•  13 Mar 2025
  •  ദീപം 58
  •  നാളം 2
നേര്‍മൊഴി

സെലെന്‍സ്‌കി ഓവല്‍ഓഫീസില്‍നിന്ന് സ്വയം ഇറങ്ങിയതോ ഇറക്കിവിട്ടതോ?

ഴിഞ്ഞദിവസം വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി പരസ്യമായ വാഗ്വാദം നടന്നു. സന്തോഷത്തോടെയല്ലാതെ സെലെന്‍സ്‌കി വൈറ്റ് ഹൗസ് വിട്ടു. പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ചേര്‍ന്ന് ഇറക്കിവിട്ടതാണെന്ന വാര്‍ത്തയും അന്തരീക്ഷത്തിലുണ്ട്. അമേരിക്ക സെലെന്‍സ്‌കിയെ തള്ളിയെങ്കിലും യൂറോപ്യന്‍രാജ്യങ്ങളില്‍നിന്നു പിന്തുണ ലഭിച്ചത് യുക്രെയ്ന്‍പ്രസിഡന്റിന് ആശ്വാസമായി. അതുകൊണ്ടുമാത്രം സെലെന്‍സ്‌കിക്കു പിടിച്ചുനില്ക്കാനാകുമോ?
ഇരുനേതാക്കളും തമ്മിലുണ്ടായ ചൂടുപിടിച്ച വാഗ്വാദങ്ങള്‍ സ്വാഭാവികമായി സംഭവിച്ചതാണോ അമേരിക്ക തന്ത്രപരമായി സൃഷ്ടിച്ചെടുത്തതാണോ എന്ന ചോദ്യം  ബാക്കിനില്ക്കുന്നു. യുക്രെയ്ന്‍-റഷ്യന്‍യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക യുക്രെയ്ന്‍പ്രസിഡന്റിനുമേല്‍ സമ്മര്‍ദം ചെലുത്തിയതാണെന്ന രാഷ്ട്രീയനിരീക്ഷണം ചര്‍ച്ചകൂടാതെ തള്ളാനാവുകയില്ല. യുദ്ധം അവസാനിപ്പിക്കണമെന്നും താന്‍ പ്രസിഡന്റായാല്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ സമാധാനം സ്ഥാപിക്കുമെന്നും ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണവേദികളില്‍ പറഞ്ഞിരുന്നു. യുദ്ധത്തില്‍നിന്നു പിന്മാറാന്‍ സെലെന്‍സ്‌കി വിസമ്മതിച്ച സാഹചര്യത്തില്‍ സമ്മര്‍ദത്തിന്റെ ഭീഷണി ഉയര്‍ത്തിയതാകാനുള്ള സാധ്യതയുണ്ട്. അമേരിക്കയുടെ പിന്തുണയും സാമ്പത്തികസഹായവും കൂടാതെ യുക്രെയ്‌ന് യുദ്ധരംഗത്തു തുടരാനാവുമെന്നു കരുതുന്നതില്‍ യുക്തിയില്ല. കാരണം, നാറ്റോ ബഡ്ജറ്റിന്റെ 22 ശതമാനം നല്‍കുന്നത് അമേരിക്കയാണ്.
കഴിഞ്ഞദിവസം ഓവല്‍ ഓഫീസില്‍ നടന്നത് നയതന്ത്രചര്‍ച്ചയായിരുന്നു. അത്തരം ചര്‍ച്ചകളുടെ സാധാരണനടപടിക്രമങ്ങള്‍ ഈ ചര്‍ച്ചയില്‍ പാലിച്ചിരുന്നില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥരും നയതന്ത്രവിദഗ്ധരും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നേതാക്കന്മാര്‍ തമ്മില്‍ സംസാരിക്കുക. ഇവിടെ നേതാക്കന്മാര്‍ തമ്മില്‍ പ്രത്യേക മുന്നൊരുക്കചര്‍ച്ചകള്‍ കൂടാതെ നേരിട്ടു സംസാരിക്കുകയായിരുന്നു. അതാണ് തര്‍ക്കത്തിലും അകല്‍ച്ചയിലും കലാശിച്ചത്. സെലെന്‍സ്‌കിയെ ഒതുക്കാന്‍ അമേരിക്ക കരുതിക്കൂട്ടി ഒരുക്കിയ കെണിയാണിത് എന്നു നിരീക്ഷിക്കുന്നവരുണ്ട്. സെലെന്‍സ്‌കി ഏകാധിപതിയാണെന്നും യോഗത്തിനുമുമ്പ് പ്രസിഡന്റ് ട്രംപ് വിളിച്ചുപറഞ്ഞു. അമേരിക്കയുടെ ഔദാര്യത്തിലാണ് യുക്രെയ്‌നെന്നു പറയാനും ട്രംപ് മടിച്ചില്ല. ഇതിനിടയില്‍ 35,000 കോടി ഡോളര്‍ സഹായം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായി. യുക്രെയ്ന്‍ നാറ്റോ അംഗത്വത്തിനുവേണ്ടി ശ്രമിക്കുന്നുണ്ടെന്ന അമേരിക്കയുടെ വെളിപ്പെടുത്തല്‍കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കരുതലോടെ ട്രംപ്ഭരണകൂടം സെലെന്‍സ്‌കിയെ വലയില്‍ കുരുക്കുകയായിരുന്നു എന്നു വ്യക്തമാകുന്നു.
യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തികസഹായമില്ലാതെ യുക്രെയ്‌ന് യുദ്ധരംഗത്തു തുടരാനോ യുദ്ധക്കെടുതികളെ അതിജീവിക്കാനോ കഴിയുകയില്ല. റഷ്യന്‍ഭീഷണിയില്‍നിന്നു മോചനം നേടുന്നതിനാണ് സെലെന്‍സ്‌കി യൂറോപ്യന്‍ സുരക്ഷാസഖ്യമായ നാറ്റോയില്‍ അംഗത്വം ആവശ്യപ്പെടുന്നത്. അതു തടയുക എന്നത് റഷ്യയുടെയും ആവശ്യമാണ്. അതിനുവേണ്ടിയാണ് റഷ്യ യുക്രെയ്ന്‍ ആക്രമിച്ചത് എന്നു കരുതുന്നവര്‍ കുറവല്ല. അമേരിക്ക ഈ വിഷയത്തില്‍ റഷ്യയുമായി ചില നീക്കുപോക്കുകളുണ്ടാക്കിയാല്‍ യുക്രെയ്‌നിന്റെ ഒരു പ്രദേശം റഷ്യയ്ക്കു ലഭിക്കും. ധാതുസമ്പത്തുള്ള മറ്റു പ്രദേശങ്ങളില്‍ അമേരിക്കയ്ക്കു ഖനനം നടത്തി സമ്പത്തു വര്‍ധിപ്പിക്കാം. കച്ചവടക്കാരനും അമേരിക്ക ഒന്നാമത് എന്നു ചിന്തിക്കുന്നവനുമായ പ്രസിഡന്റ് ട്രംപ് അതിനൊന്നും മടിക്കുകയില്ലെന്നു പൊതുവെ കരുതപ്പെടുന്നു. അമേരിക്കന്‍സാന്നിധ്യം യുക്രെയ്‌നില്‍ ഉള്ളിടത്തോളംകാലം യുക്രെയ്ന്‍ സുരക്ഷിതമായിരിക്കുമെന്ന സന്ദേശവും  ഈ തന്ത്രത്തിനു പിന്നിലുണ്ട്.
ഏതായാലും കുടുങ്ങിയത് യുക്രെയ്‌നും യൂറോപ്യന്‍രാജ്യങ്ങളുമാണ്. ട്രംപുമായി കൊമ്പുകോര്‍ത്തു തിരിച്ചെത്തിയ സെലെന്‍സ്‌കിക്കു വലിയ സ്വീകരണമാണു യൂറോപ്പില്‍ ലഭിച്ചത്. അമേരിക്കയെ മാറ്റിനിര്‍ത്തി റഷ്യയുടെ ആക്രമണത്തില്‍നിന്നു യുക്രെയ്‌നെ സംരക്ഷിക്കാന്‍ യൂറോപ്യന്‍ശക്തികള്‍ക്കു  കഴിയുമെന്നു കരുതാനാവില്ല. അങ്ങനെവരുമ്പോള്‍ ട്രംപ്ഭരണകൂടത്തിന്റെ തന്ത്രം വിജയിക്കും. വഴങ്ങാത്തവരെ സാമ്പത്തിക ഉപരോധംമൂലവും ഭീഷണിവഴിയും ദുര്‍ബലപ്പെടുത്തി കീഴിലാക്കുക എന്ന നയം പലവട്ടം അമേരിക്ക പരീക്ഷിച്ചിട്ടുള്ളതാണ്.
യുക്രെയ്‌നോടുള്ള അമേരിക്കന്‍സമീപനം ലോകരാഷ്ട്രങ്ങള്‍ക്കുള്ള മുന്നറിയിപ്പായി കരുതണം. വഴങ്ങിയില്ലെങ്കില്‍ തിരിച്ചടി ഉറപ്പ്. സ്വതന്ത്രഭരണറിപ്പബ്ലിക്കുകളോടുള്ള അമേരിക്കയുടെ അനാദരവായോ കടന്നുകയറ്റമായോ ഇത്തരം നീക്കങ്ങളെ വ്യാഖ്യാനിക്കാമെങ്കിലും അമേരിക്കയുടെ വളര്‍ച്ചയും ആധിപത്യവുമാണ് അവര്‍ക്ക്  പരമപ്രധാനമെന്നതുകൊണ്ട് എതിര്‍പ്പുകളെ അവര്‍ അവഗണിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)