ജനാധിപത്യം തത്ത്വത്തില്‍ സമത്വസുന്ദരഭരണക്രമമാണ്. എങ്കിലും രാഷ്ട്രീയ അജണ്ടകളും വ്യക്തിപരമായ താത്പര്യങ്ങളും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും സമൂഹത്തില്‍ കടുത്ത അസമത്വവും സൃഷ്ടിക്കുന്നുണ്ട്. ശക്തിയും സ്വാധീനവുമില്ലാത്തവര്‍ പാടേ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. നേതാക്കന്മാരുടെ ചൂഷണത്തിനും ദുര്‍ഭരണത്തിനും ഇരയാകുമ്പോള്‍ ജനത്തിന്റെ ഏകാശ്രയം കോടതിയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമാണ്. ജനങ്ങളെ സേവിക്കാന്‍ അറിവും അധികാരവും നിയമത്തിന്റെ പിന്‍ബലവുമുള്ളവരാണവര്‍. ജനാധിപത്യത്തിന്റെ കാവല്‍ക്കാരായി അറിയപ്പെടുന്ന അവര്‍ക്കിടയില്‍ത്തന്നെ ജീര്‍ണത കൂടിവരുന്നത് സാധാരണക്കാരെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. സംരക്ഷകര്‍ ദുര്‍ബലരാകുമ്പോള്‍ പ്രതീക്ഷ നഷ്ടപ്പെടുന്നത് ആശ്രിതര്‍ക്കത്രേ! നീതിപാലകരില്‍ വിശ്വാസം കുറയുകയും സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരില്‍ പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല.
പറഞ്ഞുവരുന്നത്, സിവില്‍ സര്‍വീസില്‍ അടുത്തകാലത്തു വര്‍ധിച്ചുവരുന്ന തമ്മിലടികളെക്കുറിച്ചാണ്. സിവില്‍ സര്‍വീസിനെ രാഷ്ട്രത്തിന്റെ ഉരുക്കുചട്ടക്കൂട് എന്നാണ് ഉരുക്കുമനുഷ്യന്‍ എന്ന വിശേഷണമുള്ള സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിശേഷിപ്പിച്ചത്. അവര്‍ ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരും നിയമങ്ങള്‍ നടപ്പിലാക്കുന്നവരും സര്‍ക്കാര്‍പദ്ധതികളുടെ നടത്തിപ്പുകാരും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കുന്നവരുമത്രേ. രാഷ്ട്രീയനേതൃത്വത്തിനു വിവിധ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളും നിയമോപദേശങ്ങളും ഇവരില്‍നിന്നു ലഭിക്കുന്നു. പൊതുജനത്തിനു ലഭിക്കേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്. ഭരണഘടനയും നാടിന്റെ നിയമവും ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വം വഹിക്കുന്നവരാണ് സിവില്‍ സര്‍വീസിലുള്ളവര്‍. പ്രകൃതിദുരന്തംപോലുള്ള അടിയന്തരസാഹചര്യങ്ങളില്‍ ഇടപെട്ട് ആശ്വാസം പകരുന്നത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്. തിരഞ്ഞെടുപ്പു പ്രക്രിയ സുഗമമമാക്കുന്നതിനു നേതൃത്വം വഹിക്കുന്നതും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്. ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അടിയന്തരമായി ഇടപെടാനുള്ള ഉത്തരവാദിത്വം സിവില്‍ സര്‍വീസുകാര്‍ക്കു ണ്ട്.
ഇത്രയും വിപുലവും ഭാരിച്ചതുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ അവരെ പ്രാപ്തരാക്കുന്നത് അവരുടെ പരീക്ഷായോഗ്യതയും ലഭിക്കുന്ന പരിശീലനവും പ്രവൃത്തിപരിചയത്തിലൂടെ ലഭിക്കുന്ന അനുഭവജ്ഞാനവുമാണ്. രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷയാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ. മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയില്‍ ജയിക്കുന്നത് വളരെ ചെറിയ ഒരു ശതമാനം പേര്‍ മാത്രമാണ്. ഒമ്പതു ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയില്‍ വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു വര്‍ഷം രാജ്യത്തിനാവശ്യമായി വരുന്നത് 180 ല്‍ താഴെ ഐ.എ.എസുകാരെമാ ്രതമാണ്. അതുകൊണ്ട് പരീക്ഷ എഴുതുന്നവരില്‍ അരശതമാനത്തില്‍താഴെ വിദ്യാര്‍ഥികള്‍ മാത്രമാണു പാസാവുക. അവര്‍ക്കു ലഭിക്കുന്ന റാങ്കനുസരിച്ച് മസൂറിയിലോ ഹൈദ്രാബാദിലോ രണ്ടു വര്‍ഷത്തോളം നീളുന്ന പ്രൊഫഷണല്‍ പരിശീലനത്തിനുശേഷമാണ് അവര്‍ വിവിധ തസ്തികകളില്‍ നിയമിതരാകുന്നത്. രാജ്യത്തെ മറ്റ് ഏതു സേവനമേഖലയെക്കാള്‍ വൈവിധ്യപൂര്‍ണമായ ഇടങ്ങളിലാണ് അവര്‍ സേവനം ചെയ്യേണ്ടി വരുന്നത്. അവിടത്തെ അനുഭവങ്ങള്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സാധാരണക്കാര്‍ക്കു ഭാവന ചെയ്യാവുന്നതിലധികം അപ്പുറത്തേക്കു വളര്‍ത്തുന്നു. സിവില്‍ സര്‍വീസിന്റെ മഹിമയുടെ രഹസ്യമിതാണ്.
ഒന്നിനെയും ഭയപ്പെടാതെയും ആരെയും ആശ്രയിക്കാതെയും സ്വതന്ത്രമായും സത്യമായും തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമുള്ള അധികാരവും അടിസ്ഥാനസൗകര്യങ്ങളും നിയമസംരക്ഷണവും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. ബഹുരാഷ്ട്രക്കമ്പനികളിലെ ഉയര്‍ന്ന തസ്തികകളില്‍ ലഭിക്കുന്ന വേതനം സിവില്‍ സര്‍വീസുകാര്‍ക്കില്ലെങ്കിലും മറ്റാനുകൂല്യങ്ങളും നിയമസംരക്ഷണവും മറ്റാരേക്കാളും അവര്‍ക്കുണ്ട്. ഭരണഘടനയുടെ 53, 154, 311, 312 ആര്‍ട്ടിക്കിളുകളില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന നിയമസംരക്ഷണത്തെക്കുറിച്ചു വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എത്ര പ്രഗല്ഭനാണെങ്കിലും അദ്ദേഹത്തിനു സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാനാവില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടിയോ പാര്‍ട്ടികള്‍ക്കെതിരായോ പ്രവര്‍ത്തിക്കാനാവുകയില്ല. അവര്‍ക്കു വര്‍ത്തിക്കേണ്ടത് 1964 ല്‍ രൂപീകൃതമായ കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ക്കു വിധേയമായും സര്‍ക്കാര്‍നിയമങ്ങള്‍ക്കനുസൃതമായുംമാത്രമാണ്. വിവാദങ്ങളില്‍ പെടാതിരിക്കാനും സോഷ്യല്‍മീഡിയായില്‍ അഭിരമിക്കാതിരിക്കാനും ശ്രമിക്കേണ്ടത് അവരുടെ കടമയാണ്. സമീപകാലത്തെ പ്രതിസന്ധികള്‍ വേലി വിളവു തിന്നുന്നതില്‍നിന്നുണ്ടായതാണ്.