സ്രാവുകള്‍ പൊതുവേ മാംസഭോജികളാണ്. കൂര്‍ത്തുമൂര്‍ത്ത പല്ലുകളാണുള്ളത്. ചില സ്രാവുകളില്‍ പല്ലുകള്‍ പല നിരകളായി കാണപ്പെടുന്നു. ഏറ്റവും വലിപ്പമുള്ള മുന്‍നിരപ്പല്ലുകള്‍ വയസാകുന്തോറും നഷ്ടമാകുന്നു. പിന്‍നിരപ്പല്ലുകള്‍ അപ്പോഴേക്കും ആ സ്ഥാനം ഏറ്റെടുക്കും.
മറ്റു ജന്തുക്കളെപ്പോലെ സ്രാവുകള്‍ക്കുമുണ്ട് പഞ്ചേന്ദ്രിയങ്ങള്‍. ഇതില്‍ കാഴ്ച, കേള്‍വി, മണം പിടിക്കാനുള്ള കഴിവ് മുതലായവ മറ്റു മത്സ്യങ്ങളെയും ചെറിയ ജന്തുക്കളെയും അപേക്ഷിച്ച് സ്രാവുകള്‍ക്കു വളരെക്കൂടുതലാണ്. ഇതുകൂടാതെ വെള്ളത്തിലെ നേര്‍ത്ത ചലനങ്ങളെയും വൈദ്യുതതരംഗങ്ങളെയും തിരിച്ചറിയുന്നതിനുള്ള പ്രത്യേക അവയവങ്ങളും സ്രാവുകള്‍ക്കുണ്ട്.
മണം പിടിക്കാനുള്ള കഴിവ് പല സ്രാവുകളിലും അദ്ഭുതകരമാംവിധം മുന്നിട്ടുനില്‍ക്കുന്നു. മാംസത്തിന്റെയും രക്തത്തിന്റെയും ഗന്ധം കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്നുതന്നെ സ്രാവുകളെ ആകര്‍ഷിക്കുമത്രേ. ചിലയിനം സ്രാവുകളെ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് പത്തുലക്ഷത്തിലൊരംശംമാത്രം ഗാഢതയുള്ള രക്തത്തിന്റെ സാന്നിധ്യംപോലും അവ തിരിച്ചറിയുന്നതാണ്. ആക്രമണകാരികളായ സ്രാവുകളുള്ള കടല്‍ഭാഗത്ത് ശരീരത്തില്‍ മുറിവുകളുള്ളവര്‍ നീന്താനിറങ്ങരുതെന്നു പറയാറുണ്ട്. രക്തത്തിന്റെ നേരിയൊരംശമായാലും മണംപിടിച്ചു സ്രാവുകളെത്തുമെന്നതുതന്നെ കാരണം. ഉയര്‍ന്ന കാഴ്ചശക്തിയും സ്രാവുകള്‍ക്കുണ്ട്. നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് പല സ്രാവുകള്‍ക്കുമുണ്ടെന്നു കരുതപ്പെടുന്നു.
സ്രാവുകളുടെ കേള്‍വിശക്തിയും പേരുകേട്ടതുതന്നെ. വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ശബ്ദതരംഗങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സ്രാവുകള്‍ക്കാകും. ദൂരെനിന്നേ ഇരകളുടെ സാന്നിധ്യം മനസ്സിലാക്കാന്‍ സ്രാവുകള്‍ക്കു കഴിയുന്നു. ലാറ്ററല്‍ ലൈന്‍ അവയവങ്ങള്‍ എന്നറിയപ്പെടുന്ന ചില ഭാഗങ്ങള്‍കൊണ്ടാണ് ഇതു സാധ്യമാകുന്നത്. ഇടവിട്ടിടവിട്ട് ഒരു നിരയായി കാണുന്ന ന്യൂറോമാസ്റ്റ് എന്ന ഭാഗങ്ങളാണ് വെള്ളത്തിലെ നേര്‍ത്ത ചലനങ്ങള്‍പോലും തിരിച്ചറിയാന്‍ സ്രാവുകളെ സഹായിക്കുന്നത്. ത്വക്കിലുള്ള ചെറിയ കുഴികളില്‍ ഒറ്റതിരിഞ്ഞും ഇവ കാണപ്പടുന്നു. പിറ്റ് ഓര്‍ഗന്‍സ് എന്നാണീ കുഴികള്‍ അറിയപ്പെടുന്നത്. ഓരോ ന്യൂറോമാസ്റ്റും നേര്‍ത്ത നാഡീതന്തുക്കള്‍വഴി തലച്ചോറിനോടു ബന്ധിക്കപ്പെട്ടിരിക്കുന്ന കാഴ്ച.
ചിലയിനം സ്രാവുകള്‍ ദേശാടനക്കാരാണ്. ഇക്കാര്യത്തില്‍ അവരുടെ സഹായത്തിനെത്തുന്നത്. അവരുടെ ശരീരത്തിലെ കറന്റുവിദ്യയാണെന്നു ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ''ആംപുള ഓഫ് ലോറന്‍സിനി''. ഭൂമിയുടെ കാന്തികമണ്ഡലവുമായി ഒത്തുപ്രവര്‍ത്തിക്കുന്നതുകൊണ്ടാണത്. അതുകൊണ്ടാണ് സ്രാവുകള്‍ക്കു ലോകംചുറ്റി വഴിതെറ്റാതെ മടങ്ങിവരാനാവുന്നത്. വടക്കുനോക്കിയന്ത്രംപോലെ ഈ അവയവം പ്രവര്‍ത്തിക്കുമെന്നു സാരം. ജലാശയങ്ങളുടെ മുകള്‍പ്പരപ്പില്‍നിന്ന് ഏതാണ്ട് നൂറു മീറ്റര്‍ ആഴത്തില്‍ വരെ മാത്രമേ വെളിച്ചം ചെന്നെത്തുകയുള്ളൂ. അടിത്തട്ടിലെ കൂരിരുട്ടില്‍ കഴിയുന്നവയ്ക്കു പ്രകാശം പുറപ്പെടുവിക്കാനുള്ള ചില അവയവങ്ങള്‍ കൂടിയുണ്ടാവും. ഇതിന്റെ വെളിച്ചത്തിലാകും അവയുടെ കാഴ്ച. ടോര്‍ച്ചടിച്ചുനോക്കുംപോലെ. ചിലയിനം സ്രാവുകളുടെ കണ്ണുകളാണു പ്രകാശം പരത്തുക.
വെറ്റ് ഷാര്‍ക്കിനെപ്പോലെയുള്ള കൂറ്റന്‍ സ്രാവുകള്‍ വന്‍മത്സ്യങ്ങളെയും വമ്പന്‍സ്രാവുകളെയും എന്തിന് തിമിംഗങ്ങളെപ്പോലും അകത്താക്കുന്ന ഭീകരജീവിയാണ്. ഇരയെ ഓടിച്ച് ആക്രമിച്ചു പിടികൂടി കടിച്ചുകീറാനുള്ള പരാക്രമം. ഇത്തരം സ്രാവുകള്‍ തിമിംഗലംപോലെയുള്ള ജീവികളുടെ മൃതശരീരങ്ങളും ഭക്ഷിക്കാറുണ്ട്. കടലാമ, ഡോള്‍ഫിന്‍, സീല്‍, കടല്‍പ്പശു, പെന്‍ഗ്വിന്‍ മുതലായവയേയും സ്രാവുകള്‍ ആഹാരമാക്കാറുണ്ട്. ടൈഗര്‍സ്രാവുകളുടെ വയറ്റില്‍നിന്നും പ്ലാസ്റ്റിക് ബാഗുകള്‍, അലുമിനിയംകാനുകള്‍, തുകല്‍, തുണി, മരക്കഷണങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ഗവേഷകര്‍ക്കു കിട്ടിയിട്ടുണ്ട്. അതുകൊണ്ടാകാം സ്രാവുകള്‍ക്ക് 'കടലിലെ കുപ്പത്തൊട്ടി' എന്നൊരു തമാശപ്പേര് ചാര്‍ത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ കടലിലെ 'വിസ്‌കറി' സ്രാവുകള്‍ പവിഴപ്പുറ്റുകളിലെ ഒരിനം നീരാളികളെമാത്രമാണ് ആഹരിക്കുന്നത്. കിട്ടുന്നതെന്തും വെട്ടിവിഴുങ്ങുന്നവരാണ് ചിലയിനം ടൈഗര്‍സ്രാവുകള്‍. നരഭോജിസ്രാവുകള്‍ ഏറ്റവും അപകടകാരികളാണ്. കടലില്‍ നീന്തുന്നവരുടെയും മീന്‍പിടുത്തക്കാരുടെയും പേടിസ്വപ്നമാണിക്കൂട്ടര്‍.