•  8 May 2025
  •  ദീപം 58
  •  നാളം 9
നേര്‍മൊഴി

ഭീകരവാദത്തിനെതിരെ രാജ്യം ഒന്നിക്കണം

  ഏപ്രില്‍ 22-ാം തീയതി ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനും ആത്മാഭിമാനത്തിനുമേറ്റ ആഴത്തിലുള്ള മുറിവാണ്. ഒരു പ്രദേശവാസിയും 25 വിനോദസഞ്ചാരികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ആള്‍ത്തിരക്കുള്ള വിനോദസഞ്ചാരകേന്ദ്രത്തിലാണ് വെടിവയ്പ് നടന്നത്. എ.കെ. 47 പോലുള്ള മാരകപ്രഹരശേഷിയുള്ള തോക്കുകളുമായി അഞ്ചു ഭീകരര്‍ കൂട്ടക്കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. അവരെ സഹായിച്ച ഇരുപതിലധികം പേരെ അന്വേഷണസംഘം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. മതത്തിന്റെ പേരിലാണ് ക്രൂരകൃത്യം നടന്നതെന്നു കരുതപ്പെടുന്നു. മരിച്ചവരിലധികവും ഒരു മതത്തില്‍പ്പെട്ടവരത്രേ. പാക്കിസ്ഥാന്‍കേന്ദ്രീകൃതമായ ഒരു ഭീകരസംഘടന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തുവന്നു. 
   പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഫാക്ടറിയാണെന്നു വിശ്വസിക്കുന്നവര്‍ കുറവല്ല. അവരുടെ വിശ്വാസത്തെ ഉറപ്പിക്കുന്ന ഗൂഢാലോചനകളും കൂട്ടക്കൊലകളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭീകരര്‍ നുഴഞ്ഞുകയറുന്നതും അഭയം തേടുന്നതും പാക്കിസ്ഥാന്‍ അതിര്‍ത്തിവഴിയാണെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതിനാല്‍ പാക്കിസ്ഥാന്‍ പ്രതിസ്ഥാനത്തുതന്നെയാണ്. ഭീകരപ്രവര്‍ത്തകരെ വകവരുത്താനുള്ള രാജ്യത്തിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പാക്കിസ്ഥാന്റെമേല്‍ ഇന്ത്യ കടുത്ത നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയത്. പാക്കിസ്ഥാന്‍ നയതന്ത്രപ്രതിനിധികളെയും പൗരന്മാരെയും രാജ്യം പുറത്താക്കി. 1960 ല്‍ ഉണ്ടാക്കിയ ജലം പങ്കുവയ്ക്കാനുള്ള ഉടമ്പടി റദ്ദാക്കി. അതിര്‍ത്തി അടച്ച് സൈനികശക്തി ബലപ്പെടുത്തി. അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ 1972 ലെ സിംല കരാര്‍ ഉള്‍പ്പെടെ റദ്ദാക്കി പാക്കിസ്ഥാന്‍ സ്വന്തം നില കൂടുതല്‍ പരുങ്ങലിലാക്കി.
ഭീകരവാദത്തെ മതവുമായി കൂട്ടിക്കലര്‍ത്തി രാഷ്ട്രീയമുതലെടുപ്പു നടത്താന്‍ പാടില്ല. യഥാര്‍ഥ മതവിശ്വാസികള്‍ക്കു ഭീകരപ്രവര്‍ത്തനവുമായി സഹകരിക്കാനോ അതിനെ അംഗീകരിക്കാനോ സാധ്യമല്ല. മതമില്ലാത്തവരും മനുഷ്യത്വം മരവിച്ചവരും മതാന്ധത ബാധിച്ചവരും ചോര കണ്ട് ആനന്ദിക്കുന്നവരും സമാധാനവിരോധികളും വികസനവും രാഷ്ട്രപുരോഗതിയും അട്ടിമറിക്കുന്നവരുമാണ് ഭീകരവാദികള്‍. നീതിനിഷേധങ്ങള്‍ക്ക് ഇരയായവരാണ് ഭീകരവാദത്തിലേക്കെത്തുന്നതെന്ന ഇരവാദവുമായി പ്രത്യക്ഷപ്പെടുന്നവരെയും ഭീകരപ്രസ്ഥാനത്തിന്റെ സഹകാരികളായിക്കണ്ട് ഒറ്റപ്പെടുത്തണം. 
ഭീകരവാദികള്‍ ഏതെങ്കിലും തെറ്റായ വിശ്വാസധാരകളിലോ പ്രത്യയശാസ്ത്രങ്ങളിലോ പെട്ടവരും മനോനിലയില്‍ വ്യതിചലനം സംഭവിച്ചവരുമാണ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഭയപ്പെടുത്തിയും അട്ടിമറികളും കൂട്ടക്കൊലപാതകങ്ങളും നടത്തി ശക്തിതെളിയിച്ച് എല്ലാവരെയും കീഴ്‌പ്പെടുത്തിയും താത്കാലികമേല്‍വിലാസമുണ്ടാക്കുന്ന സാമൂഹികവിരുദ്ധശക്തികളാണ് ഭീകരവാദികള്‍. അത്തരക്കാര്‍ക്കെതിരെ ലോകം മുഴുവന്‍ ഒന്നിക്കണം. ഭീകരപ്രവര്‍ത്തനം എവിടെ സംഭവിച്ചാലും അത് അവിടെ മാത്രം ഒതുങ്ങുന്ന കാര്യമല്ല. വെള്ളപ്പൊക്കംപോലെയോ കൊടുങ്കാറ്റുപോലെയോ അല്ല ഭീകരപ്രവര്‍ത്തനത്തിന്റെ വ്യാപ്തി. അത് അകാരണമായി എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ജാഗ്രതയും കടുത്ത നടപടികളുമാണ് പരിഹാരമാര്‍ഗം. 
ഭീകരപ്രസ്ഥാനങ്ങള്‍ ആകാശത്തുനിന്നു പൊട്ടിവീഴുന്നതോ ഭൂമിയില്‍നിന്നു മുളച്ചുപൊങ്ങുന്നതോ അല്ല. അതു ചില പ്രത്യേക സാമൂഹികരാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ തല പൊക്കുന്നതാണ്. അതിന്റെ ഗുണഭോക്താക്കളും പ്രചാരകരും സംരക്ഷകരും നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയ നേതൃത്വംതന്നെയാണ്. രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന വിമത,വിഘടനശക്തികളാണ് കാലക്രമത്തില്‍ ഭീകരപ്രസ്ഥാനങ്ങളായി മാറുന്നത്. അത്തരം പ്രസ്ഥാനങ്ങളെ മുളയിലേ നുള്ളിക്കളയണം. ഭരണകൂടങ്ങള്‍ക്കുമാത്രമാണ് അതിനുള്ള അധികാരവും ശക്തിയും.
അതിര്‍ത്തി കടന്നുവരുന്ന ഭീകരപ്രസ്ഥാനങ്ങളെയും രാജ്യത്തിനുള്ളില്‍ വേരോട്ടമുള്ള പ്രസ്ഥാനങ്ങളെയും ഉരുക്കുമുഷ്ടിയോടെ സര്‍ക്കാര്‍ നേരിടണം. ഭീകരവാദികള്‍ക്കു മതതാത്പര്യങ്ങളും രാഷ്ട്രീയ അജണ്ടകളുമുണ്ടാകാം. എന്നാല്‍, അവരെ അമര്‍ച്ച ചെയ്യുന്നതിന് മതവും രാഷ്ട്രീയവും പ്രാദേശികചിന്തകളുമൊന്നും തടസ്സമാകരുത്. ഭീകരതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്കു ശക്തി പകരുന്നത് രാജ്യസ്‌നേഹത്തിന്റെ ഭാഗമാണ്. ഇതുപോലൊരു പ്രതിസന്ധിയില്‍ സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള ചര്‍ച്ച അപ്രസക്തമത്രേ. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)