എല്ലാവരും ചേര്‍ന്ന് ദേവദത്തനെ താങ്ങിയെടുത്ത് കൊട്ടാരത്തിലെ പഞ്ചവര്‍ണക്കട്ടിലില്‍ കിടത്തി. പെട്ടെന്ന് കൊട്ടാരം വൈദ്യന്‍ ഓടിയെത്തി കുമാരനെ പരിശോധിച്ചു.
''കുമാരന്‍ തിരുമനസ്സിന്റെ സംസ്‌കാരത്തിനു പോകേണ്ട. വല്ലാതെ മനസ്സു തളര്‍ന്നിരിക്കുന്നു. ഇത്രയും ദൂരം പര്‍വതം കയറി സഞ്ചരിക്കാനുള്ള ശക്തിയില്ല.'' വൈദ്യന്‍ പ്രഖ്യാപിച്ചു. അവസാനം ദേവദത്തനെ കൂടാതെതന്നെ മഹാരാജാവിന്റെ ജഡവുമായി തിരുമാലി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.
കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര വളരെ മന്ദഗതിയിലാണ്. ആദിത്യപുരംരാജ്യത്തിന്റെ അതിര്‍ത്തിയിലാണ് ഡമാന്‍പര്‍വതം. ചെറിയ ഒറ്റയടിപ്പാതകള്‍ മാത്രമാണ് സഞ്ചാരയോഗ്യമായിട്ടുള്ളത്. അധികമാരും സഞ്ചരിക്കാറില്ലാത്ത തികച്ചും വിജനമായ പാതകള്‍. കുന്നിറങ്ങിയാല്‍പ്പിന്നെ സമനിലമാണ്. നല്ല ഫലസമൃദ്ധിയുള്ള മണ്ണ്. ആ ദേശങ്ങളെല്ലാം തിരുമാലിരാജ്യത്താണു സ്ഥിതി ചെയ്യുന്നത്.
ഒരു ചെറിയ രാജ്യമാണു തിരുമാലി. മഹേന്ദ്രരാജാവും ആദിത്യപുരത്തെ വീരസേനനെപ്പോലെ പ്രജാതത്പരനും ജനസമ്മതനുമാണ്. തന്നെയുമല്ല, ആദിത്യപുരംരാജാവിനോടു വലിയ സ്‌നേഹവും ബഹുമാനവും മഹേന്ദ്രനുണ്ടായിരുന്നു.
കുന്നിറങ്ങി സമതലത്തിലെത്തിയാല്‍പിന്നെ ക്ഷേത്രത്തിലേക്ക് അധികം ദൂരമില്ല. ക്ഷേത്രത്തിനുചുറ്റും അതിവിശാലമായ മുന്തിരിത്തോട്ടങ്ങളാണ്. സന്ദര്‍ശകര്‍ക്കു താമസിക്കാനും അന്തിയുറങ്ങാനുമുള്ള ചെറിയ ചെറിയ കുടിലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കുന്നിന്‍മുകള്‍ ഏതാണ്ട് ഒരു വനത്തിന്റെ പ്രതീതിയാണു ജനിപ്പിക്കുന്നത്. ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന വന്‍മരങ്ങള്‍. കൂറ്റന്‍ പാറക്കെട്ടുകളും അഗാധമായ കൊക്കകളും നിറഞ്ഞ ഭൂമി. വള്ളിപ്പടര്‍പ്പുകളും ചെറിയ ചെറിയ വെള്ളക്കെട്ടുകള്‍ നിറഞ്ഞ കുഴികളുമുണ്ട്. വന്യമൃഗങ്ങള്‍ നിര്‍ലോപം വിഹരിക്കുന്ന വനം. കായ്കനികളും നാനാവിധത്തിലുള്ള പഴവര്‍ഗങ്ങളും ആ കാട്ടില്‍ സുലഭമാണ്.
ഒരു പെട്ടിയില്‍ ഭദ്രമായി അടച്ചനിലയിലായിരുന്നു വീരസേനന്റെ മൃതദേഹം. രാജഭടന്മാരായിരുന്നു വീരസേനന്റെ മൃതദേഹം ചുമന്നുകൊണ്ടു മെല്ലെ നീങ്ങിയിരുന്നത്. കാര്‍ഫിയൂസും കാര്യസ്ഥന്‍ മേഘനാദനും ആ അന്ത്യയാത്രയ്ക്കു മുമ്പില്‍ നിലകൊണ്ടു.
വനത്തിലൂടെയുള്ള യാത്രയായിരുന്നതിനാല്‍ ഭടന്മാരുടെ തോളില്‍ അമ്പും വില്ലും ഭാണ്ഡങ്ങളില്‍ അത്യാവശ്യം വേണ്ട ഭക്ഷണസാധനങ്ങളും ഉണ്ടായിരുന്നു.
ദേവദത്തന് തന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെവന്നത് മേഘനാദനു വലിയ ദുഃഖമായി.
വിലാപയാത്ര നീങ്ങുന്നതിനിടയില്‍ ഒഴുകിവന്ന കണ്ണീര്‍ തുടച്ചുകൊണ്ടു മേഘനാദന്‍ പറഞ്ഞു:
''എന്നാലും ദേവദത്തന് തന്റെ പിതാവിന് ഒരു അന്ത്യചുംബനംപോലും അര്‍പ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ.''
''എന്തു ചെയ്യാം. ആ പാവം വല്ലാതെ തളര്‍ന്നുപോയല്ലോ. അവന്‍ തന്റെ പിതാവിനെ എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണല്ലോ അത്.'' ഭടന്‍ പറഞ്ഞു.
ആരുമാരും ഒന്നും ശബ്ദിക്കാതെ ഏതാനും നിമിഷങ്ങള്‍ കടന്നുപോയി.
പെട്ടെന്ന് വനാന്തരത്തില്‍നിന്നു കുറെ കാട്ടുപക്ഷികള്‍ ചിലയ്ക്കാന്‍ തുടങ്ങി. ''പതിവില്ലാതെ കാട്ടില്‍ അപരിചിതരായ കുറേപേരെ കണ്ടതുകൊണ്ടായിരിക്കാം.'' ആ ശബ്ദം ശ്രദ്ധിച്ചുകൊണ്ട് ഒരു ഭടന്‍ പറഞ്ഞു.
നേരം സായാഹ്നത്തോടടുക്കുകയാണ്. വനത്തിലാകെ ഇരുള്‍ വ്യാപിക്കാന്‍ തുടങ്ങുന്നു. കുന്നിന്‍മുകളിലെ പാറക്കെട്ടുകളിലെ അന്തിവെയിലും മാഞ്ഞിരിക്കുന്നു.
''ഇന്നു രാത്രി നമുക്ക് ഏതെങ്കിലും ഗുഹയില്‍ കഴിയാം. മധ്യാഹ്നമാകുമ്പോള്‍ ക്ഷേത്രമുറ്റത്തെത്താം. അവിടെ നമുക്ക് ഒരു നല്ല കല്ലറ നിര്‍മിക്കണം. പിന്നെ തിരുമേനിക്ക് എന്നേക്കുമായുള്ള വിശ്രമം.'' ഭടന്റെ വാക്കുകള്‍ നിലച്ചു.
കാര്‍ഫിയൂസ് വല്ലാതെ തേങ്ങിക്കരഞ്ഞു. പിന്നെ പറഞ്ഞു: ''അവസാനം ഒത്തിരി വേദനയെടുത്താണ് അച്ഛന്‍ മരിച്ചത്. ക്രൂരസര്‍പ്പം അച്ഛനെ വല്ലാതെ കൊത്തി വേദനിപ്പിച്ചു.''
കാര്‍ഫിയൂസ് സര്‍വനിയന്ത്രണവും വിട്ടു വാവിട്ടുനിലവിളിച്ചു.
''രാജകുമാരാ, അങ്ങു കരയാതെ,'' ഭടന്‍ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു. ''എങ്കിലും ഇത്ര സുരക്ഷയുള്ള ആ മുറിയില്‍ എങ്ങനെയാണ് ഇത്ര വലിയൊരു സര്‍പ്പം കയറിപ്പറ്റിയത്? അത് ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. അതൊരു പ്രഹേളികയായി സദാ അവശേഷിക്കുന്നു.''
''ഭടന്‍ പറഞ്ഞതു ശരിയാണ്. എത്ര ചിന്തിച്ചിട്ടും എനിക്കും അതിന് ഉത്തരം കിട്ടുന്നില്ല.'' കാര്‍ഫിയൂസ് പറഞ്ഞു.
രാത്രി വന്നു. എല്ലാവരും ഉറങ്ങി. കാര്‍ഫിയൂസ് ഉറങ്ങാതെ കണ്ണീര്‍വാര്‍ത്ത് അച്ഛന്റെ ശവമഞ്ചത്തില്‍ കെട്ടിപ്പിടിച്ചു കിടന്നു.
പിറ്റേന്നു മധ്യാഹ്നമായപ്പോള്‍ അവര്‍ ക്ഷേത്രസന്നിധിയിലെത്തി. തിരുമാലിരാജാവ് ഏതാനും പ്രതിനിധികളെ സംസ്‌കാരച്ചടങ്ങിന് അയച്ചിരുന്നു. എല്ലാവരുടെയും സാന്നിധ്യത്തില്‍ വീരസേനന്റെ ജഡം കല്ലറയില്‍ സംസ്‌കരിച്ചു. കാര്‍ഫിയൂസ് വീണ്ടും മോഹാലസ്യപ്പെട്ടു വീണു.
ഏഴുദിനരാത്രങ്ങള്‍കൂടി ആ കല്ലറയ്ക്കടുത്തു താമസിക്കാന്‍ അവര്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ആത്മാവ് പരലോകം പ്രാപിക്കുന്നതുവരെ. ഗ്രീക്കുകാരുടെ ഒരു വിശ്വാസമാണ്.
അങ്ങനെ എട്ടാംദിനം രാവിലെ എല്ലാവരും ആദിത്യപുരത്തേക്കു യാത്രയാകാന്‍ ഒരുങ്ങി. കാര്‍ഫിയൂസ് അച്ഛന്റെ കല്ലറയ്ക്കുമുമ്പില്‍ മുട്ടുകുത്തി നിശ്ശബ്ദമായി വിട ചോദിച്ചു.
സംഘം മെല്ലെ യാത്രയാകാന്‍ തുടങ്ങി. തിരുമാലിരാജാവിന്റെ കാര്യസ്ഥന്‍ യമദേവനോട് രാജാവു ചെയ്ത ഉപകാരങ്ങള്‍ക്കു നന്ദി പറഞ്ഞ് കുന്നിന്‍ചെരുവിലേക്കു നടന്നു.
പെട്ടെന്ന് കുന്നിന്‍മുകളില്‍നിന്നും വലിയൊരു സ്വരത്തോടെ ഒരു കൂറ്റന്‍ പാറക്കല്ല് അവര്‍ക്കു നേരേ മരങ്ങളെപ്പോലും കടപുഴക്കി പാഞ്ഞുവന്നു.
(തുടരും)