കുറേനേരത്തേക്ക് കൊട്ടാരമാകെ അലറിക്കരച്ചിലുകളുടെയും മാറത്തടികളുടെയും കൂട്ടബഹളമായിരുന്നു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മഹാരാജാവുതിരുമനസ്സാണ് വിട ചൊല്ലിയിരിക്കുന്നത്. പ്രജകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന മഹാമനസ്‌കനായ, പ്രജാക്ഷേമതത്പരനായ ഒരു ഭരണാധികാരിക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. കൊട്ടാരവാസികളെപ്പോലും സ്വപുത്രന്മാരെപ്പോലെ അദ്ദേഹം സ്‌നേഹിച്ചിരുന്നു, സഹായിച്ചിരുന്നു.
രാജാവിന്റെ വിടവാങ്ങല്‍ നിമിഷങ്ങള്‍ക്കകം പ്രജകള്‍ക്കിടയില്‍ പരസ്യമായി. കേട്ടവര്‍ കേട്ടവര്‍ രാജകൊട്ടാരത്തിലേക്ക് ഓടി. എങ്കിലും കാലസര്‍പ്പം കൊട്ടാരത്തില്‍ത്തന്നെയുണ്ടെന്നറിഞ്ഞപ്പോള്‍ ആര്‍ക്കും മുറ്റത്തേക്കു കയറാന്‍ ധൈര്യം വന്നില്ല. എല്ലാവരും ദേവീദേവന്മാരെ വിളിച്ചു കരഞ്ഞു. ജൂപ്പിറ്റര്‍ ദേവന്റെ ബിംബത്തില്‍ താണുവീണു കിടന്നു ഭടന്മാര്‍ 'ഞങ്ങളെ രക്ഷിക്കണേ' എന്ന് അലറിവിളിച്ചു.
അധികം താമസിയാതെ അബോധാവസ്ഥയില്‍ കിടന്ന കാര്‍ഫിയൂസ് ഞെട്ടിയുണര്‍ന്നു. കൊട്ടാരംവൈദ്യന്‍ഏതോ പച്ചമരുന്നു പിഴിഞ്ഞ് മുഖത്ത് ഒഴിച്ചപ്പോള്‍ത്തന്നെ കുമാരന്‍ എണീറ്റു. ചുറ്റും നിന്നവര്‍ പറഞ്ഞു കുമാരനും വിവരം അറിഞ്ഞു.
''അച്ഛാ... എന്റെ അച്ഛാ... അച്ഛനീ ഗതി വന്നല്ലോ. ഞാനിനി എന്തു ചെയ്യും? എനിക്കച്ഛനെ കാണണം.''
കാര്‍ഫിയൂസിന്റെ നിലവിളികേട്ടുനിന്നവരെയെല്ലാം ഒന്നുകൂടി ദുഃഖിതരാക്കി. എമ്പാടും കൂട്ടക്കരച്ചിലുകള്‍ മാത്രം.
''ഇനി എങ്ങനെ ആ സര്‍പ്പത്തെ കൊല്ലും?''
അഡോക്കിയാസ് എല്ലാവരോടുമായി ചോദിച്ചു.
''താങ്കള്‍ കേള്‍വികേട്ട ഒരു ധൈര്യശാലിയല്ലേ? താങ്കള്‍ മുറി തുറന്ന് ആ സര്‍പ്പത്തിന്റെ തല വാളിനു വെട്ടിമാറ്റണം.'' അയാള്‍ ഒരു നിമിഷം എന്തോ ഓര്‍ത്തുനിന്നു. മനസ്സാകെ പിടയുന്നു. സര്‍വധൈര്യവും ശരീരത്തില്‍നിന്നു ചോര്‍ന്നുപോകുന്നതു
പോലെ.
''ഞാനൊരു ധൈര്യശാലിയാണ്. പക്ഷേ, എനിക്ക് പാമ്പെന്നുകേട്ടാല്‍ അല്പം പേടിയാണ്. ശത്രുക്കളെ എത്ര വേണമെങ്കിലും അരിഞ്ഞുവീഴ്ത്താനുള്ള ധൈര്യമുണ്ട്. പക്ഷേ, ഈ സര്‍പ്പം ഉണര്‍ന്നാല്‍ എനിക്കതു ചിന്തിക്കാന്‍പോലും വയ്യ...''
അയാള്‍ തികഞ്ഞ നിസ്സഹായതയോടെ ചുറ്റും നോക്കി.
''ഇനി, ഒരു മാര്‍ഗമേയുള്ളൂ.'' ദേവദത്തന്‍ പറഞ്ഞു.
''എന്താണത്?'' എല്ലാ കണ്ണുകളും പ്രത്യാശയോടെ ദേവദത്തന്റെ മുഖത്തു തറഞ്ഞുനിന്നു. ഇനി എല്ലാം പ്രതീക്ഷകളും ആ വാക്കിലാണ്.
''ഈ സര്‍പ്പത്തെ പിടിക്കാന്‍ കഴിവുള്ള ഒരാള്‍ അങ്ങകലെ പര്‍വതത്തിന്റെ കൊടുമുടിയില്‍ വസിക്കുന്ന സര്‍പ്പകാലന്‍മാത്രമേയുള്ളൂ. അല്ലാതെ ഭൂമിയിലാരും ഈ സര്‍പ്പത്തെ പിടിക്കില്ല.''
പെട്ടെന്ന് എല്ലാവരുടെയും മുഖത്ത് ആശ്വാസം തെളിഞ്ഞു.
''എങ്കില്‍ വേഗം അങ്ങോട്ട് കുതിരവണ്ടി അയയ്ക്കൂ. അയാള്‍ക്ക് എത്ര പ്രതിഫലം വേണമെങ്കിലും കൊടുക്കാമെന്നു പറയൂ.''
കാര്‍ഫിയൂസ് കല്പിച്ചു.
കുതിരവണ്ടി രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ച് മലമുകള്‍ ലക്ഷ്യമാക്കി പാഞ്ഞു. അതിന്റെ കുളമ്പടികള്‍ ക്രമേണ കേള്‍വിക്കപ്പുറത്തേക്കു മറഞ്ഞു.
ഇത്ര കൂറ്റന്‍ ഒരു സര്‍പ്പം എങ്ങനെ പള്ളിയറയില്‍ കയറി? കാര്‍ഫിയൂസ് കരച്ചിലിനിടയില്‍ എല്ലാവരോടുമായി ചോദിച്ചു.
''അതേ കുമാരാ. അതാണ് ഞങ്ങളും ചോദിക്കുന്നത്. രാപകല്‍ വലിയ കാവലുള്ള ഈ മുറിയില്‍ ഒരിക്കലും ഇത്ര വലിയൊരു സര്‍പ്പത്തിനു കയറാന്‍ പറ്റില്ല. ഇത് ഒരു വലിയ അദ്ഭുതമാണ്.'' ഒരു ഭടന്‍ പറഞ്ഞു. എല്ലാം കേട്ടശേഷം ദേവദത്തന്‍ പറഞ്ഞു: ''എന്റെ അച്ഛനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം പൊട്ടുകയാണ്. ഇത്തരം കാര്യങ്ങളൊന്നും ചോദിച്ച് എന്നെ ഇനിയും കരയിപ്പിക്കരുത്.'' ദേവദത്തന്‍ ഭിത്തിയില്‍ മുഖം ചേര്‍ത്ത് വിങ്ങിവിങ്ങിക്കരഞ്ഞു. ''നിങ്ങളെപ്പോലെയേ എനിക്കും അറിയാവൂ.''
ഒരു നിമിഷത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു.
അപ്പോള്‍ അങ്ങകലെ കുന്നിന്‍മുകള്‍ ലക്ഷ്യമാക്കി പക്ഷിയുടെ വേഗത്തില്‍ കുതിരകള്‍ പായുകയായിരുന്നു. കടിഞ്ഞാണുകള്‍ ആഞ്ഞുമുറുകി. കുതിരകള്‍ വേഗത്തില്‍ പായുകയാണ്.
മലമുകളിലെ കൂറ്റന്‍ കരിങ്കല്‍ഗുഹയിലാണ് സര്‍പ്പകാലന്റെ വാസം. അയാള്‍ സാധാരണ പര്‍വതംവിട്ട് പുറത്തിറങ്ങാറില്ല. പാമ്പുകളുടെ ദൈവമെന്നുപോലും അയാളെ വിശേഷിപ്പിക്കാം. നൂറുകണക്കിനു സര്‍പ്പങ്ങളെ താഴ്‌വരയില്‍ വളര്‍ത്തുന്നുണ്ട്. ഏത് ഉഗ്രവിഷമുള്ള പാമ്പിനെയും കാലന്‍ പിടിക്കും.
സോയൂസ്‌ദേവന്റെ പ്രത്യേക ഏതോ വരം സര്‍പ്പകാലനു ലഭിച്ചിട്ടുണ്ടെന്നാണ് സംസാരം. ദേവന്റെ ശക്തികൊണ്ടാണ് പാമ്പുകളെ നിയന്ത്രിക്കുന്നതെന്നാണ് ജനവിശ്വാസം. അയാളെ നേരില്‍ക്കണ്ടവര്‍ വളരെ വിരളമാണ്.
സര്‍പ്പകാലന്റെ കൈയില്‍ ഒരു വടിയുണ്ടത്രേ. അത് ഒരു പ്രാവശ്യം നിലത്തടിക്കുമ്പോള്‍ ഏതു സര്‍പ്പവും അസ്വസ്ഥരായി സീല്‍ക്കാരം പുറപ്പെടുവിക്കും. വീണ്ടും വടി നിലത്തടിക്കുമ്പോള്‍ മയങ്ങിവീഴും. മൂന്നാമത്തെ അടിയോടെ സര്‍പ്പം ശവമായി മാറും.
അങ്ങനെയാണ് 'സര്‍പ്പകാലന്‍' എന്ന പേരു വന്നത്.
കുതിരവണ്ടി പര്‍വതത്തിന്റെ താഴ്‌വരയിലെത്തി. രാജദൂതന്മാര്‍ സര്‍പ്പകാലന്റെ ഗുഹ ലക്ഷ്യമാക്കി വേഗം ഓടി.
പെട്ടെന്ന് വലിയൊരു സീല്‍ക്കാരം. കാറ്റുവീശുന്നതുപോലെ. അവര്‍ നോക്കുമ്പോള്‍ നൂറുകണക്കിനു സര്‍പ്പങ്ങള്‍ ഫണമുയര്‍ത്തി മെല്ലെ അവരുടെ സമീപത്തേക്ക് അടുക്കുകയാണ്.
(തുടരും)