ദിനോസറുകളും മറ്റും ഭൂമുഖത്തുനിന്നും എന്നന്നേക്കുമായി അപ്രത്യക്ഷമായപ്പോള്‍ കടല്‍സത്വങ്ങളും അവയോടൊപ്പം ഓര്‍മകളിലേക്കു വിടവാങ്ങി. കടല്‍ സത്വങ്ങളെപ്പറ്റിയുള്ള മനുഷ്യഭാവനയ്ക്ക് പ്രാചീനമനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ടെന്നു കരുതണം. കടല്‍സത്വങ്ങളുടെ പിന്‍ഗാമികള്‍ ഇന്നും കടലിലെ അറിയപ്പെടാത്ത, ദുരൂഹമായ മേഖലകളില്‍ ഉണ്ടെന്ന വിശ്വാസം പല രാജ്യങ്ങളിലും നിലനില്ക്കുന്നുണ്ട്.
പഴയകാല നാവികരില്‍ ചിലരൊക്കെ കടലിലൂടെ സഞ്ചരിക്കുമ്പോള്‍ ഭീകരകടല്‍ജീവികളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അനന്തവും അപാരവുമായ കടലിന്റെ വന്യമായ മൂകതയെ തകര്‍ത്തുകൊണ്ട് അത്തരം കടല്‍സത്വങ്ങള്‍ പൊടുന്നനേ തിരകള്‍ക്കുമേലേ പ്രത്യക്ഷപ്പെടാറുണ്ടത്രേ! വളഞ്ഞുപുളഞ്ഞു വെള്ളത്തിനുമേലേ വിക്രിയകള്‍ കാട്ടി മുങ്ങാംകുഴിയിട്ടു നീങ്ങുന്ന ഭീകരസര്‍പ്പങ്ങളെപ്പോലെയാണ് ചിലര്‍ കടല്‍സത്വങ്ങളെ കണ്ടതായി വിവരിച്ചത്. ഭയാനകമായ കൂര്‍ത്തുമൂര്‍ത്ത അവയുടെ പല്ലുകള്‍ ചില നാവികര്‍ വിവരിച്ചു. ചിലരാകട്ടെ, കടല്‍സത്വങ്ങള്‍ക്ക് കുതിരകള്‍ക്കുള്ളതുപോലെ ശരീരത്തിലുടനീളം കുഞ്ചിരോമങ്ങളുള്ളതായും ചിത്രീകരിച്ചു.
കടല്‍സത്വങ്ങളെപ്പറ്റിയുള്ള നിറം പിടിപ്പിച്ച ഇത്തരം കഥകളും വര്‍ണനകളും ജനകോടികളുടെ കടലറിവുകളില്‍ കുടിയേറി നില്ക്കുന്നുണ്ട്. കപ്പലുകളോ നാവികവാഹനങ്ങളോ കടന്നുചെല്ലാത്ത വിശാലമായ കടല്‍പ്പരപ്പിലെവിടെയെല്ലാമോ ഈ മാതിരി ഭീകരജീവികള്‍ അലഞ്ഞുതിരിയുന്നുണ്ടെന്ന വിശ്വാസം ആധുനികകാലത്തും ചിലര്‍ വച്ചുപുലര്‍ത്തുന്നുണ്ട്.
കടലിലെ ഭീകരജീവികളെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ അഥവാ അറിവുകള്‍ സത്യമോ മിഥ്യയോ ആകട്ടെ, ഒരു കാര്യം വ്യക്തം. ഭൂമിയില്‍ ജീവന്റെ പരിണാമദശയില്‍ കരയില്‍ ദിനോസറുകള്‍ എന്നപോലെ കടലിലും ഒട്ടനവധി വമ്പന്‍ ജീവികള്‍ ഉണ്ടായിരുന്നതായി കരുതണം. കരയില്‍ ഭക്ഷണം ദുര്‍ലഭമായപ്പോള്‍ അതൊക്കെ സുലഭമായി കിട്ടിയ കടലിലേക്കിറങ്ങി. അവിടെ താവളമാക്കിയ ഉരഗങ്ങളാവാം യഥാര്‍ഥത്തില്‍ കടല്‍സത്വങ്ങളുടെ പൂര്‍വികര്‍. പില്‍ക്കാലത്ത് ദിനോസറുകള്‍ അപ്രത്യക്ഷമായ കാലത്തുതന്നെ അജ്ഞാതകാരണങ്ങളാല്‍ അവറ്റയും ചത്തൊടുങ്ങി, ഓര്‍മക്കുറിപ്പുകളായി ഫോസിലുകള്‍മാത്രം അവശേഷിപ്പിച്ചുകൊണ്ട്. അതേ, ഫോസിലുകളില്‍നിന്നു കമ്പ്യൂട്ടര്‍സഹായത്തോടെ ആ ഭീകരസത്വങ്ങളുടെ യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ ഇന്നിപ്പോള്‍ ലഭ്യമാണ്.
(തുടരും)