•  31 Jul 2025
  •  ദീപം 58
  •  നാളം 21
നേര്‍മൊഴി

താറുമാറായ ഉന്നതവിദ്യാഭ്യാസമേഖല

    വരുമാനമാര്‍ഗങ്ങള്‍ താരതമ്യേന കുറവുള്ള കേരളംപോലൊരു സംസ്ഥാനത്ത് പ്രധാനസമ്പത്ത് മാനവശേഷിയാണ്. അതിന്റെ ശുദ്ധീകരണവും വിപണിവത്കരണവും സാധ്യമാകുന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഴിയത്രേ. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ആ വകുപ്പില്‍ രണ്ടു മന്ത്രിമാരുണ്ടെന്ന കാര്യം. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഒരു മന്ത്രിയും ഉന്നതവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ മറ്റൊരു മന്ത്രിയും. തങ്ങളെക്കാള്‍ മോശം മന്ത്രിമാര്‍ വേറെയില്ലെന്നു നാട്ടുകാരെക്കൊണ്ടു പറയിപ്പിക്കത്തവിധമാണ് രണ്ടുപേരും തമ്മില്‍ വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കുന്നതിനുവേണ്ടി മത്സരിക്കുന്നത്. നാട്ടുകാര്‍ക്ക് ഉപകാരം  ചെയ്ത് ജനപ്രീതി നേടരുതെന്നു മുഖ്യമന്ത്രി ആഗ്രഹിച്ചവരെയാണോ  ഈ വകുപ്പിന്റെ ചുമതലക്കാരാക്കിയതെന്ന ചര്‍ച്ച സാധാരണമനുഷ്യരുടെ ഇടയില്‍പ്പോലും സജീവമാണ്. റോഡു ടാര്‍ ചെയ്യുന്നതുപോലെയോ കലുങ്കു നിര്‍മിക്കുന്നതുപോലെയോ നിസ്സാരമായ കാര്യമല്ല തലമുറകളുടെ ഭാവി സുരക്ഷിതമാക്കുന്ന വിദ്യാഭ്യാസവകുപ്പിന്റെ ചുമതലനിര്‍വഹണം. പഠിക്കാത്തവരെ മുഴുവന്‍ ജയിപ്പിച്ച് പൊതുവിദ്യാഭ്യാസമന്ത്രിയും സര്‍വകലാശാലാവിദ്യാഭ്യാസം സംശയത്തിന്റെ നിഴലില്‍ കൊണ്ടുവന്ന് ഉന്നതവിദ്യാഭ്യാസമന്ത്രിയും ആത്മനിര്‍വൃതി അനുഭവിക്കുകയാണ്. കുട്ടികളുടെ ഭാവിയോ നാടിന്റെ വികസനമോ അവരെ ബാധിക്കുന്ന പ്രശ്‌നമേയല്ല.
ഉന്നതവിദ്യാഭ്യാസവകുപ്പിനു നാണക്കേടുണ്ടാക്കിയ അവസാനത്തെ സംഭവം കീം മാര്‍ക്ക് ഏകീകരണവുമായി ബന്ധപ്പെട്ടതാണ്. എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷയിലെ മാര്‍ക്ക് ഏകീകരണഫോര്‍മുല പരിഷ്‌കരിക്കാന്‍ വിദഗ്ധസമിതിയെപ്പോലും മറികടന്ന് വളഞ്ഞ വഴി സ്വീകരിച്ച ഉന്നതവിദ്യാഭ്യാസവകുപ്പ് അക്ഷരാര്‍ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍തന്നെ നിയോഗിച്ച വിദഗ്ധസമിതി  നാലു നിര്‍ദേശങ്ങളാണ് മുമ്പോട്ടുവച്ചത്. ഒന്ന്, എന്‍ട്രന്‍സ് മാര്‍ക്കു  മാത്രം പരിഗണിക്കുക. രണ്ട്, ഏകീകരിക്കാത്ത പ്ലസ്ടുമാര്‍ക്കും പരിഗണിക്കുക. മൂന്ന്, തമിഴ്‌നാട് മാതൃക സ്വീകരിക്കുക. നാല്, മറ്റു ചില സംസ്ഥാനങ്ങളുടെ മാതൃക സ്വീകരിക്കുക. ഈ നിര്‍ദേശങ്ങളെക്കുറിച്ചു വിശദമായ പഠനം നടത്താന്‍ തയ്യാറാകാതെ തമിഴ്‌നാട് മാതൃകയില്‍ അല്പസ്വല്പമാറ്റങ്ങള്‍ വരുത്തി ഏകീകരണഫോര്‍മുലപരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്. വിശദപഠനം ഒഴിവാക്കാനുള്ള ന്യായമായി പറഞ്ഞത് അതിനുള്ള സമയമില്ലെന്നാണ്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിനുപകരം പ്രവേശപ്പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍നിന്നു നല്‍കിയ അഞ്ചു നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ ഫോര്‍മുലയ്ക്കു രൂപം നല്‍കി വിവാദമുണ്ടാക്കിയത്.
സംസ്ഥാനഎഞ്ചിനീയറിങ് പ്രവേശനം ഇത്രമേല്‍ വിവാദപരവും ആശങ്കാജനവുമായി ഇതുവരെ നടത്തിയിട്ടില്ല. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുതലേന്നാണ് പ്രോസ്‌പെക്ടസില്‍ പറഞ്ഞിരുന്നതിനു വിപരീതമായി പുതിയ മാര്‍ക്ക് ഏകീകരണഫോര്‍മുല നിശ്ചയിച്ചു നടപ്പിലാക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ചെയ്യുകവഴി പഴയപദ്ധതിപ്രകാരം പഠിച്ച് റാങ്ക് പ്രതീക്ഷിച്ചിരുന്നവരുടെ പ്രതീക്ഷകള്‍ തകര്‍ന്നു. അവര്‍ നിരാശരും സര്‍ക്കാര്‍തീരുമാനത്തിന് എതിരാളികളുമായി. പുതിയ ഏകീകരണഫോര്‍മുല അനുകൂലമായി എന്ന് ആദ്യം കരുതിയ വിദ്യാര്‍ഥികളും താമസിയാതെ നിരാശരും നിരാലംബരുമായി. സര്‍ക്കാരിന്റെ നടപടിയില്‍ വ്യക്തത പോരെന്നും സുതാര്യതക്കുറവുണ്ടെന്നും കണ്ട് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് പ്രവേശനനടപടികള്‍ മരവിപ്പിച്ചു. ഡിവിഷന്‍ ബഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ പോയെങ്കിലും സിംഗിള്‍ ബഞ്ച് തീരുമാനത്തെ ഡിവിഷന്‍ ബഞ്ച് അനുകൂലിക്കുകയാണു ചെയ്തത്. പിന്നീടുള്ള സാധ്യത സുപ്രീംകോടതിയെ സമീപിക്കുക എന്നതാണ്. അതിനു സര്‍ക്കാര്‍ സന്നദ്ധമല്ലെന്നും മന്ത്രി അറിയിച്ചു. പരമോന്നതകോടതിയില്‍ പോയാല്‍ ഇതിലും വലിയ തിരിച്ചടിയും നാണക്കേടും ഉണ്ടാകുമെന്ന ഭയമാണ് സര്‍ക്കാര്‍ പിന്മാറ്റത്തിനു കാരണമായി കണക്കാക്കപ്പെടുന്നത്. സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ  ക്രമക്കേടുകളും പാളിച്ചകളുമാണ് വിദ്യാര്‍ഥികളുടെ ഭാവിയെ അപകടപ്പെടുത്തുന്ന  ഈ അവസ്ഥയിലേക്കു നയിച്ചത്.
മെഡിക്കല്‍-എഞ്ചിനീയറിങ് പ്രവേശനത്തിനു പ്രത്യേക യോഗ്യതാപരീക്ഷ നടത്തുന്നത് ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനുവേണ്ടിയാണ്. ഈ പരീക്ഷകള്‍ സാമാന്യേന വിഷമമേറിയതാണ്. പതിനായിരക്കണക്കിനു  വിദ്യാര്‍ഥികള്‍ കോച്ചിങ്സ്ഥാപനങ്ങളുടെ സഹായത്തോടെ ഈ പരീക്ഷയെഴുതുന്നത് പ്രത്യേക ലക്ഷ്യങ്ങളോടെയാണ്. ഒന്നാമത്തെ ലക്ഷ്യം ഏറ്റവും നിലവാരമുള്ള എഞ്ചിനീയറിങ് കോളജില്‍ പഠിക്കുക. രണ്ടാമത്തേത് സര്‍ക്കാര്‍ ഫീസില്‍ പഠിക്കുക. ഉയര്‍ന്ന റാങ്ക് ലഭിക്കുന്നവര്‍ക്ക് ഇതു രണ്ടും സാധ്യമാകുന്നതുകൊണ്ടാണ് ഈ പരീക്ഷ പ്രധാനപ്പെട്ടതായി മാറുന്നത്. വിദ്യാര്‍ഥികള്‍ തൊഴില്‍വിപണിയിലെത്തുമ്പോള്‍ ഏതു സ്ഥാപനത്തില്‍ പഠിച്ചുവെന്നത് പരിഗണനാവിഷയമാകും.
മാര്‍ക്ക് ഏകീകരണം ആവശ്യമായി വരുന്നത് പല സ്‌കീമുകളില്‍ പഠിച്ചിറങ്ങിയ കുട്ടികള്‍ പ്രവേശനപ്പരീക്ഷ എഴുതുന്നു എന്നതുകൊണ്ടാണ്. നിലവിലെ രീതിയനുസരിച്ച് സിബിഎസ്ഇ സ്‌കീമില്‍ പഠിച്ചിറങ്ങുന്നവര്‍ക്കു സാധ്യത കൂടുതലാണ്. ആദ്യ 100 റാങ്കില്‍ 79 പേരും അവരാണ്. കേരളസിലബസ് പഠിച്ചിറങ്ങുന്ന 21 പേരാണ് പട്ടികയിലുണ്ടാവുക. ഈ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു പ്രതിസന്ധിയിലായത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)