ഡിസംബര്‍ 28 പിറവിക്കാലം ഒന്നാം ഞായര്‍
ഉത്പ 18:1-8 ഏശ 11:1-12
റോമാ 15:7-13 മത്താ 2:1-12
പിറവിത്തിരുനാള്‍ കഴിഞ്ഞുവരുന്ന ആദ്യഞായറാഴ്ച ഈ വര്‍ഷം മൂന്നു കാര്യങ്ങളാണ് സഭ അനുസ്മരിക്കുന്നത്. പിറവിക്കാലം ഒന്നാം ഞായറാഴ്ചത്തെ പ്രഘോഷണങ്ങളാണ് ആദ്യഗണം. അബ്രാഹത്തിന് കര്‍ത്താവ് മൂന്നു വ്യക്തികളായി സന്ദര്‍ശിക്കുന്ന കാര്യമാണ് ഒന്നാമത്തെ വായന (ഉത്പ 18:1-8). ജസ്സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരുമെന്ന് ഏശയ്യാ മിശിഹായെക്കുറിച്ചു പ്രവചിക്കുന്ന വചനഭാഗമാണ് രണ്ടാം വായന (ഏശയ്യാ 11:1-12). റോമായിലെ സഭയ്‌ക്കെഴുതിയ ലേഖനത്തില്‍നിന്നു ശ്രവിക്കുന്നത് കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുന്നതിന് ജനതകള്‍ക്കുള്ള ആഹ്വാനമാണ് (റോമാ 15:7-13). ജനതകളില്‍നിന്നും ജ്ഞാനികള്‍ ഈശോയെ അന്വേഷിച്ചുവരുന്ന കാര്യമാണ് സുവിശേഷത്തില്‍നിന്നുമുള്ള വചനഭാഗം (മത്താ 2:1-12).
ഉത്പത്തിപ്പുസ്തകത്തില്‍നിന്നുമുള്ള ഒന്നാമത്തെ പ്രഘോഷണം മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ളതാണ്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നു തിരുവചനം പറയുന്നു. ഛായയും സാദൃശ്യവും എന്നത് രണ്ടു വ്യത്യസ്ത കാര്യങ്ങളെ സൂചിപ്പിക്കുന്നതല്ല; മൂലഭാഷയില്‍ അതു രണ്ടുംകൂടി ഒരു യാഥാര്‍ഥ്യത്തെ സൂചിപ്പിക്കുന്നതാണ്. ഉത്പത്തി പ്പുസ്തകം 5:3 അനുസരിച്ച് ആദത്തിനു ഛായയിലും സാദൃശ്യത്തിലും ഒരു മകന്‍ ജനിക്കുന്നു. ഛായയിലും സാദൃശ്യത്തിലുമായിരിക്കുക എന്നു പറഞ്ഞാല്‍ മക്കളായിരിക്കുക എന്നതാണ്. മാതാപിതാക്കന്മാരുടെ ഛായയിലും സാദൃശ്യത്തിലുമാണല്ലോ മക്കള്‍ ജനിക്കുന്നത്. ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മുനുഷ്യനെ സൃഷ്ടിച്ചു എന്നുപറഞ്ഞാല്‍ മനുഷ്യനെ ദൈവമക്കളുടെ സ്ഥാനത്തു സൃഷ്ടിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്. 1 യോഹ 3:1 നാം ദൈവമക്കളെന്നു വിളിക്കപ്പെടുന്നു. അങ്ങനെയാണുതാനും. മനുഷ്യന്‍ പാപംചെയ്തപ്പോള്‍ ആ സ്ഥാനം നഷ്ടപ്പെടുത്തി. ഈശോമിശിഹായിലൂടെ അതു വീണ്ടെടുത്തു. അങ്ങനെ നാം മിശിഹായില്‍ ദത്തുപുത്രരായി.ദൈവത്തിന്റെ സൃഷ്ടിയില്‍ മനുഷ്യനുള്ള അനന്യതയാണ് ഈ തിരുവചനത്തിലൂടെ വ്യക്തമാക്കുന്നത്.
രണ്ടാമത്തെ പ്രഘോഷണം പ്രഭാഷകന്റെ പുസ്തകത്തില്‍നിന്നുമുള്ളതാണ്. മക്കള്‍ക്കു മാതാപിതാക്കന്മാരോടുള്ള കടമയാണ് ഇവിടെ പറയുന്നത്. അവരുടെ വാക്കുകേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാനാണ് പ്രഭാഷകന്‍ ഉപദേശിക്കുന്നത്. അവരെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. മാതാപിതാക്കന്മാരോടുള്ള ആദരവിന്റെ പ്രതിഫലം എന്താണ് എന്നും തിരുവചനം പറയുന്നുണ്ട്: പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു, നിക്ഷേപം കൂട്ടിവയ്ക്കുന്നു. മാതാപിതാക്കളെ ബഹുമാനിക്കുന്നവരുടെ മക്കള്‍ അവരെ സന്തോഷിപ്പിക്കും. പ്രാര്‍ഥന കര്‍ത്താവ് കേള്‍ക്കും, ദീര്‍ഘകാലം ജീവിക്കും, അനുഗ്രഹത്തിനു പാത്രമാകും, മക്കളുടെ ഭവനങ്ങളെ ബലവത്താക്കും. നല്ല കുടുബങ്ങള്‍ രൂപപ്പെടുന്നത് നല്ല മാതാപിതാക്കള്‍ ഉണ്ടാകുമ്പോഴാണ്. അവരെ ബഹുമാനിച്ചും ആദരിച്ചും അനുസരിച്ചും മക്കള്‍ വളരുമ്പോള്‍ അത് ദൈവത്തിന്റെ ഭവനമായിമാറും. ദൈവസ്‌നേഹം അനുഭവിക്കാന്‍ ആ കുടുംബത്തിനു സാധിക്കും.
പൗലോസ് ശ്ലീഹാ കൊളോസോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ കര്‍ത്താവിനാല്‍ നയിക്കപ്പെടുന്ന കുടുംബം എപ്രകാരമുള്ളതായിരിക്കണമെന്നാണ് പറയുന്നത്. കര്‍ത്താവിനു യോഗ്യമായവിധം ഭാര്യാഭര്‍ത്തൃബന്ധം ഉണ്ടായിരിക്കണം. വിധേയത്വത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ആയിരിക്കണം അത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ അനുസരണത്തിന്റെയും അംഗീകരിക്കലിന്റെയും പ്രോത്സാഹനത്തിന്റെയും ഭാവങ്ങള്‍ കുടുംബങ്ങളില്‍ നിലനില്ക്കണമെന്നാണ് ശ്ലീഹാ ഉപദേശിക്കുന്നത്.
മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി മനുഷ്യാവതാരം ചെയ്ത ദൈവപുത്രന്‍ സ്വന്തമാക്കിയ കുടുംബത്തെയാണ് ഇന്നത്തെ സുവിശേഷഭാഗത്തു കാണുന്നത്. ദൈവപുത്രന്‍ അവതരിച്ച കുടുംബമാണെങ്കിലും പ്രതിസന്ധികളിലൂടെയുംപ്രതികൂലസാഹചര്യങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ആ അവസരങ്ങളിലെല്ലാം ദൈവഹിതത്തിനു സ്വയം സമര്‍പ്പിച്ച്, ദൈവികപദ്ധതികളോടു സഹകരിച്ച് കുടുബത്തെ മുന്നോട്ടുനയിക്കുന്ന യൗസേപ്പിതാവിനെയും അതിനോടു ചേര്‍ന്നുനില്ക്കുന്ന പരിശുദ്ധമറിയത്തെയും കാണാം. തിരുക്കുടുംബം ഈജിപ്തിലേക്കു പോകുന്നതും അവിടെനിന്നു തിരിച്ചുവരുന്നതുമായ കാര്യങ്ങളാണ് സുവിശേഷത്തില്‍നിന്നു ശ്രവിക്കുന്നത്. മിശിഹായുടെ മനുഷ്യാവതാരത്തോടുള്ള രണ്ടു പ്രതികരണങ്ങളാണ് മത്തായിയുടെ സുവിശേഷം രണ്ടാം അധ്യായത്തില്‍ കാണാവുന്നത്. മിശിഹായെ സ്വീകരിക്കുന്ന കുടുബവും അവിടെ ഈശോയെ തേടിവന്ന് അവിടുത്തെ ആരാധിക്കുന്ന ജ്ഞാനികളും, മിശിഹായുടെ ജനനത്തില്‍ അസ്വസ്ഥരായി അവിടുത്തെ വധിക്കാനൊരുങ്ങുന്ന ഹേറോദേസും കൂട്ടരും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുന്ന തിരുക്കുടുംബത്തെയാണ് സുവിശേഷത്തില്‍ കാണുന്നത്. പലവിധത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന നമ്മുടെ കുടുംബങ്ങള്‍ക്കുള്ള മാതൃകയാണ് തിരുക്കുടുംബം.
മിശിഹായുടെ വളര്‍ത്തുപിതാവായി തിരഞ്ഞെടുക്കപ്പെട്ട യൗസേപ്പ് ദൂതന്റെ വാക്കുകളാല്‍ നയിക്കപ്പെടുന്നതാണ് കാണാന്‍ സാധിക്കുന്നത്. മിശിഹായുടെ ജനനത്തോടുള്ള മറ്റൊരു പ്രതികരണമാണ് ഹേറോദോസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഹേറോദോസ് അസ്വസ്ഥനായി എന്നു പറഞ്ഞിരിക്കുന്നതിന്റെ കാര്യം ഇവിടെ വ്യക്തമാകുകയാണ്. യഹൂദന്മാര്‍ക്ക് ഒരു രാജാവ് ജനിച്ചിരിക്കുന്നു എന്നു കേട്ടപ്പോള്‍ അവനെ ഉന്മൂലനം ചെയ്യാന്‍ ഒരുങ്ങുന്ന ഹേറോദേസിനെയാണ് ഇവിടെ കാണുന്നത്. പ്രാണരക്ഷാര്‍ത്ഥം ഈജിപ്തില്‍ അഭയംപ്രാപിക്കുകയാണ് തിരുക്കുടുംബം. പഴയനിയമത്തില്‍ പലയാവൃത്തി ഈജിപ്ത് അഭയസ്ഥാനമായി മാറുന്നുണ്ട്: അബ്രാഹം (ഉത്പ 12:10-20), ഇസ്രായേലും മക്കളും (ഉത്പ 42-46), ജറോബോവാം (1 രാജ 11:40) ഊറിയ (ജറ 26:21) എന്നിവര്‍ ഈജിപ്തില്‍ അഭയം തേടിയവരാണ്. പഴയനിയമത്തിന്റെ അവസാനകാലമായപ്പോഴേക്കും ഈജിപ്തില്‍ ധാരാളം യഹൂദകോളനികള്‍ ഉണ്ടായിരുന്നുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈജിപ്തിലേക്കുള്ള പലായനത്തിലൂടെ ഇസ്രയേലിന്റെ ഈജിപ്തിലേക്കുള്ള പലായനത്തെ മിശിഹാ സ്വന്തമാക്കുന്നു.
ഹേറോദോസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍ കര്‍ത്താവിന്റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട് യൗസേപ്പിനു നിര്‍ദേശം കൊടുക്കുകയാണ്. ശിശുവിനെയും അമ്മയെയും കൂട്ടി ഇസ്രയേല്‍ദേശത്തേക്കു പുറപ്പെടുക. കുടുംബത്തിന്റെ സംരക്ഷണത്തിലുള്ള യൗസേപ്പിന്റെ പങ്കാണ് ഇവിടെ വെളിപ്പെടുത്തപ്പെടുന്നത്. യൗസേപ്പിനോടു ദൂതന്‍ പറയുന്നത് ശിശുവിന്റെ ജീവന്‍ അന്വേഷിച്ചിരുന്നവര്‍ മരിച്ചിരിക്കുന്നു എന്നാണ്. ഈ വചനം പുറപ്പാട് 4:19-ലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. മിദിയാനിലേക്കു പ്രാണരക്ഷാര്‍ഥം പലായനം ചെയ്ത മൂശെയ്ക്കു പ്രത്യക്ഷപ്പെട്ട് കര്‍ത്താവ് അരുള്‍ചെയ്തു: നിന്നെ കൊല്ലാന്‍ കാത്തിരുന്നവര്‍ മരിച്ചുകഴിഞ്ഞു. നീ ഈജിപ്തിലേക്കു മടങ്ങിപ്പോവുക. അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രയേലിനെ രക്ഷിക്കാനായി മൂശെ ഈജിപ്തിലേക്കു മടങ്ങിപ്പോയതുപോലെ മനുഷ്യകുലത്തെ പാപത്തിന്റെ അടിമത്തത്തില്‍നിന്നു രക്ഷിക്കുന്നതിനുവേണ്ടി മിശിഹാ ഇസ്രയേലിലേക്കു മടങ്ങുന്നു.
അര്‍ക്കലാവോസ്, അവന്റെ പിതാവായ ഹോറോദോസിന്റെ സ്ഥാനത്ത് യൂദയാ ഭരിക്കുന്നു എന്നു കേട്ടപ്പോള്‍ അവിടേക്കു പോകാന്‍ യൗസേപ്പ് ഭയപ്പെട്ടു. ഹേറോദ് അര്‍ക്കലാവോസ് ക്രൂരനായ ഭരണാധികാരിയായിരുന്നു. അതിനാല്‍ ഏ ഡി 7-ല്‍ റോമാചക്രവര്‍ത്തി അയാളെ സ്ഥാനഭ്രഷ്ടനാക്കി നാടുകടത്തി. യൂദയാ റോമന്‍ദേശാധിപതി നേരിട്ടുഭരിക്കാന്‍ തുടങ്ങി. ഈശോയുടെ പരസ്യജീവിതകാലത്ത് പീലാത്തോസ് ആയിരുന്നല്ലോ ദേശാധിപതി. ഈജിപ്തില്‍നിന്നും തിരുക്കുടുംബം തിരിച്ചുവരുന്ന അവസരത്തില്‍ ഹേറോദ് അര്‍ക്കലാവോസിനെ ഭയപ്പെട്ട് ഗലീലിയിലേക്കു പോയി താമസിക്കുവാന്‍ തീരുമാനിക്കുന്നു. അവര്‍ ഗലീലിയായിലെ നസറത്തില്‍ ചെന്നുതാമസിക്കുന്നു. നസറായന്‍ എന്നു വിളിക്കപ്പെടും എന്ന പ്രവാചകന്മാരുടെ വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത് എന്നു സുവിശേഷകന്‍ പറയുന്നുണ്ട് എങ്കിലും പഴയനിയമപ്രവാചകഗ്രന്ഥങ്ങളില്‍ ഇപ്രകാരം ഒരു പ്രവചനം കാണാന്‍ സാധിക്കുകയില്ല. ഇവിടെ കൃത്യമായി ഒരു പ്രവാചകന്റെ പേര് എടുത്തുപറയുന്നില്ല; മറിച്ച് പൊതുവായി പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളത് എന്നാണ് എഴുതിയിരിക്കുന്നത്. നസ്രത്തില്‍ വസിച്ചിരുന്നതുകൊണ്ട് നസ്രത്തില്‍നിന്നുള്ളവന്‍ എന്ന അര്‍ഥത്തില്‍ നസറായന്‍ എന്നു മിശിഹാ അറിയപ്പെട്ടു. എന്നാല്‍, ഏതു പ്രവചനമാണ് ഇവിടെ പൂര്‍ത്തിയായത് എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. പഴയനിയമത്തില്‍ ഒരിക്കല്‍പ്പോലും പരാമര്‍ശിച്ചിട്ടില്ലാത്ത ഒരു സ്ഥലമാണ് നസ്രത്ത്. എന്നാല്‍, ഏശയ്യ 11:1 പറയുന്നുണ്ട്: ''ജെസെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും. അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.'' ഇവിടെ ശാഖ എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഹീബ്രുപദം 'നസ്സര്‍' എന്നതാണ്. 'നസ്സര്‍' എന്ന മൂലത്തില്‍നിന്നുമായിരിക്കണം നസ്രത്ത് എന്ന സ്ഥലനാമം ഉണ്ടാകുന്നത്. ഏശയ്യായുടെ പ്രവചനം ബാബിലോണിയന്‍ അടിമത്തത്തിലായിരിക്കുന്ന യൂദാഭവനത്തില്‍നിന്നു തിരിച്ചുവരുന്ന ജനത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിലും അത് യൂദാവംശത്തില്‍നിന്നും വരാനിരിക്കുന്ന മിശിഹായായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഏതായാലും സാധാരണക്കാരന്റെ ഭാഷയില്‍ ഒരു നന്മയും വരുകയില്ലാത്ത സ്ഥലം എന്നു കരുതിയിരുന്ന നസ്രത്ത് (യോഹ 1:46) മിശിഹാ വാസസ്ഥലമാക്കുകയും അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടുകയും ചെയ്തു. മിശിഹായുടെ കുരിശിന്റെ മുകളില്‍ എഴുതിയിരുന്ന ഫലകത്തില്‍ നസറായന്‍ എന്നാണ് എഴുതിയിരുന്നത് (യോഹ 19:19). മിശിഹായുടെ ഒരു നാമമായി നസറായന്‍ എന്ന പേരു മാറിയിരുന്നു. തിരുക്കുടുംബവും തിരുക്കുടുബത്തിന്റെ ജീവിതവും പലവിധത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന നമ്മുടെ കുടുംബങ്ങള്‍ക്കുള്ള മാതൃകയാണ്.
ഫാ. ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍
