വീട്ടുകാരന്‍ വൈകുന്നേരമാകയാല്‍ തിരക്കിട്ടു പോക്കാണ്. ഗ്രൗണ്ടില്‍ കൊച്ചുകുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അവരോടൊപ്പം കളിക്കാനാണ് ഈ യാത്ര. അങ്കിളിനൊപ്പം കളിക്കുന്നത് അവര്‍ക്കും ത്രില്ലാണ്. കളി തുടങ്ങിയാല്‍ ആര്‍പ്പും ഘോഷവുമൊക്കെയായി. കുട്ടികളുടെ നിലവാരത്തിലേക്കു താഴാന്‍ അങ്ങേര്‍ക്ക് നിമിഷങ്ങള്‍ മതി.
ഈ വിവരണത്തില്‍ 'മാച്ച്' ആകാത്ത എന്തോ ഉണ്ട് അല്ലേ?
ഒന്നോ രണ്ടോ തവണത്തേക്കല്ല. സ്ഥിരം കളിക്കാരനാണ് അങ്കിള്‍.
അങ്ങേര്‍ക്ക് തരപ്പടിക്കാര്‍ക്കൊപ്പം എന്തെങ്കിലും വിനോദത്തിലേര്‍പ്പെട്ടുകൂടേ? സാധിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഇതാണ് 'പിന്‍യാത്ര' എന്ന പ്രതിരോധതന്ത്രം. ഉല്‍ക്കണ്ഠയും മാനസികസംഘര്‍ഷവും ഒഴിവാക്കാന്‍ ചിലര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലേക്കുള്ള ഒരു വ്യക്തിയുടെ മടങ്ങിപ്പോക്കായി ഇത് നിര്‍വചിക്കപ്പെട്ടിരിക്കുന്നു.
ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും ഒക്കെ സന്തോഷവും സുരക്ഷിതത്വവും നല്‍കിയിരുന്ന കാര്യങ്ങളാണ് അവര്‍ക്കിഷ്ടം.
ഒരു കുടുംബനാഥന്‍ എന്ന നിലയില്‍ ആ വ്യക്തി നിറവേറ്റേണ്ട പല ഉത്തരവാദിത്വങ്ങളും ബാക്കിയാണ്. അതിനുള്ള പ്രാപ്തിയോ ആത്മവിശ്വാസമോ തനിക്കില്ലെന്നുള്ള തോന്നലായിരിക്കും, അവരെ പിന്നോട്ടടിക്കുക.
പങ്കാളിയുടെ ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ ഇണയ്ക്കു മനസ്സിലാക്കാനാവും. അവിടെ സഹാനുഭൂതി നഷ്ടപ്പെടുന്നില്ല. എന്നാല്‍, പങ്കാളിയുടെ നിരുത്തരവാദിത്വപരമായ, സ്വാര്‍ത്ഥപരമായ ജീവിതരീതികള്‍ ഇണയ്ക്കു താങ്ങാനാവുന്നതിനുമപ്പുറമാണ്.
ചിലയാള്‍ക്കാരെ 'നൊസ്റ്റാള്‍ജിയ' ഗ്രസിക്കുന്നു. ഇന്നിന്റെ പ്രശ്‌നങ്ങള്‍ - മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ലോണ്‍ തിരിച്ചടയ്ക്കല്‍ - തുടങ്ങിയവ ഇവര്‍ക്കന്യമാണ്. സ്ഥിരമായി പഴയ ഗാനങ്ങള്‍ കേള്‍ക്കുക, സിനിമ കാണുക ഇതൊക്കെ അവര്‍ ചെയ്‌തെന്നും വരും. കാര്‍ട്ടൂണുകള്‍ കണ്ട് സമയംപോക്കുന്നവരും വിരളമല്ല.
ചിലര്‍ അലുമ്‌നി മീറ്റുകള്‍ക്കായി ഓടിനടക്കും. ഭൂതകാലത്തിലെ സംഘര്‍ഷരഹിതമായ, ആനന്ദകരമായ, വിലക്കുകളില്ലാത്ത ജീവിതസാഹചര്യങ്ങളുടെ പുനരാഖ്യാനമാണ് ഇവിടെ സംഭവിക്കുക. അതെല്ലാം ജീവിതത്തിന്റെ മനോഹരമായ പരിച്ഛേദങ്ങളാണ്. പക്ഷേ, അതു മാത്രമാകുകയും ജീവിതപങ്കാളിയുടെയും മക്കളുടെയും സ്വപ്നങ്ങളുടെ നിറംകെടുത്തുകയും ചെയ്താലോ? അവിടെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. തന്നെക്കാളും പ്രസക്തി, താനില്ലാതിരുന്ന ഭൂതകാലത്തിനാണോ എന്ന ചോദ്യത്തിനുത്തരമില്ലാതെ വരും.
ദമ്പതിമാര്‍ പരസ്പരം, അവരുടെ ഹൃദയങ്ങളുടെ കാവല്‍ക്കാരാകാന്‍ പഠിക്കണം, പരിശീലിക്കണം. പിന്‍യാത്രയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ലോകത്തുനിന്നു വര്‍ത്തമാനത്തിന്റെ വര്‍ണ്ണപ്പകിട്ടിലേക്കു കടന്നുവരാന്‍ പിന്നെയധികം സമയം വേണ്ടിവരില്ല.