സോറിയാസിസ് എന്നു കേള്‍ക്കുമ്പോഴേ നമ്മുടെ ഉള്ളില്‍ പെട്ടെന്നൊരു ഭീതി ഉണ്ടാകും. സോറിയാസിസിനെ ഭയപ്പെടേണ്ടതുണ്ടോ? കൃത്യസമയത്തു രോഗനിര്‍ണ്ണയം നടത്തി ശരിയായ ചികിത്സ എടുത്താല്‍ സോറിയാസിസിനെ നമുക്കു നിയന്ത്രിക്കുവാന്‍ സാധിക്കും.
എന്താണ് സോറിയാസിസ്?
നാമെല്ലാവരിലും സാധാരണഗതിയില്‍ എല്ലാ നാല്പത് - അറുപത് ദിവസം കൂടുമ്പോഴും പുതിയതായി സ്‌കിന്‍ ഉണ്ടാകുന്നുണ്ട്. അതിനനുസരിച്ചു പഴയത് കൊഴിഞ്ഞുപോകുന്നു. സോറിയാസിസ് ഉള്ള ഒരാള്‍ക്ക് എല്ലാ 4 - 5 ദിവസം കൂടുമ്പോഴും പുതിയതായി സ്‌കിന്‍ വരുന്നു. പുതിയതു വരുന്നതിനനുസരിച്ചു പഴയതു പോകാതെനില്‍ക്കുന്നു. അതിന്റെ ഫലമായി ഒന്നിന്റെ മുകളില്‍ ഒന്നായി പാളികളായി പൊറ്റപോലെ കട്ടിയായി വരുന്നു (മീന്‍ചെതുമ്പല്‍പോലെ). സോറിയാസിസ് ഒരിക്കലും ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുകയില്ല. ഇത് മഞ്ഞുകാലത്തു കൂടുതലാവുകയും, വേനല്‍ക്കാലത്തു കുറഞ്ഞുനില്‍ക്കുകയും ചെയ്യുന്നു.
എന്തുകൊണ്ട് സോറിയാസിസ് ഉണ്ടാകുന്നു?
സോറിയാസിസ് പാരമ്പര്യമായി വരാം. മാനസികപിരിമുറുക്കം, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, അമിതമായ പുകവലി, മദ്യപാനം തുടങ്ങിയവയെല്ലാം ഇതിനു കാരണമാകുന്നു.
സോറിയാസിസ് പലതരത്തിലുണ്ട്
1. സ്‌കാള്‍പ് സോറിയാസിസ് (തലയോട്ടിയില്‍ മാത്രം)
2. നെയ്ല്‍ സോറിയാസിസ്
3. കണ്ണിനു ചുറ്റും
4. ദേഹം മുഴുവനും
5. സോറിയാട്ടിക് ആര്‍ത്രൈറ്റിസ്
സോറിയാസിസിനു ചികിത്സ ലഭ്യമാണോ?
തീര്‍ച്ചയായും ഈ രോഗത്തിനു ചികിത്സ ലഭ്യമാണ്. 20% ല്‍ താഴെയാണ് ബാധിക്കുന്നതെങ്കില്‍ പുറമേ പുരട്ടാനുള്ള ലേപനങ്ങള്‍മാത്രം മതി. അതിനു മുകളിലാണെങ്കില്‍ ഉള്ളിലേക്കു കഴിക്കാന്‍ മരുന്നുകളും വേണ്ടിവരും. പിന്നെയുള്ളത് u v b രശ്മികള്‍ ഉപയോഗിച്ചുള്ള ലൈറ്റ് തെറാപ്പി (Photo therapy)ആണ്. ഏറ്റവും പുതിയതായി വന്നിരിക്കുന്ന ചികിത്സ ബയോളജിക്കല്‍സ് ആണ്. ദിവസേന കഴിക്കാനുള്ള ഗുളികകളായും ആഴ്ചതോറുമുള്ള ഇന്‍ജക്ഷനുകളായും ചികിത്സ നല്കുന്നുണ്ട്. ബയോളജിക്കല്‍ കൂടുതലും ചെറുപ്പക്കാരിലും മധ്യവയസ്‌കരിലുമാണ് കൊടുക്കുന്നത്. ഈ ചികിത്സകൊണ്ട് കുറെയേറെ സമയത്തേക്ക് സോറിയാസിസിനെ നിയന്ത്രിക്കുവാന്‍ സാധിക്കും.
സോറിയാസിസിനെ നിസ്സാരമായി കാണാതെ അതിനു വേണ്ട ശരിയായ മരുന്നുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ശരിയായ രീതിയില്‍ എടുത്താല്‍ ഈ രോഗം നമുക്ക് ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ സാധിക്കും.
ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ Dermatology & Cosmetologyകണ്‍സള്‍ട്ടന്റാണ്.