•  17 Apr 2025
  •  ദീപം 58
  •  നാളം 7
നേര്‍മൊഴി

ക്രൈസ്തവര്‍ പിശാചിനും കടലിനും നടുവില്‍

   വ്യക്തികള്‍മാത്രമല്ല, ചില സമൂഹങ്ങളും ചില ഘട്ടങ്ങളില്‍ വിധവകളെപ്പോലെ ആകാറുണ്ട്. സംരക്ഷിക്കാന്‍ ആരുമില്ലാത്ത വിധവകള്‍. അവര്‍ക്ക് ആക്രമണങ്ങളും ചൂഷണങ്ങളും നേരിടേണ്ടിവരും. ആ സമയത്ത് സംരക്ഷകരായി പലരും രംഗത്തുവരും. അവരില്‍ത്തന്നെ പലരും ചൂഷകരായിരിക്കും. ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥ. പല വിഷയങ്ങളിലും  ക്രൈസ്തവസമൂഹം  പലപ്പോഴും ഈ വിഷമാവസ്ഥയിലാണ്.
    ഏപ്രില്‍ മൂന്നാം തീയതി ആര്‍.എസ്.എസിന്റെ മുഖപത്രമായ 'ഓര്‍ഗനൈസറി'ന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ക്രൈസ്തവര്‍ക്കെതിരായ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. അതിലെ വിവരങ്ങള്‍ സത്യവിരുദ്ധവും തെറ്റുധാരണാജനകവും ക്രൈസ്തവസമൂഹത്തെയും മിഷനറിപ്രവര്‍ത്തനത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്. ലേഖനപ്രകാരം കത്തോലിക്കാസഭയ്ക്ക്  ഏഴുകോടി ഹെക്ടര്‍ ഭൂസ്വുത്തുണ്ട്. അത് കേന്ദ്രസര്‍ക്കാരിനുള്ളതിനേക്കാള്‍ കുടുതലാണ്.  അത് ബ്രിട്ടീഷ് ഭരണകാലത്ത് സമ്പാദിച്ചതത്രേ. 1927 ല്‍ ഇന്ത്യന്‍ ചര്‍ച്ച് നിയമം പാസാക്കിയതിനുപിന്നാലെയാണ് ഭൂവിസ്തൃതി ഇത്രയും വര്‍ധിച്ചത്. ക്രൈസ്തവമിഷനറിമാര്‍ സ്‌കൂളിലും ആശുപത്രികളിലും കുറഞ്ഞനിരക്കില്‍ സേവനം നല്‍കിയത് മതപരിവര്‍ത്തനം ലക്ഷ്യംവച്ചാണ്. 
വിദ്യാഭ്യാസവും യാഥാര്‍ഥ്യബോധവുമുള്ള ആരും വിശ്വസിക്കാത്ത ഈ കണക്കുകളും വിവരങ്ങളും വിവാദമായതോടെ വെബ്‌സൈറ്റില്‍നിന്നു ലേഖനം നീക്കം ചെയ്തു. ലേഖനം പുതിയതല്ല, വഖഫ് ബില്‍ ചര്‍ച്ചയായ വേളയില്‍ പഴയ ലേഖനം പുനഃപ്രസിദ്ധീകരിക്കുകയായിരുന്നുവെന്നാണ് പത്രാധിപരുടെ വിശദീകരണം. കേരളത്തിലെ ബിജെപിയുടെ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് ലേഖനത്തില്‍ വസ്തുതാപരമായ പിശകുകള്‍ ഉള്ളതിനാല്‍ നീക്കം ചെയ്തുവെന്നാണ്. ക്രൈസ്തവര്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടി ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ ഇത്തരമൊരു ലേഖനം പാര്‍ട്ടിക്കു തിരിച്ചടിയാകുമോ എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ആശങ്ക. കേരളം, ഗോവ, വടക്കുകിഴക്കന്‍ സംസംഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ശക്തമായ ക്രൈസ്തവസാന്നിധ്യമുള്ളത്.
   ലേഖനം പഴയതാണെങ്കിലും പുതിയതാണെങ്കിലും  അതില്‍ ന്യൂനപക്ഷവിരുദ്ധതയും ക്രൈസ്തവവിരുദ്ധതയും വ്യക്തമാണ്. ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടയാണ് ലേഖനത്തിലൂടെ മറനീക്കി പുറത്തുവന്നത്.
     ക്രൈസ്തവര്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങളെ ചെറുക്കുന്നതിനോ ഭരണഘടന അനുവദിച്ചുതരുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോ അവര്‍ക്കു സ്വന്തമായ രാഷ്ട്രീയപ്പാര്‍ട്ടികളില്ല  അവരുടെ വോട്ട് പരമ്പരാഗതമായി സ്വന്തമാക്കുന്ന പാര്‍ട്ടികള്‍ രംഗത്തിറങ്ങുന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം. പുതുതായി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോ രാഷ്ട്രീയകൂട്ടുകെട്ടോ ഉണ്ടാക്കി പ്രശ്‌നം ഉടനടി പരിഹരിച്ചുകളയാമെന്ന ചിന്ത സാമാന്യയുക്തിക്കു ചേര്‍ന്നതല്ല. കേരളത്തില്‍ ഒരു ഭൂരിപക്ഷസമുദായംതന്നെ രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കി നാണംകെട്ടു പരാജയത്തിലേക്കു കൂപ്പുകുത്തിയതിന്റെ ചരിത്രം വളരെ പഴയതല്ല. ആരെയെങ്കിലും ആശ്രയിച്ചു മുന്നോട്ടുപോകേണ്ട ഗതികേടിലാണ് ക്രൈസ്തവന്യൂനപക്ഷമെന്നു കേരളത്തിലെ മുഖ്യധാരാപാര്‍ട്ടികള്‍ക്കെല്ലാമറിയാം. അതിനിടയില്‍ ഉയരുന്ന ഒറ്റപ്പെട്ട വെല്ലുവിളികളെ, അത് സമുദായനേതാക്കന്മാരുടെ ഭാഗത്തുനിന്നായാലും നിസ്സാരമായി അവഗണിച്ചുകളയുന്ന രീതിയാണ് രാഷ്ട്രീയനേതാക്കന്മാര്‍ സ്വീകരിച്ചുപോരുന്നത്. വെല്ലുവിളിച്ചും വെല്ലുവിളികളെ അതിജീവിച്ചും കരുത്തു തെളിയിച്ചിട്ടുള്ള  രാഷ്ട്രീയനേതാക്കന്മാര്‍ക്കു ഭീഷണികള്‍ പുത്തരിയല്ല. ശത്രുക്കളുടെ മുമ്പില്‍ ആയുധം വിവേകമാണ്.
    വീടിനു തീപിടിക്കുമ്പോള്‍ വാഴവെട്ടുന്ന ശൈലിയാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടേത്. കമിഴ്ന്നുവീണാല്‍ കാല്‍പ്പണം എന്നതാണു നയം. അവരുടെ കുടിലതന്ത്രങ്ങളെ അറിയാതെ ചങ്ങാത്തം ഭാവിക്കുന്ന പാവങ്ങള്‍ കുടുങ്ങും. ആടിനെ പ്ലാവില കാണിച്ചു കൂടെ കൊണ്ടുപോകുന്നപോലെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടുബലമില്ലാത്ത സമുദായങ്ങളെ സമീപിക്കുന്നത്. ആവശ്യക്കാരന് ഔചിത്യമില്ല എന്നു പറയുന്നത് ശരിയാണെന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. ക്രൈസ്തവര്‍ക്കുനേരേ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായിക്കാനെന്ന മട്ടില്‍ മുതലെടുപ്പുകാര്‍ രംഗത്തുവരുമ്പോള്‍ കണ്ണുമടച്ച് അവരുടെ സഹായത്തിനായി കൈനീട്ടിനില്ക്കുന്ന അവസ്ഥയുണ്ട്. കല, സാഹിത്യം, സിനിമ, നിയമനിര്‍മാണം എന്നീ മേഖലകളിലെല്ലാം ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു ശത്രുവില്‍നിന്നു രക്ഷപ്പെടാന്‍ മറ്റൊരു ശത്രുപാളയത്തില്‍ ചെന്നുപെടുന്ന ഗതികേട് തിരിച്ചറിയാതെ ക്രൈസ്തവര്‍ക്കു നിലനില്പില്ല.
   സത്യവും നീതിയും ഭരണഘടനയുമെല്ലാമാണ് തത്ത്വത്തില്‍ വലുതും സ്വീകാര്യവുമെങ്കിലും രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ടത് ഭൂരിപക്ഷംതന്നെയാണ്. ആള്‍ബലമുള്ളിടത്ത് രാഷ്ട്രീയക്കാര്‍ നിലയുറപ്പിക്കും. ആള്‍ബലം കുറഞ്ഞവര്‍ ഞെരുക്കപ്പെടും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)