•  17 Oct 2024
  •  ദീപം 57
  •  നാളം 32
ബുക്ക് ഷെല്‍ഫ്‌

കല്‍പ്പറ്റയുടെ കാവ്യപാതകള്‍

My life wants me to be a writer and so I write. lt’s not a choice; It's an intimate command.
- Clarice Lispector, A Breath of Life

   ല്‍പ്പറ്റ നാരായണന് കവിത രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നാണ്. കവിത എഴുതുമ്പോള്‍ മാത്രമല്ല, കഥയോ നോവലോ ലേഖനമോ സ്മരണാഞ്ജലിയോ എന്തെഴുതിയാലും അതിലെല്ലാം കാവ്യദേവതയുടെ കൈയൊപ്പു കാണാം. അയാള്‍ അടിമുടി കവിയാണ്. ഉടലിലും ഉള്ളിലും ഉണര്‍വിലും ഉറക്കത്തിലും കവിതയുടെ അദൃശ്യശോഭയാല്‍ അലങ്കരിക്കപ്പെട്ടവനാണ്. കവിതതന്നെ ജീവിതമാക്കിയ, ജീവിതമാകെ കാവ്യമയമാക്കിയ കല്‍പ്പറ്റയുടെ കാന്തികശോഭയുള്ള കാവ്യസമാഹാരമാണ് സമയപ്രഭു.
   ജീവിതത്തിന്റെ പുറംകാഴ്ചകളിലേക്കുമാത്രം കണ്ണുനട്ടിരിക്കുന്ന ഒരാള്‍ ഒരിക്കലും കാണാനിടയില്ലാത്ത കാഴ്ചകളാണ് കല്‍പ്പറ്റയുടെ കാവ്യലോകത്ത് ഏറെയുമുള്ളത്. അത് വാക്കിനുള്ളിലെ വാക്കിനെ തേടുന്നു. കാഴ്ചയ്ക്കുള്ളിലെ കാഴ്ചയെ വെളിച്ചപ്പെടുത്തുന്നു. ബുദ്ധനും ഗാന്ധിയും ക്രിസ്തുവും സോക്രട്ടീസുമൊക്കെ കണ്ട കണ്ണുകളിലൂടെ ലോകത്തെ കാണാന്‍,  ചിന്തകളുടെ ചെറുകുന്നുകളില്‍നിന്നു ഹിമാലയത്തിന്റെ ഉയരങ്ങളിലേക്കു ധൈര്യപൂര്‍വം മിഴി ഉയര്‍ത്താന്‍ ആ കവിതകള്‍ അനുവാചകരെ പ്രചോദിപ്പിക്കുന്നു. ''ഹിമാലയം കണ്ടതോടെ വലുപ്പത്തിന്റെ മാനദണ്ഡം മാറി' എന്നെഴുതുന്നുണ്ട് കവി. 'വലിയ മഴയെന്നും/വലിയ വേദനയെന്നും/വലിയ സുഖമെന്നും/പറഞ്ഞതില്‍ ഞാന്‍ ലജ്ജിച്ചു.'' 
   'തിളച്ചു മറിയുന്ന വെള്ളം/സഹിക്കാവുന്ന ചൂടുള്ളതായി/ആനയെ തൊഴുത്തില്‍ കെട്ടാം എന്നായി' (ഹിമാലയം). നമ്മള്‍ കുടിപാര്‍ക്കുന്ന ഇത്തിരിവട്ടങ്ങളില്‍നിന്നു വിശാലമായ ലോകബോധത്തിലേക്കുള്ള വഴിതെളിക്കുന്നു ഇവിടെ കവിത.
'ഗാന്ധിയായി വേഷം കെട്ടാന്‍ എളുപ്പമാണ്/കെട്ടിയ വേഷങ്ങള്‍ അഴിച്ചുകളഞ്ഞാല്‍ മതി' (ഗാന്ധിമാര്‍ഗം) എന്ന വരികള്‍ വായിക്കുമ്പോള്‍ എത്രയെത്ര വേഷങ്ങള്‍ കെട്ടിയാടിയാലാണ് ജീവിതനാടകത്തിലെ ഓരോ ദിനവും പൂര്‍ത്തിയാവുകയെന്ന് നമുക്കോര്‍മ വരുന്നു. ലാളിത്യം അത്ര ലളിതമായൊരു കാര്യമല്ലെന്നും സാധാരണക്കാരനായി ജീവിക്കാന്‍ അസാധാരണമായ ഇച്ഛാശക്തി ആവശ്യമുണ്ടെന്നും നാം മനസ്സിലാക്കുന്നു. ഒരു ഒറ്റമുണ്ടില്‍നിന്ന് കോട്ടിലേക്കു കയറുന്നതിനെക്കാള്‍ എത്രയോ ശ്രമകരമാണ് കോട്ടും സ്യൂട്ടും ഉപേക്ഷിച്ച് ഒറ്റമുണ്ടിലേക്കു ജീവിതത്തെ പറിച്ചുനടുന്നത്. ഗാന്ധിയെപ്പോലെ അത്രയേറെ ഹൃദയവെളിച്ചമുള്ള ഒരാള്‍ക്കുമാത്രമേ അഴലേതുമില്ലാതെ അങ്ങനെയൊരു ത്യാഗത്തിലേക്കു നടന്നിറങ്ങാനാവൂ. ഗാന്ധിയാവാന്‍ പോയിട്ട്, ഗാന്ധിയായി വേഷം കെട്ടണമെങ്കില്‍പ്പോലും എന്തെല്ലാം ഉപേക്ഷിക്കേണ്ടിവരും നമ്മള്‍ക്ക്!
   'ഇന്നു വൈകുന്നേരം/കുഴഞ്ഞുവീണു തീരാനിരിക്കുന്നവളോട്/പിണങ്ങി,  ഉണ്ണാതിരിക്കുകയാണ് ഭര്‍ത്താവ്. അവള്‍ ആവുമ്പോലെ അനുനയിക്കുന്നു.
'നോക്കൂ ഇനി ഉണ്ടാവില്ല/ഒരിക്കലും ഒരിക്കലും...' (അധികചുമതലകള്‍) എന്ന കവിത വായിക്കുമ്പോള്‍ അറിയാതൊരിടിമിന്നല്‍ നെഞ്ചിനുള്ളിലൂടെ കടന്നുപോകും. എത്ര അനിശ്ചിതമാണ് ജീവിതം. നാളെ ആരെന്നും എന്തെന്നും ആര്‍ക്കറിയാം! ഈ മഹാനിശ്ചിതത്വത്തിനു നടുവിലും നാളെയെക്കുറിച്ചു സ്വപ്നം കാണാനാകുന്നുവെന്നത്, ഒരു സ്‌നേഹമെങ്കിലും ഒടുവിലെ നിശ്വാസംവരെ കൂടെയുണ്ടാവുമെന്നു വിശ്വസിക്കാനാവുന്നു എന്നത് മനുഷ്യര്‍ക്കുമാത്രമുള്ള മഹാസിദ്ധിയാണ്. 'ഉയിരിന്‍ കൊലക്കുടുക്കാവും കയറി'ല്‍ ഊഞ്ഞാലുകെട്ടി ആടിത്തിമിര്‍ക്കാന്‍ മനുഷ്യര്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും!
മൃതി വരാതിരിക്കില്ല. പക്ഷേ, ഇപ്പോള്‍ മുന്നില്‍ ജീവിതമുണ്ടല്ലോ.
   മുന്നിലുള്ള ഈ ജീവിതം എത്ര വേഗമാണ്  കാലത്തിന്റെ തേരിലേറി പാഞ്ഞുപോവുന്നതെന്ന്,  എത്ര വേഗമാണ് കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരാവുന്നതെന്നു വരച്ചിടുന്നു 'ഉടുപ്പുകള്‍' എന്ന കവിത. 'ഇപ്പോഴുള്ള ഉടുപ്പുകള്‍ ഒന്നും അവനു പാകമാകുന്നില്ല. അവന്‍ വേഗം വളരുന്നു... മുറ്റംകടന്ന്, നിരത്തുകടന്ന്, പുഴ കയറി, കുന്നു കയറി, അവന്‍ വലിയ ആളായി. എന്നിട്ടോ? 'നിജപ്പെട്ടുകഴിഞ്ഞ അക്ഷരങ്ങളില്‍ മാത്രം വായിച്ച് /എവിടെപ്പോയാലും ഒരിടത്തും പോവാതെ/ഒരുമ്മറപ്പടിയും പുതുതായി കടക്കാതെ/എല്ലാ കുപ്പായങ്ങള്‍ക്കും പാകമായി/ നമ്മുടെ പുത്രന്‍!' ബാല്യത്തില്‍ കണ്‍മുന്നിലുള്ള അത്ഭുതങ്ങളുടെ അനന്തവിശാലമായ ലോകം എങ്ങനെയാണ് നമുക്കു കൈമോശം വന്നത്? അതൊന്നും ഇനി പറ്റില്ലെന്ന്, കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്ന് ആരാണ് നമ്മളെ ഭയത്തിലാഴ്ത്തിയത്? സാഹസികതകള്‍ സ്വപ്നംപോലും കാണാന്‍ കഴിയാത്തൊരു  ജീവിതമാണോ 'മാതൃകാജീവിതം?' ഇടുങ്ങിയ വഴിതന്നെയാണ് നടക്കേണ്ട വഴി. കുപ്പിച്ചില്ലുകളും കാരമുള്ളുകളും പഠിപ്പിക്കുന്ന പാഠങ്ങളൊന്നും പട്ടുമെത്തയ്‌ക്കോ പനിനീര്‍ദളങ്ങള്‍ക്കോ പകരാനാവില്ല. അറിവ് നിറവാകുന്നത് അറിയാത്ത ലോകങ്ങളിലേക്കിറങ്ങാന്‍ കാട്ടുന്ന ധൈര്യത്തില്‍ നിന്നുകൂടിയാണ്. എന്തിനാണ് മറ്റുള്ളവര്‍ പറയുന്നതുകേട്ട് നമ്മുടെ സ്വപ്നങ്ങള്‍ക്കു പരിധി കല്പിക്കുന്നത്? പരിധിയില്ലാത്ത സ്വപ്‌നങ്ങളിലേക്കുള്ള കൈവഴികളിലൊന്നാണു കവിതയും.
   'നാം വര്‍ത്തമാനത്തില്‍മാത്രം മേഞ്ഞുനടക്കുന്ന മൃഗങ്ങളല്ല' എന്നും കഴിഞ്ഞതിന്റെയും 'കാത്തിരിക്കുന്നതിന്റെയും മുദ്രകള്‍ ഇന്നിനെ രൂപപ്പെടുത്തുന്നു' എന്നും എഴുതുന്നുണ്ട് എം.എന്‍. വിജയന്‍. ആ വാക്കുകളെ സാധൂകരിക്കുന്നതാണ്  'പൂര്‍വികം' എന്ന കവിത. 'എത്ര ശരീരങ്ങള്‍/കത്തിയ വെളിച്ചത്തിലിരുന്നാണ്/നാം തര്‍ക്കിക്കുന്നത്/വായിക്കുന്നത്/സഞ്ചരിക്കുന്നത്' എന്നു ചോദിക്കുന്നു കവി. 'നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്' എന്ന കടമ്മനിട്ടക്കവിതയുടെ ബുദ്ധഭാഷ്യമായും ഈ വരികളെ വായിച്ചെടുക്കാം. 'എഴുത്തൊന്നും കാണാറില്ലല്ലോ/എഴുത്തൊന്നും വരാറില്ല/അതല്ല ചോദിച്ചത്/അതല്ല പറഞ്ഞതും (എഴുത്ത്) എന്ന കവിത അത്ര അനായാസമല്ല,  നല്ലൊരു സര്‍ഗസൃഷ്ടിയുടെ ജനനമെന്ന സത്യത്തിലേക്കു വെളിച്ചം വീശുന്നു. അനല്പമായ ക്ഷമയോടെ എഴുത്തുമേശയ്ക്കു മുന്നില്‍ ഏറെനേരം തപസ്സിരുന്നാല്‍മാത്രമേ കനവും കാതലുമുള്ളൊരു സര്‍ഗസൃഷ്ടിക്കു ജന്മമേകാനാവൂ.
'പ്രാര്‍ഥന' എന്ന കവിത നോക്കുക: 'പ്രാര്‍ഥിക്കുവാന്‍ നോക്കുമ്പോള്‍/ പ്രാര്‍ഥന ഓര്‍മയില്ല. എത്ര ചികഞ്ഞിട്ടും ഓര്‍മയില്‍നിന്നും/അതു രൂപംകൊള്ളുന്നില്ല. അപ്പോള്‍ അയാള്‍/അക്ഷരമാല  കൈകൂപ്പിക്കൊണ്ട്/ഭക്തിനിര്‍ഭരമായി ചൊല്ലി. ആ പ്രാര്‍ഥന നിര്‍മിച്ച അക്ഷരങ്ങള്‍/ആ  ക്രമത്തില്‍ അല്ലെങ്കിലും/ഇവയാണല്ലോ എന്ന അര്‍ഥത്തില്‍. തെറ്റായ ക്രമത്തില്‍ വിന്യസിച്ച ഒരക്ഷരമാലയാണല്ലോ/ഏതു പ്രാര്‍ഥനയും എന്ന അര്‍ഥത്തില്‍.' നമ്മുടെ പതിവു ചിട്ടകള്‍ക്കപ്പുറമുള്ള വിശാലമായൊരു ആത്മീയഭൂമികയിലേക്കു തുറക്കുന്ന വാതിലാകുന്നു ഇവിടെ കവിത. വാക്ക് വെളിച്ചമാവുന്നതെങ്ങനെയെന്നു നാം അറിയുന്നു.
'നിങ്ങള്‍ ഒഴിഞ്ഞിരിക്കുമ്പോള്‍/ ദയവായി എന്നെ ആശ്രയിക്കരുത്. എന്തു വേണ്ടൂ എന്ന് മുഷിഞ്ഞ്/ആ പഴയ ചതുരംഗപ്പലക എടുക്കുന്നതുപോലെ/എന്നെ എടുക്കരുത്' എന്നഭ്യര്‍ഥിക്കുന്നു 'മറ്റെങ്ങും പോകാനില്ലാതെ വരുമ്പോള്‍' എന്ന കവിത. ചുറ്റുമുള്ള മനുഷ്യര്‍ ഓരോരുത്തരും നിങ്ങളെപ്പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ളവരാണെന്നും നേരംപോക്കിനോ ഉപയോഗിച്ച് വലിച്ചെറിയാനോ ആവരുത് മനുഷ്യബന്ധങ്ങളെന്നും ഈ വരികള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. 'മനുഷ്യന്‍ ഹാ  മഹത്തായ പദം!' എന്നു പറഞ്ഞത് മാക്‌സിം ഗോര്‍ക്കിയാണ്. ആ മഹത്ത്വം ഓരോ മനുഷ്യരും മറ്റു മനുഷ്യരോടുള്ള വിനിമയങ്ങളില്‍ പുലര്‍ത്തേണ്ടതുണ്ടെന്ന്  കവി ഓര്‍മിപ്പിക്കുന്നു.
   'ഒരു നല്ല പുസ്തകം ഒരേസമയം ഒരാള്‍ക്കു മരക്കുരിശും ബുദ്ധശിരസ്സും നല്‍കുന്നു' എന്നെഴുതിയിട്ടുണ്ട് കെ പി അപ്പന്‍. പുസ്തകത്തിന്റെ യാഥാര്‍ഥ്യം അയാളുടെ വൈകാരികലോകത്തെ അസ്വസ്ഥമാക്കുന്നു. ഒപ്പംതന്നെ, ഒരു പുത്തന്‍ ജ്ഞാനോദയത്തിന്റെ സാധ്യത അതു സൃഷ്ടിക്കുകയും ചെയ്യുന്നു. കല്‍പ്പറ്റയുടെ കവിതയും അനുവാചകനു പകരുന്നത് സമാനാനുഭവമാണ്. ആ കവിതകള്‍ ആദ്യം വായിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന ജീവിതത്തിന്റെ നശ്വരതയുംഅനിശ്ചിതത്വവും ആഴമേറിയൊരു അസ്വസ്ഥത നമുക്കു സമ്മാനിക്കും. ഹൃദയത്തില്‍ ഒരു വാള്‍ കയറിയപോലെ,  നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നിയപോലെ ആ നേരം നാം ബോധരഹിതരായെന്നും വരാം. എന്നാല്‍, പിന്നീട് ബോധമുണരുമ്പോള്‍, ഹൃദയം ഹിമാലയത്തെ സ്വപ്നം കാണാന്‍ ധൈര്യപ്പെടുമ്പോള്‍ ജീവിതം ഒരു ചെറിയ കാര്യമല്ലെന്ന്,  ജീവിച്ചിരിക്കുന്നതിനെക്കാള്‍ വലിയ അദ്ഭുതം ഒന്നുമില്ലെന്ന്,  പ്രപഞ്ചത്തോടും അതിലെ സര്‍വചരാചരങ്ങളോടും എപ്പോഴും കൃതജ്ഞതയുള്ളവരായിരിക്കണമെന്ന് നാം തിരിച്ചറിയും. 'അടുത്തെത്തും തോറും/അകലം കൂട്ടുന്ന ഒരു ദൈവം വേണം/പ്രണയത്തില്‍!' എന്നും എഴുതിയിട്ടുണ്ട് കല്‍പ്പറ്റ. അടുത്തെത്തിയെന്നു കരുതി, അര്‍ഥം മനസ്സിലായെന്നു കരുതി, ആ കവിതകള്‍ വായിച്ചു മടക്കിയിട്ട് പിന്നെ ഒരിക്കല്‍ക്കൂടി മടക്കു നിവര്‍ത്തുമ്പോള്‍ അകലെ അതാ, അര്‍ഥത്തിന്റെ പുതിയൊരു വഴി തുറന്നു കിടക്കുന്നു! 
മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)