•  27 Feb 2025
  •  ദീപം 57
  •  നാളം 50
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

   വല്യമ്മച്ചിക്ക് ഇരട്ടത്താപ്പുനയം. തന്നെക്കൊണ്ട് ദേഹംകുളിപ്പിക്കാന്‍ ചൂടുവെള്ളവും തലകഴുകാന്‍ കുളിരുമാറ്റിയ വെള്ളവും കുളിമുറിയിലെ കുട്ടകത്തിലും വലിയ ചെമ്പുകലങ്ങളിലും നിറപ്പിച്ചു. എല്ലാരേം ഒടുക്കത്തെ കുളി കുളിപ്പിക്കാനാണ്.  ദേഹമാസകലം കുഴമ്പുതേപ്പിച്ച്, ഇടിച്ചുതിരുമ്മിച്ചു. എന്നിട്ടു പറഞ്ഞു: ''ഞാന്‍ മാത്തൂട്ടിയെക്കൊണ്ട് നിനക്കു നല്ല പാവാടേം ബ്ലൗസും തയ്പിച്ചു തരാം, ഞാനിപ്പറഞ്ഞത് തല്‍ക്കാലം ആരോടും പറേണ്ട. നെന്റെ അമ്മപോലും ഇപ്പം അറിയണ്ട''. 
ലിസി വലിയ കലത്തില്‍ വെള്ളമൊഴിച്ച് അടുപ്പത്തുവച്ചു. അതായത്, ദിവാസ്വപ്നം കണ്ടു. നല്ല പാവാടത്തുണികളും ബ്ലൗസ് തുണികളും കണ്ടുവച്ചു. ബായ്ക്ക് ഓപ്പണ്‍ ബ്ലൗസ് തയ്പിക്കാം. അതാകുമ്പോള്‍ ധൈര്യമായി കുനിഞ്ഞൊക്കെ നില്ക്കാം.
യാതൊരു വളര്‍ത്തുദോഷവും അമ്മയ്‌ക്കെതിരേ ഉണ്ടാകാന്‍ പാടില്ല. ശരീരം കാണിച്ച് അങ്ങനെ എക്‌സ്‌പോസായി നടക്കുന്നവരെ കാണുന്നതുതന്നെ ലിസ്സിക്കറപ്പാണ്. എന്തിനാണ് ഇവറ്റകള്‍ ഇങ്ങനെ വേഷം കെട്ടുന്നത്? 
എന്നാല്‍, മാത്തുക്കുട്ടിപ്പാപ്പന്റെ ഇംഗ്ലീഷുകാരിയായ ഭാര്യ ഡോറിനാന്റി സ്ലീവ്‌ലെസ് ബ്ലൗസ്സുകളും ഫ്രോക്കുകളും ഒക്കെ ഇട്ടു നടക്കാറുണ്ട്. അതവരുടെ സംസ്‌കാരത്തിന്റെയും നാടിന്റെയും രീതിയാണ്. അവരുടെ മുഖത്തു പെരുമാറ്റരീതികളിലുമാണ് എല്ലാവരും ശ്രദ്ധ പതിപ്പിക്കുക. ഒരു വൃത്തികേടും തോന്നില്ല. സ്ലിം ബ്യൂട്ടി. അവരുടെ കൈകാലുകളിലെ നഖങ്ങളും സില്ക്കുനൂലുകള്‍പോലെ മിനുസമാര്‍ന്ന മുടിയഴകും ആരും നോക്കിനിന്നു പോകും. 
ഡോറിനാന്റിയുടെ തോളറ്റംവരെ ക്രോപ്പ് ചെയ്ത സ്വര്‍ണമുടിയും ലിപ്സ്റ്റിക്കിട്ടതുപോലെ തോന്നിക്കുന്ന ചെറിയ ചെഞ്ചുണ്ടുകളും കൈകാല്‍നഖങ്ങളിലെ നെയില്‍പോളീഷും ഇറക്കം കുറഞ്ഞ ഫ്രോക്കും ഹൈഹീല്‍ഡ് ചെരുപ്പുകളിട്ടുള്ള, ആര്‍ക്കും ഓമനത്തം തോന്നുന്ന നടത്തവും, എന്തിനേറെ വല്യപ്പച്ചനുപോലും ഇഷ്ടമാണ്. അവരുടെ ശരീരവടിവുകള്‍ എത്ര സൂക്ഷിച്ചു നോക്കിയാലും പുറത്തു കാണാനാവില്ല. അത്ര ഒതുക്കമാണ്. 
ഗോതമ്പുനിറമുള്ള ഡോറിനാന്റിയെ ദൂരെനിന്നു കാണാന്‍ ലിസിയുടെ കൂട്ടുകാരികള്‍ എത്രതവണ വന്നിട്ടുണ്ടെന്നോ! അവള്‍ പലരോടും അഭിമാനപുരസ്സരം പറഞ്ഞിട്ടുണ്ട്, ദാ അതാ ഞങ്ങടെ മദാമ്മയാന്റി, മാത്തുക്കുട്ടിപ്പാപ്പന്റെ ഭാര്യയാ, ഇംഗ്ലീഷുകാരിയാ ഞങ്ങള്‍ പള്ളിയിലും കല്യാണത്തിനുമൊക്കെ ഇടുന്ന എല്ലാ നല്ല ഉടുപ്പുകളും ഡോറിനാന്റി തന്നതാ. 
അതിനൊപ്പിച്ച് മോന്തിക്കുടിക്കാന്‍ നല്ലനേരം നോക്കേണ്ട ഗതികെട്ട പെണ്ണുങ്ങള്‍ ഇറക്കംകുറഞ്ഞ ഉടുപ്പുമിട്ട്, ഭംഗിയില്ലാത്ത തോളുകളും മാറിടവും പുറത്തുകാണിച്ചു നടക്കുമ്പോള്‍ അറപ്പേ തോന്നത്തൊള്ളൂ. 
വല്യമ്മച്ചിയുടെ പുറം ലിസി ഇഞ്ചയിട്ട് നന്നായി തേച്ചുകൊടുത്തു. അതോടൊപ്പം പുതിയ ബ്ലൗസ്സും പാവാടയും ധരിച്ച് പള്ളിയിലും പിന്നെ പഠിക്കാനും പോകുന്നത് സ്വപ്നം കണ്ടു. 
പക്ഷേ, വല്യമ്മച്ചി 'തനിക്കൊണം' കാണിച്ചു. 
ഇറച്ചിയും മീനും ഉപ്പേരിയുമൊക്കെയുണ്ടാക്കിയ തേച്ചുവെളുപ്പിക്കാന്‍ പാടായ ഉരുളികളും ചീനച്ചട്ടികളും തുടങ്ങി അങ്ങനെ സര്‍വപാത്രങ്ങളും അവള്‍ക്കു തേച്ചുവെളുപ്പിക്കാന്‍ പെറുക്കിയിട്ടുകൊടുത്തു. മാത്തുക്കുട്ടിപ്പാപ്പനും  ഡോറിനാന്റിയും കാണാതിരിക്കാന്‍ അവള്‍ അടുക്കളഭിത്തിയ്ക്കു മറഞ്ഞിരുന്ന് പാത്രങ്ങള്‍ തേച്ചുമിഴക്കി. അവരു കാണുന്നത് അവള്‍ക്ക് മഹാകുറച്ചിലും നാണക്കേടുമാണ്. എന്നിട്ടും ഇടയ്ക്കുപോയി വല്യമ്മച്ചിയുടെയും വല്യപ്പച്ചന്റെയും തുപ്പല്‍കോളാമ്പികളുംകൂടി ചെന്നെടുത്ത്,  തേച്ച് വെയിലത്തു വച്ചുണക്കാന്‍ നിര്‍ബന്ധിതയായി. അങ്ങനെ, വല്യപ്പച്ചന്‍ കിടക്കുന്ന തളത്തിലേക്കും, വല്യമ്മച്ചി കിടക്കുന്ന വാരത്തിലേക്കും തേച്ചുമിഴക്കി വെയിലത്തുണക്കിയെടുത്ത കോളാമ്പികള്‍ വയ്ക്കാന്‍ പോയപ്പോള്‍ വല്യമ്മച്ചി ലിസിയെ കാണിച്ചിട്ട് മാത്തുക്കുട്ടിയോടു പറഞ്ഞു: ''എടാ മാത്തൂട്ടിയേ ദേ, ഇവക്കു നീ പുത്തന്‍ വല്ലോമൊരെണ്ണമെടുത്തു കൊടുക്കടാ കുഞ്ഞേ.''
ലിസി ചമ്മിപ്പോയി. അവള്‍ക്കതു വലിയ കുറച്ചിലായിത്തോന്നി. 
മാത്തുക്കുട്ടിപ്പാപ്പന്‍ ചോദിച്ചു: ''അതെന്താ പുത്തനെന്നു പറഞ്ഞെ... ങേ?''
ഒരു നിമിഷം ഒന്നു നിര്‍ത്തിയിട്ട് തുടര്‍ന്നു ചോദിച്ചു: ''ഞാന്‍ പഴേതാ കൊടുക്കുന്നെന്നു പറഞ്ഞോ?''
''ങാ നീ നെന്റെ മകള്‍ കുക്കീടെ പഴേതാ കൊടുക്കുന്നെന്ന് മറിയക്കുട്ടിയോടു പറഞ്ഞെന്ന്, അതു മറിയക്കുട്ടി പറഞ്ഞറിഞ്ഞ ഡോറിന്‍, ബേവിച്ചന്റെ പെമ്പിള്ളേര്‍ക്കു കൊണ്ടുവന്നതെല്ലാം ആര്‍ക്കെങ്കിലും കൊടുത്തോന്നു പറഞ്ഞ് മറിയക്കുട്ടിയെ  ഏല്പിച്ചെന്ന്.''
മാത്തൂട്ടിപ്പാപ്പന്റെ മുഖം രോഷംകൊണ്ടു ചുവന്നു. ഡോറിനു മലയാളം കേട്ടാല്‍ കാര്യങ്ങള്‍ പെട്ടെന്നു മനസ്സിലാകും. എന്നാല്‍, മലയാളം സംസാരിക്കാനറിയില്ല. 
ഡോറിനാന്റി ഇംഗ്ലീഷിലാണ് കൂടുതലും സംസാരിക്കുന്നത്. ഹിന്ദിയിലും മറാത്തിയിലും നന്നായി സംസാരിക്കാനറിയാം. കാരണം, അവര്‍ നേരത്തേ ബോംബെയിലായിരുന്നു. അപ്പാപ്പനോടും മക്കളോടും മാറിമാറി പല ഭാഷകളില്‍ അവര്‍ സംസാരിക്കുന്നതു കേട്ട് അവള്‍ വിസ്മയംപൂണ്ടു നിന്നിട്ടുണ്ട്. ഇതുകണ്ടിട്ട് അപ്പന്റെ മറ്റൊരു സഹോദരനായ അച്ചോയി പറഞ്ഞിട്ടുണ്ട്: ''വായടയ്‌ക്കെടീ ലിസിക്കുട്ടീ, വായി വല്ല ഈച്ചേം കേറും''
മാത്തൂട്ടിപ്പാപ്പന്‍ ഡോറിനോട് കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി. മാത്തൂട്ടിപ്പാപ്പനും കുടുംബവും എന്നു നാട്ടില്‍ വന്നാലും ഒരു ദിവസത്തെ ഊണും കാപ്പിയും ലിസിയുടെ വീട്ടില്‍ പതിവാണ്. പിന്നെ സായാഹ്നങ്ങളില്‍ അവര്‍ താഴെ വീട്ടില്‍വന്ന് അല്പനേരം നാട്ടുവിശേഷങ്ങള്‍ കേട്ടും പഴയകാലജീവിതചര്യകള്‍ പറഞ്ഞുമിരിക്കാറുണ്ട്. 
അങ്ങനെ അവസരം വീണുകിട്ടുമ്പോള്‍ തങ്ങളുടെ നിരപരാധിത്വം അപ്പനെക്കൊണ്ടും അമ്മെക്കൊണ്ടും മാത്തുക്കുട്ടിയെ പറഞ്ഞുബോധിപ്പിക്കണം ലിസി തീരുമാനിച്ചുറച്ചു. കഷ്ടംതന്നെയാണ്, മറിയക്കുട്ടിക്കൊച്ചമ്മയുടെ ഈ സ്വഭാവം. തീരെമോശം. മൊട്ടത്തലയും കുടുമ്മയുംകൂടി കൂട്ടിക്കെട്ടുക. എന്നിട്ട് കുഞ്ഞാടിനെയും ചെന്നായയെയുംകൂടി തമ്മിലിടിപ്പിച്ച് ഒഴുകിവീഴുന്ന ചോരനക്കി ആര്‍ത്തി തീര്‍ക്കുക. കൊച്ചമ്മയ്ക്കു പെണ്‍മക്കളില്ല, എന്നാല്‍, അവര്‍ക്കു പെണ്‍കുട്ടികളുടെ ഫാഷന്‍ ഡ്രസ്സുകള്‍ കാണുമ്പോള്‍ വാരിക്കൂട്ടി മുഴുവനും സ്വന്തം സഹോദരങ്ങളുടെ മക്കള്‍ക്കു നല്കണം. അതിനായിക്കണ്ട വക്രത നിറഞ്ഞ വഴിയാണിത്. 
 ''നീയതൊന്നും നോക്കണ്ട, ഇതുങ്ങളെക്കൊണ്ടു ഞാന്‍ ഇടയ്‌ക്കൊക്കെ വല്ലോം ഒരു പിലാവില കമത്തിവയ്പിക്കുന്നതാ, ബേവീടെ പെമ്പിളയ്ക്കതത്ര രസിക്കുന്നില്ലേലും.''
വല്യമ്മച്ചി ദീര്‍ഘമായി ഒന്നു നിശ്വസിച്ചിട്ട് തുടര്‍ന്നു: ''എടാ കുഞ്ഞേ, നീയാ താറയ്‌ക്കൊന്നും കൊടുക്കണ്ട,'' സാറാച്ചേടത്തിയുടെ കാര്യമാണ്.
''അവളാ എന്നേം മക്കളേം തമ്മിലടിപ്പിക്കുന്നത്. കുന്നായ്മക്കാരി. അടുക്കളപ്പൊറം പൊകേന്നതവക്കു കാണാമ്മേല.'' 
ഇച്ചാച്ചന്‍ പറഞ്ഞ് ലിസ്സി കേട്ടിട്ടുണ്ട്, അമ്മച്ചി പെറ്റിട്ടതേയുള്ളൂ, മക്കളെ വളര്‍ത്തിയതെല്ലാം സാറാച്ചേടത്തിയാണെന്ന്. കൂട്ടത്തില്‍ ഏറ്റവും ലാളന മാത്തുക്കുട്ടിയോടായിരുന്നത്രേ! എന്നിട്ടാണ് താറായ്ക്ക് ഒന്നും കൊടുക്കണ്ടാന്നുള്ള കല്പന.
പക്ഷേ, മാത്തുക്കുട്ടിപ്പാപ്പന്‍ ആ പ്രാവശ്യം തങ്ങള്‍ക്കായി കൊണ്ടുവന്നതൊന്നും തന്നില്ല, പ്രത്യേകിച്ച് വല്യമ്മച്ചി പറഞ്ഞ പുത്തനും. കുക്കിയുടെ പലപ്രകാരത്തിലുള്ള വിശേഷ വസ്ത്രങ്ങള്‍ നുണപടച്ചുണ്ടാക്കി, പാവങ്ങള്‍ക്കു കൊടുക്കാനെന്ന വ്യാജേന തട്ടിപ്പറിച്ചെടുത്ത് മറിയക്കുട്ടി അവരുടെ സഹോദരങ്ങളുടെ മക്കള്‍ക്ക് കൊടുത്തു.
ലിസിയോര്‍ത്തു: ഇന്നാട്ടിലെ പാവങ്ങള്‍ തങ്ങളെക്കഴിഞ്ഞ് ആരാ? വല്യകുടുംബത്തിലെ കുഞ്ഞുങ്ങള്‍ എന്ന പേരുവീണിരിക്കുന്നതിനാല്‍ ഒരുകൈ സഹായം ചെയ്യാന്‍ ആരുമില്ല.
കുക്കിയുടെ അത്രയും മനോഹരമായ വസ്ത്രങ്ങള്‍ മലയാളക്കരയിലാരുംതന്നെ ഇതിനുമുമ്പൊരിക്കലും കണ്ടിട്ടുകൂടി കാണില്ല. അത്ര ഒന്നാന്തരമാണ്. എന്നാല്‍, ഈവേള അതെല്ലാം നഷ്ടപ്പെട്ടു. 
മാത്തുക്കുട്ടിപ്പാപ്പന്റെ മനസ്സില്‍ എന്തൊക്കെയോ കാര്‍മേഘപാളികള്‍ തറവാട്ടുകാര്‍ കടത്തിവിട്ടിട്ടുണ്ട്. അത് പെയ്‌തൊഴിപ്പിക്കാനൊന്നും തന്റെ അപ്പനുമമ്മയ്ക്കും അവസരം കിട്ടിയതുമില്ല. എപ്പോള്‍ മാത്തുക്കുട്ടിപ്പാപ്പന്‍ കയറിവന്നാലും എസ്‌കോര്‍ട്ടായി കുഞ്ഞവറാപ്പാപ്പന്‍ കൂടെ കാണും. അപ്പോള്‍ മാത്തുക്കുട്ടിയെ ഇരിക്കാനോ കാപ്പികുടിക്കാനോ അനുവദിക്കാതെ കുഞ്ഞവറാ എന്ന കൊച്ചുപ്പാപ്പന്‍ എളുപ്പം കൊണ്ടുപോകും. ഡോറിനോട് ഇത്തരം അരിക്കണക്കുകള്‍ ഒന്നും പറയാന്‍ അപ്പന്‍ അമ്മയ്ക്ക് അനുവാദം കൊടുത്തിട്ടുമില്ല. എന്നിരുന്നാലും ഡോറിനാന്റിക്ക് അമ്മയുണ്ടാക്കുന്ന പരിപ്പുവടയും പഴംപൊരിയും വെള്ളേപ്പവും കറികളുമൊക്കെ വലിയ ഇഷ്ടമാണ്. പണ്ടൊക്കെ വീട്ടില്‍ വന്നാല്‍ ഓരോന്നിന്റെയും പാചകക്കുറിപ്പുകൂടി ചോദിച്ചുമനസ്സിലാക്കി നിറമനസ്സോടെ കഴിച്ച് 'താങ്ക്യു' പറഞ്ഞ് പോകാന്‍നേരം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തായിരുന്നു മടങ്ങുന്നത്. അപ്പന്റെ മുറുക്കാന്‍ വാങ്ങി ഡോറിനാന്റി മുറുക്കി ചുണ്ടുകള്‍ ചുവപ്പിച്ചു കാണിക്കും. 
മലേഷ്യനപ്പച്ചന്‍ വന്നാലും കുഞ്ഞവറാ എന്ന കൊച്ചുപ്പാപ്പന്‍ ഒപ്പം വന്ന് ഇളംതിണ്ണയില്‍ നില്ക്കും, എത്ര സ്‌നേഹത്തോടെ ക്ഷണിച്ചാലും അകത്തുകയറില്ല. അപ്പന് തന്റെ സഹോദരങ്ങളോട് ഒന്നു സ്വതന്ത്രമായി സംസാരിക്കാന്‍ അവസരം അങ്ങനെ നിഷേധിക്കപ്പെടും. 
ഇനി അവരുടെ ഭാര്യമാരോ മക്കളോ കൂടെയുണ്ടെങ്കില്‍ അപ്പന്‍ പറയും; അവരെന്തിനാ ഈ ചീഞ്ഞ കുടുംബക്കാര്യങ്ങള്‍ അറിയുന്നത്, തിന്നുംകുടിച്ചും ആനന്ദിക്കാനും അവധി ആഘോഷിക്കാനുമാണ് അവരൊക്കെ നാട്ടില്‍ വരുന്നത്. അതുകൊണ്ട് തീറ്റിയും കുടിപ്പിച്ചും ആനന്ദിപ്പിച്ചും അങ്ങുവിടും. യാതൊരു കമ്മ്യൂണിക്കേഷനും മാര്‍ഗമില്ലാതെ തെറ്റിദ്ധരിക്കപ്പെട്ടവളായി അമ്മ സഹനപുത്രിയാകും.
മാത്തുക്കുട്ടിപ്പാപ്പനെയും കുടുംബത്തെയും നിര്‍ബന്ധിച്ച് മറിയക്കുട്ടിക്കൊച്ചമ്മ തന്റെ പിതൃഗൃഹമായ കൊമ്പമ്മേട്ടിലേക്കു കൊണ്ടുപോയി. തന്ത്രങ്ങളെല്ലാം മെനയുന്നത് കൊച്ചമ്മ ഒറ്റയ്ക്കാണല്ലോ.
കഴിഞ്ഞതവണ മാത്തുപ്പാപ്പന്‍ തന്ന ഉടുപ്പുകള്‍ മാറിമാറി ധരിച്ച് നിഗളിച്ചുനടന്നപ്പോള്‍ കൊച്ചമ്മ തിരുവായ്‌മൊഴിഞ്ഞുപറഞ്ഞതെന്തെന്നാല്‍, ''എന്റെ പെണ്ണുങ്ങളേ, നിങ്ങക്കു പറയാമ്മേലെ ഞങ്ങക്കീപ്പഴേതൊന്നും വേണ്ടെന്ന്.''
''നല്ല ഉടുപ്പുകളാ ഞങ്ങക്കൊത്തിരി ഇഷ്ടമാ.'' 
അവര്‍ പെണ്ണുങ്ങള്‍ എന്നുവിളിക്കുന്ന തങ്ങള്‍ മൂന്നു പെമ്പിളേളരും, താനും മേഴ്‌സിയും സുമയും, ചേര്‍ന്ന് ഐക്യത്തോടെ പറഞ്ഞതാണ്. 
എന്നിട്ടും, അവര്‍ വാക്കു വളര്‍ത്തി, വളച്ചു സംസാരിച്ച് അമ്മയെക്കൊണ്ടു പറയിച്ചു: 
''പഴേതു മതി മറിയക്കുട്ടീ, പഴേതിനുതന്നെ ഇവര്‍ക്കെന്നാ യോഗ്യത, അവരുടെ നല്ല മനസ്സിന് നിധിപോലെ സൂക്ഷിച്ച് ഇവര്‍ക്കുകൊണ്ടെ കൊടുക്കുന്നത് എത്ര വെല്യ കാര്യമാ.''
അങ്ങനെ തങ്ങള്‍ക്കുള്ള വസ്ത്രപ്രവാഹം കൊച്ചമ്മ തടഞ്ഞുനിര്‍ത്തി. അല്ലെങ്കില്‍ ലിസിക്കും സഹോദരിമാര്‍ക്കും വിലപ്പെട്ട വിശേഷവസ്ത്രങ്ങള്‍ മാറിമാറി ധരിച്ച് ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറക്കാമായിരുന്നു.
പത്തമ്പലത്ത് ആദ്യം ഷെര്‍ട്ട് ബ്ലൗസിട്ടതു ലിസിയും മേഴ്‌സിയുമാണെന്ന് കിഴക്കേവാലേലെ ലില്ലിക്കുട്ടി ഇന്നാളു കണ്ടപ്പം കൂടി പറഞ്ഞു. അതൊക്കെ കുക്കിയുടെ ഉടുപ്പുകളായിരുന്നു. ഷെര്‍ട്ട് ബ്ലൗസുകളും ഇറക്കം കുറഞ്ഞ അംബ്രല്ലാസ്‌കേര്‍ട്ടുകളും. ചില സ്‌കേര്‍ട്ടുകള്‍ക്ക് വളരെ വീതിയുള്ള ഒന്നോ രണ്ടോ ഞൊറികള്‍ മാത്രം, ചിലതിന് തുരുതുരാ അടുപ്പിച്ചടുപ്പിച്ചുള്ള ഞൊറികള്‍. ഇസ്തിരിപ്പെട്ടികൊണ്ട് തേയ്ക്കണ്ട ആവശ്യമേയില്ല. എന്നും തേച്ചതുപോലെ ഞൊറി ഞൊറിയായി കിടക്കും. ചില സ്‌കേര്‍ട്ടുകള്‍ ഒരു ടവ്വല്‍പോലെ തോന്നിക്കും. കൂട്ടിക്കുത്താന്‍ ഹുക്കുകളും പിന്നുകളും ചേര്‍ത്ത് തയ്ച്ചിട്ടുള്ളത്. പിന്നെ തങ്ങള്‍ ഉടുക്കാക്കുണ്ടന്‍ ഉടുപ്പ് എന്നു പരിഹസിച്ചു പറയുന്ന ഒറ്റഞൊറിപോലുമില്ലാത്ത മദാമ്മ ഫ്രോക്കുകള്‍. അതുടുത്താല്‍ തുണിയുടുത്തിട്ടുണ്ടെന്ന സ്വയംതോന്നല്‍ കിട്ടാത്തതിനാലാണ് അത്തരം പേര് മേഴ്‌സി ആ ഉടുപ്പുകള്‍ക്കു നല്കിയത്. അത് പള്ളിയില്‍ മാത്രമിടാന്‍ തരുന്നതാണ്. പക്ഷേ, അക്കാലങ്ങളില്‍ നാട്ടില്‍ ആ ഉടുപ്പുകള്‍ മറ്റാര്‍ക്കുമില്ലാത്തതിനാലും ഫ്രോക്കിന്റെ പ്രായം തങ്ങള്‍ക്കു കഴിഞ്ഞുപോയി എന്ന തോന്നലിനാലും മേഴ്‌സിയും ലിസിയും ആ മദാമ്മഫ്രോക്കുകള്‍ വീട്ടില്‍മാത്രം ധരിച്ചു. പിന്നീട് അത്തരം ഡ്രസ്സുകള്‍ നാട്ടില്‍ ചില പ്രവാസികളൊക്കെ കൊണ്ടെക്കൊടുത്ത് പലരും ഇളകിക്കളിച്ച്  ധരിച്ചുനടക്കുന്നതു കണ്ടപ്പോള്‍ തങ്ങള്‍ക്ക് അന്നു ഷൈന്‍ ചെയ്യാനാകാത്തതില്‍ ഖേദം തോന്നി.
സണ്‍ഡേസ്‌കൂളില്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ ഓടിവന്ന് ഫാഷന്‍ ശ്രദ്ധിക്കും. അവിടെ തങ്ങളെ കൂടാതെ ഫാഷനില്‍ വരുന്നത് ബോംബെബന്ധങ്ങളുള്ള കൊച്ചുപുരയ്ക്കലെ സിബിയും ബിസിയുമാണ്. സിബി ഇട്ട ഒരുടുപ്പു കണ്ടാല്‍ പപ്പു പറിച്ചെടുത്ത കോഴിയെപ്പോലിരിയ്ക്കും. 
സണ്‍ഡേസ്‌കൂളിനെപ്പറ്റി ചിന്തിക്കുമ്പോള്‍ ഓര്‍മ വരുന്നത് മാത്തൂട്ടിപ്പാപ്പന്‍ വന്നതിനു മുമ്പത്തെ തങ്ങളുടെ അവസ്ഥയാണ്. താനും മേഴ്‌സിയും പള്ളിവരാന്തയുടെ അരപ്ലേസിലിരുന്ന് മറ്റു പെണ്‍കുട്ടികള്‍ കളിക്കുന്ന കുടുകുടുകളി ആസ്വദിക്കുകയാണ്. പെണ്‍കുട്ടികളുടെ സെറ്റ് പള്ളിയുടെ തെക്കുഭാഗത്ത് കുടുകുടു എന്നു പറഞ്ഞും,  വടക്കുഭാഗത്ത് ആണ്‍കുട്ടികള്‍ കബഡി കബഡി എന്നും പറഞ്ഞുകൊണ്ടാണ് കളിക്കുന്നത്. 
കൂട്ടുകാര്‍വന്ന് അവര്‍ക്കൊപ്പംകൂടി കളിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മേഴ്‌സിച്ചേച്ചി അവര്‍ക്കൊപ്പം കൂടിക്കളിച്ചു. താന്‍ പോയില്ല. നല്ല ആരോഗ്യമുള്ള കുട്ടികള്‍ എല്ലാംകൂടി വന്നു കെട്ടിപ്പിടിക്കുമ്പോള്‍ തനിക്കു ശ്വാസം മുട്ടും. കെട്ടിപ്പിടിക്കുമ്പോള്‍ ഇക്കിളീം കൂടും. ആ കെട്ടിപ്പിടിത്തം ഒട്ടും ഇഷ്ടോമല്ല. എന്നാല്‍, കളി കണ്ടിരിക്കാന്‍ എന്തു രസമാണെന്നോ!
കുടുകുടുകളി ആവേശത്തോടെ കാണുകമാത്രമാണ് തന്റെജോലി. രണ്ടുഭാഗത്തായിനിന്ന് രണ്ടു സംഘങ്ങളായിട്ടാണ് കളിക്കാര്‍ നിന്നു കളിക്കുന്നത്. ഒരുസൈഡില്‍നിന്ന് ഓരോരുത്തരായി വന്ന് ശ്വാസംവിടാതെ, ഒറ്റശ്വാസത്തില്‍ കുടുകുടു എന്ന് ഉറക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് ഓടിവന്ന് എതിര്‍ സൈഡിലുള്ളവരെ തൊടുന്നു. സ്പര്‍ശനമേറ്റയാള്‍ പുറത്താകും. ശ്വാസംവിട്ടുപോയാല്‍ കുടുകുടു പറഞ്ഞ് തൊടാന്‍ ഓടിച്ചെല്ലുന്നയാള്‍ തോറ്റു കളിയില്‍നിന്നു പുറത്താകും. ഇങ്ങനെ ഓടിച്ചെല്ലുന്നവരെ മറുപക്ഷക്കാര്‍ വന്ന് കൂട്ടമായി പിടിച്ചുവലിച്ച് നടുസഭയില്‍ തൊടീക്കാതെ തോല്പിക്കുന്നതും കളിയുടെ പ്രത്യേകതയാണ്. 
ചിലദിവസം കുടുകുടുവണ്ടീ കുട്ടായിവണ്ടി, അപ്പപ്പത്തല്‍, ഞാറപ്പത്തല്‍ താത്തൂ...താത്തൂ.. എന്ന് ശ്വാസം വിടാതെ പാടിക്കൊണ്ടാവും കുടുകുടു കളിക്കുക.
കാലം കുറെ പോയപ്പോള്‍ കുടുകുടുവിന് പണ്ട് ആണ്‍കുട്ടികള്‍ കൊടുത്ത കബഡി എന്നപേരില്‍ ദേശീയകളിയാക്കി ഉയര്‍ത്തി. ശ്വാസംവിടാതെ 'കബഡിക്കബഡിക്കബഡി'എന്നു പറഞ്ഞുകൊണ്ടാണ് കബഡികളി. 
കബഡികളി കണ്ടിരിക്കാന്‍ എത്ര ആവേശകരവും രസകരവുമാണെന്നോ! 
 
(തുടരും)
 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)