നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക മരുന്നുകളും നമ്മുടെതന്നെ കോശങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടവയാണ്. എന്നാല്‍, ആന്റിബയോട്ടിക്‌സ് അവയുടെ പ്രവര്‍ത്തനം നടത്തുന്നത് നമ്മുടെ കോശങ്ങളിലല്ല, പകരം രോഗാണുക്കളിലാണ്. എന്നിരുന്നാലും, ഈ മരുന്നുകള്‍ക്കും നമ്മുടെ ശരീരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. കാരണം, നമ്മുടെ ശരീരത്തില്‍ സ്വാഭാവികമായുള്ള, നമ്മുടെ ആരോഗ്യത്തിനനിവാര്യമായ ഒട്ടനേകം ബാക്റ്റീരിയകളുണ്ട്: ചര്‍മ്മഗ്രന്ഥികളെപ്പോലും നല്ലവണ്ണം പ്രവര്‍ത്തനക്ഷമമാക്കുന്നവ, നമ്മള്‍ കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍നിന്ന് ആവശ്യമായ ന്യൂട്രിയന്റ്‌സിനെ വലിച്ചെടുക്കാന്‍ സഹായിക്കുന്നവ, നമുക്ക് അത്യന്താപേക്ഷിതമായ വിറ്റാമിന്‍സിനെ കുടലില്‍ ഉത്പാദിപ്പിക്കുന്നവ ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍, നമ്മള്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്‌സിന് എല്ലാ ബാക്റ്റീരിയകളെയും രോഗാണുക്കളെയും വേര്‍തിരിച്ചു കാണുവാനുള്ള കഴിവില്ല. അവ എല്ലാ ബാക്റ്റീരിയകളെയും ഒരുപോലെ നശിപ്പിക്കുന്നു. അതുകൊണ്ട് ഓരോ തവണ ആന്റിബയോട്ടിക്‌സ് കഴിക്കുന്നതിനുമുന്‍പും, വിദഗ്‌ധോപദേശം തേടുക, ഇന്‍ഫെക്ഷന്‍ ആണോ രോഗകാരണം എന്നുറപ്പു വരുത്തുക, അതു സ്ഥിരീകരിക്കാന്‍ ആവശ്യമായ കള്‍ച്ചര്‍ ടെസ്റ്റുകള്‍ ചെയ്യുക, ടെസ്റ്റിനനുസൃതമായ ആന്റിബയോട്ടിക്‌സ് മാത്രം കഴിക്കുക.
അടിക്കടി ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുന്നവരില്‍ ക്രമേണ ആന്റിബയോട്ടിക്‌സിന്റെ എഫക്ട് തീര്‍ത്തും കുറയുന്നു. ഇങ്ങനെയുള്ളവരില്‍ കാണുന്ന രോഗാണുക്കളില്‍ ആന്റിബയോട്ടിക്‌സ് പ്രവര്‍ത്തനരഹിതമാവുന്നതായി കാണുന്നു. ഇങ്ങനെയുള്ള ബാക്റ്റീരിയയെ MDR (Multi Drug Resistant) എന്നുപറയുന്നു.
ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. ഡോക്ടറിന്റെ പ്രിസ്‌ക്രിപ്ഷനോടുകൂടി മാത്രം കഴിക്കുക.
2. നിശ്ചിത അളവില്‍ കഴിക്കുക.
3. പറഞ്ഞിരിക്കുന്ന സമയം മാത്രം കഴിക്കുക.
4. പറഞ്ഞ കാലയളവിലേക്കു മാത്രം കഴിക്കുക.
5. ഒരു വ്യക്തിക്കായി കുറിച്ച ആന്റിബയോട്ടിക് മറ്റൊരാള്‍ കഴിക്കരുത് (ഒരേ രോഗലക്ഷണങ്ങള്‍ ആണെങ്കില്‍പ്പോലും).
6. ആന്റിബയോട്ടിക്‌സിനൊപ്പം ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ കഴിക്കുന്നത് നല്ലതാണ്. അതല്ലെങ്കില്‍ തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കുക.
ജലദോഷങ്ങളില്‍ ഒട്ടുമിക്കതും വൈറല്‍ ഇന്‍ഫെക്ഷന്‍ ആണ്. ആന്റിബയോട്ടിക്‌സ് കഴിക്കാതെതന്നെ അതില്‍ മൂന്നിലൊന്ന് ഇന്‍ഫെക്ഷനുകളും, മറ്റു മരുന്നുകളുടെ ഉപയോഗത്തോടെ ചികില്‍സിച്ചു ഭേദമാക്കാവുന്നതാണ്.
ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കല്‍
മൈക്രോബയോളജിസ്റ്റാണ്.