രാവിന്റെ കനത്ത ഏകാന്തതയില്‍ ആ മനുഷ്യന്റെ നിലവിളികള്‍ മലഞ്ചെരിവിലൂടെ ഒഴുകി അകലെ മാറ്റൊലിക്കൊണ്ടു. ഇത്രയുംനേരം ആ മലങ്കാട് നിശ്ശബ്ദതയുടെ മടിയില്‍ നിദ്ര പൂകുകയായിരുന്നു. ആ നിലവിളികേട്ട് രാപ്പക്ഷികള്‍പോലും ചിലച്ചു. നേര്‍ത്ത ഇരുളിന്റെ മറപറ്റി വലിയ കമ്പികൊണ്ട് കല്ലുകള്‍ ഇളക്കാനുള്ള ശ്രമത്തിനിടയിലാണ് അമ്പേറ്റത്. അയാള്‍ അവിടെക്കിടന്ന് കുറേനേരം നിലവിളിച്ചു. പിന്നീട് പെട്ടെന്ന് എല്ലാ ശബ്ദങ്ങളും നിലച്ചു.
അമ്പേറ്റ ആ മനുഷ്യന്‍ പിടഞ്ഞു മരിച്ചിരിക്കുന്നു.
സോയൂസും മേഘനാദനും കാര്‍ഫിയൂസുമെല്ലാം ഒരു പാറക്കെട്ടില്‍ പറ്റിച്ചേര്‍ന്നിരുന്നു. ഭടന്മാര്‍ നിലത്തു പറ്റിക്കിടന്നു. ആരെങ്കിലും വരുന്നുണ്ടോയെന്നു സസൂക്ഷ്മം ശ്രദ്ധിച്ച് ശ്വാസം പിടിച്ചു കിടന്നു.
''മേഘനാദാ,'' സോയൂസ് പതിഞ്ഞ സ്വരത്തില്‍ വിളിച്ചു.
മേഘനാദന്‍ കുറച്ചുകൂടി സോയൂസിനോടു ചേര്‍ന്നിരുന്നു.
''എന്തായാലും എനിക്കു സന്തോഷമായി. കാര്യസ്ഥന്റെ അമ്പ് കുറിക്കുകൊണ്ടിരിക്കുന്നു. ഒരുത്തന്റെ അവസാനത്തെ കല്ലുരുട്ടായിരുന്നു അത്.''
''ഇനി നമ്മളെന്തു ചെയ്യണം?'' മേഘനാദനോടു വീണ്ടും ചോദിച്ചു.
''നമ്മള്‍ പെട്ടെന്ന് അങ്ങോട്ടു ചെല്ലരുത്. മരിച്ചവന്റെ കൂടെയുള്ളവര്‍ ഏതു സമയത്തും അവിടെയെത്താം. അവരുടെ മുമ്പില്‍ നമ്മള്‍ ചെന്നുപെടരുത്. ശത്രുക്കളുടെ അംഗബലം നമുക്കറിയാന്‍ പറ്റില്ല.''
''ഇവിടെ പതിയിരുന്നാല്‍ മതി. ആ മനുഷ്യനെ കാണാതെ വരുമ്പോള്‍ മറ്റുള്ളവര്‍ അന്വേഷിച്ചുവരും. അപ്പോള്‍ നമുക്ക് അവരെയും അമ്പിനിരയാക്കാം.''
''അതു നല്ല ആശയമാണല്ലോ. കാര്യസ്ഥന്റെ ബുദ്ധി അപാരംതന്നെ.'' സോയൂസിന് ആ നിര്‍ദേശം വളരെയധികം ഇഷ്ടമായി.
രാത്രിയുടെ യാമങ്ങള്‍ ഒന്നൊന്നായി കടന്നുപോയി. നിലാവും മരച്ചില്ലകള്‍ക്കിടയില്‍ മറഞ്ഞു.
ക്രമേണ രാപ്പക്ഷികളുടെ ചിലമ്പലും നിലച്ചു. കുന്നിന്‍ചെരിവു വീണ്ടും കനത്ത നിശ്ശബ്ദതയിലേക്കു കൂപ്പുകുത്തി.
അടുത്ത നിമിഷം തെല്ലകലെനിന്ന് കരിയിലകള്‍ ഞെരിയുന്ന സ്വരം കേട്ട് കാര്‍ഫിയൂസും സംഘവും കാതോര്‍ത്തു ശ്രദ്ധാപൂര്‍വം ഇരുന്നു.
വല്ല കാട്ടുമൃഗങ്ങളുമായിരിക്കുമോ? അതോ മരിച്ച മനുഷ്യനെ തിരക്കിയിറങ്ങിയതായിരിക്കുമോ?
അവര്‍ കുറ്റിച്ചെടികള്‍ക്കിടയിലൂടെ ആ രംഗം കണ്ടു. ആജാനുബാഹുവായ ഒരു ഭടന്‍ മരിച്ചു കിടന്ന ഭടനെ താങ്ങി തോളില്‍ക്കിടത്തി കുന്നിന്‍ചെരുവിലൂടെ താഴേക്കിറങ്ങുന്നു.
പെട്ടെന്ന് മേഘനാദന്‍ ഒരു അമ്പെടുത്തു വലിച്ചുവിട്ടു.
അമ്മേ! ഒരലര്‍ച്ചയോടെ ജഡവുംകൊണ്ട് അയാള്‍ നിലത്തുവീണു. പിന്നെ എല്ലാ ശബ്ദങ്ങളും നിലച്ചു. അങ്ങനെ രണ്ടു ശത്രുക്കളെ നിഗ്രഹിച്ചിരിക്കുന്നു.
കാര്‍ഫിയൂസും സംഘവും ചലനമടക്കി നിശ്ചലരായി ഇരുന്നു. ഇനിയും ഭടന്മാര്‍ അവിടെ എത്താന്‍ സാധ്യതയുണ്ട്.
കുറേക്കഴിഞ്ഞപ്പോള്‍ മേഘനാദന്‍ പറഞ്ഞു:
''ജീവനോടെ പിടിക്കണം. എന്നിട്ട് സമതലത്തില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്യണം. എങ്കില്‍മാത്രമേ അവര്‍ ആരുടെ പടയാളികളാണെന്നും അവരുടെ തലവന്‍ ആരാണെന്നും അറിയാന്‍ കഴിയുകയുള്ളൂ. എന്നിട്ടുവേണം അതനുസരിച്ച് അവരെ നേടിടാന്‍.''
''കാര്യസ്ഥാ, നിങ്ങള്‍ വെറും ബുദ്ധിമാനല്ല, ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിരാക്ഷസനാണ്.''
സോയൂസിന് ഇതിനുമുമ്പെങ്ങും തോന്നാത്ത ആദരവും ബഹുമാനവും മേഘനാദനോടു തോന്നി. ആപത്തുനേരത്ത് മനഃധൈര്യം കൈവിടാതെ പിടിച്ചു നില്‍ക്കുന്ന ഒരസമാന്യന്‍.
അവര്‍ വീണ്ടും ശത്രുഭടന്മാരുടെ വരവും കാതോര്‍ത്ത് നിശ്ചലരായിരുന്നു.
മരച്ചില്ലകളുടെ തടവറയില്‍നിന്നു ചന്ദ്രിക വീണ്ടും വിമോചിതയായി. നറുനിലാവിന്റെ പരിമളം എമ്പാടും ഒഴുകി.
''ഇനി ആരെങ്കിലും വന്നാല്‍ പിന്നിലൂടെ പതുങ്ങിച്ചെന്ന് വട്ടം പിടിക്കണം. ഒന്നില്‍കൂടുതല്‍ പേരുണ്ടെങ്കില്‍ ഭടന്മാര്‍ എല്ലാവരുംകൂടി മുഴുവന്‍ ശത്രുക്കളെയും അമ്പെയ്തു വീഴ്ത്തും.''
മേഘനാദന്റെ അടുത്ത അടവ് പയറ്റാന്‍ ജാഗരൂകരായി അവര്‍ ഇരുന്നു.
അങ്ങനെയിരിക്കേ, വീണ്ടും കരിയിലകള്‍ ഞെരിയുന്ന സ്വരം. ആരോ നടന്നടുക്കുന്നു.
ഒരു ഭടന്‍ ഇരയെ വട്ടം പിടിക്കാന്‍ തയ്യാറായി. എന്നാല്‍, ആ കാഴ്ച കണ്ട് അവര്‍ നടുങ്ങിപ്പോയി.
(തുടരും)