•  2 May 2024
  •  ദീപം 57
  •  നാളം 8
ആരോഗ്യവീഥി

മുലയൂട്ടലും പ്രസവാനന്തരശുശ്രൂഷകളും ആയുര്‍വേദമാര്‍ഗ്ഗങ്ങളിലൂടെ

മുലപ്പാല്‍ ഒരു കുട്ടിക്ക് മറ്റെന്ത് ആഹാരത്തെക്കാളും പ്രധാനമാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ജനിക്കുന്ന 26 മില്യണ്‍ കുട്ടികളില്‍ 5 മില്യണ്‍ കുട്ടികള്‍ക്കു മാത്രമാണ് ജനിച്ച് ഒരു മണിക്കൂറിനകം മുലപ്പാല്‍ ലഭിക്കുന്നത്. ഇത് ലോകമുലയൂട്ടല്‍ നിലവാരത്തിന് 31/51 ല്‍ മാത്രമാണ്.
മുലയൂട്ടല്‍ സംബന്ധിച്ച അന്താരാഷ്ട്രനിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെങ്കിലും നവജാതശിശുക്കളുടെ വൈകല്യം, മരണനിരക്ക് എന്നിവ ഇപ്പോഴും ഇന്ത്യയില്‍ കൂടുതലാണ്.  ചെറുപ്രായത്തില്‍തന്നെ മറ്റാഹാരങ്ങള്‍ നല്‍കുവാനുള്ള പ്രവണത പലപ്പോഴും മുലപ്പാലിന്റെ ഉത്പാദനവും കുറയുവാന്‍ കാരണമാവുന്നു. കുട്ടിക്ക് നല്‍കുന്ന ആഹാരം മുലപ്പാലിനെ അപേക്ഷിച്ച് പോഷകക്കുറവുള്ളതോ അപര്യാപ്തമോ ആയിരിക്കാം. മുലപ്പാലില്‍ കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുവാനുള്ള ആന്റിബോഡികള്‍ അടങ്ങിയിട്ടുണ്ട്.
120 ലോകരാഷ്ട്രങ്ങള്‍ 1992 മുതല്‍ WHO യുടെയും UNICEF ന്റെയും ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 1 മുതല്‍ 7 വരെ ലോകമുലയൂട്ടല്‍വാരം ആഘോഷിച്ചുവരുന്നു. മുലയൂട്ടുന്ന എല്ലാ ജീവജാലങ്ങള്‍ക്കും ഒരു കുട്ടിയുടെ ആദ്യാഹാരം എന്ന നിലയില്‍ മുലപ്പാലിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് സമീകൃതവും കുട്ടിയുടെ വളര്‍ച്ചയ്ക്കുവേണ്ടി നല്‌കേണ്ടതുമാണ്.
കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക്, അവന്റെ പ്രതിരോധശേഷിക്ക്, ബുദ്ധിവികാസത്തിന് എല്ലാംതന്നെ അത്യന്താപേക്ഷിതമാണ് മുലപ്പാല്‍. അതുകൊണ്ട് നിര്‍ബന്ധമായും പ്രസവംമുതല്‍ 6 മാസംവരെ മുലപ്പാല്‍ കൊടുക്കണം. മറ്റു പോഷകാഹാരങ്ങള്‍ കഴിക്കുവാന്‍ ശീലിച്ചാല്‍പ്പോലും രണ്ടു വയസുവരെ മുലപ്പാല്‍ നല്‍കണം. മുലപ്പാല്‍ ആരോഗ്യം നിലനിര്‍ത്തുക മാത്രമല്ല രോഗാണുക്കളില്‍നിന്നു സംരക്ഷിച്ച് ആരോഗ്യമുള്ള ശരീരത്തെ പ്രദാനം ചെയ്യുന്നു. ആയുര്‍വേദത്തില്‍ മുലപ്പാലിനെ മനുഷ്യശരീരത്തിലെ ഓജസായാണ് പരിഗണിക്കുന്നത്.
മുലപ്പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നത്, ശരീരഘടനയനുസരിച്ചും, ആവശ്യകത അനുസരിച്ചും പലരിലും വ്യത്യസ്തമായാണ്. മുലപ്പാലിന്റെ കുറവോ മുലപ്പാല്‍ നല്കാന്‍ സാധിക്കാതെ വരികയോ ചെയ്യുന്നത് പുറത്തുപറയുവാന്‍ പലരും മടികാണിക്കുന്നു.
മുലപ്പാലിന്റെ ഉത്പാദനത്തിനും ശരിയാ യരീതിയില്‍ മുലയൂട്ടുന്നതിനും പ്രതികൂലമായ അനേകം ഘടകങ്ങളുണ്ട്. മുലയൂട്ടലിനെപ്പറ്റി ശരിയായ അവബോധം ഇല്ലാതിരിക്കുക, ആദ്യത്തെ കുട്ടിയായതിനാല്‍ മുന്‍പരിചയമില്ലായ്മ, മുലഞെട്ടുകള്‍ ഉള്‍വലിഞ്ഞതോ വികാസം പ്രാപിക്കാതിരിക്കുന്നതോ, കുട്ടി പാല്‍ കുടിക്കുമ്പോഴുള്ള അകാരണമായ വേദന, പാല്‍ കെട്ടിനില്‍ക്കുക, വീക്കവും വേദനയും, മുന്‍പ് നടത്തിയിട്ടുള്ള ശസ്ത്രക്രിയകള്‍ തുടങ്ങിയവ കാരണങ്ങളാണ്.
37 ആഴ്ചയില്‍ താഴെ പ്രായമുള്ള കുട്ടികള്‍, പ്രസവസമയത്തുള്ള മരുന്നുകളുടെ ഉപയോഗം, ജന്മനായുള്ള വൈകല്യങ്ങള്‍, കുട്ടികളുടെ ഞരമ്പുസംബന്ധമായ പ്രശ്‌നങ്ങള്‍ ഇവയെല്ലാം മുലയൂട്ടലിനെ പ്രതികൂലമായി ബാധിക്കുന്നവയാണ്. പോഷകാഹാരക്കുറവ് മുലപ്പാല്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതില്‍ മറ്റു ഘടകങ്ങള്‍, എല്ലാ മേഖലകളിലും സ്ത്രീകള്‍ വ്യാപൃതരാവുന്നതും പാലിന്റെയും പാലുത്പന്നങ്ങളുടെയും വ്യാവസായികമായ ഉത്പാദനവും വിതരണവുമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന പാലുത്പന്നങ്ങള്‍ ഉപയോഗി ക്കുന്ന കുട്ടികളെ അപേക്ഷിച്ച് മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകുവാന്‍ ഉള്ള സാധ്യത കുറവാണ്. ഭാഗികമായി മാത്രം മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്കു വയറിളക്കത്തിനുള്ള സാധ്യത 4.2 ഇരട്ടിയാണ്. മുലപ്പാല്‍ കുടിക്കാത്ത കുട്ടികളില്‍ വയറിളക്കംമൂലമുള്ള മരണനിരക്ക് 14.2 ഇരട്ടി അധികമാണ്.
മുലയൂട്ടല്‍ എന്നു പറയുന്നത് 'അമ്മ, നവജാതശിശു, മുലപ്പാല്‍' എന്നീ ഘടകങ്ങള്‍ ചേര്‍ന്നുള്ള ഒരു പ്രവര്‍ത്തനമാണ്. ആയുര്‍വേദത്തില്‍ മുലപ്പാലിന്റെ അളവിന്റെയും മേന്മയുടെയും ആവശ്യം പ്രതേൃകംപറയുന്നുണ്ട്. മുലപ്പാലിന്റെ മേന്മയോ അളവോ കുറയുന്നതിനനുസരിച്ച് പല രോഗങ്ങളും ശാരീരികവ്യതിയാനങ്ങളും കുട്ടികളില്‍ കണ്ടുവരുന്നു. ഇതിന്റെ സ്വാഭാവിക രീതിക്ക് എന്തെങ്കിലും മാറ്റങ്ങളുണ്ടായാല്‍ കുട്ടി സാധാരണമായി പാല്‍ കുടിക്കാതെയിരിക്കുകയാണ് ചെയ്യുന്നത്. മുലപ്പാല്‍ ലഭ്യമാകാത്ത അവസ്ഥയില്‍ ആവശ്യമായ പോഷകമൂല്യങ്ങള്‍ ലഭിക്കാതാവുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ണ്ണായക പ്രാധാന്യം നല്‍കി പ്രോത്സാഹിപ്പിക്കേണ്ട പ്രധാന വിഷയമാണ് ഗര്‍ഭകാലസംരക്ഷണവും പ്രസവസുരക്ഷയും ശരിയായ രീതിയിലുള്ള മുലയൂട്ടലും.
 മുലപ്പാല്‍ ഉത്പാദനത്തോടൊപ്പം  പ്രസവശേഷമുള്ള ശരീരസംരക്ഷണം മുലപ്പാലിന്റെ മേന്മ നിലനിര്‍ത്തി ഉത്പാദനത്തെയും കുട്ടിയുടെ സമൂലമായ വളര്‍ച്ചയെയും സഹായിക്കുന്നു. അമ്മമാര്‍ കൃത്യമായ കാലയളവില്‍ ആരോഗ്യപരിശോധന നടത്തുന്നത് പാലിന്റെ ഉത്പാദനം കുറയുന്നത് മനസ്സിലാക്കുന്നതിനും പോരായ്മകളെ പരിഹരിക്കുവാനും സഹായിക്കുന്നു. കാലാകാലങ്ങളായി ആയുര്‍വേദവിധി പ്രകാരമുള്ള ഔഷധങ്ങള്‍ മുലപ്പാല്‍വര്‍ദ്ധനയ്ക്കായും കുട്ടിയുടെ സമ്പൂര്‍ണ്ണവളര്‍ച്ചയ്ക്കായും ഉപയോഗിച്ചുവരുന്നു. 
അമ്മയ്ക്ക് നല്‍കുന്ന ആയുര്‍വ്വേദ ചികിത്സ ലക്ഷ്യമിടുന്നത് അമ്മമാരുടെ ശരീരത്തെ ആരോഗ്യപൂര്‍ണ്ണമാക്കി ഗര്‍ഭകാലത്തിനു മുമ്പുള്ള അവസ്ഥയിലേക്കു തിരിച്ചുകൊണ്ടുവരിക എന്നതാണ്. മുലപ്പാല്‍ നല്‍കാത്ത അമ്മമാരില്‍ ഓവറിയിലും മാറിടങ്ങളിലും ക്യാന്‍സര്‍ ബാധിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുലപ്പാല്‍ നല്‍കുക എന്നത് അമ്മയുടെ പ്രാഥമികധര്‍മ്മവും മുലപ്പാല്‍ ലഭ്യമാവുക എന്നത് കുട്ടിയുടെ പ്രാഥമികാവകാശവുമാണ്.

ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ  ആയുര്‍വേദ കണ്‍സള്‍ട്ടന്റാണ്‌

 

 

Login log record inserted successfully!