വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം യാഥാര്‍ഥ്യമായി. 2015 ഡിസംബര്‍ മാസത്തില്‍ നിര്‍മാണജോലികളാരംഭിച്ച ഗൗതം അദാനിഗ്രൂപ്പ് പല പ്രതിസന്ധികളെയും അതിജീവിച്ചാണ് 2024 ജൂലൈ 11 ന് ''സാന്‍ ഫെര്‍നാന്‍ഡോ'' എന്ന വലിയ മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തിച്ചത്. അന്നുമുതല്‍ അനൗദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 2025 മെയ് രണ്ടാം തീയതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
2015 ഡിസംബറില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സമയത്ത് അദാനി പറഞ്ഞത് 1000 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നാണ്. നിര്‍മാണസാമഗ്രികളുടെ ലഭ്യതക്കുറവ്, തുറമുഖനിര്‍മാണംവഴി പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകാനിടയുള്ള കഷ്ടനഷ്ടങ്ങള്‍ മുന്നില്‍ക്കണ്ടുണ്ടായ നിലയ്ക്കാത്ത സമരങ്ങള്‍, സമരത്തിനു പിന്തുണ നല്‍കിയ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്കു ലഭിച്ച വലിയ പിന്തുണ, അപ്രതീക്ഷിതമായി കടന്നുവന്ന കൊവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികള്‍മൂലമാണ് പോര്‍ട്ടിന്റെ നിര്‍മാണം വൈകിയത്. ഏതായാലും, നിര്‍മാണം പൂര്‍ത്തിയായതോടെ വിഴിഞ്ഞംതുറമുഖം രാജ്യത്തെ ഏറ്റവും വലുതും ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട സ്വാഭാവികതുറമുഖങ്ങളിലൊന്നുമാണ്. ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ക്ക് എത്തിച്ചേരാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇതിനുണ്ട്. ഇതിന്റെ നിര്‍മാണത്തിനു നേതൃത്വം വഹിച്ച നേതാക്കന്മാര്‍ ആദരം അര്‍ഹിക്കുന്നു.
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലില്‍ നിര്‍മിച്ച തുറമുഖമാണ് തിരുവനന്തപുരം അന്താരാഷ്ട്രതുറമുഖം. അന്താരാഷ്ട്രകപ്പല്‍പ്പാതയുടെ സാമീപ്യം, തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലംവരെ 24 മീറ്റര്‍ സ്വഭാവിക ആഴം തുടങ്ങിയവയെല്ലാം വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതകളാണ്. വിഴിഞ്ഞത്തുനിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്രകപ്പല്‍പാത കടന്നുപോകുന്നു. അതുകൊണ്ട് വലിയ മദര്‍ഷിപ്പുകള്‍ക്കു വിഴിഞ്ഞംതുറമുഖത്ത് എത്തിച്ചേരുക എളുപ്പമാണ്.
20000 മുതല്‍ 25000 വരെ കണ്ടെയ്‌നറുകള്‍ വഹിക്കാവുന്ന കൂറ്റന്‍കപ്പലുകളാണ് മദര്‍ഷിപ്പുകള്‍. ഇവയ്ക്ക് 350-450 മീറ്റര്‍ നീളമുണ്ടാകും. ബഹുനിലക്കെട്ടിടങ്ങളുടെ ഉയരമുള്ള ഇത്തരം കപ്പലുകളുടെ അടിഭാഗം കടലിനടിയില്‍ 16 മുതല്‍ 20 മീറ്റര്‍ താഴ്ചയിലാകും കാണപ്പെടുന്നത്. വിഴിഞ്ഞം തുറമുഖത്തിന് പ്രകൃതിദത്തമായി 20-24 മീറ്റര്‍ ആഴമുള്ളതുകൊണ്ട് എല്ലാ വലിയ കപ്പലുകള്‍ക്കും അവിടെ അടുക്കാനാകും. കേരളത്തിന്റെ സാമ്പത്തികരംഗത്ത് ഈ പദ്ധതി വന്‍കുതിച്ചുചാട്ടമുണ്ടാക്കുമെന്നു കരുതപ്പെടുന്നു. ഒരു പോര്‍ട്ട് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ അതിനോടനുബന്ധിച്ചുള്ള റോഡ്-റെയില്‍ അടിസ്ഥാനസൗകര്യവികസനവും സാധ്യമാകുന്നു.
എട്ടാം നൂറ്റാണ്ടുമുതല്‍ വിഴിഞ്ഞംതുറമുഖം അറിയപ്പെട്ടിരുന്നു. എന്നാല്‍, വിവിധ രാജവംശങ്ങളുടെ ചേരിതിരിഞ്ഞുള്ള കലഹങ്ങള്‍മൂലം തുറമുഖത്തിന്റെ വികസനം സാധ്യമാകാതെ കിടന്നു. പിന്നീട് 1940 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് വിഴിഞ്ഞം തുറമുഖം നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയുണ്ടായി. 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാരാണ് ഇന്നത്തെ വിഴിഞ്ഞം പദ്ധതിക്കു തുടക്കമിട്ടതെന്നു പറയാം. അന്നു തുറമുഖമന്ത്രിയായിരുന്ന എം.വി. രാഘവന്‍ പദ്ധതിക്കുള്ള അണിയറ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പിന്നീടുവന്ന ഇ. കെ. നയനാര്‍ മന്ത്രിസഭയും വിഴിഞ്ഞം പദ്ധതികളുമായി മുന്നോട്ടുപോയി. എന്നാല്‍, പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ഗൗതം അദാനിയുമായി ധാരണാപത്രമുണ്ടാക്കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ 2015 കാലത്താണ്. അതുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ഉമ്മന്‍ചാണ്ടിയെ വിഴിഞ്ഞം തുറമുഖത്തിന്റെ നായകനെന്നു വിളിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയുടെ മൊത്തം ചെലവ് 8867 കോടിയാണ്. അതില്‍ 5595 കോടി (61.5 ശതമാനം) കേരളത്തിന്റെ മുതല്‍മുടക്കാണ്. അദാനിഗ്രൂപ്പ് 2454 കോടിയാണു മുടക്കുന്നത്. ഏകദേശം 29 ശതമാനം തുകയാണത്. കേന്ദ്രവിഹിതം താരതമ്യേന കുറവാണ്. 817 കോടി മാത്രം. അത് വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രത്തിന്റെ ഫണ്ട് കുറവായതിനാലും നല്‍കിയ ഫണ്ട് തിരിച്ചടയ്‌ക്കേണ്ടതിനാലുമാണ് പദ്ധതിയുടെ ഉദ്ഘാടകനായി പ്രധാനമന്ത്രി എത്തിയതിലെ യോഗ്യത വിമര്‍ശനവിധേയമായത്.
കപ്പല്‍ ഓടുന്ന അറബിക്കടല്‍ ശാന്തമായെങ്കിലും വിവാദങ്ങളുടെ തിരയിളക്കം മാത്രം ശമിക്കുന്നില്ല. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പദ്ധതിയില്‍ 6000 കോടിയുടെ അഴിമതിയെന്നു പറഞ്ഞ് പദ്ധതി മുടക്കാന്‍ ശ്രമിച്ച പിണറായി സഖാവിനെയാണ് ഇപ്പോഴത്തെ തുറമുഖമന്ത്രി തുറമുഖത്തിന്റെ ശില്പി, കാലം കരുതിവച്ച കര്‍മയോഗി എന്നൊക്കെ വാഴ്ത്തിപ്പാടി പുകഴ്ത്തിയത്. വെടക്കാക്കി സ്വന്തമാക്കുന്ന ശൈലി ഇടതുപക്ഷം തുടരുന്നുവെന്നു ചിന്തിച്ചാണ് ശത്രുക്കള്‍ സമാധാനപ്പെടുന്നത്. തുറമുഖത്തിനുവേണ്ടി പ്രയത്‌നിച്ച എല്ലാവരും അതിന്റെ അവകാശികളാണ്.
നേര്‍മൊഴി
വിഴിഞ്ഞത്ത് വിവാദത്തിന്റെ തിരകള്‍ ശാന്തമാകുന്നില്ല
