.മലയാളഭാഷയ്ക്കും സാഹിത്യത്തിനും അനശ്വരസംഭാവനകള്‍ നല്‍കിയ അര്‍ണോസ് പാതിരി അന്തരിച്ചിട്ട് 2025 മാര്‍ച്ച് 20 ന് 293 വര്‍ഷം.
കേരളത്തിന്റെ സാംസ്‌കാരിക-സാഹിത്യചരിത്രങ്ങള്‍ അര്‍ണോസ് പാതിരിയെന്ന പേരു കൂടാതെ പൂര്‍ണമാവില്ല. അത്രയേറെ സംഭാവനകള്‍ നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും; വിശിഷ്യാ, ക്രൈസ്തവസാഹിത്യത്തിനു സംഭാവന ചെയ്തു അദ്ദേഹം. ഭാഷാപണ്ഡിതനും ചരിത്രകാരനുമായ ശൂരനാട്ടു കുഞ്ഞന്‍പിള്ള അര്‍ണോസ് പാതിരിയെക്കുറിച്ച് ഇപ്രകാരം പറയുന്നു: ''കേരളസാഹിത്യം എന്നും കൃതജ്ഞതയോടെ ഓര്‍മിക്കേണ്ട സേവനങ്ങള്‍കൊണ്ട് അനശ്വരകീര്‍ത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അര്‍ണോസ് പാതിരി... ഈ മഹാനെപ്പറ്റി ഇന്നും കേരളീയര്‍, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ വേണ്ടപോലെ അറിഞ്ഞിട്ടില്ല എന്നതു ഖേദകരമാണ്.''
1681 ല്‍ ജര്‍മനിയിലെ ഓസ്റ്റര്‍ കാംപ്ലന്‍ എന്ന സ്ഥലത്തു ജനിച്ച ഏണസ്റ്റ് ഹാങ്‌സില്‍ഡനാണ്, പില്‍ക്കാലത്ത് അര്‍ണോസ് പാതിരിയെന്ന പേരില്‍ പ്രശസ്തനായത്. സ്‌കൂള്‍പഠനാനന്തരം തത്ത്വശാസ്ത്രത്തില്‍ ഉപരിപഠനം നടത്തവേ, ഈശോസഭാവൈദികനായ ഫാ. വെബ്ബറെ കണ്ടുമുട്ടിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഭാരതഭൂമിയില്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങളെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയായിരുന്നു വെബ്ബറിന്റേത്. ഈ ആത്മീയപാതയില്‍ ആകൃഷ്ടനായി 1699 ഒക്‌ടോബറില്‍ ഫാ. വെബ്ബറിനൊപ്പം ഹാങ്‌സില്‍ഡന്‍ ജന്മദേശത്തുനിന്നു യാത്രതിരിച്ചു. കരമാര്‍ഗവും കടല്‍മാര്‍ഗവുമുള്ള അതീവദുഷ്‌കരമായിരുന്ന ആ യാത്രയില്‍ പലരും രോഗാതുരരാവുകയും രോഗം മൂര്‍ച്ഛിച്ച് ഫാ. വെബ്ബര്‍ മരണപ്പെടുകയും ചെയ്തു. തന്റെ ആത്മീയപിതാവിന്റെ വിയോഗം വളരെ വേദനയായെങ്കിലും കലപ്പയില്‍ കൈവച്ചശേഷം തിരിഞ്ഞുനോക്കാന്‍ ആ യുവാവ് തയ്യാറായിരുന്നില്ല. ഏതാണ്ട് പതിമ്മൂന്നു മാസം നീണ്ട കഠിനയാത്രയ്‌ക്കൊടുവില്‍ 1700 ഡിസംബറില്‍ അര്‍ണോസ് ഭാരതത്തിലെത്തി. ആദ്യം സൂറത്തിലും പിന്നീട് ഗോവയിലുമായി സന്ന്യാസപരിശീലനം പൂര്‍ത്തിയാക്കിയശേഷമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. മലയാളഭാഷയ്‌ക്കൊപ്പംതന്നെ, അന്നത്തെ സാംസ്‌കാരികസാഹിത്യഇടങ്ങളില്‍ പ്രബലഭാഷയായിരുന്ന, നമ്പൂതിരിഭാഷ എന്നുകൂടി അക്കാലത്തറിയപ്പെട്ടിരുന്ന സംസ്‌കൃതത്തിലും വ്യുത്പത്തി നേടാന്‍ ആ യുവസന്ന്യാസിക്ക് ആഗ്രഹമുണ്ടായി. അതു മനസ്സിലാക്കിയ സഭാധികാരികള്‍ അദ്ദേഹത്തെ സംസ്‌കൃതപണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശിവപേരൂരിലേക്ക് (ഇന്നത്തെ തൃശൂര്‍) അയച്ചു. എന്നാല്‍, സംസ്‌കൃതപഠനപ്രവേശനം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല.
ജാതീയത കൊടികുത്തിനിന്നിരുന്ന അക്കാലത്ത് സ്വസമുദായത്തിനു പുറത്തുള്ളവരെ സംസ്‌കൃതവും ഇതരവിദ്യകളും പഠിപ്പിക്കുന്നതില്‍ നമ്പൂതിരിമാര്‍ പൊതുവെ വിമുഖരായിരുന്നു. എന്നാല്‍, അര്‍ണോസിന്റെ അടക്കാനാവാത്ത ആഗ്രഹവും ആത്മാര്‍ഥതയും മനസ്സിലാക്കിയ ഉത്പതിഷ്ണുക്കളായ ചിലര്‍ അദ്ദേഹത്തെ സംസ്‌കൃതവിദ്യ അഭ്യസിപ്പിക്കാന്‍ തയ്യാറായി. അങ്കമാലിക്കാരായിരുന്ന കുഞ്ഞന്‍നമ്പൂതിരിയും കൃഷ്ണന്‍ നമ്പൂതിരിയുമായിരുന്നു ആ ചരിത്രദൗത്യം ഏറ്റെടുത്തത്. അദ്ദേഹം അഭ്യസിച്ച ആദ്യസംസ്‌കൃതകാവ്യഗ്രന്ഥം യുധിഷ്ഠിരവിജയമായിരുന്നു. പിന്നീട് രാമായണമഹാഭാരതങ്ങളിലും ഉപനിഷത്തുകളിലും ആഴത്തിലുള്ള അറിവു നേടി. താന്‍ നേടുന്ന അറിവിനെ തന്റെ ആത്മീയവഴികളില്‍ എപ്രകാരം ഉപയുക്തമാക്കാമെന്നും അര്‍ണോസ് പാതിരി ചിന്തിക്കുകയുണ്ടായി. ഹൈന്ദവാത്മീയതയുടെ ദീപ്തിസൗന്ദര്യങ്ങളാല്‍ അലംകൃതമായ എഴുത്തച്ഛന്റെയും ചെറുശ്ശേരിയുടെയും പൂന്താനത്തിന്റെയുമൊക്കെ രചനകള്‍ പരിചയിച്ച പാതിരി ക്രൈസ്തവവിശ്വാസപോഷണത്തിനും ഇപ്രകാരമുള്ള രചനകള്‍ അനിവാര്യമാണെന്നു തിരിച്ചറിഞ്ഞു. ചതുരന്ത്യം, പുത്തന്‍പാന, ഉമ്മാപര്‍വം, വ്യാകുലപ്രബന്ധം തുടങ്ങിയ  അനശ്വരങ്ങളായ കാവ്യങ്ങള്‍ അങ്ങനെയാണു ജന്മമെടുക്കുന്നത്. 'വിദേശിയരായ ക്രിസ്ത്യാനികളില്‍ കവിത്വംകൊണ്ട് പ്രഥമഗണനീയനായി പ്രശോഭിക്കുന്നത് അര്‍ണോസ് പാതിരിയാകുന്നു' എന്ന് ഉള്ളൂര്‍ അദ്ദേഹത്തിന്റെ സാഹിത്യചരിത്രത്തില്‍ നിരീക്ഷിക്കുന്നു.
കാവ്യലോകത്തുമാത്രം ഒതുങ്ങിനില്ക്കുന്നില്ല അര്‍ണോസ് പാതിരിയുടെ ഭാഷാ-സാഹിത്യസംഭാവനകള്‍. സംസ്‌കൃതഭാഷയില്‍ വിരചിതമായ ഭാരതത്തിലെ ഇതിഹാസപുരാണാദികളെക്കുറിച്ച് അദ്ദേഹം ലാറ്റിന്‍ ഭാഷയില്‍ പ്രൗഢമായ പ്രബന്ധങ്ങള്‍ എഴുതി. സംസ്‌കൃതസാഹിത്യത്തിന്റെ ഗരിമ ലോകം ആദ്യമായി അറിഞ്ഞത് ഈ പ്രബന്ധങ്ങളിലൂടെയാണ്.
വ്യാകരണം, നിഘണ്ടു തുടങ്ങിയ മേഖലകളിലും അര്‍ണോസ് പാതിരി കനപ്പെട്ട സംഭാവനകള്‍ നല്‍കി. മലയാളഭാഷയിലെ നിഘണ്ടുനിര്‍മാണചരിത്രത്തിന്റെ ആദ്യഘട്ടത്തില്‍ രചിക്കപ്പെട്ട നിഘണ്ടുക്കളില്‍ പ്രധാനം അര്‍ണോസ് പാതിരി രചിച്ച 'വൊക്കാബുലേറിയം മലബാറിക്കോ ലൂസിതാനം' എന്ന മലയാളം - പോര്‍ച്ചുഗീസ് നിഘണ്ടുവാണ്. വത്തിക്കാന്‍ ലൈബ്രറിയില്‍നിന്നു പ്രൊഫ. ഉലഹന്നാന്‍ മാപ്പിള ഇതിന്റെ ഒരു പതിപ്പ് കേരളത്തില്‍ എത്തിച്ചതോടെ ഇതിനൊരു പുനര്‍ജനിയുണ്ടായി. സംസ്‌കൃതത്തിലെ സിദ്ധരൂപത്തെ അടിസ്ഥാനമാക്കി രചിച്ച സംസ്‌കൃതവ്യാകരണഗ്രന്ഥവും അര്‍ണോസ് പാതിരിയുടെ ശ്രദ്ധേയമായ മറ്റൊരു സംഭാവനയാണ്. കാവ്യരചന, ഭാഷാശാസ്ത്രം എന്നിവയ്ക്കുപുറമേ ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം തുടങ്ങിയ മേഖലകളിലും അര്‍ണോസ് പാതിരി തന്റെ നൈപുണ്യം തെളിയിച്ചിട്ടുണ്ട്. സംസ്‌കൃതപഠനാനന്തരം വേലൂരിനടുത്തുള്ള പഴയങ്ങാടിയിലും പിന്നീട് ചിറമന്‍കാടും തന്റെ ആധ്യാത്മികശുശ്രൂഷകള്‍ നിര്‍വഹിച്ച അര്‍ണോസ് പാതിരി, പിന്നീട് പഴുവില്‍ എന്ന പ്രദേശത്തു ശുശ്രൂഷ ചെയ്തുവരവേ, 1732 മാര്‍ച്ച് 20 ന് ഈ ലോകത്തോടു വിടപറഞ്ഞു.
സര്‍പ്പദംശനമേറ്റാണു മരണമെന്നും, അല്ല രോഗബാധിതനായാണെന്നും പല കഥകള്‍ പ്രചാരത്തിലുണ്ട്. മാര്‍ച്ച് 20 അല്ല ഏപ്രില്‍ 3 ആണ് മരണദിനമെന്നു ചില ചരിത്രകാരന്മാര്‍ പറയുന്നു. അതെന്തുതന്നെയായാലും, കേരളക്കരയില്‍ ഹ്രസ്വകാലംകൊണ്ട് അനശ്വരമായ കീര്‍ത്തിമുദ്ര പതിപ്പിക്കാന്‍ അര്‍ണോസ് പാതിരിക്കു കഴിഞ്ഞു. ക്രൈസ്തവാത്മീയലോകത്തിനും, ഒപ്പംതന്നെ, നമ്മുടെ ഭാഷാസാഹിത്യലോകത്തിനും അര്‍ണോസ് പാതിരി നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. ആ പാവനജീവിതത്തിന്റെ സ്മരണകള്‍ക്കുമുമ്പില്‍ പ്രണാമം!
 
							 ജിന്‍സ് കാവാലി
 ജിന്‍സ് കാവാലി 
                     
									 
									 
									 
									 
									 
									 
									 
									 
									 
									 
                    