•  26 Dec 2024
  •  ദീപം 57
  •  നാളം 42
ബാലനോവല്‍

കൊട്ടാരക്കെട്ടിലെ ഉറങ്ങാത്ത രാവുകള്‍

    ങ്ങനെയൊരു രംഗം കൊട്ടാരാങ്കണത്തില്‍ ഉരുത്തിരിയുമെന്ന് സ്വപ്നത്തില്‍പോലും ആരും ഓര്‍ത്തിരുന്നില്ല. പ്രത്യേകിച്ച് മഹാരാജാവു തിരുമനസ്സ് നാടുനീങ്ങി, നിശ്ചലനായി കിടക്കുന്ന സമയം. ഇത്തരം വേദനാനിര്‍ഭയമായ അവസ്ഥയില്‍ സര്‍പ്പകാലനും മാര്‍ജാരനും കണ്ടുമുട്ടിയത് അതിഭീകരമായ ഏതോ ദുരന്തം സംഭവിക്കാനാണെന്ന് പ്രജകള്‍ ഭയന്നു.
    മാര്‍ജാരനും ചില്ലറക്കാരനൊന്നുമല്ല. മഹാമാന്ത്രികനെന്നാണ് പ്രജകള്‍ വിശ്വസിക്കുന്നത്. അയാള്‍ രാജ്യത്തിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗ്രാമത്തിലാണു താമസിക്കുന്നത്. നൂറുകണക്കിനാളുകള്‍ മാര്‍ജാരനെകാണാന്‍ വീട്ടിലെത്താറുണ്ട്. അവര്‍ക്കെല്ലാം പലതരത്തിലുള്ള പിച്ചളസാധനങ്ങള്‍ നല്‍കും. പിന്നെ വന്‍തുകയും വാങ്ങും. 
    താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരാജാനുബാഹുവാണ് മാന്ത്രികന്‍. കരിമ്പൂച്ചകളെ ഉപയോഗിച്ച് മന്ത്രം ചെയ്തതോടെയാണ് മാര്‍ജാരന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. സാധാരണക്കാരെ കബളിപ്പിച്ച് പണം വാങ്ങും. കാര്യമായ യാതൊരു ശക്തിയുമില്ലെങ്കിലും എല്ലാവരെയും വെല്ലുവിളിച്ച് ഭയപ്പെടുത്തുന്നതാണു തന്ത്രം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരുടെയും മുമ്പില്‍ അയാള്‍ വലിയൊരു മാന്ത്രികനാണ്. ആദരണീയനും വലിയ ശക്തിമാനുമാണ്. എല്ലാവരും കാണുന്ന മാത്രയില്‍ത്തന്നെ താണുവണങ്ങും.
     സര്‍പ്പകാലനും പാമ്പുകളെക്കൊണ്ട് എന്തും ചെയ്യിക്കുന്നവനാണ്. അങ്ങനെയുള്ള രണ്ടു ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ പോകുന്ന രംഗം പ്രജകള്‍ക്കു സ്വപ്നത്തില്‍പോലും ചിന്തിക്കാന്‍ കരുത്തില്ല.
    ഇത്തരം ഒരു സമയത്ത് മാര്‍ജാരന്‍ എങ്ങനെ എത്തി എന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്, അദ്ഭുതപരതന്ത്രരാക്കുന്നത്.
ഏതാനും നിമിഷങ്ങള്‍കൂടി പിന്നിട്ടിരുന്നെങ്കില്‍ സര്‍പ്പകാലന്‍ പാമ്പിനെയുകൊണ്ട് കുന്നിന്‍മുകളിലേക്കു യാത്രയാകുമായിരുന്നു. എങ്കില്‍ ഇരുവരും തമ്മില്‍ കണ്ടുമുട്ടുകയില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പേതന്നെ സര്‍പ്പകാലനും മാര്‍ജാരനും ശത്രുക്കളാണ്. ഇരുവരും വര്‍ഷങ്ങളായി അന്യോന്യം കണ്ടുമുട്ടിയിട്ട്.
ഏതാണ്ട് ഒരു പത്തുവര്‍ഷം മുമ്പാണ് ഇവര്‍ തമ്മിലുള്ള ശത്രുത ആരംഭിച്ചത്. ഏതോ ഒരു പച്ചമരുന്നു തേടി കുന്നിന്റെ താഴ്‌വരെയെത്തിയ മാര്‍ജാരനെ സര്‍പ്പകാലന്റെ പാമ്പുകള്‍ വളഞ്ഞു. എന്നാല്‍ മാര്‍ജാരന്‍ കൈയിലിരുന്ന ഒരു തകരച്ചെപ്പു തുറന്ന് ഒരു പച്ചമരുന്ന് പാമ്പുകള്‍ക്കിടയിലേക്കിട്ടു. തല്‍ക്ഷണം പാമ്പുകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. ഇതു തന്റെ പൂച്ചമന്ത്രവാദംകൊണ്ടാണെന്ന് മാര്‍ജാരന്‍ വരുത്തിത്തീര്‍ത്തു. അങ്ങനെ സര്‍പ്പകാലനെ അയാള്‍ രണ്ടാമനാക്കി. തന്നെയുമല്ല, രണ്ടു സര്‍പ്പങ്ങളെ വാലില്‍പ്പിടിച്ച് നിലത്തടിച്ചു കൊല്ലുകയും ചെയ്തു.
    അന്നുമുതല്‍ അവര്‍ കടുത്ത വൈരികളായി. എവിടെങ്കിലും വച്ച് ഇരുവരും കണ്ടാല്‍പ്പിന്നെ അന്യോന്യം വെല്ലുവിളികള്‍ തുടങ്ങും. താനാണ് വലിയവനെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഇരുവരും അന്യോന്യം തങ്ങളുടെ ശക്തി വിശേഷങ്ങള്‍ ജനംകേള്‍ക്കെ വിളിച്ചു പറയും. 
ഓരോരുത്തരും അന്യോന്യം ഭസ്മമാക്കുമെന്ന് വെല്ലുവിളിക്കും.
ജനം ഭയത്തോടെ ആ രംഗം നോക്കിനില്‍ക്കെ മാര്‍ജാരന്‍ പറഞ്ഞു:
''വാസ്തവത്തില്‍ ഈ പാമ്പ് ആരുടേതാണ്? എനിക്കിതറിയണം. ഇതു നിങ്ങളുടെ പാമ്പാണ്. ആ പാമ്പ് എങ്ങനെ കൊട്ടാരത്തിലെത്തി?''
''നീ കള്ളനാണ്. ഇത് എന്റെ പാമ്പാണെന്ന് നീ എങ്ങനെ തിരിച്ചറിഞ്ഞു. അടയാളം വല്ലതും അറിയാമോ?''
''ഹാ, നീ എന്നെ വിഡ്ഢിയാക്കരുത്. നിന്റെ പാമ്പുകളെയെല്ലാം ഒറ്റമന്ത്രംകൊണ്ട് ശവമാക്കി മാറ്റാന്‍ എനിക്കറിയാം.'' 
''എന്നാല്‍, എന്റെ ഈ മയങ്ങിക്കിടക്കുന്ന പാമ്പിന്റെ മുകളിലൂടെ ഈ വടി മൂന്നുതവണ ഉഴിഞ്ഞാല്‍ മതി, ഈ സര്‍പ്പം ചാടിയെണീല്‍ക്കാന്‍. എണീറ്റാല്‍ അതു നിന്നെ ഓടിച്ചിട്ടു കൊത്തിക്കീറും.''
''ഹാ... ഹാ...!'' അതുകേട്ട് മാര്‍ജാരന്‍ പൊട്ടിച്ചിരിക്കാന്‍ ആരംഭിച്ചെങ്കിലും ദൂതന്മാര്‍ മാര്‍ജാരന്റെ വായ് പൊത്തിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു.
''അയ്യോ ചിരിക്കരുത്. മഹാരാജാവ് നാടുനീങ്ങിക്കിടക്കുന്ന ഈ നേരത്ത് ഒന്നും പറയരുത്. ഈ രാജ്യത്തെ സകലപ്രജകളും കണ്ണീരൊഴുക്കുന്ന നേരമാണിത്. ഇവിടെ യാതൊരു അനാചാരവും ഉണ്ടാവാന്‍ പാടില്ല. ദയവു ചെയ്ത് ഒന്നും മിണ്ടരുത്.''
രാജദൂത ന്‍ താണപേക്ഷിച്ചു. എങ്കിലും മന്ത്രവാദി മാര്‍ജാരന് രാജാവ് നാടുനീങ്ങിയതില്‍ യാതൊരു വിഷമവുമില്ലെന്ന് അവിടെനിന്നവര്‍ക്കെല്ലാം ബോധ്യമായി.
''എന്റെ ശക്തി നിന്നെ ഇന്നു കാണിച്ചുതന്നിട്ട് ഞാന്‍ പൊയ്‌ക്കൊള്ളാം. അല്ലാതെ ഞാന്‍ പോകില്ല.'' 
ഇത്രയും പറഞ്ഞ് സര്‍പ്പകാലന്‍ ഭാണ്ഡത്തില്‍നിന്നു വടിയെടുത്തു കുതിരവണ്ടിയില്‍ മയങ്ങിക്കിടക്കുന്ന സര്‍പ്പത്തിന്റെ തലയ്ക്കു ചുറ്റും ഉഴിയാന്‍ ആരംഭിച്ചു. അതുകണ്ട് ജനം ഭയന്നുവിറച്ചു. സര്‍പ്പം എണീറ്റു ചാടുന്ന കാര്യം അവര്‍ക്കു സങ്കല്പിക്കാന്‍പോലും ആവില്ല. 
എല്ലാവരും ഓടിയെത്തി സര്‍പ്പകാലന്റെ കാല്‍ക്കല്‍വീണ് കേണപേക്ഷിച്ചു: ''പ്രഭോ, മരിച്ചു കിടക്കുന്ന രാജാവിനെ ഓര്‍ത്ത് അങ്ങനെ ചെയ്യല്ലേ.'' കാലന്‍ സമ്മതിച്ചു. അദ്ദേഹം വണ്ടിയില്‍ കയറി. വണ്ടി നീങ്ങി.
വീരസേനമഹാരാജാവിന്റെ അന്ത്യകര്‍മങ്ങള്‍ പിറ്റേന്നു രാവിലെ ആരംഭിച്ചു. കൊട്ടാരത്തിനോടു ചേര്‍ന്ന് മാര്‍ബിള്‍ കല്ലറയില്‍ സ്വര്‍ണപ്പരവതാനിയില്‍ കിടത്തി സംസ്‌കരിക്കാന്‍ തീരുമാനിച്ചു. എല്ലാ കര്‍മങ്ങളും പൂര്‍ത്തിയായി. ശവസംസ്‌കാരത്തിനായി എടുക്കാന്‍ ആരംഭിച്ചതും മന്ത്രവാദി മാര്‍ജാരന്റെ 'അരുത്' എന്ന അലര്‍ച്ച മുഴങ്ങിയതും ഒന്നിച്ചായിരുന്നു.   

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)