•  1 Aug 2024
  •  ദീപം 57
  •  നാളം 21
ബുക്ക് ഷെല്‍ഫ്‌

വിമര്‍ശനത്തിലെ വിശുദ്ധയാത്രകള്‍

"A reader lives a thousand lives before he dies.The man who never reads lives only one." - George R.R. Martin
വാക്കിനെ വിണ്‍താരകമാക്കുന്ന വിസ്മയവിദ്യ നന്നായി അറിഞ്ഞിരുന്നു കാര്‍ത്തികയില്‍ പത്മനാഭന്‍ അപ്പന്‍ എന്ന കെ. പി. അപ്പന്‍.
ആ പേനത്തുമ്പിലൂടെ പിറവിയെടുത്തപ്പോള്‍ അതിസാധാരണമായ വാക്കുകള്‍ക്കുപോലും അനന്യസാധാരണമായ താരശോഭയുണ്ടായി. വിമര്‍ശനത്തെ വരണ്ട ഭാഷയില്‍നിന്നു വിമോചിപ്പിച്ച് കവിതയിലും തത്ത്വചിന്തയിലും ജ്ഞാനസ്‌നാനപ്പെടുത്തി അദ്ദേഹം. അന്നോളം വായനക്കാര്‍ പരിചയിച്ചിട്ടില്ലാത്ത വിശിഷ്ടമായ സര്‍ഗഭൂമികകളിലേക്ക് അപ്പന്‍ വായനക്കാരെ കൈപിടിച്ചുകൊണ്ടുപോയി. ആ സര്‍ഗയാത്രയുടെ സംക്ഷിപ്തചരിത്രം എന്നു വിശേഷിപ്പിക്കാം അപ്പന്റെ ആത്മകഥയായ 'തനിച്ചിരിക്കുമ്പോള്‍ ഓര്‍മിക്കുന്നത്' എന്ന പുസ്തകത്തെ. ആത്മകഥയുടെ പതിവുവഴക്കങ്ങള്‍ ഉപേക്ഷിച്ച് തന്റെ ധൈഷണികജീവിതത്തെ അവതരിപ്പിക്കാനാണ് ആത്മകഥയിലൂടെ അപ്പന്‍ ശ്രമിച്ചത്. അതിനാല്‍ത്തന്നെ ഈ കൃതി അപ്പന്റെ ജീവചരിതം മാത്രമല്ല, അക്ഷരങ്ങളുടെ ജീവചരിത്രംകൂടിയാണ്.
        കഥപറച്ചിലിന്റെ കലയെക്കുറിച്ച് പ്രഥമകാഴ്ച തനിക്കു ലഭിക്കുന്നത് പുസ്തകങ്ങളില്‍നിന്നല്ല രണ്ടു  വ്യക്തികളില്‍നിന്നാണെന്ന് പുസ്തകാരംഭത്തില്‍തന്നെ ഓര്‍ത്തെടുക്കുന്നുണ്ട് കെ. പി. അപ്പന്‍. അതില്‍ ആദ്യത്തെയാള്‍ പ്രഭാഷകനും പണ്ഡിതനുമായിരുന്ന ബ്രഹ്‌മവാദി കുഞ്ഞിരാമനാണ്. ബ്രഹ്‌മസമാജത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തില്‍നിന്നാണ് വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങളെ'ക്കുറിച്ചും നാലപ്പാടന്റെ പരിഭാഷയെക്കുറിച്ചും അപ്പന്‍ ആദ്യമായി കേള്‍ക്കുന്നത്. അങ്ങനെ, പാവങ്ങളില്‍നിന്നാരംഭിച്ച വിശ്വസാഹിത്യതീര്‍ഥയാത്ര പിന്നീട് അനവധി ഭൂഖണ്ഡങ്ങള്‍ കീഴടക്കി. കടലമ്മാവന്‍ എന്നറിയപ്പെട്ടിരുന്ന കടപ്പുറത്തെ ഒരു വൃദ്ധനായിരുന്നു കഥപറച്ചിലിന്റെ രണ്ടാം കാഴ്ച അപ്പനു പ്രദാനം ചെയ്തത്. കടലമ്മാവന്‍ വലിയ മീന്‍പിടിത്തക്കാരനായിരുന്നു. കരുത്തനായ തോണിക്കാരനായിരുന്നു. അയാളുടെ കഥപറച്ചിലില്‍ കടല്‍ അലയടിച്ചു. കടല്‍ത്തിരകളിലൂടെ കുളിച്ചുവരുന്ന വാക്കുകളാണ് കടലമ്മാവന്‍ പറഞ്ഞത്. അങ്ങനെ, വിശ്വസാഹിത്യവും വിശാലമായ സമുദ്രവും ആ വിമര്‍ശകന് അനന്തമായ ഭാവനലോകങ്ങളേകി. ഈ പ്രപഞ്ചം നിര്‍മിതമായിരിക്കുന്നത് ആറ്റങ്ങള്‍കൊണ്ടു മാത്രമല്ല കഥകള്‍കൊണ്ടുകൂടിയാണെന്ന് അപ്പന്‍ തിരിച്ചറിഞ്ഞു.
        ഹൈസ്‌കൂള്‍ അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച കെ. പി. അപ്പന്‍ പിന്നീട് ആലുവ യു സി കോളജില്‍ മലയാളാധ്യാപകനായി. അവിടെനിന്നു ചേര്‍ത്തല എസ്. എന്‍. കോളജിലേക്കും ചേര്‍ത്തലയില്‍നിന്നു കൊല്ലം എസ്. എന്‍. കോളജിലേക്കും തന്റെ പ്രവര്‍ത്തനമണ്ഡലത്തെ പറിച്ചുനട്ടു. തന്റെ വിദ്യാര്‍ഥികളോടും സഹപ്രവര്‍ത്തകരോടുമെല്ലാം സവിശേഷമായൊരു സ്‌നേഹബന്ധം കാത്തുസൂക്ഷിച്ചു അദ്ദേഹം. അറിവിന്റെ പൊന്‍വെളിച്ചം അനേകര്‍ക്കു പകര്‍ന്നുകൊടുത്തു. എന്നാല്‍, അപ്പോഴും ഉള്ളിന്റെയുള്ളില്‍  സവിശേഷമായൊരു ഏകാന്തതയെ പുല്‍കി. അതു സങ്കടകരമായ ഒരു ഏകാന്തതയായിരുന്നില്ല. അക്ഷരങ്ങളില്‍ ആഴത്തില്‍ ജീവിക്കാനായി ആത്മഹര്‍ഷത്തോടെ സ്വീകരിച്ച ഏകാന്തതയായിരുന്നു.
         ആലപ്പുഴയിലെ അപ്പന്റെ വീട്ടില്‍നിന്നു ചേര്‍ത്തല എസ് എന്‍ കോളജിലേക്ക് അര മണിക്കൂറിന്റെ യാത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കോളജിനടുത്ത് ഒരു വീടു വാടകയ്‌ക്കെടുത്ത് ഒറ്റയ്ക്കു താമസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഗ്രേറ്റ് ബുക്‌സിന്റെ എല്ലാ വാല്യങ്ങളും അവിടെയിരുന്ന് അദ്ദേഹം വായിച്ചുതീര്‍ത്തു. ഘടികാരങ്ങളുടെ മണിയൊച്ചകള്‍ ശ്രദ്ധിക്കാതെ അര്‍ധരാത്രിയിലും ആ വായനമുറിയില്‍ മെഴുതിരികള്‍ എരിഞ്ഞുകൊണ്ടേയിരുന്നു.
     മഴക്കാലരാത്രികളുടെ തണുപ്പിലും പാസ്‌ക്കലും ഷോപ്പനോവറും നീത്ഷേയും ദസ്തയോവ്‌സ്‌കിയുമൊക്കെ അയാളുടെ ഹൃദയത്തെ ചൂടുപിടിപ്പിച്ചു.
      വായനയിലൂടെ കൈവരുന്ന അനന്തമായ അദ്ഭുതലോകങ്ങളെ അപ്പന്‍ ആത്മാവില്‍ സ്വീകരിച്ചു. ''പുസ്തകങ്ങളിലെ പ്രജ്ഞ എന്റെ ശിരസ്സില്‍ ഉജ്ജ്വലമായി മാറ്റൊലിക്കൊണ്ടിരുന്നു. പുസ്തകത്തില്‍നിന്നുള്ള പിന്തിരിയല്‍ ദൈവത്തില്‍നിന്നുള്ള പിന്തിരിയലായി എനിക്കു തോന്നി.'' 
       ഓരോ പുസ്തകവും അറിവിന്റെയും അനുഭൂതിയുടെയും പുതിയ പ്രപഞ്ചങ്ങള്‍ അപ്പനുമുന്നില്‍ തുറന്നുവച്ചു. ലോകത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വളരെ പരിമിതമാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനാല്‍ത്തന്നെ, നിരന്തരം നൂതനമായ അറിവുകളിലേക്കു യാത്ര ചെയ്തു. ''അറിയാന്‍ ശ്രമിക്കുമ്പോള്‍ ഒരുപാട് ആശയങ്ങള്‍ കടന്നുവരുന്നു. ഈ ആശയങ്ങള്‍ നമ്മെ അലട്ടണം, വിഷമിപ്പിക്കണം, ഉപദ്രവിക്കണം, ആയാസപ്പെടുത്തണം.'' ഇതായിരുന്നു അപ്പന്റെ തത്ത്വശാസ്ത്രം.
       പുസ്തകങ്ങള്‍ അദ്ദേഹത്തിന് വിനോദമോ നേരംപോക്കോ ആയിരുന്നില്ല, ആഴമേറിയ ആത്മാന്വേഷണവഴികള്‍തന്നെയായിരുന്നു.
       വായനയുടെ വിശുദ്ധവീഥിയില്‍നിന്നാണ് എഴുത്തിന്റെ സര്‍ഗഭവനത്തിലേക്ക് അപ്പന്‍ കടക്കുക. എഴുതേണ്ടതെല്ലാം അപ്പോള്‍ മനസ്സില്‍ തെളിയുന്നു. പീലിയേഴും നീര്‍ത്തി നൃത്തമാടുന്ന മയിലിനെപ്പോലെ വാക്കുകള്‍ ഉള്ളില്‍ നൃത്തം വയ്ക്കുന്നു. എന്നാല്‍, മനസ്സില്‍ നൃത്തമാടുന്ന  വാക്കിനെ കടലാസിലേക്കു പകര്‍ത്തുന്നത് അത്ര എളുപ്പമുള്ള ഒരു ജോലിയല്ല എന്നാണ് അപ്പന്‍ പറയുന്നത്. ''പേനകൊണ്ടു കടലാസില്‍ പകര്‍ത്തുന്നത്  മാന്ത്രികമായ ബാഹ്യവത്കരണമാണ്. അതെനിക്ക് ക്ലേശകരമായ സുകുമാരകലയാണ്. ദുരിതം നിറഞ്ഞ സംഗീതരചനയാണ്. അതിനാല്‍ എഴുത്തുമേശയ്ക്കു മുമ്പില്‍ എന്നെ കൊണ്ടുവന്നിരുത്തുക എന്നത് വലിയ പാടുള്ള കാര്യമാണ്. ഞാനും എഴുതുന്ന ഞാനും തമ്മിലുള്ള ഭയങ്കരമായ മല്‍പ്പിടിത്തമാണത്.'' എന്നാല്‍, ആ മല്‍പ്പിടിത്തത്തിനൊടുവില്‍ എപ്പോഴും എഴുത്തുകാരന്‍ വിജയിച്ചു. അതിനാലാണ് അപ്പന്റെ വിമര്‍ശന കൃതികള്‍ ഇന്നും സാഹിത്യലോകത്ത് പ്രസക്തമായി തുടരുന്നത്. ലോകമെങ്ങുമുള്ള പുസ്തകങ്ങളിലേക്കും അതിലേറെ സ്വന്തം ആത്മാവിലേക്കും നോക്കിക്കൊണ്ട് അന്നോളം പരിചിതമല്ലാത്ത ഒരു വിമര്‍ശനവഴി വെട്ടി ത്തുറക്കുകയായിരുന്നു അദ്ദേഹം. വിവേകശാലികളായ വായനക്കാര്‍ ആ ക്ഷോഭിക്കുന്ന സുവിശേഷത്തെ, അതിലെ അവതാരലീലകളെ ആവേശപൂര്‍വ്വം സ്വീകരിച്ചു.
        എഴുത്തിന്റെയും പുസ്തകത്തിന്റെയും ലോകത്തിലൂടെ മാത്രമല്ല, തന്റെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും സാഹിത്യസാംസ്‌കാരിക രാഷ്ട്രീയലോകങ്ങളിലെ പ്രമുഖരുടെയുമൊക്കെ ഓര്‍മകളിലേക്കും ജീവിതവഴികളിലേക്കുമൊക്കെ കണ്ണോടിക്കുന്നുണ്ട് ഈ ആത്മകഥ. 'തനിച്ചിരിക്കുമ്പോള്‍ ഓര്‍മകള്‍ അതിന്റെ തിളങ്ങുന്ന നാക്കുകൊണ്ട് ഇതെല്ലാം എനിക്കു പറഞ്ഞുതരുന്നു' എന്ന് അപ്പനെഴുതുന്നു. ഒരൊറ്റവാക്യംകൊണ്ടുതന്നെ ഒരാളുടെ സവിശേഷവ്യക്തിത്വത്തെ വരച്ചുകാട്ടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. നിത്യചൈതന്യയതിയെക്കുറിച്ച് അദ്ദേഹം എഴുതുന്നത് ഇങ്ങനെ: 'വൃക്ഷത്തിലെ ഒരിലയുടെ ദൃശ്യത്തില്‍നിന്നു വിശാലമായ വനഭംഗിയിലേക്കു പോകാന്‍ യതിക്കു കഴിയുമായിരുന്നു.' 'പ്രഭാഷണകലയുടെ ത്രിഭുവനമസ്തകം ഉയര്‍ത്തിപ്പിടിക്കുന്ന സംസാരമായിരുന്നു മുണ്ടശ്ശേരിയുടേത്'  എന്ന് ജോസഫ് മുണ്ടശ്ശേരിയെക്കുറിച്ച്. അവനവന്‍കരുത്ത് എന്ന പ്രയോഗം മുത്തശ്ശിയില്‍നിന്നാണു താനാദ്യമായി കേള്‍ക്കുന്നതെന്നും അപ്പനെഴുതുന്നുണ്ട്. ജോലി കിട്ടുമ്പോള്‍ എവിടെയെങ്കിലും പോയി ഒറ്റയ്ക്കു കഴിയണമെന്നും അപ്പോള്‍ അവനവന്‍കരുത്ത് താനേ വരുമെന്നും മുത്തശ്ശി പറയുമായിരുന്നു. മുത്തശ്ശിയുടെ വാക്കുകള്‍ പൂര്‍ണമായി അനുസരിച്ചില്ല കൊച്ചുമകന്‍. ഒറ്റയ്ക്കു താമസിച്ചപ്പോഴും അപ്പന്‍ ഒറ്റയ്ക്കായിരുന്നില്ല. ഇലിയഡും ഒഡീസിയും ബൈബിളും മഹാഭാരതവും മുതല്‍ കാമുവും കാഫ്കയും സാര്‍ത്രും റില്‍ക്കേയുംവരെ അപ്പനു കൂട്ടായി.
ഏതെങ്കിലുമൊരു ദര്‍ശനത്തിന്റെയോ തത്ത്വശാസ്ത്രത്തിന്റെയോ ചങ്ങലയില്‍ കുടുങ്ങിക്കിടന്നില്ല അപ്പന്റെ വിമര്‍ശനജീവിതം. അയാള്‍ നിരന്തരം തന്റെ അറിവുകളെ പരിഷ്‌കരിച്ചുകൊണ്ടിരുന്നു. ''വിമര്‍ശകന്റെ വീക്ഷണം എപ്പോഴും വികാസത്തിന്റെ പ്രവര്‍ത്തനക്രമത്തിലാണ്. ദീര്‍ഘമായ അറിവില്‍ പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു മാനസികാവസ്ഥയാണത്.''
2008 ഡിസംബര്‍ 15ന് കാന്‍സറിന്റെ കൈപിടിച്ചെത്തിയ മരണം അദ്ദേഹത്തെ നമ്മില്‍നിന്ന് അടര്‍ത്തിയെടുക്കുന്നതുവരെ ആ തലച്ചോറും ഹൃദയവും അക്ഷരമാന്ത്രികതകള്‍ നെയ്തുകൊണ്ടേയിരുന്നു.
 ഈ പുസ്തകത്തില്‍ ഒരിടത്ത് അപ്പന്‍ ഇങ്ങനെ എഴുതുന്നുണ്ട് :
''സ്‌നേഹിതരുടെയും വേണ്ടപ്പെട്ടവരുടെയും സ്‌നേഹംകൊണ്ട് നാം മരണത്തെ ജയിക്കുന്നു. മരണത്തോട് അഹങ്കരിക്കരുതെന്നു പറയുന്നു.'' അപ്പന്റെ ഭൗതികദേഹം മാത്രമേ മരണത്തിനു സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ആ അക്ഷരങ്ങള്‍ അനശ്വരങ്ങളായി ഇന്നും തുടരുന്നു. ആത്മപ്രശംസകളൊന്നുമില്ലാത്ത ഈ ആത്മകഥ അനേകകഥകളിലേക്കും ജീവിതങ്ങളിേലക്കുമുള്ള ഒരു താക്കോല്‍കൂടിയാണ്. ഡി സി ബുക്‌സാണ് പ്രസാധനം.

 

Login log record inserted successfully!