•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രണയ പാഠാവലി

ത്രില്ലടിപ്പിക്കുന്ന മെലോഡ്രാമ

ജീവിതത്തില്‍ തിരിച്ചടികളോ വീഴ്ചകളോ ഉണ്ടാകുമ്പോള്‍ അതു തന്നെ ബാധിക്കുന്നതല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് യുക്തിവത്കരണം. ഒഴിവാക്കാനാവാത്ത, അപ്രതിരോധ്യമായ ചില ഘടകങ്ങളിലേക്കു കാരണമാരോപിക്കുന്നതും ഈ പ്രതിരോധതന്ത്രത്തിന്റെ ഭാഗമാണ്.
കുറുക്കച്ചാര്‍ പണ്ടു പയറ്റിയ അതേ വിദ്യ. അതായത്, കിട്ടാത്ത മുന്തിരിങ്ങ പുളിക്കും. ഒരുപാട് ആഗ്രഹിച്ചിട്ടും മുന്തിരിങ്ങ കിട്ടിയില്ല എന്നത് ഒരു കുറവേയല്ല. കിട്ടിയിരുന്നെങ്കിലോ? പുളികൊണ്ട് വശംകെട്ടുപോയേനെ. ഇങ്ങനെപോകും വ്യാഖ്യാനം. 
അഞ്ചേക്കറോളം ഭൂമിയുള്ള ഒരാളുടെ കാര്യമെടുക്കാം. നല്ല ഒന്നാന്തരം മണ്ണ്. പൂര്‍വ്വികര്‍ പൊന്നു വിളയിച്ചതാണ്. പക്ഷേ, മൂന്നുനാലു വര്‍ഷംകൊണ്ട് അയാള്‍ കടക്കാരനായി. കൃഷിയെല്ലാം പരാജയപ്പെട്ടു. അയാള്‍ക്കു പറയാന്‍ ന്യായങ്ങള്‍ പലതുണ്ട്. കാലാവസ്ഥ ഒന്നിനൊന്ന് പ്രതികൂലമായാണ് വന്നത്. കീടശല്യംകൊണ്ടു പൊറുതിമുട്ടി. കിട്ടിയ വിളയ്ക്കാകട്ടെ വിലയുമില്ല. 
കേള്‍ക്കുമ്പോള്‍ വളരെ വിശ്വസനീയമായിത്തോന്നും. എന്നാല്‍, ഇതേ പരിസരത്തില്‍ അധ്വാനിച്ച മറ്റു കര്‍ഷകരുടെ കാര്യമോ? അവര്‍ക്കൊക്കെ മേല്‍ക്കുമോല്‍ അഭിവൃദ്ധിയാണുണ്ടായത്. അയാള്‍ക്കു വിനയായത് കൂട്ടുകാര്‍ക്കൊപ്പമുള്ള ദുര്‍ന്നടപ്പാണ്. മദ്യപാനവും ചീട്ടുകളിയുമായിരുന്നു മുഖ്യപരിപാടി. പണിക്കാരെ സ്ഥലമേല്പിച്ച് മാടമ്പി കളിച്ചുനടന്നു. പിന്നത്തെ കഥ പറയാനില്ല. 
ഇവിടെ സ്വന്തം കൈയിലിരുപ്പ് മറച്ചുവയ്ക്കാനും ന്യായീകരിക്കാനും അയാളെടുക്കുന്ന ഉപായം നോക്കൂ, താന്‍ വളരെ ശ്രമിച്ചു. പക്ഷേ, തന്റേതല്ലാത്ത, തന്റെ നിയന്ത്രണത്തിനുമപ്പുറത്തുള്ള കാര്യങ്ങളാണു സംഭവിച്ചത്. ഒരു കണക്കിനു നന്നായി. അല്ലെങ്കിലും  ഈ കൃഷികൊണ്ടൊക്കെ ഇനി എന്തു കിട്ടാനാണ്? പങ്കാളി സൂക്ഷ്മബുദ്ധിയല്ലെങ്കില്‍ ഈ കെണി തിരിച്ചറിയപ്പെടാതെ പോകാം. പാവം കെട്ടിയോന്‍. എന്തുമാത്രം കഷ്ടപ്പെടുന്നു. ഒന്നുമങ്ങോട്ടു ശരിയാവുന്നില്ല - ഇങ്ങനെയായിരിക്കാം സിമ്പതി കടന്നുവരിക. 
പരാജയകാരണത്തിലേക്ക് അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കുന്ന ശൈലികളും ഉണ്ടാകാം. ശനിദശ, കൂടോത്രം, കൈവിഷം തുടങ്ങിയ ക്ഷുദ്രസങ്കല്പങ്ങള്‍ തകര്‍ച്ചയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടാം. അങ്ങനെ യുക്തിവത്കരണത്തോടൊപ്പം വിക്ഷേപണം കൂടിയാകുമ്പോള്‍ ത്രില്ലടിപ്പിക്കുന്ന ഒരു മെലോഡ്രാമ ജനിക്കുകയായി. പക്ഷേ, കുടുംബം അടിക്കടി അധോഗതിയിലേക്കാണ് നീങ്ങുക. പങ്കാളിയില്‍ അസംതൃപ്തിയും ആശങ്കകളും ഉടലെടുക്കും. സിമ്പതി നിവൃത്തികേടിന്റെ വക്കിലെത്തുമ്പോള്‍ വഴക്കായി മാറുന്നു. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)