എഴുത്തുകാരന്‍ തന്റെ ജോലി ഒറ്റയ്ക്കു പൂര്‍ത്തിയാക്കാന്‍ വിധിക്കപ്പെട്ടവനാണ്. ഉറച്ച മാനസികനിലയിലല്ലെങ്കില്‍, ആഗ്രഹം അതിതീവ്രമല്ലെങ്കില്‍ അയാള്‍ ആ വഴിയില്‍നിന്നു പിന്മാറാനുള്ള സാധ്യത ഏറെയാണ്. എഴുത്താണു വഴിയെന്നു തീരുമാനിച്ചാല്‍ പിന്നെ ഭയപ്പെട്ടിരിക്കുന്നതില്‍ അര്‍ഥമൊന്നുമില്ല. ആരംഭിക്കാനുള്ള ധൈര്യത്തില്‍നിന്നാണ് എത്ര മഹത്തായ സൃഷ്ടിയുടെയും തുടക്കം.
Sometimes creativity is a compulsion, not an ambition - Ed Norton
തനിക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകമെന്ന് റസ്‌കിന്‍ ബോണ്ട് ഒരിക്കല്‍ വിശേഷിപ്പിച്ചത് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയെ ആയിരുന്നു. വാക്കിന്റെ കുടകൊണ്ടു പതിനായിരങ്ങളുടെ ഹൃദയഭൂമിയില്‍ തണല്‍ വിരിക്കുന്ന ഒരാള്‍ക്ക് ആ വാക്കുകളുടെ ബൃഹദ്‌സമാഹാരത്തെക്കാള്‍ പ്രിയപ്പെട്ടതായി മറ്റെന്തുണ്ടാവാന്‍! നോവലുകളും ചെറുകഥകളും ലേഖനങ്ങളും ഓര്‍മക്കുറിപ്പുകളുമടക്കം എഴുപതിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായ ഈ എഴുത്തുകാരന്‍.
ചെറുകഥകള്‍മാത്രം അഞ്ഞൂറിലേറെ. നിരന്തരം എഴുതുകയും ആ എഴുത്തുകള്‍ എല്ലാം ബെസ്റ്റ് സെല്ലറുകള്‍ ആക്കുകയും ചെയ്യുന്ന റസ്‌കിന്‍ ബോണ്ട് എഴുത്തിന്റെ വഴിയിലേക്കു കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എഴുതിയ മനോഹരമായ ഒരു പുസ്തകമാണ് ഒീം ീേ യല മ ണൃശലേൃ? (എങ്ങനെ ഒരു എഴുത്തുകാരനാകാം?).
''ഞാന്‍ ഏറെ ഭാഗ്യവാനായ ഒരു മനുഷ്യനാണ്. കാരണം, കഴിഞ്ഞ എഴുപതിലേറെ വര്‍ഷമായി ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്തോ, ആസ്വദിക്കുന്നതെന്തോ അതുകൊണ്ടുതന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ എനിക്കു കഴിയുന്നുണ്ട്; അതേ, എഴുത്തുകൊണ്ടുതന്നെ.'' ഇങ്ങനെയാണ് ബോണ്ട് തന്റെ എഴുത്തുവഴികളുടെ പുസ്തകം തുടങ്ങുന്നത്. എഴുത്തിന്റെ വഴിത്താരകളില്‍ പൂക്കള്‍മാത്രമല്ല കുപ്പിച്ചില്ലുകളും കിടപ്പുണ്ടാകും. പ്രശസ്തിയും അംഗീകാരങ്ങളുംമാത്രമല്ല അവഗണനയും അപമാനങ്ങളും എഴുത്തുകാരനെ തേടിയെത്താം. മാസശമ്പളമുള്ള ഒരു സര്‍ക്കാര്‍ ജോലിക്കാരനോ സ്വകാര്യ കോര്‍പ്പറേറ്റ് കമ്പനിയിലെ ജീവനക്കാരനോ സ്വന്തമാക്കാനാവുന്ന ജീവിതസൗകര്യങ്ങളോ സാമ്പത്തികസുരക്ഷിതത്വമോ എഴുത്തുകാരനില്ല. ഏറെ രാത്രികള്‍ ഉറക്കം വെടിഞ്ഞെഴുതുന്ന പുസ്തകം ചിലപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. മറ്റു ചിലപ്പോള്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ചുവെന്നും വരാം. ഇത്തരം അനിശ്ചിതത്വങ്ങളെയൊക്കെയും സ്വീകരിക്കാനുള്ള ധൈര്യമുണ്ടെങ്കില്‍മാത്രം എഴുത്തിന്റെ വഴിയിലേക്ക് ഇറങ്ങുകയാവും ഉചിതം. കൃത്യമായ ഒരു ജോലിസമയമില്ലാത്ത, വിരമിക്കല്‍ പ്രായമില്ലാത്ത, എവിടെയെത്തുമെന്നു യാതൊരു ഉറപ്പുമില്ലാത്ത ഒരു സാഹസികസഞ്ചാരമാണ് എഴുത്തുകാരന്റെ ജീവിതം. എഴുത്തുകാരന്റെ യാത്രയില്‍ അഗാധഗര്‍ത്തങ്ങളും അനന്തമായ ഉയരങ്ങളും കാത്തിരിക്കുന്നുണ്ട്.
ഒരു നല്ല എഴുത്തുകാരനുണ്ടായിരിക്കേണ്ട അവശ്യഗുണങ്ങളില്‍ ആദ്യത്തേതായി ബോണ്ട് ചൂണ്ടിക്കാണിക്കുന്ന കാര്യം ഭാഷയോട്, പുസ്തകങ്ങളോട്, ജീവിതത്തോടുതന്നെയുമുള്ള ആത്മാര്‍ഥമായ സ്‌നേഹമാണ്. ഈ സ്‌നേഹമില്ലെങ്കില്‍ എഴുത്തില്‍ വെളിച്ചമോ തെളിച്ചമോ ഉണ്ടാകില്ല. ഒപ്പം, തന്റെ ചുറ്റുമുള്ള ലോകത്തെ വ്യക്തമായി നിരീക്ഷിക്കാനും ആ നിരീക്ഷണങ്ങളെ സുന്ദരമായ ഭാഷയില്‍ വായനക്കാരനുമുന്നില്‍ അവതരിപ്പിക്കാനും എഴുത്തുകാരനു കഴിയണം. നിരന്തരമായി ലോകത്തെ നിരീക്ഷിക്കുക. ദുര്‍ബലവും നിശ്ശബ്ദവുമായ വാക്കുകള്‍ക്കുപോലും കാതോര്‍ക്കുക. പുറങ്കണ്ണാലും അകങ്കണ്ണാലും ലോകത്തെ നോക്കിക്കാണുക. ഇങ്ങനെ നിരീക്ഷിച്ചതിനെ, കണ്ടതിനെ, കേട്ടതിനെ ഏറ്റവും ഹൃദ്യമായ വാക്കുകളില്‍ അടുക്കുക. അപ്പോള്‍ അകലെ എവിടെയോ ഉള്ള അജ്ഞാതനായ ഒരു വായനക്കാരന്‍ നിങ്ങളുടെ വാക്കുകള്‍ വായിച്ച് ഇങ്ങനെ മന്ത്രിക്കും; 'ഇതാ എന്റെ ഹൃദയസ്പന്ദനങ്ങള്‍പോലും കേള്‍ക്കുന്ന ഒരാള്‍!' അങ്ങനെയാണ് നിങ്ങളുടെ കഷ്ടപ്പാടുകള്‍ക്കു പ്രതിഫലമുണ്ടാവുക, ആത്മാനന്ദത്തിന്റെ കണ്ണുനീര്‍ നിങ്ങളുടെ എഴുത്തുമേശയെ നനയ്ക്കുക.
പുലരിയിലോ പാതിരാവിലോ സ്വപ്നത്തിലോ യാത്രയിലോ എപ്പോഴാണ് ഉജ്ജ്വലമായ ഒരു കഥാതന്തു അല്ലെങ്കില്‍ ഒരാശയം മനസ്സില്‍ തെളിയുക എന്നു പറയാനാവില്ല. അതോര്‍മയില്‍നിന്നു മായുംമുന്നേ സംക്ഷിപ്തമായെങ്കിലും കുറിച്ചുവയ്ക്കാന്‍ മറക്കരുതെന്ന് ഓര്‍മിപ്പിക്കുന്നുണ്ട് ബോണ്ട്. ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും ഒരു ഡയറി അല്ലെങ്കില്‍ ഒരു റൈറ്റിങ്പാഡ് എഴുത്തുകാരന്റെ കൈയകലത്തില്‍ ഉണ്ടാകണം. തന്റെ ആദ്യനോവലായ 'റൂം ഓണ്‍ ദി റൂഫിന്' ഇപ്രകാരം താന്‍ എഴുതിയ ഡയറിക്കുറിപ്പുകളാണ് ഏറ്റവും സഹായകരമായിത്തീര്‍ന്നതെന്നും ബോണ്ട് ഓര്‍മിക്കുന്നു.
എഴുത്തുകാരന്‍ തന്റെ ജോലി ഒറ്റയ്ക്കു പൂര്‍ത്തിയാക്കാന്‍ വിധിക്കപ്പെട്ടവനാണ്. ഉറച്ച മാനസികനിലയിലല്ലെങ്കില്‍, ആഗ്രഹം അതിതീവ്രമല്ലെങ്കില്‍ അയാള്‍ ആ വഴിയില്‍നിന്നു പിന്മാറാനുള്ള സാധ്യത ഏറെയാണ്. എഴുത്താണു വഴിയെന്നു തീരുമാനിച്ചാല്‍ പിന്നെ ഭയപ്പെട്ടിരിക്കുന്നതില്‍ അര്‍ഥമൊന്നുമില്ല. ആരംഭിക്കാനുള്ള ധൈര്യത്തില്‍നിന്നാണ് എത്ര മഹത്തായ സൃഷ്ടിയുടെയും തുടക്കം. എഴുത്തുകാരന്റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍, 'അഹഹ ഴഹീൃ്യ രീാല െളൃീാ റമൃശിഴ ീേ യലഴശി'. ആദ്യം എഴുതിയതൊക്കെ ശരിയാവാതെ വന്നോട്ടെ. ഉപേക്ഷിച്ച എഴുത്തുകുത്തുകള്‍കൊണ്ട് എഴുത്തുമുറിയിലെ വേസ്റ്റ് ബാസ്‌കറ്റ് നിറഞ്ഞോട്ടെ. അതിലൊന്നും നിരാശ വേണ്ട. അങ്ങനെതന്നെയാണ് ഏതൊരു വലിയ എഴുത്തുകാരന്റെയും തുടക്കം.
നല്ലൊരു എഴുത്തുകാരനാകണമെങ്കില്‍ നിങ്ങള്‍ നല്ലൊരു വായനക്കാരനും ആയിരിക്കണം എന്നെഴുതുന്നുണ്ട് റെസ്‌കിന്‍ ബോണ്ട്. നല്ല പുസ്തകങ്ങള്‍ കൂടുതല്‍ നന്നായി എഴുതാന്‍ പ്രചോദിപ്പിക്കും. അനേകവര്‍ഷങ്ങളായി ആഴ്ചയില്‍ പുതിയതായി മൂന്നു പുസ്തകങ്ങള്‍ എങ്കിലും വായിക്കും ബോണ്ട്. എഴുത്തില്‍ പുതുമയും തെളിമയും നിലനിര്‍ത്താനും വാക്കുകള്‍ക്കു കൂടുതല്‍ തിളക്കം നല്‍കാനും ഈ ശീലം അദ്ദേഹത്തെ സഹായിക്കുന്നു. അതിതീവ്രമാണ് എഴുത്തിനോടുള്ള നിങ്ങളുടെ പ്രണയമെങ്കില്‍ ഇനിയും സമയം കളയേണ്ട, മടിച്ചിരിക്കാതെ പേനയും പേപ്പറും കൈയിലെടുത്തോളൂ. നാളത്തെ റസ്‌കിന്‍ ബോണ്ട് ഒരുപക്ഷേ, നിങ്ങളായാലോ?
ഹാര്‍പ്പര്‍ കോളിന്‍സാണ് പ്രസാധകര്‍. ആമസോണ്‍ കിന്‍ഡിലിലും പുസ്തകം ലഭ്യമാണ്.