കരയിലും കടലിലും വച്ചേറ്റവും വലിയ ജീവി തിമിംഗലംതന്നെ. തിമിംഗലങ്ങളില്‍ ഭീമന്‍ നീലത്തിമിംഗലവും. സസ്തനികളാണ് തിമിംഗലങ്ങള്‍. ഏതാനും അടികള്‍ മുതല്‍ മീറ്ററുകള്‍ വരെ നീളം വയ്ക്കുന്ന തിമിംഗലങ്ങളുണ്ട്.
മുപ്പതു മീറ്ററോളം നീളം വരും. ഭാരമാകട്ടെ ഒന്നരലക്ഷത്തോളം കിലോയും. കടലില്‍ ഒറ്റപ്പെട്ടവര്‍ വമ്പന്‍പാറയാണെന്നു കരുതി തിമിംഗലത്തിന്റെ പുറത്തേറിയതായും മറ്റുമുള്ള രസകരമായ കഥകളുണ്ട്. ഭക്ഷണകാര്യത്തിലും ജീവിതരീതിയിലുമെല്ലാം തിമിംഗലങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. നീലത്തിമിംഗലം ഏറ്റവും ഭീമന്‍ജീവിയാണെങ്കിലും അതിന്റെ ആഹാരരീതികള്‍ തീര്‍ത്തും കൗതുകകരമാണ്. ചെമ്മീനോ നത്തോലിക്കുഞ്ഞുങ്ങളോപോലുള്ള ചെറുജീവികളും മറ്റുമാണ് ഇവ ആഹരിക്കുക. കടലില്‍ വലിയ വലിയ കൂട്ടമായി നീന്തിപ്പോകുന്ന ഇത്തരം ചെറുജീവികളെ കണ്ടാല്‍ നീലത്തിമിംഗലം അപ്പോഴേ തന്റെ ഭീമന്‍വായ പൊളിക്കുകയായി. വായ്ക്കുചുറ്റും തൂങ്ങിക്കിടക്കുന്ന അരിപ്പപോലെയുള്ള ഭാഗങ്ങള്‍ ഉപയോഗിച്ച് ചെറുജീവിപ്പറ്റങ്ങളെ വെള്ളത്തില്‍നിന്നു വായിലേക്കു അരിച്ചെടുക്കുന്നു. ഒരുദിവസം വിശപ്പടക്കാന്‍ ഇത്തരം തീറ്റകള്‍ കുറച്ചൊന്നുമല്ല നീലത്തിമിംഗലത്തിനു വേണ്ടിവരിക; നാലു ടണ്ണിലധികം!
ചിലയിനം തിമിംഗലങ്ങള്‍ക്ക് ഇത്തരം ചെറുജീവികള്‍ പോരാ. ഭക്ഷണക്കൊതിയന്മാരായ ഇവയ്ക്കു വലിയ ജീവികളെയാണു വേണ്ടത്. സീലുകളും ഏതുതരം മീനുകളും നീരാളികളും മറ്റുമാണ് അത്തരക്കാര്‍ക്കു പ്രിയം. വലിയ ഇരയെ പിടികൂടാന്‍ ചില തിമിംഗലങ്ങള്‍ കൂട്ടത്തോടെ വേട്ടയാടുന്ന കാഴ്ച കാണാം.
തിമിംഗലത്തിന്റെ ശരീരം മിനുസമേറിയതും നീണ്ടുരുണ്ടതുമായതിനാല്‍ അവയ്ക്കു വെള്ളത്തിലൂടെ അനായാസം തെന്നിനീങ്ങാന്‍ സാധിക്കുന്നു. മത്സ്യത്തെപ്പോലെ ചിറകുരൂപത്തിലുള്ള വാലുകളുപയോഗിച്ച് സഞ്ചാരഗതി നിയന്ത്രിക്കുന്നു. വശങ്ങളിലുള്ള ചിറകുകള്‍ ഉപയോഗപ്പെടുത്തിയാണ് തിമിംഗലങ്ങള്‍ കടലില്‍ കഴിയവേ സമതുലനാവസ്ഥ നിലനിര്‍ത്തുന്നത്.
നീലത്തിമിംഗലങ്ങള്‍ കടലാഴങ്ങളിലൊരു അദ്ഭുതക്കാഴ്ചതന്നെ! ഭീമനൊരു അന്തര്‍വാഹിനിമാതിരി അതങ്ങനെ നീങ്ങുന്ന വിസ്മയക്കാഴ്ച!