അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആരെന്നു നവംബര്‍ അഞ്ചാംതീയതി നിശ്ചയിക്കപ്പെടും. നാലുവര്‍ഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പ്. തുടര്‍ച്ചയായി ഒരാള്‍ക്ക് രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്റുപദവിയിലായിരിക്കാനാവുകയില്ല. മരിക്കുന്നതുവരെ അധികാരസ്ഥാനത്ത് എന്ന രീതി അമേരിക്കയിലില്ല.
1845 മുതല്‍ അമേരിക്കയില്‍ തിരഞ്ഞെടുപ്പുദിനം നവംബര്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയ്ക്കുശേഷം വരുന്ന ചൊവ്വാഴ്ചയാണ്.. ക്രൈസ്തവരാജ്യമായ അമേരിക്കയില്‍ ഞായറാഴ്ചദിവസം വോട്ടെടുപ്പു നടക്കില്ല. കാരണം, അന്ന് ഞായറാഴ്ചയാചരണമുണ്ട്. അത് വിശ്രമദിവസവുമാണ്. ബുധനാഴ്ചയും പറ്റില്ല. കാരണം, അന്ന് ഉത്പന്നങ്ങളുടെ വിപണനം നടക്കുന്ന ചന്തദിവസമാണ്. അതുകൊണ്ട് ചൊവ്വാഴ്ച തിരഞ്ഞെടുത്തു. നവംബര്‍മാസത്തോടെ അമേരിക്കയില്‍ വിളവെടുപ്പ് അവസാനിക്കും. അതുകൊണ്ടാണ് അന്ന് കാര്‍ഷികരാജ്യമായിരുന്ന അമേരിക്ക തിരഞ്ഞെടുപ്പിനുവേണ്ടി നവംബര്‍ മാസം നിശ്ചയിച്ചത്. ഇന്ന് രണ്ടു ശതമാനത്തില്‍ താഴെ അമേരിക്കക്കാരേ കര്‍ഷകരായിട്ടുള്ളൂവെങ്കിലും തിരഞ്ഞെടുപ്പുമാസം മാറ്റിയിട്ടില്ല.
അമേരിക്കന്‍തിരഞ്ഞെടുപ്പ് ലോകംമുഴുവന്‍ ചര്‍ച്ചയാകുന്നത് അമേരിക്കന്‍ പ്രസിഡന്റുപദവി അത്ര പ്രധാനപ്പെട്ടതായതുകൊണ്ടാണ്. അമേരിക്കയുടെ സാമ്പത്തികനയം, വിദേശനയം, കുടിയേറ്റനയം, യുദ്ധത്തോടുള്ള സമീപനം മുതലായ കാര്യങ്ങള്‍ ലോകക്രമത്തെത്തന്നെ സ്വാധീനിക്കുന്നതാണ്. അമേരിക്കന്‍ പ്രസിഡന്റുപദവി ലോകത്തിലെ ഏറ്റവും വലിയ അധികാരകേന്ദ്രമാണ്. അവിടെ പ്രസിഡന്‍ഷ്യല്‍ ഭരണരീതി നിലനില്ക്കുന്നു എന്നതാണ് അതിനു കാരണം. അമേരിക്കയില്‍ സര്‍ക്കാരിന്റെ തലവനും രാഷ്ട്രത്തിന്റെ തലവനും ഒരാള്‍തന്നെയാണ്. എന്നാല്‍, ഇന്ത്യപോലെയുള്ള ജനാധിപത്യരാജ്യങ്ങളില്‍ ഭരണത്തിന്റെ തലവന്‍ പ്രധാനമന്ത്രിയും രാഷ്ട്രത്തിന്റെ തലവന്‍ പ്രസിഡന്റുമത്രേ. രണ്ട് അധികാരങ്ങളും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് അമേരിക്കന്‍പ്രസിഡന്റ് മറ്റാരെക്കാളും ശക്തനായി മാറുന്നത്.
അമേരിക്കയില്‍ പ്രധാനമായും രണ്ടു പാര്‍ട്ടികളാണുള്ളത്. 1828 ല്‍ സ്ഥാപിതമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും 1854 ല്‍ നിലവില്‍വന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. രണ്ടു പാര്‍ട്ടികളും രാജ്യം മാറിമാറി ഭരിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ പൊതുവെ പുരോഗമനചിന്താഗതിക്കാരാണ്. പ്രതിരോധത്തിനും രാജ്യസുരക്ഷയ്ക്കുമായി അവര്‍ ബഡ്ജറ്റില്‍ കുറച്ചു തുക ഉള്‍ക്കൊള്ളിക്കുന്നു. അവരുടേത് പൊതുവെ കുടിയേറ്റസൗഹൃദനയമാണ്. നികുതി വര്‍ധിപ്പിച്ച് അത് സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു പ്രയോജനപ്പെടുത്തണമെന്നാണ് അവരുടെ പക്ഷം. കാലാവസ്ഥാവ്യതിയാനം യാഥാര്‍ഥ്യമാണെന്ന് അവര്‍ വിശ്വസിക്കുകയും അതിനു പ്രതിവിധി ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. തോക്കുനിയന്ത്രണംവേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
ഡെമോക്രാറ്റുകള്‍ പൊതുവെ കത്തോലിക്കരാണെങ്കിലും ഗര്‍ഭച്ഛിദ്രം നിയമാനുസൃതമാക്കണമെന്നു വാദിക്കുന്നവരാണ്. സാമൂഹികസുരക്ഷാപദ്ധതി സര്‍ക്കാര്‍തന്നെ ഏറ്റെടുത്തു നടത്തണമെന്ന പക്ഷക്കാരാണ് ഡെമോക്രാറ്റുകള്‍. ഒബാമ കെയര്‍ പദ്ധതി അത്തരത്തിലുള്ള ക്ഷേമപദ്ധതിയത്രേ.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പൊതുവെ യാഥാസ്ഥിതിക മനോഭാവക്കാരാണ്. പ്രതിരോധബഡ്ജറ്റ് ഉയര്‍ത്തണമെന്ന് അവര്‍ വാദിക്കുന്നു. തോക്കുനിയമത്തില്‍ അയവ് അവര്‍ ആഗ്രഹിക്കുന്നു. നികുതി കൂട്ടണ്ടാ എന്ന ചിന്തയാണ് അവര്‍ക്ക്. ആരോഗ്യപരിരക്ഷ ഉള്‍പ്പെടെയുള്ള സാമൂഹികക്ഷേമപദ്ധതികള്‍ സ്വകാര്യമേഖലയിലാകട്ടെ എന്ന നിലപാടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്. കുടിയേറ്റം കര്‍ശനമായി തടയണമെന്ന പക്ഷക്കാരാണവര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പൊതുവെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരാണെങ്കിലും ഗര്‍ഭച്ഛിദ്രനിയമനിര്‍മാണത്തെ അവര്‍ എതിര്‍ക്കുന്നു.
അമേരിക്കന്‍ തിരഞ്ഞെടുപ്പുരീതി ഇന്ത്യയുടേതില്‍നിന്നു വ്യത്യസ്തമാണ്. അവര്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നേരിട്ടല്ല തിരഞ്ഞെടുക്കുന്നത്. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളജിനെയാണ് ജനം തിരഞ്ഞെടുക്കുന്നത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ജനസംഖ്യാനുപാതമനുസരിച്ച് ഇലക്ടറല്‍ കോളജ് അംഗങ്ങളുണ്ട്. ആകെ 538 പേരാണുള്ളത്. അതില്‍ 100 പേര്‍ ഉപരിസഭയായ സെനറ്റ് അംഗങ്ങളാണ്. 538 ല്‍ 270 ഇലക്ടറല്‍ വോട്ടു നേടുന്ന സ്ഥാനാര്‍ഥിയാണ് അമേരിക്കന്‍ പ്രസിഡന്റായി വൈറ്റ്ഹൗസില്‍ ചുമതലയേല്‍ക്കുന്നത്. ഒരു സംസ്ഥാനത്തെ ഇല്കടറല്‍ വോട്ടുകളില്‍ കൂടുതല്‍ ആരു കരസ്ഥമാക്കുന്നുവോ മുഴുവന്‍ വോട്ടുകളും അദ്ദേഹത്തിന് ലഭിക്കുന്നതായാണ് അവിടുത്തെ ധാരണയും നിയമവും.
ഏതാണ്ട് ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന തിരഞ്ഞെടുപ്പുപ്രക്രിയയാണ് അമേരിക്കയുടേത്. ഫെബ്രുവരിമാസത്തില്‍ ആരംഭിക്കുന്ന തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന് നാലു ഘട്ടങ്ങളുണ്ട്. ആദ്യത്തേത് 'പ്രൈമറി' എന്ന പേരിലറിയപ്പെടുന്നു. ഒരു പാര്‍ട്ടിയില്‍ ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടാകും. അവരില്‍നിന്ന് പ്രാദേശിക വോട്ടെടുപ്പിലൂടെ ഒരാളെ സ്ഥാനാര്‍ഥിയായി കണ്ടെത്തുന്നു. രണ്ടാമത്തെ ഘട്ടം നാഷണല്‍ കണ്‍വെന്‍ഷനാണ്. ഈ സമ്മേളനത്തിലാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. രണ്ടു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ നിശ്ചയിക്കപ്പെട്ടാല്‍ അടുത്ത പടി നാഷണല്‍ ഡിബേറ്റുകളാണ്. പാര്‍ട്ടിയുടെ നയപരിപാടികള്‍ പരിശോധിക്കാനും സ്ഥാനാര്‍ഥികളുടെ മികവ് വിലയിരുത്താനുമുള്ള അവസരമാണത്. നാലാമത്തെ ഘട്ടമാണ് തിരഞ്ഞെടുപ്പുദിനത്തിലെ വോട്ട്.
രണ്ടു പാര്‍ട്ടികള്‍ക്കും പരമ്പരാഗതവോട്ടുബാങ്കുകളുണ്ട്. പട്ടണപ്രദേശങ്ങള്‍ പൊതുവെ ഡെമോക്രാറ്റുകള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ റിപ്പബ്ലിക്കന്‍പാര്‍ട്ടിക്കും അനുകൂലമാണ്. ഇരുപാര്‍ട്ടികള്‍ക്കും മാറിമാറി വോട്ടുചെയ്യുന്ന 'സ്പിഗ് സ്റ്റേറ്റുക'ളാണ് നിര്‍ണായകമാവുക.
നേര്‍മൊഴി