ആ ശബ്ദംകേട്ടു വലിയൊരു ജനാവലി ഞെട്ടിത്തെറിച്ചു ശ്വാസമടക്കി നിന്നുപോയി. തങ്ങള്‍ കേള്‍ക്കുന്നതു സത്യമോ മിഥ്യയോ എന്നുപോലും വേര്‍തിരിച്ചറിയാനാവാതെ ചുറ്റും നിന്നവര്‍ അസ്വസ്ഥതയോടെ അന്യോന്യം നോക്കി.
എന്താണീ കേള്‍ക്കുന്നത്? മഹാരാജാവു തിരുമനസ്സ് എന്നെന്നേക്കുമായി തന്റെ പ്രിയപ്പെട്ട രാജ്യത്തെയും ജീവനുതുല്യം സ്‌നേഹിച്ചിരുന്ന പ്രജകളെയും വേര്‍പിരിഞ്ഞു പോകുകയാണ്.
നാടിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനാളുകള്‍ ആ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിട്ടുണ്ട്. സ്ത്രീകളും കൊച്ചുകുട്ടികളുംവരെ ആ ഗണത്തില്‍പ്പെടുന്നുണ്ട്. കല്ലറയെല്ലാം നേരത്തേതന്നെ ഒരുക്കിയിരുന്നു. രാജ്യമെമ്പാടും പതിന്നാലു ദിവസത്തേക്കു ദുഃഖാചരണം നടത്താനും കാര്‍ഫിയൂസ് ഉത്തരവിട്ടിരുന്നു.
രാജാവിന്റെ സീമന്തപുത്രനായ കാര്‍ഫിയൂസിനെത്തന്നെ അടുത്ത കിരീടാവകാശിയായി തിരഞ്ഞെടുക്കാന്‍ കൊട്ടാരവാസികള്‍ ഒന്നടങ്കം തീരുമാനിച്ചു കഴിഞ്ഞു. ഇളയപുത്രന്‍ ദേവദത്തനു കാര്‍ഫിയൂസിന്റെ കാലംകൂടി കഴിഞ്ഞശേഷമേ രാജാവാകാന്‍ കഴിയൂ.
ആ ചിന്ത ദേവദത്തനെ വല്ലാതെ വേദനിപ്പിച്ചു. താന്‍ രണ്ടാമനായി ജനിച്ച ദിനത്തെ അവന്‍ മനസ്സുകൊണ്ടു ശപിച്ചു. എങ്ങനെയെങ്കിലും ജ്യേഷ്ഠന്റെ കൈയില്‍നിന്ന് ആ സ്ഥാനം തട്ടിയെടുക്കാനായി പല വഴികളും ചിന്തിച്ചുകൊണ്ടിരുന്നു. അതിനായി പിതാവിന് സര്‍പ്പദംശനം ഏറ്റ നിമിഷംമുതല്‍ ദേവദത്തന്‍ അണിയറനീക്കങ്ങള്‍ നടത്തുകയായിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ദേവദത്തന്‍ തന്റെ ഉള്ളിലെ നീരസം തെല്ലും പുറത്തു കാണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
എല്ലാവരും വിഷാദമഗ്നരായി. രാജാവിനെ സംസ്‌കരിക്കാന്‍ തുടങ്ങുന്ന അവസാനനിമിഷത്തില്‍ മന്ത്രവാദി മാര്‍ജാരന്റെ വാക്കുകള്‍ ഒരിടിത്തീപോലെയാണ് എല്ലാവരുടെയും കാതുകളില്‍ ചെന്നു പതിച്ചത്.
അരുത് എന്നു പറഞ്ഞത് വെറും ഒരു സാധാരണക്കാരനല്ല. രാജ്യത്തെ ഏറ്റവും വലിയൊരു മന്ത്രവാദിയാണ്. അതുകൊണ്ട് ആ വാക്കുകള്‍ നിഷ്‌കരുണം തള്ളിക്കളയാനും ആര്‍ക്കും ആവില്ല.
''അല്ലയോ മന്ത്രവാദീ, താങ്കളെന്താണീ പറയുന്നത്? മഹാരാജാവുതിരുമനസ്സിനെ സംസ്‌കരിക്കേണ്ടേ?''
''സംസ്‌കരിക്കണം,'' മാര്‍ജാരന്‍ ഒന്നുനിറുത്തി.
''അതിനുമുമ്പ് ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. എവിടെ സംസ്‌കരിക്കണമെന്ന് തിരുമേനി ആരോടെങ്കിലും എന്തെങ്കിലും നിര്‍ദേശിച്ചിട്ടുണ്ടോ? അതേക്കുറിച്ച് വല്ല പ്രമാണങ്ങളോ രേഖകളോ ഉണ്ടോ?''
നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് രാജകുമാരന്‍ പറഞ്ഞു: ''ആരോടും ഒന്നും പറഞ്ഞിട്ടില്ല. ഒരു രേഖയുമില്ല. ഇത്ര പെട്ടെന്ന് അദ്ദേഹം ആരും കരുതിയിരുന്നില്ലല്ലോ നാടു നീങ്ങുമെന്ന്.''
''തെറ്റ്. കുറേനാളായി അദ്ദേഹം ഈ മരണം കണ്‍മുമ്പില്‍ കണ്ടുകൊണ്ടുതന്നെയായിരുന്നു ജീവിച്ചിരുന്നത്.''
'ഇതു സത്യമോ?'' കൂടിനിന്നവരെല്ലാം ഒന്നുകൂടി നടുങ്ങി. ഇതെന്താണു കേള്‍ക്കുന്നത്?
''അതിനുള്ള വ്യക്തമായ തെളിവാണ് കഴിഞ്ഞമാസം ഗ്രഹനില നോക്കാന്‍ കൊട്ടാരത്തില്‍ വന്നപ്പോള്‍ ഈ കത്ത് അവിടുന്ന് എന്നെ ഏല്‍പ്പിച്ചത്. ഇതില്‍ പറഞ്ഞിരിക്കുന്നത്.
''തിരുമേനിയെ ഇവിടെ സംസ്‌കരിക്കാനല്ല. നമ്മുടെ അയല്‍രാജ്യത്തെ ആവിയോസ് എന്ന സ്ഥലത്ത് അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്. ആ ക്ഷേത്രസന്നിധിയില്‍ സംസ്‌കരിക്കണമെന്നാണ് അദ്ദേഹം എന്നെ ധരിപ്പിച്ചിരിക്കുന്നത്. എങ്കില്‍ മാത്രമേ തിരുമേനിയുടെ ആത്മാവിനു ശാന്തിലഭിക്കുകയുള്ള. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നമ്മള്‍ ധിക്കരിച്ചാല്‍ ആ ശാപം ഈ രാജ്യത്തെ കാര്‍ന്നുതിന്നും. പറയാന്‍പോലും വയ്യാത്ത ദുരന്തങ്ങള്‍ രാജ്യത്തുണ്ടാകും.''
മന്ത്രവാദി ഒരു നിമിഷം നിര്‍ത്തി. ''അയല്‍രാജ്യത്തിന്റെ പേര്‍ തിരുമാലി എന്നാണ്. അവിടുത്തെ രാജാവിന്റെ പേരാണ് മഹേന്ദ്രന്‍.'' എന്തു ചെയ്യണമെന്നറിയാതെ ജനം പകച്ചുനിന്നു. തിരുമേനിയെ എവിടെ സംസ്‌കരിക്കണമെന്നതില്‍ വന്നുപെട്ട ദുരൂഹത അവരെ വല്ലാതെ തളര്‍ത്തി.
''മന്ത്രവാദീ, ഇത് പുതിയൊരറിവാണല്ലോ.'' ''അതെ. ഇത് എനിക്കുമാത്രം അറിയാവുന്ന ഒരു രഹസ്യമാണ്. കാരണം, അത്രയ്ക്കും വിശ്വസ്തനായ ഒരാളായിരുന്നു ഞാന്‍. ഈ വിവരം നേരത്തേ ആരോടെങ്കിലും പറയാനും പറ്റില്ലല്ലോ. തന്നെയുമല്ല; ഇത് ഞാന്‍ മരിക്കുന്നതുവരെയും ആരെയും അറിയിക്കരുതെന്നും എന്നോടു പ്രത്യേകം കല്പിച്ചിട്ടുണ്ടായിരുന്നു.''
''എങ്കില്‍, നമുക്ക് അങ്ങനെ തന്നെ ചെയ്യാം. അവിടുത്തെ അന്ത്യാഭിലാഷം സാധിച്ചുകൊടുക്കണം. അവിടുത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണത്.''
രാജദൂതന്‍ പറഞ്ഞു.
കാര്‍ഫിയൂസ് കുറെനേരം സ്തബ്ധനായി നിന്നു.
ശവസംസ്‌കാരത്തിനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയതാണ്.
തിരുമാലി കുറെ ദൂരത്താണ്. വലിയൊരു പര്‍വ്വതം കടന്നുവേണം ക്ഷേത്രത്തിലെത്താന്‍. അതീവദുര്‍ഘടം പിടിച്ച പാതയാണ്. ആ ജഡവും ചുമന്നുകൊണ്ടു വേണം പോകാന്‍.
രണ്ടു പുത്രന്മാരും കാര്യസ്ഥനും ഏതാനും ഭടന്മാരും മാത്രമായി തിരുമാലിയിലേക്കു പോകാന്‍ ഒരുങ്ങി.
എല്ലാവരും അവസാനമായി തിരുമനസ്സിന്റെ ശരീരം കണ്ടുകഴിഞ്ഞു.
ഇനി യാത്രയാണ്. പര്‍വതം കടന്ന് സമനിലത്തിലെത്തി സംസ്‌കരിക്കണം.
എല്ലാവരും യാത്ര ആരംഭിച്ചു. കണ്ടുനിന്നവരുടെ കൂട്ടനിലവിളികള്‍ ഉയര്‍ന്നു. തിരുമേനിയുടെ അന്ത്യയാത്ര ആരംഭിക്കുന്നു.
പെട്ടെന്ന് ദേവദത്തരാജകുമാരന്‍ വലിയൊരലര്‍ച്ചയോടെ തറയിലേക്കു തളര്‍ന്നുവീണു.
(തുടരും)