Fiction is the lie through which we tell the truth. - Albert Camus
സത്യമേറ്റു മരിക്കാതിരിക്കാനാണ് നമുക്കു കലയുള്ളത് എന്നെഴുതുന്നതു നീത്‌ഷേയാണ്. കല കാലത്തിന്റെ കഠിനയാതനകളെ കുറുകെക്കടക്കാന്‍ നമ്മെ സഹായിക്കുന്നു. ആള്‍ക്കൂട്ടങ്ങളുടെ ആത്മരഹിതമായ ആരവങ്ങള്‍ക്കപ്പുറം അതു ജീവിതത്തിന്റെ അര്‍ഥവും അനര്‍ഥവും നമുക്കു പറഞ്ഞുതരുന്നു. ഇങ്ങനെ മനുഷ്യജീവിതത്തിന്റെ അകവഴികളിലേക്കു സഞ്ചരിച്ചു മനസ്സിനെ ഖനനം ചെയ്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു എസ്. ഹരീഷിന്റെ പട്ടുനൂല്‍പ്പുഴു എന്ന നോവല്‍.
സാംസ എന്നൊരു പതിമ്മൂന്നുകാരന്റെ മനോലോകത്തിലൂടെയാണ് നോവലിന്റെ വികാസം. സാംസ എന്ന ഈ പേര് ഫ്രാന്‍സ് കാഫ്കയുടെ വിഖ്യാതമായ മെറ്റമോര്‍ഫോസിസിലെ ഗ്രിഗര്‍ സാംസ എന്ന കേന്ദ്രകഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. കാഫ്കയുടെ സാംസ ഒരു ദിനം പുലര്‍ച്ചെ ഒരു ഷഡ്പദമായി മാറുകയാണു ചെയ്തതെങ്കില്‍, ഹരീഷിന്റെ സാംസയ്ക്കാവട്ടെ ഒരു ദിവസം ഉറങ്ങിയെഴുന്നേറ്റപ്പോള്‍ പതിവില്ലാത്ത മട്ടില്‍ പുലര്‍ച്ചെയുള്ള സ്വപ്നം താന്‍ മാത്രമല്ല, മറ്റൊരാള്‍കൂടി കണ്ടുകൊണ്ടിരുന്നതായി അനുഭവപ്പെടുന്നു. ഈ സ്വപ്നപങ്കാളിയാവട്ടെ ഏറെ വര്‍ഷങ്ങള്‍ക്കുമുന്നേ മരിച്ചുപോയ നടാഷ എന്നൊരു പെണ്‍കുട്ടിയും. ഇങ്ങനെ, നോവലിന്റെ ആരംഭംമുതല്‍തന്നെ ഭാവനയും യാഥാര്‍ഥ്യവും കൂടിച്ചേരുകയും എവിടെയോവച്ച് ഇവയ്ക്കിടയിലെ നേര്‍ത്ത അതിരുകള്‍ മാഞ്ഞുപോവുകയും ചെയ്യുന്നു. പതിമ്മൂന്നുകാരന്റെ മനോലോകത്തിലൂടെ സഞ്ചരിക്കുന്ന വായനക്കാര്‍ക്ക്; അവര്‍ ഏതു പ്രായക്കാരും ആയിക്കൊള്ളട്ടെ, ഏതൊക്കെയോ ഇടങ്ങളില്‍ തങ്ങളെത്തന്നെ കണ്ടുമുട്ടാനുമാകുന്നു.
സാംസ എന്ന കുട്ടിയിലൂടെയാണ് കഥ വികസിക്കുന്നതെങ്കിലും കഥയിലെ നായകന്‍ സാംസ അല്ല, ഏകാന്തതയാണ്. ദുരിതങ്ങളുടെ കൊക്കൂണില്‍ ഏകാകികളാണ് പട്ടുനൂല്‍പ്പുഴുവിലെ കഥാപാത്രങ്ങളെല്ലാം.
ഈ ഏകാന്തത ചുറ്റുമുള്ളവര്‍ അറിയാതിരിക്കാന്‍ അവര്‍ ഓരോരോ വേഷങ്ങള്‍ അഭിനയിക്കുന്നു. ബാല്യം പിന്നിട്ടതോടെ മുതിര്‍ന്നവരായി അഭിനയിക്കേണ്ടിവന്ന ഈ മനുഷ്യര്‍ ഒരേസമയം വായനക്കാരില്‍ സ്‌നേഹവും സഹതാപവും ജനിപ്പിക്കും. അതേസമയംതന്നെ, സൂക്ഷ്മാംശങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇതേ ഏകാന്തതയില്‍ത്തന്നെയാണല്ലോ തങ്ങളും ചുറ്റപ്പെട്ടിരിക്കുന്നതെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുകയും ചെയ്യും.
ഫ്രാന്‍സ് കാഫ്കയോട് നിങ്ങള്‍ ആര്‍നോള്‍ഡ് ഷൈ്വറ്റ്‌സറെപ്പോലെ ഏകാകിയാണോ എന്ന് ആരായുന്നുണ്ട് ഒരു വായനക്കാരന്‍. എന്നാല്‍, കാഫ്കയുടെ മറുപടി 'അല്ല ഞാന്‍ കാഫ്കയെപ്പോലെ ഏകാകിയാണ്' എന്നായിരുന്നു. ഒരാള്‍ക്കു മറ്റൊരാളോടു വിനിമയം സാധ്യമാവാത്ത കഠിനമായ ഏകാന്തതയുടെ നിര്‍വചനമുണ്ട് ഈ മറുപടിയില്‍. ഏകാന്തത ഉള്‍ക്കൊള്ളുന്ന ഈ വ്യത്യസ്തത പട്ടുനൂല്‍പ്പുഴുവിലെ ഏകാകികളെയും വ്യത്യസ്തരാക്കുന്നു.
സാംസയുടെ അച്ഛന്‍ വിജയന്റെ ഏകാന്തത അയാള്‍ക്കുമാത്രം തിരിച്ചറിയാവുന്ന ഒന്നാണ്. അമ്മ ആനിയുടെ ഏകാന്തലോകങ്ങളാവട്ടെ അവര്‍ക്കു മാത്രം മനസ്സിലാവുന്നതും.
ലൈബ്രേറിയനായിരുന്ന മാര്‍ക്ക് സാറിനും വര്‍ഷത്തിലൊരിക്കല്‍ മനോനില തെറ്റുകയും ഈന്തുമരത്തില്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന സ്റ്റീഫനും സാംസയുടെ അരുമയായ നായക്കുട്ടി ഇലുവിനും കഷായത്തില്‍ ചേര്‍ക്കുന്നതായി കൊല്ലാന്‍ കൊണ്ടുവന്നിരിക്കുന്ന ആട്ടിന്‍കുട്ടിക്കും എല്ലാം അവരുടേതുമാത്രമായ മനോലോകങ്ങളുണ്ട്.
ഈ മനോലോകങ്ങള്‍ക്കൊക്കെയും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വായനക്കാരനുമായി ഒരു വൈകാരികബന്ധം സ്ഥാപിക്കാനാകുന്നു എന്നതാണ് ഈ നോവലിനെ സവിശേഷമാക്കുന്ന ഘടകം.
അനിശ്ചിതത്വങ്ങളുടെ ഘോഷയാത്രയാണ് ജീവിതം എന്ന് പട്ടുനൂല്‍പ്പുഴു ഓര്‍മിപ്പിക്കുന്നുണ്ട്. വലിയ ഉയരങ്ങള്‍ സ്വപ്നം കണ്ടവര്‍ പൊടുന്നനേ അത്യഗാധതയിലേക്കു പതിക്കുന്നു. സ്‌നേഹം വെറുപ്പായും വെറുപ്പു സ്‌നേഹമായും രൂപം മാറുന്നു. ഇരുള്‍ വെളിച്ചവും വെളിച്ചം ഇരുളും ആകുന്നു. എല്ലാ കാഴ്ചകളും സത്യമല്ലെന്നും യാഥാര്‍മെന്നു നമ്മള്‍ ധരിക്കുന്നതൊക്കെ അങ്ങനെതന്നെ ആയിക്കൊള്ളണമെന്നില്ലെന്നും നോവല്‍ പറഞ്ഞുവയ്ക്കുന്നു.
എന്നാല്‍, ഈ വേദനകളുടെയും ദുരിതങ്ങളുടെയും നടുവിലും അപമാനങ്ങള്‍ക്കും വേര്‍പാടുകള്‍ക്കും ഇടയിലും വാനിലെ ഒറ്റനക്ഷത്രംപോലെ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നോവലില്‍ തെളിയുന്നുമുണ്ട്. നടന്നിട്ടും നടന്നിട്ടും ജീവിതം പെരുവഴിയില്‍ നിന്നുപോകുന്നെങ്കിലും പുഴുപോലെ ഉള്ളിലിഴയുന്നത് നിരാശ മാത്രമാണെങ്കിലും പൂമ്പാറ്റയെ സ്വപ്നംകണ്ട് പിന്നെയും പിന്നെയും മനുഷ്യര്‍ നടന്നുകൊണ്ടേയിരിക്കുന്നു.
കഥാകാരിയായ പ്രിയ എ.എസ്. പട്ടുനൂല്‍പ്പുഴുവിനെക്കുറിച്ച് ഇപ്രകാരം എഴുതുന്നു: 'ഒരു കുട്ടിയുടെ ഉള്ളിലേക്കു ലളിതമായി കടന്ന് അവനിലൂടെ മനുഷ്യമനസ്സിന്റെ അടരുകളിലെ കോംപ്ലക്‌സിറ്റിയുടെ ചിത്രസഞ്ചയം ജീവിതത്തിന്റെ ഭിത്തിയില്‍ ഹരീഷ് കനമേതുമില്ലാതെ തൂക്കിയിടുമ്പോള്‍ ഓരോ ചിത്രത്തിലും സ്വന്തം മനസ്സിന്റെ ഒരു കഷണമെങ്കിലും കാണാം ഓരോരുത്തര്‍ക്കും.' ഭാഷയുടെ അനാവശ്യമായ കെട്ടുപിണച്ചിലുകളോ അക്കാദമിക തത്ത്വചിന്തയുടെ ഭാരമോ ഒന്നുമില്ല പട്ടുനൂല്‍പ്പുഴുവില്‍.
അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അകലങ്ങളിലേക്കു പോകണമെന്നില്ല, അകത്തേക്കു സഞ്ചരിച്ചാലും മതി എന്നു പറയാതെ പറയുന്നു പട്ടുനൂല്‍പ്പുഴു. ഡി സി ബുക്‌സാണു പ്രസാധനം.