•  8 Jan 2026
  •  ദീപം 58
  •  നാളം 43
വചനനാളം

ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവന്‍

ജനുവരി 11  ദനഹാക്കാലം   രണ്ടാം ഞായര്‍
പുറ 3:9-16   പ്രഭാ 18:1-14
വെളി 1:4-8  യോഹ 8:21-30

    ഈശോമിശിഹായുടെ മാമ്മോദീസായെ അനുസ്മരിക്കുന്ന ദനഹാത്തിരുനാളിനെത്തുടര്‍ന്ന് സഭാസമൂഹം ആരാധനക്രമപരമായി ദനഹാക്കാലത്തേക്കു പ്രവേശിക്കുകയാണ്. ഈസ്റ്ററിനുമുമ്പ് ഏഴാഴ്ചകളിലായി ആചരിക്കുന്ന നോമ്പുകാലം ആരംഭിക്കുന്നതിനു മുമ്പോട്ട് ദനഹാത്തിരുനാള്‍ വരെയുള്ള ആഴ്ചകളാണ് ദനഹാക്കാലമായി ആചരിക്കുന്നത്. അതിനാല്‍ത്തന്നെ ഈസ്റ്റര്‍ ആചരിക്കുന്ന ദിവസമനുസരിച്ച് ദനഹാക്കാലത്ത് ആഴ്ചകള്‍ കൂടിയും കുറഞ്ഞും വരാം. ഈ വര്‍ഷം ഈസ്റ്റര്‍ താരതമ്യേന നേരത്തേ ആയതുകൊണ്ട് ദനഹാക്കാലത്ത് ആറ് ആഴ്ചകളാണുള്ളത്. ചില വര്‍ഷങ്ങളില്‍ ദനഹക്കാലം എട്ട് ആഴ്ചകള്‍വരെയും വരാം. 
    ഈശോയുടെ മാമ്മോദീസായും മിശിഹാരഹസ്യവും പരിശുദ്ധത്രിത്വത്തിന്റെ പ്രത്യക്ഷീകരണവും അനുസ്മരിക്കുന്ന ദനഹാത്തിരുനാളിനെ തുടര്‍ന്നവരുന്ന ഓരോ ഞായറാഴ്ചയും മിശിഹായുടെ വ്യക്തിത്വത്തിന്റെ വെളിപ്പെടുത്തലുകളാണ് തിരുവചനപ്രഘോഷണങ്ങളില്‍ ധ്യാനവിഷയങ്ങളാക്കുന്നത്. മിശിഹായുടെ പരസ്യജീവിതത്തിലെ ഓരോ സംഭവങ്ങളെ ധ്യാനിച്ചുകൊണ്ടാണ് ദനഹാക്കാലത്ത് മിശിഹാരഹസ്യത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നത്. ഒന്നാം ഞായറാഴ്ച മിശിഹാ ദൈവത്തിന്റെ മഹത്ത്വം, രണ്ടാം ആഴ്ച മിശിഹാ ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും, മൂന്നാം ആഴ്ച മിശിഹായുടെ ദൗത്യം തുടരുന്നതിന് വിളിക്കപ്പെട്ട ശ്ലീഹന്മാരുടെ തിരഞ്ഞെടുപ്പ്, നാലാം ആഴ്ച വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമായ മിശിഹാ, അഞ്ചാം ആഴ്ച പാപമോചകനായ മിശിഹാ, ആറാം ആഴ്ച മിശിഹാ നിയമത്തിന്റെ പൂര്‍ത്തീകരണം, ഏഴാം ആഴ്ച മിശിഹാ ജീവന്റെ അപ്പം, എട്ടാം ആഴ്ച മിശിഹാ അനുകമ്പയുള്ള ഇടയന്‍ എന്നീ സുവിശേഷപ്രമേയങ്ങളും അതിനോടുചേര്‍ന്ന മറ്റു ദൈവവചനപ്രഘോഷണങ്ങളുമാണുള്ളത്. ഇടദിവസങ്ങളില്‍, തിങ്കള്‍ മുതല്‍ വ്യാഴം വരെ, ഞായറാഴ്ചത്തെ സുവിശേഷപ്രഘോഷണത്തോടനുബന്ധിച്ചുള്ള വായനകളാണ് ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍, തങ്ങളുടെ ജീവന്‍ നല്കിയും ജീവിതംകൊണ്ടും മിശിഹായ്ക്കു സാക്ഷ്യം നല്കിയ രക്തസാക്ഷികളെയും വിശുദ്ധാത്മാക്കളെയും പ്രത്യേകം അനുസ്മരിക്കുന്നു. അതിനാല്‍ അതിനുചേര്‍ന്ന ദൈവവചനഭാഗങ്ങളാണ് വെള്ളിയാഴ്ചകളില്‍ പ്രഘോഷിക്കപ്പെടുന്നത്. ശനിയാഴ്ചകളില്‍ അടുത്തുവരുന്ന ഞായറാഴ്ചത്തെ സുവിശേഷത്തിലേക്കു ചേര്‍ത്തുനിര്‍ത്തുന്ന പ്രമേയമുള്ള ദൈവവചനപ്രഘോഷണങ്ങളുമാണുള്ളത്.
    ജനുവരി 11 ഞായറാഴ്ച ദനഹാത്തിരുനാള്‍ കഴിഞ്ഞുവരുന്ന ആദ്യഞായറാഴ്ചയാണെങ്കിലും ആരാധനക്രമ പഞ്ചാംഗത്തില്‍ ദനഹാക്കാലം രണ്ടാം ഞായറായിട്ടാണ് അത് കണക്കാക്കിയിരിക്കുന്നത്. കാരണം, ദനഹാത്തിരുനാളിനോടുകൂടി ദനഹാക്കാലം ആരംഭിക്കുന്നു. ഇപ്രാവശ്യം ദനഹാത്തിരുനാള്‍ ചൊവ്വാഴ്ചയായതുകൊണ്ട്  ആ ആഴ്ചയില്‍ തുടര്‍ന്നുവരുന്ന ദിവസങ്ങള്‍ ഒന്നാം ആഴ്ചയായും ഞായറാഴ്ച മുതല്‍ ദനഹാക്കാലം രണ്ടാം ആഴ്ചയും തുടങ്ങുന്നു. അതിനാലാണ് ഇപ്രാവശ്യം ദനഹാക്കാലം ഒന്നാം ഞായര്‍ ആരാധനക്രമപഞ്ചാംഗത്തില്‍ വരാത്തത്. ജനുവരി 11 ഞായറാഴ്ച ദനഹക്കാലം രണ്ടാം ഞായറാഴ്ചത്തെ വചനഭാഗങ്ങളാണ് തിരുസ്സഭ വിചിന്തനത്തിനു നല്കിയിരിക്കുന്നത്.
ഈ ഞായറാഴ്ചത്തെ പ്രധാനവിചിന്തനവിഷയം മുകളില്‍ സൂചിപ്പിച്ചതുപോലെ മിശിഹാ ആകുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമാണ് എന്നതാണ്. ഇതുമായി ബന്ധപ്പെട്ട ദൈവവചനഭാഗങ്ങളാണ് വിശുദ്ധ കുര്‍ബാന മധ്യേ പ്രഘോഷിക്കപ്പെടുന്നത്. ഇന്നത്തെ സുവിശേഷഭാഗത്ത് ഈശോ പറയുന്നത് ഞാന്‍ ആകുന്നു എന്നാണ്. മിശിഹാ കുരിശിലുയര്‍ത്തപ്പെട്ടുകഴിയുമ്പോള്‍ അവിടുന്ന് ആകുന്നവന്‍ ആകുന്നു എന്ന്  ജനം ഗ്രഹിക്കും എന്ന് ഈശോ പറയുന്നു.
    പുറപ്പാട് പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണത്തില്‍നിന്നു നാം ശ്രവിക്കുന്നത് മൂശയ്ക്ക് ദൈവം പ്രത്യക്ഷപ്പെട്ട് തന്റെ നാമംവെളിപ്പെടുത്തുന്ന കാര്യമാണ്. ദൈവംവെളിപ്പെടുത്തിയ അതേകാര്യമാണ് ഈശോ ഞാന്‍ ആകുന്നു എന്നു പറയുന്നതിലൂടെ വ്യക്തമാക്കുന്നത്.
    പുറപ്പാട് 3:14 ല്‍ ദൈവത്തിന്റെ പേര് എന്ത് എന്നു ചോദിക്കുന്ന അവസരത്തില്‍ ദൈവം മോശയോടു പറയുന്നത് 'എഹ്‌യേ അഷേര്‍ എഹ്‌യേ' എന്നാണ്. ഇതിന്റെ അര്‍ഥം ക ംശഹഹ യല ംവമ/േംവീ ക ംശഹഹ യല, ആകുന്നവന്‍ ഞാന്‍ ആകുന്നു എന്നോ ക ംശഹഹ യല ംവമ/േംവീ ക ംമ െആയിരുന്നവന്‍ ഞാന്‍ ആകുന്നു എന്നോ ആകാം.  തുടര്‍ന്ന് ദൈവം മോശയോടു പറയുന്നത് എഹ്‌യേ (ഞാന്‍ ആകുന്നവന്‍) എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു എന്ന് നീ ഇസ്രായേല്യരോടു പറയണം എന്നാണ്. എഹ്‌യേ എന്നത് ആയിരിക്കുക എന്നര്‍ഥം വരുന്ന ഹയ്യാ എന്ന ഹീബ്രു ക്രിയാരൂപത്തിന്റെ പ്രഥമപുരുഷരൂപമാണ് (ളശൃേെ ുലൃീെി ശെിഴൗഹമൃ). അതിന്റെ മൂന്നാംപുരുഷരൂപം (വേശൃറ ുലൃീെി ശെിഴൗഹമൃ) യെഹ്‌യേ (അവന്‍ ആകുന്നു) എന്നതാണ്. ഇതില്‍നിന്നു രൂപംകൊണ്ട നാമരൂപമാണ് യെഹ്‌വാ എന്നത്. ഇതിന് ആയിരിക്കുന്നവന്‍ എന്ന് അര്‍ഥം. മോശ ഇസ്രായേല്‍ ജനത്തോട് കര്‍ത്താവിന്റെ നാമമായി പറയുന്നത് എഹ്‌യേ (ഞാന്‍ ആകുന്നു) എന്നല്ല; മറിച്ച് യെഹ്‌വാ (ആയിരിക്കുന്നവന്‍) എന്നാണ്. ദൈവം പിന്നീട് മോശയോടു സംസാരിക്കുമ്പോഴും തന്റെ നാമമായി പറയുന്നത് യെഹ്‌വാ എന്നാണ് (പുറ 6:2; 15:3; 20:2; 33:19). പഴയനിയമത്തില്‍ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട നാമമായി നല്കിയിരിക്കുന്നത്  ഞാന്‍ ആകുന്നു (ദൈവം പറയുമ്പോള്‍) എന്നും മൂശ പറയുമ്പോള്‍ ആകുന്നവന്‍ അവന്‍ ആകുന്നു എന്നുമാണ്.  സുവിശേഷത്തില്‍ ഈശോ ഞാന്‍ ആകുന്നു എന്നു പറയുമ്പോള്‍ അവിടുന്ന്  പഴയനിയമത്തിലൂടെ സംസാരിച്ചദൈവമാണ്  എന്നു വ്യക്തമാക്കുകയാണ്. ഞാന്‍ ആകുന്നു എന്നതിന്റെ സൂചിതാര്‍ഥം എപ്പോഴും ആയിരിക്കുന്നവന്‍ എന്നാണ്.
    ഇന്നത്തെ രണ്ടാമത്തെ പ്രഘോഷണം  പ്രഭാഷകന്റെ പുസ്തകത്തില്‍നിന്നുമുള്ളതാണ്. ദൈവത്തിന്റെ മഹത്ത്വ ത്തെക്കുറിച്ചും അവിടുത്തെ മഹത്ത്വപൂര്‍ണമായ പ്രവൃത്തികളെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. എന്നേക്കും ജീവിക്കുന്നവന്‍; അതായത്, എപ്പോഴും ആയിരിക്കുന്നവന്‍ എന്നാണ് ദൈവത്തെക്കുറിച്ച് പ്രഭാഷകന്‍ പറയുന്നത്. അവിടുത്തെ പ്രവൃത്തികളുടെ മഹത്ത്വം അളക്കാനോ അതു പൂര്‍ണമായി ഗ്രഹിക്കാനോ ആര്‍ക്കും സാധിക്കുകയില്ല എന്നു പറയുന്നതിലൂടെ ദൈവത്തിന്റെ  മഹത്ത്വമാണ് വര്‍ണിക്കുന്നത്.
വെളിപാടു പുസ്തകത്തില്‍നിന്നുള്ള മൂന്നാമത്തെ പ്രഘോഷണത്തില്‍ പറയുന്നത് ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവന്‍ തന്റെ തിരുരക്തത്താല്‍ പാപകടങ്ങളില്‍നിന്ന് നമ്മെ മോചിപ്പിച്ച ഈശോമിശിഹായാണ് എന്ന കാര്യമാണ്.
ഈശോ ആരാണ് എന്നതിനെക്കുറിച്ച് യഹൂദരുടെയിടയില്‍ പലപ്പോഴും ചോദ്യങ്ങളുണ്ടായിരുന്നു. അവര്‍ക്കു പല ഉത്തരങ്ങളുമുണ്ടായിരുന്നു. എങ്കിലും അവര്‍ ഈശോയുടെ പക്കല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും വാദപ്രതിവാദങ്ങളില്‍ മുഴുകുകയും ചെയ്തിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഈശോ പറയുന്ന കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷഭാഗം. ഈശോ പറയുന്നത് മൂന്നു കാര്യങ്ങളാണ്. 1. ഞാന്‍ ആകുന്നു. 2. ആരംഭം മുതലേ ഉള്ളവനാണ്. 3. എനിക്കു നിങ്ങളോട് പലകാര്യങ്ങള്‍ പറയുവാനുണ്ട്. ഈ മൂന്നു കാര്യങ്ങളിലൂടെയും വ്യക്തമാക്കുന്നത് അവിടുന്ന് ആകുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമാണ് എന്ന സത്യമാണ്.
    ദനഹാക്കാലത്തു മിശിഹായിലൂടെ വെളിവാക്കപ്പെട്ട ദൈവികരഹസ്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനും ദൈവത്തെ അടുത്തറിഞ്ഞ് സ്‌നേഹത്തില്‍ വളരുന്നതിനും നമുക്കു പ്രത്യേകം പ്രാര്‍ഥിക്കാം, പരിശ്രമിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)