ഏറ്റവും വലിയ മത്സ്യമാണ് തിമിംഗലസ്രാവ്. പതിനെട്ടു മീറ്ററോളം വലുപ്പമുള്ള തിമിംഗലസ്രാവുകളെ കണ്ടെത്തിയിട്ടുണ്ട്. 13000 കിലോയോളം ഭാരവും ഇവയ്ക്കുണ്ടാകാറുണ്ട്. ''റിംഗഡോണ്‍ ടൈപ്പസ്'' എന്നാണ് തിമിംഗലസ്രാവിന്റെ ശാസ്ത്രനാമം. ഇരുണ്ട നീലയോ അഥവാ തവിട്ടുനിറമോ ഉള്ള പുറംഭാഗത്തു നിര കളായുള്ള വെള്ളപ്പുള്ളികളാണ് സവിശേഷത. ശരീരത്തിന്റെ അടിഭാഗം വെള്ളനിറമാണ്. ഉഷ്ണമേഖലാപ്രദേശത്തെ കടലുകളിലാണ് തിമിംഗലസ്രാവുകളുള്ളത്. ആഴക്കടലില്‍ കഴിയാനാണിഷ്ടമെങ്കിലും ചിലപ്പോള്‍ തീരത്തിനടുത്തും എത്തിപ്പെടാറുണ്ട്. എന്നാലും മനുഷ്യരെ ആക്രമിക്കുകയൊന്നുമില്ല. മുങ്ങല്‍വിദഗ്ധര്‍ക്ക് ഈ ഭീമന്റെ മുകളില്‍ പറ്റിപ്പിടിച്ചു സവാരി നടത്തുകപോലുമാകാം. ചില കടലോരവിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഇത്തരം 'സ്രാവുസവാരി'ക്ക് സൗകര്യങ്ങളൊരുക്കാറുണ്ട്.
വളരെ വലിയ വായുള്ള ഈ ഭീമന്മാരുടെ ഇഷ്ടഭക്ഷണം സൂക്ഷ്മജീവികളായ പ്ലാങ്ക്ടണുകളും ചെറുമീനുകളുമാണ്. ഇവയെല്ലാം കൂട്ടത്തോടെ വായിലാക്കാനാണ് ഗുഹപോലുള്ള വലിയ വായ്. വെള്ളത്തില്‍നിന്ന് ഈ ചെറുജീവികളെ അരിച്ചെടുക്കുന്നതിനു സഹായകമായ കുഞ്ഞിപ്പല്ലുകളുടെ ഒട്ടേറെ നിരകള്‍ ഇവയുടെ വായില്‍ ദൃശ്യമാണ്.
തിമിംഗലസ്രാവുകള്‍ ഇന്നിപ്പോള്‍ വംശനാശഭീഷണിയിലാണ്. മാംസത്തിനും കൊഴുപ്പിനുമായി ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവയെ വന്‍തോതില്‍ വേട്ടയാടുന്ന കാഴ്ച കാണാം. ഇന്ത്യയില്‍ ഗുജറാത്തിനടുത്തുള്ള 'സൗരാഷ്ട്ര' കടല്‍പ്രദേശത്ത് പരമ്പരാഗതമായി തിമിംഗലസ്രാവുകളെ വേട്ടയാടുന്നവരെ കാണാമായിരുന്നു. 'ചാട്ടുളി' എന്ന ആയുധമെറിഞ്ഞാണവര്‍ ഈ വമ്പനെ പിടികൂടുക.
ഈ ഭീമന്‍സ്രാവിന്റെ പല്ലുകള്‍ തീരെ ചെറുതാണെന്നതാണ് വിചിത്രമായ കാര്യം. ഒരു തീപ്പെട്ടിക്കമ്പിന്റെ തലയുടെ വലുപ്പംപോലും ഈ വമ്പന്റെ പല്ലിനില്ല!
യൂറിയാസൂത്രം
വെള്ളത്തിലാണു വാസമെങ്കിലും സ്രാവുകളുള്‍പ്പെടെയുള്ള ജലജീവികള്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. അവയുടെ ശരീരസ്രവങ്ങളുടെയും ചുറ്റുപാടുമുള്ള ജലത്തിന്റെയും ഗാഢതയിലുള്ള വ്യത്യാസമാണ് ഈ ജലനഷ്ടത്തിനു കാരണമാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്രാവുകള്‍ക്കു സ്വതവേ ഒരു വിദ്യയുണ്ട്. ശരീരസ്രവങ്ങളുടെ ഗാഢത കൂട്ടാന്‍ കഴിയുന്ന ലവണങ്ങള്‍ അവ ശരീരരത്തില്‍ ശേഖരിച്ചുവയ്ക്കുന്നു. യൂറിയയാണ് ഇങ്ങനെ ശേഖരിച്ചുവയ്ക്കുക. എല്ലാ ജീവികളും ശരീരത്തില്‍നിന്നു പുറന്തള്ളുന്ന വസ്തുവാണിത്. യൂറിയ ഉള്ളതിനാല്‍ അവയുടെ ശരീരസ്രവങ്ങളുടെ ഗാഢത കടല്‍വെള്ളത്തിന്റെ ഉയര്‍ന്ന ഗാഢതയ്ക്കു തുല്യമാകും. അങ്ങനെ ശരീരത്തില്‍നിന്നുള്ള ജലനഷ്ടം ഒഴിവാകുകയും ചെയ്യുന്നു.
സ്രാവിന്റെ മാംസം ഭക്ഷണമാക്കുന്ന മനുഷ്യര്‍ക്ക് ഈ യൂറിയാസൂത്രം ഇത്തിരി വിഷമിപ്പിച്ചെന്നു വരാം. സ്രാവിന്റെ മാംസം വേവുമ്പോള്‍ അരോചകമായൊരു മണം അനുഭവപ്പെടാറുണ്ട്. കൂടിയ അളവിലുള്ള യൂറിയയാണ് ഇതിനു കാരണം.