തികച്ചും അപ്രതീക്ഷിതമായി അമ്പു വന്നു പതിച്ചതോടെ എല്ലാവരും ഒന്നു സ്തംഭിച്ചുനിന്നുപോയി. പൊടുന്നനെ സംഭവിച്ച ആ ദുരന്തത്തില്‍ കുറേനേരം അവര്‍ ഞെട്ടിനിന്നു.
അടുത്തനിമിഷം അവര്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. തങ്ങളുടെ പ്രിയങ്കരനായ സോയൂസിന്റെ കൈത്തണ്ടയില്‍ അമ്പേറ്റിരിക്കുന്നു. രക്തം ചീറ്റിയൊഴുകുന്നു.
''രക്ഷിക്കണേ! രക്ഷിക്കണേ!'' സോയൂസ് ദിഗന്തങ്ങള്‍ ഞടുങ്ങുമാറുച്ചത്തില്‍ വേദനകൊണ്ടു നിലവിളിച്ചു. പെട്ടെന്ന് എല്ലാവരും ഓടിയെത്തി സോയൂസിനെ താങ്ങിയെടുത്ത് ഒരു പാറപ്പുറത്തു കിടത്തി. പിന്നെ ഒരു ഭടന്‍ തന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം കീറിയെടുത്ത് അമ്പേറ്റ മുറിവ് ബലമായി വലിച്ചുകെട്ടി. മറ്റൊരു ഭടന്‍ മുറിവിന്റെ ഭാഗത്ത് വിരലമര്‍ത്തി രക്തപ്രവാഹം തടഞ്ഞുനിറുത്തി. ക്രമേണ രക്തമൊലിപ്പുനിന്നു. മറ്റൊരാള്‍ കാട്ടരുവിയില്‍നിന്നു കൈക്കുമ്പിളില്‍ കോരി കുറെ വെള്ളം കുടിക്കാന്‍ കൊടുത്തു.
''അമ്പു കൊണ്ടെങ്കിലും വലിയ മുറിവില്ല.'' മേഘനാദന്‍ പറഞ്ഞു. ''ഭാഗ്യകൊണ്ട് അമ്പ് കൈയില്‍ത്തട്ടി കടന്നുപോയി. ശരീരത്തിലെ മറ്റ് ഏതെങ്കിലും അവയവത്തിലോ ശിരസ്സിലോ കൊണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും മരണം സംഭവിച്ചേനെ.''
''ഇപ്പോള്‍ ഞാന്‍ പറഞ്ഞതു മനസ്സിലായില്ലേ?'' സോയൂസ് മേഘനാദനെ നോക്കി പറഞ്ഞു.
''സോയൂസ് വിശ്രമിച്ചിരിക്ക്. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം. ഇപ്പോള്‍ താങ്കള്‍ പറഞ്ഞതു നൂറുശതമാനവും ശരിയാണെന്ന് എനിക്കു ബോധ്യമായി. ആരോ തക്ക ശത്രുക്കള്‍ നമുക്കുണ്ടായിരിക്കുന്നു. ഈ അമ്പുകൊണ്ടുള്ള ആക്രമണം നമ്മളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോ വേദന കുറവുണ്ടോ?''
സോയൂസിന്റെ കൈപ്പത്തി മുകളിലേക്കുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു ഭടന്‍ ചോദിച്ചു:
''അല്പം ആശ്വാസം തോന്നുന്നുണ്ട്. പുറത്തേക്കുള്ള ചോരയൊഴുക്കു നിന്നതുപോലെയായി.'' മേഘനാദന്‍ വീണ്ടും ചുറ്റും നോക്കിയശേഷം പറഞ്ഞു: ''കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. നാമെല്ലാം വലിയൊരു അപകടത്തിലായിരിക്കുന്നു. ശത്രു നമ്മുടെ തൊട്ടരികിലുണ്ട്. എല്ലാവരും സൂക്ഷിക്കണം. എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാം.''
അപ്പോള്‍ ഒരു ഭടന്‍ പറഞ്ഞു: ''അങ്ങനെയൊന്നും പേടിക്കേണ്ടാ. ഞങ്ങള്‍ ഇരുപതു ഭടന്മാരില്ലേ. ശത്രുക്കള്‍ വന്നാല്‍ ഞങ്ങള്‍ നേരിട്ടുകൊള്ളാം.''
''ശത്രുക്കളെ നേരിട്ടു കാണാന്‍ കഴിയുന്നില്ലല്ലോ. കാണാതെ നമുക്കവരെ എങ്ങനെ ആക്രമിക്കാന്‍ കഴിയും? എന്നാലും ഇതൊരു വല്ലാത്ത സംഭവമാണ്. രാജാവിനെ സംസ്‌കരിക്കാന്‍ വന്നവരെ ആരാണാവോ ഇങ്ങനെ ആക്രമിക്കുന്നത്?''
അതുകേട്ട് മേഘനാദന്‍ പറഞ്ഞു: ''ആദ്യത്തെകല്ല് ഉരുണ്ടുവന്നപ്പോള്‍ത്തന്നെ എനിക്കു സംശയം തോന്നി. നമ്മളെ അപായപ്പെടുത്താന്‍ ആരോ ചെയ്യുന്നതാണെന്ന്.''
അതുകേട്ട് മേഘനാദന്‍ പറഞ്ഞു. ''ഞാനെത്ര ആലോചിച്ചിട്ടും അങ്ങനെ ഒരു ശത്രുവിനെ കണ്ടെത്താന്‍ കഴിയുന്നില്ല.''
പിന്നെ ഒരു നിമിഷം ആരും ഒന്നും ശബ്ദിക്കാതെ കടന്നുപോയി. അപ്പോള്‍ പെട്ടെന്ന് കുന്നിന്‍മുകളില്‍നിന്നും വലിയൊരു കല്ല് താഴേക്ക് ഉരുണ്ടുവരുന്നത് അവര്‍ കണ്ടു. മേഘനാദന്‍ വിളിച്ചലറി. ''എല്ലാവരും ഓടിമാറിക്കോ.''
കല്ല് ഉരുണ്ടുവന്ന വഴിയില്‍ എല്ലാവരും ഓടിയകുന്നു. കല്ല് നേരേ താഴേക്കുരുണ്ട് ഒരു കാട്ടരുവിയില്‍ വലിയൊരു ശബ്ദത്തോടെ വന്നു പതിച്ചു.
അപ്പോള്‍ സോയൂസ് പറഞ്ഞു: ''നമ്മള്‍ തിരിച്ച് സ്വന്തം നാട്ടിലെത്താതിരിക്കാനുള്ള ആരുടെയോ കുടിലതന്ത്രമാണ്.''
മേഘനാദന്‍ അലറുന്ന സ്വരത്തില്‍ പറഞ്ഞു: ''നമുക്ക് പരിസരമെല്ലാം ഒന്നു തിരയാം. ഭടന്മാരെല്ലാം തയ്യാറായിക്കോ.''
എല്ലാ ഭടന്മാരും അമ്പുംവില്ലുമായി പരിസരമാകെ തിരഞ്ഞു. എങ്കിലും ആരെയും കണ്ടെത്താന്‍ കഴിയാതെ തിരിച്ചുവന്നു.
''ശത്രുക്കള്‍ എവിടെയോ മറഞ്ഞിരുന്നാണ് നമ്മെ ആക്രമിക്കുന്നത്. അവര്‍ എണ്ണത്തില്‍ കുറവായതുകൊണ്ടായിരിക്കും പതിയിരുന്ന് ആക്രമിക്കുന്നത്. നേര്‍ക്കുനേരേ വരാന്‍ അവര്‍ക്കു ധൈര്യമില്ല.''
മേഘനാദന്‍ പറഞ്ഞു.
''ശരിയാണ് രാജകുമാരാ.'' സോയൂസ് പറഞ്ഞു. ''എനിക്കും എന്തൊക്കെയോ സംശയങ്ങള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു. നമ്മള്‍ കുന്നിന്‍മുകളിലേക്കു കയറാന്‍ ആരംഭിച്ചപ്പോഴാണ് നമുക്കു നേരേ ആക്രമണം നടന്നത്. ശത്രുക്കള്‍ നമ്മുടെ സമീപത്തുതന്നെ പാറക്കെട്ടുകളില്‍ എവിടെയോ പതിയിരിക്കുന്നുണ്ട്.''
''സോയൂസ്, അക്കാര്യത്തോട് ഞാനും യോജിക്കുന്നു.'' മേഘനാദന്‍ പറഞ്ഞു. ''ശത്രു അധികം ദൂരത്തല്ല. തക്കംകിട്ടിയാല്‍ ഇനിയും നമുക്കു നേരേ വലിയ പാറക്കല്ലുകളും അമ്പുകളും പാഞ്ഞുവരാം.''
''വലിയ മരച്ചില്ലകള്‍ക്കിടയില്‍ പതുങ്ങിയിരുന്നാല്‍ അവരെ ആര്‍ക്കും കാണാനാവില്ല.'' വീണ്ടും മൗനം നിറഞ്ഞു.
സോയൂസ് തന്റെ കൈത്തണ്ടയിലെ മുറിവ് പരിശോധിച്ചുകൊണ്ടു പറഞ്ഞു: ''എനിക്കിപ്പോള്‍ പല സംശയങ്ങളും തോന്നുന്നു. ഇത്ര വലിയ ഒരു സര്‍പ്പം കൊട്ടാരത്തില്‍ എങ്ങനെ കയറി? അതും മാരകവിഷം ചീറ്റുന്ന ഒരു കരിനാഗം. ഇത്തരം ഒരു സര്‍പ്പത്തെ ഇതിനുമുമ്പ് ആരും കണ്ടിട്ടില്ല. സ്വന്തം കുടുംബത്തില്‍ തന്നെയുള്ളവരുടെ ചതിയായിരിക്കും. ഏതായാലും നമുക്ക് എല്ലാം കാത്തിരുന്നു കാണാം. സ്വന്തക്കാരുടെ ചതി മറ്റുള്ളവര്‍ക്കാണ് ആദ്യം ഗ്രഹിക്കാന്‍ കഴിയുന്നത്. വീരസേനമഹാരാജാവിന്റെ ആത്മാവ് നമുക്കു ശക്തിപകരും. അവിടുന്നു നമ്മെ രക്ഷിക്കുമെന്നു പ്രത്യാശിക്കാം.''
പെട്ടെന്ന് മലമുകളില്‍നിന്നും ഒരു അമ്പ് അവര്‍ക്കുനേരേ പാഞ്ഞുവന്നു.
''ന്റെമ്മോ.'' എല്ലാവരും ഭയന്ന് അലറി.
ഭാഗ്യംകൊണ്ട് അതു പതിച്ചത് ഒരു കാട്ടുപോത്തിന്റെ ശരീരത്തിലായിരുന്നു. ഒലര്‍ച്ചയോടെ പോത്ത് നിലംപതിച്ചു. അടുത്തു പാഞ്ഞുവന്ന മറ്റൊരു അമ്പേറ്റ് ഒരു ഭടന്റെ ഒരു ചെവി മുറിഞ്ഞുവീണു! ഹമ്മോ! അയാളുടെ ചെവിയില്‍നിന്നും രക്തം വാര്‍ന്നൊഴുകി.
(തുടരും)