അദ്ഭുതങ്ങളുടെ കലവറയാണു കടല്‍. കടലിന്റെ ഉള്ളറകളെക്കുറിച്ച് ഇനിയും മനുഷ്യന്‍ പൂര്‍ണമായും മനസ്സിലാക്കിയിട്ടില്ല. നാം കാണാത്തതും കാണാന്‍ സാധ്യതയില്ലാത്തതുമായ കടല്‍ജീവികളുണ്ട്. അദ്ഭുതാവഹമായ ആകൃതിയും പ്രകൃതിയും നിറവും വലുപ്പവുമുള്ള എണ്ണമറ്റ ജീവികള്‍ കടലിന്റെ അടിത്തട്ടില്‍ സൈ്വരവിഹാരം നടത്തുന്നുണ്ട്. നിരുപദ്രവകാരികളായവയും തൊട്ടാല്‍ വിഷം വമിപ്പിച്ച് ഇരയെ കൊല്ലാന്‍വരെ കെല്പുള്ള ഭയങ്കരന്മാരും അക്കൂട്ടത്തിലുണ്ട്. വര്‍ണവെളിച്ചം വിതറുന്നവരും സംഗീതം പൊഴിക്കുന്നവരും വിഹരിക്കുന്ന ഇടങ്ങള്‍ കടലിന്റെ അടിത്തട്ടില്‍ കാണാം.
കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പും കടലില്‍ ഇത്തരം വൈവിധ്യമാര്‍ന്ന ജീവികളുണ്ടായിരുന്നു. കടലിനടിയിലെ പാറക്കെട്ടുകളില്‍നിന്നും മറ്റും കിട്ടിയ ഫോസിലുകളില്‍നിന്നാണ് അവയെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇക്തിയോസറുകള്‍, പ്ലെസിയോസറുകള്‍, മൊസൊസറുകള്‍, ഷോനിസോറുകള്‍, ക്രോണോസോറുകള്‍ എന്നീ ഭീകരരും വിചിത്രന്മാരുമായ ജീവികള്‍ കടലില്‍ ജീവിച്ചിരുന്നു. ഓരോന്നിനും ഓരോ ജീവിതരീതികളും വിചിത്രസ്വഭാവസവിശേഷതകളും ഉണ്ടായിരുന്നു. അത്തരം ചരിത്രാതീതകടല്‍ജീവികള്‍ ഓരോന്നിനെയുംകുറിച്ചു വിസ്തരിച്ച് എഴുതേണ്ടതില്ല. അവയില്‍ അതിഭീകരരായിരുന്ന ക്രോണോസോറുകളെ അടുത്തറിഞ്ഞാല്‍ മതിയാവും.
ക്രോണോസോറുകള്‍ക്ക് 33 അടിയിലേറെ നീളമുണ്ടായിരുന്നു. ഭാരമാകട്ടെ, ഏതാണ്ട് 11 ടണ്‍. അതായത്, ഒരാനയുടെ ഭാരം! കരയില്‍നിന്ന് ഇരതേടി പുരാതനകാലത്ത് കടലിലേക്കിറങ്ങിയ ഇഴജന്തുക്കളുടെ കുടുംബത്തില്‍പ്പെട്ടവരാണത്രേ ക്രോണോസോറുകള്‍!
കടലിലെ ഇരപിടിയന്മാരില്‍ ഏറ്റവും ശക്തനായ വേട്ടക്കാരനായിരുന്നു ക്രോണോസോര്‍. നീണ്ട മുഖത്തോടെ, ഒരു ചെറുകുന്ന് ഒഴുകിവരുന്നതുപോലെ, വെള്ളത്തിലൂടെ ഊളിയിട്ടുനടക്കുന്ന പ്രകൃതം. വഴുവഴുപ്പുള്ള, ശല്‍ക്കങ്ങളില്ലാത്ത ദേഹം. കാലാകാലങ്ങളായി വെളിച്ചംകാണാതെ കടലിന്റെ അധോലോകത്തു ജലപാളികള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതിനാല്‍ ശരീരത്താകെ പടര്‍ന്നുകിടക്കുന്ന ഇളംപച്ചയാര്‍ന്ന പായല്‍. ഏഴടി നീണ്ട മുഖത്തിന്റെ ഇരുവശത്തുമായി സദാ തുറന്നിരിക്കുന്ന ഉണ്ടക്കണ്ണുകള്‍! വായ് തുറന്നാല്‍ നീണ്ടുകൂര്‍ത്ത പല്ലുകള്‍!
ക്രോണോസോറിനു വിശപ്പടക്കാന്‍ കടലിന്റെ ഇരുണ്ട അടിത്തട്ടിലെ വമ്പന്‍ജീവികള്‍തന്നെ വേണമായിരുന്നു. ഭീകരന്മാരായ ക്രോണോസോറുകളും മറ്റൊരു കടല്‍ജീവിയായ വൂളന്‍ഗോസറുകളും തമ്മില്‍ ഘോരഘോരപോരാട്ടങ്ങളുണ്ടാകുമായിരുന്നത്രേ. പോരാട്ടങ്ങള്‍ക്കൊടുവില്‍ വൂളന്‍ഗോസറുകള്‍ ക്രോണോസോറുകള്‍ക്കു കുശാലായ ഭക്ഷണമാകുകയായിരുന്നു പതിവ്. ഓസ്‌ട്രേലിയയ്ക്കു ചുറ്റുമുള്ള കടലിലാണ് ക്രോണോസോറുകളും വൂളന്‍ഗോസറുകളും വിഹരിച്ചിരുന്നത്. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു ക്രോണോസോറുകളുടെയും വൂളന്‍ഗോസറുകളുടെയും ജീവിതവിളയാട്ടത്തിന്റെ കാലമെന്നു ഗണിക്കുന്നു.