•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

കേരളപ്പിറവിദിനാഘോഷം


1956 നവംബര്‍ 1-ാം തീയതി ഐക്യകേരളം നിലവില്‍വന്നു. ഭാഷാസംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭണങ്ങളുടെ ഫലമായാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന (പുനസ്സംഘടന) നടന്നത്. എല്ലാ വര്‍ഷവും നവംബര്‍ ഒന്നാംതീയതി സര്‍ക്കാര്‍തലങ്ങളിലും സ്‌കൂള്‍-കോളജ് തലങ്ങളിലും കേരളപ്പിറവിദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. അതിനുവേണ്ടി തയ്യാറാക്കുന്ന നോട്ടീസുകളിലും ഫ്‌ളക്‌സ്‌ബോര്‍ഡുകളിലും 'കേരള പിറവി ദിനാഘോഷം എന്ന് ''പ'' കാരത്തിനു ദ്വിത്വമില്ലാതെയും പദങ്ങള്‍ തമ്മില്‍ ചേര്‍ക്കാതെയും എഴുതുന്ന പ്രവണത സാധാരണമായിരിക്കുന്നു.
കേരളം+പിറവി, സന്ധിചെയ്യുമ്പോള്‍ കേരളപ്പിറവി എന്നാകും. (അനുസ്വാരലോപം പകാരദ്വിത്വം) 'കേരള' വും 'പിറവി' യും വിശേഷണവിശേഷ്യങ്ങളായതിനാലാണ് 'പ' കാരത്തിന് ഇരട്ടിപ്പു വന്നത്. കേരളത്തിന്റെ പിറവി എന്നു വിഗ്രഹാര്‍ത്ഥം. കേരള+പിറവി-കേരളപ്പിറവി എന്നു സന്ധിചെയ്താല്‍ ദേശനാമം 'കേരള' ആണെന്നു തെറ്റായി ധരിക്കാന്‍ ഇടയാകാം. കേരളം എന്ന സ്ഥലനാമം വിശേഷണമാകുമ്പോള്‍ 'കേരള' എന്നാകുമെങ്കിലും ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍, ഇംഗ്ലീഷ് മട്ടില്‍ കേരള (ഗലൃമഹമ) എന്നെഴുതാന്‍ മലയാളവ്യാകരണനിയമം അനുവദിക്കുന്നില്ല.
'ക്വചില്ലോപ' (ചിലയിടത്ത് മകാരം ലോപിക്കും) 'സമാസേചാഞാദീനാം' (സമാസത്തില്‍ കചതപകള്‍ ഇരട്ടിക്കും)* എന്നീ ലീലാതിലകസൂത്രങ്ങള്‍ പ്രകാരം മകാരലോപവും പരപദവ്യഞ്ജനദ്വിത്വവും ഒരേ പദയോഗത്തില്‍ സംഭവിക്കാം. വട്ടം+പൂജ്യം=വട്ടപ്പൂജ്യം, മരം+തടി=മരത്തടി, കടം+കെണി=കടക്കെണി, കുളം+കോഴി=കുളക്കോഴി, ചാണകം+പുഴു=ചാണകപ്പുഴു, വട്ടം+കൊട്ട=വട്ടക്കൊട്ട, വാണം+കുറ്റി=വാണക്കുറ്റി, കള്ളം+കളി=കള്ളക്കളി എന്നിങ്ങനെ എത്രയോ ദൃഷ്ടാന്തങ്ങള്‍!
സന്ധി ചെയ്യുമ്പോള്‍ ഒന്നിലധികം വികാരങ്ങള്‍ വരുന്നവയെ കേരളപാണിനി എന്തുകൊണ്ടോ വിട്ടുകളഞ്ഞു. എന്നാല്‍ പില്‍ക്കാലവൈയാകരണന്മാര്‍ അവയെ പരിഗണിക്കുകയും വ്യാകരണസാധുത്വം കല്പിക്കുകയും ചെയ്തു. അനുസ്വാരം ലോപിക്കുന്നതോടൊപ്പം ഇരട്ടിപ്പും വരാമെന്ന് അവര്‍ നിരീക്ഷിച്ചു. അങ്ങനെ കേരളം+പിറവി=കേരളപ്പിറവിയാകും. ഏകപദാര്‍ത്ഥപ്രതീതിക്കായി, കേരളപ്പിറവിദിനാഘോഷം എന്നു സമാസിച്ചെഴുതുന്നതാണ് അര്‍ത്ഥവ്യക്തതയ്ക്കും ഭംഗിക്കും നല്ലത്.
* ചന്ദ്രശേഖരന്‍നായര്‍, സി.കെ. ലീലാതിലകസൂത്രഭാഷ്യം, കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം, 2012, പുറം-102, 107

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)