കുന്ന കേരളത്തിലെ ജനാധിപത്യഭരണക്രമവും എടുത്തുപറയേണ്ട കാര്യമാണ്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക് വിസ്മരിച്ചുകളയാവുന്നതല്ല. വര്‍ഗീയവിഷം കലര്‍ത്തുന്ന ചില മാധ്യമങ്ങളെ മറന്നല്ല ഇതു പറയുന്നത്. 
    ക്രൈസ്തവവിരുദ്ധതയുടെ അവസാനത്തെ തെളിവ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍ നടന്ന രണ്ടു കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റാണ്. പ്രായപൂര്‍ത്തിയായ നാലു പെണ്‍കുട്ടികളോടൊപ്പം മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ ഉത്തര്‍പ്രദേശിലെ ആഗ്രായിലേക്കു യാത്ര ചെയ്യുകയായിരുന്നു. ടിക്കറ്റു പരിശോധിച്ച റെയില്‍വെ ഉദ്യോഗസ്ഥന്‍ അവരെ സംശയിക്കുകയും ഭരിക്കുന്ന പാര്‍ട്ടിയുടെ പോഷക സംഘടനയില്‍പ്പെട്ടവരെ വിവരമറിയിക്കുകയും ചെയ്തു. അവര്‍ എത്തി കന്യാസ്ത്രീകളെയും കൂടെ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടികളെയും ആള്‍ക്കൂട്ടവിചാരണയ്ക്കു വിധേയരാക്കി. അവരുടെതന്നെ ആവശ്യപ്രകാരം പൊലീസെത്തി കന്യാസ്ത്രീകളെയും പെണ്‍കുട്ടികളെയും അറസ്റ്റു ചെയ്തു. പതിവുകുറ്റങ്ങളാണ് അവരുടെ മേല്‍ ആരോപിച്ചത്: മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്.
    റെയില്‍വേ ഉദ്യോഗസ്ഥനും അയാള്‍ വിളിച്ചുകൂട്ടിയ ഗുണ്ടാസംഘവും അവരുടെ ആജ്ഞാനുവര്‍ത്തികളായി വര്‍ത്തിച്ച പൊലീസും അക്ഷന്തവ്യമായ തെറ്റാണു ചെയ്തത്. അവരുടെ പ്രവൃത്തി ഭരണഘടനാവിരുദ്ധമാണ്. ശുദ്ധ അസംബന്ധമാണ്. രാജ്യത്തെ നിയമവ്യവസ്ഥ കാറ്റില്‍ പറത്തിയവരാണവര്‍. അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് തക്കശിക്ഷ നല്‍കുമ്പോഴേ ഭരണഘടനയ്ക്കും മതേതതരമൂല്യങ്ങള്‍ക്കുമേറ്റ മുറിവ് ഉണങ്ങുകയുള്ളൂ.
    മതിയായ രേഖകളോടെ യാത്ര ചെയ്യുന്നവരെ ആര്‍ക്കാണു തടയാന്‍ കഴിയുക? കന്യാസ്ത്രീകളുടെ കൂടെപ്പോയ പെണ്‍കുട്ടികള്‍ ജോലി യാവശ്യങ്ങള്‍ക്ക് മാതാപിതാക്കളില്‍നിന്ന് അനുമതിപത്രവുമായാണ് യാത്രയായത്. നിയമത്തിന്റെ വിലക്കില്ലാത്ത വ്യക്തികള്‍ക്കും വിലക്കില്ലാത്ത ഇടങ്ങളിലേക്കും സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശം ഭരണഘടനയും നിയമവ്യവസ്ഥയും ഉറപ്പാക്കുന്നുണ്ട്. ഇതൊന്നും അറിയാത്തവരല്ല അറസ്റ്റുനാടകത്തിനു പിന്നിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരം പൗരാവകാശലംഘകരെയും സാമൂഹികവിരുദ്ധരെയും അഴിക്കുള്ളിലാക്കാനാവും. നിയമം കൈയിലെടുക്കാന്‍ അണികളെ അനുവദിക്കുന്നത് ഒരു സര്‍ക്കാരിനും ഗുണകരമാവുകയില്ല. അഴിഞ്ഞാട്ടക്കാരെ അനുകൂലിക്കുന്നത് നിരപരാധികളെ ക്രൂശിക്കുന്നതിനു തുല്യമാണ്.
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ക്രൈസ്തവമിഷനറിമാര്‍ക്കു ശീലമല്ല. രണ്ടായിരം വര്‍ഷമായി ക്രൈസ്തവര്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയിട്ടും രണ്ടു ശതമാനത്തോളം ക്രൈസ്തവര്‍ മാത്രമാണ് ഇവിടെയുള്ളത്. കുറ്റാരോപണം ശരിയാകണമെങ്കില്‍ ക്രൈസ്തവജനസംഖ്യ വലിയ തോതില്‍ ഉയരേണ്ടിയിരിക്കുന്നു. 
    ക്രൈസ്തവജീവിതരീതിയില്‍ ആകൃഷ്ടരായി ക്രിസ്തുമാര്‍ഗം സ്വതന്ത്രമായി സ്വീകരിച്ചവരും അവരുടെ പിന്തുടര്‍ച്ചക്കാരുമാണ് ഇവിടത്തെ ക്രൈസ്തവര്‍. വിദ്യാഭ്യാസം, ആതുരശുശ്രൂഷ,  സാമൂഹികസേവനം തുടങ്ങിയ മേഖലകളിലെ വികസനാധിഷ്ഠിതവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രനിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരാണ് ഇവിടുത്തെ ക്രൈസ്തവമിഷനറി സമൂഹം.
രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി വര്‍ഗീയത വളര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്ക് ആയുസ്സ് കുറയും. പാലങ്ങളും മേല്‍പ്പാലങ്ങളും നിര്‍മ്മിച്ചതുകൊണ്ടോ എയര്‍പോര്‍ട്ടുകളുടെ എണ്ണം കൂട്ടിയതുകൊണ്ടോ ജിഡിപി വളര്‍ച്ചാനിരക്ക് മെച്ചപ്പെടുത്തിയതുകൊണ്ടോ മാത്രം ഭരണം നന്നാവുകയില്ല. പ്രധാനപ്പെട്ടത് മനുഷ്യാവകാശങ്ങളും സാമൂഹികസമാധാനവുമാണ്. ഭരണഘടനയുടെ പതിമ്മൂന്നു മൂതല്‍ മുപ്പത്തിയഞ്ചു വരെയുള്ള ഖണ്ഡികകള്‍ നടപ്പിലാക്കുന്ന ഭരണകൂടത്തിനുമാത്രം നിലനില്പുണ്ട്

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)