സ്ത്രീകളില്‍ ഏറ്റവുമധികം കണ്ടുവരുന്ന കാന്‍സറാണ് ബ്രസ്റ്റ് കാന്‍സര്‍ അഥവാ സ്തനാര്‍ബുദം. മാറിലോ കക്ഷത്തിലോ ഉള്ള മുഴ, സ്തനങ്ങളുടെ വലിപ്പവ്യത്യാസം, തൊലിപ്പുറത്തെ നിറവ്യത്യാസങ്ങള്‍, ചുവന്നനിറത്തിലുള്ള സ്രവം പുറത്തുവരിക എന്നിവയാണ് സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളായി സാധാരണ കണ്ടുവരുന്നത്. സ്തനാര്‍ബുദചികിത്സയെ സംബന്ധിച്ച ഏറ്റവും പ്രധാന വസ്തുത കാന്‍സര്‍ ഏറ്റവും നേരത്തേ കണ്ടുപിടിച്ചു ചികിത്സ തുടങ്ങുകയെന്നതാണ്. സ്തനാര്‍ബുദം നേരത്തേ കണ്ടുപിടിക്കുന്നതിനു പ്രധാനമായും മൂന്നു വഴികളാണുള്ളത്.
- സ്വയംപരിശോധന
- ഡോക്ടറെയോ നഴ്സിനെയോ കണ്ടുള്ള വിദഗ്ധപരിശോധന
- മാമ്മോഗ്രാഫി
ഇതില്‍ ഏറ്റവും എളുപ്പവും പ്രയോഗികവുമായത് സ്വയം പരിശോധനയാണ്.
സ്വയം പരിശോധന
എപ്പോള്‍ ചെയ്യണം
-മാസമുറയുള്ള സ്ത്രീകള്‍ക്ക് എല്ലാ മാസവും ബ്ലീഡിങ് കഴിഞ്ഞു പത്തു ദിവസത്തിനുശേഷം പരിശോധന നടത്താം.
-മാസമുറ കഴിഞ്ഞ സ്ത്രീകള്‍ക്ക് എപ്പോള്‍വേണമെങ്കിലും പരിശോധന നടത്താവുന്നതാണ്.
സ്വയം പരിശോധന
എങ്ങനെ ചെയ്യണം
1. കുളി കഴിഞ്ഞതിനുശേഷം കണ്ണാടിയുടെ മുന്നില്‍നിന്ന് ഇരുമാറുകളും നിരീക്ഷിക്കുക. രണ്ടു കൈകളും ഇരുവശങ്ങളിലായി ഇട്ടുകൊണ്ട് ആദ്യം നിരീക്ഷിക്കുക. അതിനുശേഷം കൈകള്‍ തലയ്ക്കുമുകളില്‍ ഉയര്‍ത്തിപ്പി ടിച്ചുകൊണ്ടു പരിശോധിക്കുക. മാറിലോ കക്ഷത്തിലോ ഉള്ള മുഴ, സ്തനങ്ങളുടെ വലിപ്പവ്യത്യാസം, തോള്‍പ്പുറത്തെ ചുവന്ന പാടുകള്‍, നിപ്പിള്‍ ഉള്ളിലേക്കു വലിഞ്ഞിരിക്കുകയോ സ്രവം വരികയോ ചെയ്യുന്നുണ്ടോ എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇതേപോലെ രണ്ടു സ്തനങ്ങളും പരിശോധിക്കേണ്ടതാണ്.
2. കട്ടിലില്‍ മലര്‍ന്നുകിടന്നതിനുശേഷം ഇടതുകൈ തലയുടെ പിന്നിലായി വയ്ക്കുക. വലതു കൈയിലെ പെരുവിരല്‍ ഒഴികെയുള്ള നാലു വിരലുകളുടെ അറ്റങ്ങള്‍ കൊണ്ട് സ്തനങ്ങള്‍ മുകളില്‍നിന്നു തുടങ്ങി താഴോട്ട് എല്ലാ ഭാഗവും ഒപ്പം കക്ഷവും പരിശോധിക്കുക. മറ്റേ മാറിലും എതിര്‍ വശത്തെ കൈകൊണ്ട് ഇതേ പ്രവൃത്തി ആവര്‍ത്തിക്കുക. ശ്രദ്ധിക്കുക, എന്തെങ്കിലും മുഴകളോ കഴിഞ്ഞ മാസത്തിലേതില്‍നിന്ന് എന്തെങ്കിലും വ്യതിയാനങ്ങളോ കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം സ്വീകരിക്കുക.
ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ മെഡിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റാണ്