"If there''s a book that you want to read, but it hasn''t been written yet, then you must write it." Toni Morrison
എഴുത്തിലെ പതിവു വഴക്കങ്ങളൊന്നും ശീലമുണ്ടായിരുന്നില്ല ഇറ്റാലോ കാല്‍വിനോയ്ക്ക്. വിപണിയോ വായനക്കാരോ ഈ എഴുത്തുകാരന്റെ ലക്ഷ്യമായിരുന്നില്ല. താന്‍ എഴുതുന്നതൊക്കെയും മുന്‍മാതൃകകള്‍ ഇല്ലാത്തതായിരിക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു. തന്നില്‍നിന്ന് ആരും പ്രതീക്ഷിക്കാത്തതെഴുതാന്‍ കൊതിച്ചു. സാഹിത്യവിമര്‍ശകനായിരുന്ന ജെനോ പാംപലോനിക്ക് എഴുതിയ കത്തില്‍ കാല്‍വിനോ ഇപ്രകാരം പറയുന്നു: ''എനിക്ക് ഞാനെഴുതിയ കൃതികളുടെ പരിമിതികളില്‍നിന്നു രക്ഷപ്പെടേണ്ടതുണ്ട്. യക്ഷിക്കഥകള്‍, സാഹസകഥകള്‍, തമാശക്കഥകള്‍ തുടങ്ങിയവയില്‍ ഒന്നിലും എന്നെ തളച്ചിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കെന്നെത്തന്നെ പൂര്‍ണമായി ആവിഷ്‌കരിക്കാനാവുന്ന, എന്റെ ആത്മാവിനെ തൃപ്തിപ്പെടുത്താനാവുന്ന പുതിയൊരു സാഹിത്യപാത ഞാന്‍തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.''
അത്തരമൊരു പാത വെട്ടിത്തെളിക്കാന്‍ കാല്‍വിനോ കാട്ടിയ ധൈര്യത്തില്‍നിന്നാണ് If on a Winter's Night a Traveler, Invisible Cities തുടങ്ങി വിചിത്രവും അദ്ഭുതകരവുമായ കൃതികളുടെ പിറവി. If on a Winter's Night a Traveler നോവലിനെക്കുറിച്ചുള്ള ഒരു നോവലാണ്. നോവലിലെ പ്രധാന കഥാപാത്രമാകട്ടെ നോവല്‍ വായിക്കാന്‍ ശ്രമിക്കുന്ന വായനക്കാരനും. പക്ഷേ, പലവിധകാരണങ്ങളാല്‍ വായിക്കാനെടുക്കുന്ന നോവല്‍ പൂര്‍ത്തിയാക്കാന്‍ അയാള്‍ക്കു കഴിയാതെ പോകുന്നു. പ്രസ്തുത നോവലിനായി കാല്‍വിനോ ചെയ്തത് പത്തു വ്യത്യസ്ത ശൈലികളില്‍ പത്തു നോവല്‍തുടക്കങ്ങള്‍ എഴുതുക എന്നതായിരുന്നു. ഈ പത്തും കാല്‍വിനോവിയന്‍ ശൈലിയില്‍ അടുക്കപ്പെട്ടപ്പോള്‍ അതു സാഹിത്യലോകം അന്നോളം കാണാത്ത ഒന്നായി മാറി. സാഹസികസഞ്ചാരിയായിരുന്ന മാര്‍ക്കോപോളോയും മംഗോളിയന്‍ചക്രവര്‍ത്തിയായിരുന്ന കുബ്ലായ്ഖാനും തമ്മിലുള്ള സാങ്കല്പികസംഭാഷണത്തിലൂടെയാണ് Invisible Cities (അദൃശ്യനഗരങ്ങള്‍) എന്ന നോവലിന്റെ വികാസം. ഇവരുടെ സാങ്കല്പികസംഭാഷണത്തിന്റെ കേന്ദ്രമാകട്ടെ കാല്‍വിനോവിയന്‍ഭാവനയില്‍ വിരിഞ്ഞ സാങ്കല്പികനഗരങ്ങളും. എന്നാല്‍, ഭാവനകള്‍ക്കപ്പുറം ഈ അദൃശ്യനഗരങ്ങളുടെ ചിത്രീകരണത്തില്‍ മനുഷ്യവംശത്തിന്റെ ഇന്നോളമുള്ള ചരിത്രവും ഓര്‍മകളും അടയാളങ്ങളും അനുഭവങ്ങളുമൊക്കെ തെളിയുന്നു എന്നിടത്താണ് കൃതിയുടെ മഹത്ത്വം. കാല്‍വിനോയ്ക്കുമാത്രമെഴുതാനാകുന്ന, കാല്‍വിനോയുടെ കണ്ണുകളില്‍ മാത്രം തെളിയുന്ന ഈ അനന്യമായ അക്ഷരപ്രപഞ്ചം വായനക്കാരെ അമ്പരപ്പിക്കുന്നു.
തന്റെ എഴുത്തിനെക്കുറിച്ച്, വായനയെക്കുറിച്ച് തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ഒക്കെയും പല കാലങ്ങളില്‍ പല പ്രസിദ്ധീകരണങ്ങളില്‍ കാല്‍വിനോ എഴുതിയ ലേഖനങ്ങളുടെ പ്രൗഢോജ്ജ്വലമായ സമാഹാരമാണ് 'The Written World and the Unwritten World' (എഴുതപ്പെട്ട ലോകവും എഴുതപ്പെടാത്ത ലോകവും) എന്ന പുസ്തകം. ഒരു നല്ല വായനക്കാരന്റെ പുസ്തകങ്ങളോടുള്ള അടക്കാനാവാത്ത സ്‌നേഹമാണ് ആദ്യലേഖനത്തിന്റെ ഇതിവൃത്തം.
ഒരു നല്ല വായനക്കാരന്‍ തന്റെ അവധിക്കാലത്തിനായി അക്ഷമയോടെ കാത്തുനില്‍ക്കും. ഏറെനാളായി വായിക്കണം എന്നാഗ്രഹിക്കുന്ന പുസ്തകങ്ങള്‍ ആത്മാവില്‍ നിറയ്ക്കാനുള്ള അസുലഭ സന്ദര്‍ഭമാണത്. അയാള്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങളെല്ലാം വായിച്ചുതീര്‍ക്കാന്‍ തീര്‍ച്ചയായും ആ അവധിക്കാലം പര്യാപ്തമല്ല.
ആ തിരിച്ചറിവില്‍ അതീവവേദനയോടെയാണെങ്കിലും ചില പുസ്തകങ്ങള്‍ അയാള്‍ക്കു തിരികെവയ്‌ക്കേണ്ടിവരുന്നു, അടുത്ത അവധിക്കാലം അവര്‍ക്കുള്ളതാണെന്നു മനസ്സിലുറപ്പിച്ചുകൊണ്ട്.
പിന്നെ, മലമുകളിലോ നദീതീരത്തോ കടല്‍ക്കരയിലോ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടത്തിരുന്ന് നിറഞ്ഞ ഹൃദയത്തോടെ അയാള്‍ ഇഷ്ടപുസ്തകം തുറക്കുന്നു. അഭേദ്യമായൊരു നിര്‍വൃതിയോടെ ആ മനുഷ്യന്‍ ഭൂമിയിലെ തന്റെ സ്വര്‍ഗത്തിലേക്കു പ്രവേശിക്കുകയാണ്.
ആ അവധിക്കാലം കഴിയുമ്പോള്‍ അയാള്‍ തീര്‍ച്ചയായും പഴയ മനുഷ്യനായിരിക്കില്ല. അക്ഷരങ്ങള്‍ അയാളെ ഒരു ആന്തരികപരിണാമത്തിനു ((Spiritual evolution) വിധേയമാക്കിയിട്ടുണ്ടാവും. എല്ലാ നല്ല പുസ്തകങ്ങളുടെയും ധര്‍മം അതുതന്നെയാണല്ലോ. വഴിയിലെ കല്ലു മാറ്റി, കണ്ണിലെ പൊടി മാറ്റി, വഴിയെയും മിഴിയെയും കൂടുതല്‍ പ്രകാശമുള്ളതാക്കുക.
'എന്തുകൊണ്ട് എഴുത്തുകാരനായി തുടരുന്നു?' എന്ന ചോദ്യത്തിന് 'ഇന്നോളം എഴുതിയതൊന്നും തന്നെ തൃപ്തനാക്കാത്തതുകൊണ്ട്' എന്നതാണ് കാല്‍വിനോയുടെ മറുപടി. ഇന്നലെവരെ എഴുതിയ വയൊക്കെ മായ്ക്കാനും കാലത്തിനു മായ്ക്കാനാവാത്ത നവസൃഷ്ടികളില്‍ ഏര്‍പ്പെടാനുമാണ് അയാള്‍ എപ്പോഴും ആഗ്രഹിച്ചത്. ലോകം ആ കൃതികളെ അദ്ഭുതങ്ങളെന്നു വിളിച്ചപ്പോഴും യഥാര്‍ഥ അദ്ഭുതത്തിലേക്ക് താന്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലെന്ന് കാല്‍വിനോ കരുതി. ഓരോ കൃതിക്കുശേഷവും അടുത്തത് കൂടുതല്‍ തിളക്കമുള്ളതാവുന്നതിനായി അയാള്‍ തന്റെ തൂലിക തേച്ചുമിനുക്കി. ഇന്നോളം ആരും എഴുതാത്തൊരു വരിയെഴുതാന്‍, ആരും പറയാത്തൊരു കഥ മെനയാന്‍ അയാള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു.
എഴുത്തുകാരന്‍ ഓരോ ദിനവും നിരന്തരം പുതുക്കിക്കൊണ്ടിരിക്കണമെന്ന കാര്യത്തില്‍ കാല്‍വിനോയ്ക്കു സംശയമില്ലായിരുന്നു. ഇങ്ങനെ നിരന്തരം ആര്‍ജിക്കുന്ന അറിവില്‍നിന്നുണ്ടാകുന്ന ആനന്ദമാണ് എഴുത്തുകാരന്റെ ആത്മഹര്‍ഷം.
എഴുത്താളന്റെ ഉള്ളില്‍ മനുഷ്യകുലത്തിന്റെ ചരിത്രവും ഭാവിയും സാഹസികതകളും സംഘര്‍ഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാമുണ്ട്. അയാള്‍ ഒരൊറ്റ മനുഷ്യനാണെങ്കിലും അയാള്‍ക്കുള്ളില്‍ ആയിരം മനുഷ്യര്‍ ജീവിക്കുന്നു. അങ്ങനെ അയാള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം കരയുന്നു, ക്രൂരയാതനകള്‍ സഹിക്കുന്നു. ജീവിതം വച്ചുനീട്ടുന്ന പ്രതീക്ഷിക്കാത്ത സന്തോഷങ്ങളില്‍ കണ്ണുനിറഞ്ഞു കൈ കൂപ്പുന്നു. എഴുത്തുകാര്‍ മനുഷ്യവംശത്തിന്റെയാകെ ആത്മാംശമായി പരിണമിക്കുന്നത് അങ്ങനെയാണ്.
കാല്‍വിനോയുടെ കൃതികളിലേക്കും ചിന്താലോകത്തേക്കുമുള്ള കിളിവാതില്‍കൂടിയായി മാറുന്നുണ്ട് ഈ പുസ്തകം. സാഹിത്യംമാത്രമല്ല, ശാസ്ത്രം, ചരിത്രം, നരവംശശാസ്ത്രം തുടങ്ങി നിരവധി മേഖലകളെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങളും ഇതില്‍ കാണാം.
കാല്‍വിനോ എന്ന കഥാകാരനെ, നോവലിസ്റ്റിനെ, സാമൂഹികനിരീക്ഷകനെ, ചരിത്രകാരനെ കുറെക്കൂടി അടുത്തറിയാന്‍ ഈ പുസ്തകം സഹായിക്കും.
ഇറ്റാലിയനില്‍ എഴുതപ്പെട്ട കൃതി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ആന്‍ ഗോള്‍ഡ്‌സ്‌റ്റൈനാണ്. 'മോഡേണ്‍ ക്ലാസിക്‌സ്' സീരിസില്‍ ഉള്‍പ്പെടുത്തി പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബുക്ക് ഷെല്‍ഫ്