The worst enemy to creativity is self-doubt. - Sylvia Plath (American Poet and Author)
ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാനുണ്ട് (I think, therefore I am) എന്ന പ്രസ്താവന തത്ത്വചിന്തകനായ ദെക്കാര്‍ത്തിന്റേതാണ് (Rene Descartes). ചിന്തിക്കാത്തവരായി ലോകത്ത് ഏതെങ്കിലും മനുഷ്യരുണ്ടോ? തത്ത്വചിന്തകന്മാര്‍, കവികള്‍, കലാകാരന്മാര്‍ എന്നിങ്ങനെ ചിലര്‍ക്കുമാത്രമാണോ ചിന്തയുടെ ഉടമസ്ഥാവകാശം? അല്ല എന്ന് ഓര്‍മിപ്പിക്കുകയാണ്, സൂര്യനുതാഴെ ഭൂമിയില്‍ ജീവിക്കുന്ന ഏതൊരു മനുഷ്യന്റെയും ജന്മാവകാശമാണ് സര്‍ഗശേഷി എന്നു വ്യക്തമാക്കുകയാണ് Renuka Gavrani അവരുടെ ''The Magic of Creative Living'' എന്ന പുസ്തകത്തിലൂടെ.
സര്‍ഗാത്മകതയെ അസാധാരണമോ അതിമാനുഷികമോ ആയ ഒന്നായി കാണേണ്ടതില്ലെന്നും ഓരോ മനുഷ്യനും അവന്റെ സാധാരണമായ നിത്യജീവിതത്തില്‍ സര്‍ഗാത്മകതയ്ക്കുള്ള ഇടങ്ങള്‍ ഉണ്ടെന്നും രേണുക ഓര്‍മിപ്പിക്കുന്നു. ചിന്തയുടെ ചെറുതിരിവെട്ടം ഉള്ളിലില്ലാത്തവരായി ആരുമില്ല. നിങ്ങള്‍ക്കു ചുറ്റുമുള്ള മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോള്‍, അനുദിനം അനേകരുടെ 'വിജയകഥകള്‍' കേള്‍ക്കുമ്പോള്‍ എനിക്കുമാത്രം കഴിവൊന്നുമില്ലെന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. ഈ ചിന്തയുടെ ചങ്ങല പൊട്ടിക്കുക എന്നതാണ് സര്‍ഗാത്മകജീവിതത്തിലേക്കു പ്രവേശിക്കുന്നതിനുള്ള ആദ്യപടി.
നിങ്ങളുടെ വളര്‍ച്ചയ്ക്കുതകുന്ന മനുഷ്യര്‍ക്ക്, അവരുടെ വാക്കുകള്‍ക്കു വിലകൊടുക്കുക എന്നതുപോലെതന്നെ പ്രധാനമാണ് നിരന്തരം നിങ്ങളെ തളര്‍ത്താന്‍ ശ്രമിക്കുന്ന മനുഷ്യരുടെ വാക്കുകളെ അവഗണിക്കുക എന്നതും. മറ്റൊരാളുടെ വാക്കുകേട്ട് നിങ്ങളുടെ സ്വപ്നങ്ങളുടെ ഉയരം കുറയ്ക്കരുത്. നിങ്ങളുടെ ഉള്ളിലെ തീ അണയ്ക്കരുത്.
ലോകം വിജയികള്‍ എന്നു വിളിക്കുന്നവരെ, അവരുടെ ശീലങ്ങളെ അന്ധമായി അനുകരിച്ചോ, ചില സൂത്രപ്പണികളിലൂടെയോ (പത്തുമിനിറ്റ് കണ്ണടച്ചിരുന്ന് നഷ്ടപ്പെട്ടുപോയ നിങ്ങളെ കണ്ടെത്തുക തുടങ്ങിയവ!) ഒന്നും സര്‍ഗാത്മകചിന്തയുടെ വാതിലുകള്‍ തുറക്കാനാവില്ല എന്നാണ് എഴുത്തുകാരി പറയുന്നത്. നഷ്ടപ്പെടാനും കണ്ടെത്താനും നിങ്ങള്‍ ഒരു വസ്തുവല്ല, മനുഷ്യനാണ്. നിങ്ങള്‍ നിങ്ങളാണ്. നിങ്ങള്‍ മാത്രമാണ്. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, നിങ്ങളുടെ ആശങ്കകള്‍ക്കുള്ള പരിഹാരം നിങ്ങളുടെ ഉള്ളില്‍ത്തന്നെയുണ്ട്.
ലോകത്തിനുമുമ്പില്‍ വിജയിയെന്നു തെളിയിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെയും, തോല്‍ക്കാതിരിക്കാനുള്ള സര്‍വംമറന്നുള്ള പ്രയത്‌നത്തിന്റെയും, അധികമാരും പറഞ്ഞുകേള്‍ക്കാത്ത ഒരു മറുവശംകൂടി രേണുക പറയുന്നുണ്ട്: "Don't give up. You don't fail when you lose. You fail when you give up". ഞാനും നിങ്ങളും ഒരിക്കലെങ്കിലും കേട്ടിട്ടുള്ളതാവണം ഈ പ്രചോദകവാചകം. ഇതു നമ്മള്‍ക്കു തരുന്ന സമ്മര്‍ദത്തെ, ഇത്തരം 'പ്രചോദനങ്ങള്‍' ഇല്ലാതാക്കുന്ന നമ്മുടെ സ്വത്വത്തെ ഗ്രന്ഥകാരി സൂക്ഷ്മമായി അപഗ്രഥിക്കുന്നു. തെറ്റുപറ്റാതിരിക്കാന്‍, ഒരിക്കലും പിന്‍വാങ്ങാതിരിക്കാന്‍ നമ്മള്‍ സൂപ്പര്‍കമ്പ്യൂട്ടറുകള്‍ ഒന്നുമല്ല. ഒരു വഴിയേ ചിലപ്പോള്‍ കുറച്ചേറെ മുന്നോട്ടു നടന്നശേഷമാകും അതു നമുക്കുള്ള വഴിയല്ല എന്നു തിരിച്ചറിയുന്നത്. ആ തിരിച്ചറിവുണ്ടായാല്‍ തിരിച്ചുനടക്കാന്‍ മടിക്കേണ്ട. ചുറ്റുമുള്ള മനുഷ്യര്‍ പലതും പറഞ്ഞേക്കാം, പരാജിതനെന്നോ ഭീരുവെന്നോ മുദ്രകുത്തിയേക്കാം, കാര്യമാക്കേണ്ടതില്ല. ഇതു നിങ്ങളുടെ ജീവിതമാണ്, എങ്ങനെ ജീവിക്കണം എന്നു നിശ്ചയിക്കേണ്ടതു നിങ്ങളും.
ജീവിതം ഒരു ഓട്ടപ്പന്തയമല്ല. നിങ്ങള്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്ത മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതുമില്ല. ചുറ്റുമുള്ളവരുടെ വിജയത്തിന്റെ നിര്‍വചനങ്ങളില്‍, അവര്‍ പറയുന്ന സുവര്‍ണജീവിതനിയമങ്ങളില്‍ നിങ്ങള്‍ നിങ്ങളെ കുടുക്കിയിടുകയും വേണ്ടാ. നിങ്ങളുടെ സ്വത്വത്തെ, അനന്യതയെ സമൂഹത്തിനനുസൃതം പരുവപ്പെടുത്താന്‍ ശ്രമിച്ച് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കുക. ലോകത്തിന്റെ വഴിയേ പോകാതെ നിങ്ങള്‍ സ്വന്തം വഴി കണ്ടെത്തുമ്പോള്‍, സ്വയം സ്‌നേഹിച്ചുതുടങ്ങുമ്പോള്‍ വൈകാതെ ലോകവും നിങ്ങളെ സ്‌നേഹിച്ചുതുടങ്ങും.
മറ്റുള്ളവര്‍ക്കുവേണ്ടി മാറ്റിവയ്ക്കുന്നതിന്റെ നാലിലൊന്നെങ്കിലും സമയം സ്വന്തം ആത്മാവിന്റെ പരിചരണത്തിനുകൂടി മാറ്റിവയ്ക്കണമെന്നും രേണുക പറയുന്നുണ്ട്. അത്തരം ഒരു അവബോധത്തില്‍ ജീവിച്ചുതുടങ്ങുമ്പോള്‍ പ്രത്യേകിച്ച് പ്രയത്‌നമൊന്നും കൂടാതെതന്നെ ജീവിതം സര്‍ഗാത്മകതയുടെ ചിറകുകളില്‍ പറന്നുതുടങ്ങിക്കോളും. അപ്പോള്‍ നിങ്ങള്‍ക്കു കൂടുതല്‍ ചിരിക്കാനും കൂടുതല്‍ സ്‌നേഹിക്കാനും ഓരോ ദിനാന്ത്യത്തിലും സംതൃപ്തിയോടെ ഉറങ്ങാനും കഴിയും. ആത്മാവബോധത്തില്‍ ആയിരിക്കുക എന്നതു പരമപ്രധാനമാണ്. നിങ്ങള്‍ ചെയ്യുന്നത് എന്തെന്ന കൃത്യമായ ബോധ്യം നിങ്ങള്‍ക്കുണ്ടാവണം.
സ്വപ്നസുന്ദരമായ ഈ ഭൂമിയില്‍ ഒരു ദിനം കൂടി ലഭിച്ചതിന്റെ ആനന്ദത്തോടെ, കൃതജ്ഞതയോടെ ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നതുപോലും ഒരു സര്‍ഗാത്മകപ്രവൃത്തിയാണ് എന്നു നിരീക്ഷിക്കുന്നുണ്ട് ഗ്രന്ഥകാരി. രാവിലെ സ്ഥിരമായി ഉപയോഗിക്കുന്ന കോഫി പൗഡര്‍ ഒന്നു മാറ്റി പരീക്ഷിക്കുക, സിറ്റൗട്ടില്‍ ഇരുന്ന് സൂര്യന്റെ ഇളംവെയില്‍ ഏറ്റുകൊണ്ട് ഉണര്‍ന്നുവരുന്ന ഭൂമിയെ കാണുക, ഒക്കെയും സര്‍ഗാത്മകതതന്നെ. സര്‍ഗാത്മകത എന്നത് അസാധാരണമായ എന്തെങ്കിലും കഴിവുകളുള്ളവര്‍ക്ക്, ലോകം എക്‌സ്ട്രാ ഓര്‍ഡിനറി എന്നു വിളിക്കുന്ന ആളുകള്‍ക്ക് വിശേഷാല്‍ കിട്ടിയിട്ടുള്ള വരമൊന്നുമല്ല. ഓരോ ദിവസവും നിറവോടെ ജീവിക്കണം എന്നാഗ്രഹിക്കുന്ന എല്ലാ മനുഷ്യരും സര്‍ഗാത്മകതയാല്‍ അനുഗ്രഹിക്കപ്പെട്ടവരത്രേ. ഇത്ര ഭയാശങ്കകളോടെ കാണാന്‍ ജീവിതം ഒരു ഹിംസ്രജന്തുവല്ല. അതിനെ സ്‌നേഹത്തോടെ ആശ്ലേഷിക്കുക. ആത്മാവില്‍ ആനന്ദത്തിന്റെ പൂക്കള്‍ വിരിയുന്നതറിയുക.
ജീവിതപ്രാരബ്ധങ്ങള്‍ക്കിടയില്‍ സര്‍ഗാത്മകതയ്‌ക്കൊന്നും സമയമില്ലെന്നാണു നിങ്ങളുടെ പരാതിയെങ്കില്‍ ഒരു ദിവസം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം എത്രയെന്നു വെറുതെ നിരീക്ഷിക്കാന്‍ പറയുന്നു എഴുത്തുകാരി. ജീവിതത്തിലെ മറ്റെന്തു കാര്യവും എന്നതുപോലെതന്നെ സര്‍ഗാത്മകതയും ഒരു തിരഞ്ഞെടുപ്പുതന്നെയാണ്. ഓരോ ദിവസത്തെയും നിങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ എന്തൊക്കെയോ അതിന്റെ ആകെത്തുകയാണ് നിങ്ങളുടെ ജീവിതം. കണ്ണുതുറക്കുമ്പോഴേ കട്ടിലിന് അപ്പുറത്തുനിന്നു മൊബൈല്‍ഫോണ്‍ കൈനീട്ടിയെടുത്ത് സോഷ്യല്‍ മീഡിയയിലെ നെഗറ്റിവിറ്റി കണ്ടുകൊണ്ടാണ് ദിവസം തുടങ്ങുന്നതെങ്കില്‍ സര്‍ഗാത്മകമായൊന്നും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയാത്തതില്‍ അദ്ഭുതപ്പെടേണ്ടതില്ല. "If your connection with your internal voice isn't strong enough, then you will be controlled by the voices of the external world" എന്ന ഓര്‍മപ്പെടുത്തലോടെയാണ് ഗ്രന്ഥകാരി പുസ്തകം ഉപസംഹരിക്കുന്നത്. സര്‍ഗാത്മകത എന്ന പദത്തിന് പുതിയൊരു കാഴ്ചയും കാഴ്ചപ്പാടും നല്‍കുന്നു ഈ പുസ്തകം. Amaryllis ആണ് പ്രസാധകര്‍. ആമസോണ്‍ കിന്‍ഡിലിലും പുസ്തകം ലഭ്യമാണ്.