ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന്റെയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റെയും പ്രതീകമായി ഇന്ത്യന്‍ സ്ത്രീകള്‍ സീമന്തരേഖയില്‍ ചാര്‍ത്തുന്ന ചുവന്ന അടയാളമാണ് സിന്ദൂരപ്പൊട്ട്. പരമ്പരാഗതമായും സാംസ്‌കാരികമായും ഈ ചുവന്ന തിലകത്തിന് വലിയ പ്രാധാന്യമുണ്ട്. പഹല്‍ഗാമിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പേര് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ്. തിരിച്ചടി വിവരം പങ്കുവച്ച് ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പാക്കിസ്ഥാന്‍ ഭീകരവാദികള്‍ പഹല്‍ഗാമില്‍ നടത്തിയ നരവേട്ടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഭാര്യമാര്‍ക്കുള്ള ആദരവാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ചരിത്രത്തില്‍ അടുത്തകാലത്തൊന്നും മറക്കാനിടയില്ലാത്ത ഈ പേരു നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെയാണെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയും ഇന്ത്യന്‍ സൈന്യവും അഭിനന്ദനമര്‍ഹിക്കുന്നു. അവര്‍ ഇന്ത്യയുടെ മാനവും അതിര്‍ത്തിയും കാത്തു. സ്വത്തിനും ജീവനും അഭിമാനത്തിനും സംരക്ഷണം നല്‍കുകയാണു ഭരണകൂടത്തിന്റെ ലക്ഷ്യം.
പഹല്‍ഗാംഭീകരാക്രമണത്തിലെ കണ്ണീര്‍ക്കാഴ്ചയായിരുന്നു ആറുദിവസംമുമ്പുമാത്രം വിവാഹിതയായ ഹിമാന്‍ഷി നര്‍വാളിന്റെ ചിത്രം. നേവി ഓഫീസര്‍ ലഫ്റ്റനന്റ് വിനയ് നര്‍വാളുമായിട്ടായിരുന്നു വിവാഹം. മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയപ്പോഴാണ് ഭീകരാക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത്. വിനയ് നര്‍വാളിന്റെ സംസ്‌കാരച്ചടങ്ങില്‍ സിന്ദൂരമണിയാതെ പങ്കെടുത്ത ഹിമാന്‍ഷിയെ രാജ്യം വേദനയോടെ കണ്ടു. ഭീകരവാദികളെ തകര്‍ക്കുന്നതിനു മുന്നിട്ടിറങ്ങിയ ഇന്ത്യന്‍സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു പിന്നില്‍ ഹിമാന്‍ഷിയുള്‍പ്പെടെയുള്ള വനിതകളുടെ കരഞ്ഞുതീരാത്ത കണ്ണുകളുടെ നനവുകൂടിയുണ്ട്. സ്ത്രീകള്‍മാത്രമല്ല, പോരാളികളായി ഇറങ്ങുന്നവരും നെറ്റിയില്‍ ചുവന്ന സിന്ദൂരം ചാര്‍ത്തുന്ന രീതി പരമ്പരാഗതമായി രജ്പുത്, മറാത്ത യോദ്ധാക്കള്‍ക്കിടയിലുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്നത് കശ്മീരിലാണെന്ന പ്രത്യേകതയും ഓപ്പറേഷന് ആ പേരു തിരഞ്ഞെടുത്തതിനു പിന്നിലുണ്ടാകാം.
അപ്രതീക്ഷിതമായിട്ടാണ് പാക്കിസ്ഥാന്‍പിന്തുണയുള്ള ഭീകരവാദികള്‍ പഹല്‍ഗാമില്‍ 26 പേരെ അരുംകൊല ചെയ്തത്. നാട്ടുകാരും വിദേശികളുമടങ്ങുന്ന വിനോദസഞ്ചാരഗ്രൂപ്പുകളില്‍പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. നിരപരാധികളുടെ ചോരയ്ക്കു മറുപടി പറയാന്‍ ഇന്ത്യ ദിവസങ്ങളോളം കാത്തിരുന്നു. ഗൃഹപാഠങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ആഞ്ഞടിച്ചു. 100 ഭീകരരെ കൊന്നൊടുക്കി. നാല്പതോളം പാക്കിസ്ഥാന്‍സൈനികരും കൊല്ലപ്പെട്ടു. ഇന്ത്യയ്ക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ടാകണം. ദൗത്യത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ച നാലഞ്ചു സൈനികരുള്‍പ്പെടെ ഏതാനുംപേരുടെ ജീവന്‍ നഷ്ടമായി. അവരെ അഭിമാനത്തോടെയും ആദരവോടെയും രാജ്യം അനുസ്മരിക്കുന്നു. യുദ്ധം ആഗ്രഹിക്കാത്ത രാജ്യമാണ് ഇന്ത്യ. സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യം. ചെറുതും വലുതുമായ നാലു യുദ്ധങ്ങളില്‍ ഇന്ത്യ പങ്കാളിയാണെങ്കിലും ഒരിക്കല്‍പ്പോലും യുദ്ധത്തിന്റെ തുടക്കക്കാരന്‍ ഇന്ത്യ ആയിരുന്നില്ല. ഇന്ത്യ ആക്രമിക്കുകയായിരുന്നില്ല, ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുകയായിരുന്നു. പഹല്‍ഗാം ആക്രമണത്തിലും അതാണു സംഭവിച്ചത്. ഇന്ത്യയിലേക്കയച്ച ഡ്രോണുകളെയും മിസൈലുകളെയും നിര്‍വീര്യമാക്കുകയായിരുന്നു രാജ്യത്തിന്റെ ആദ്യത്തെ പരിഗണനാവിഷയം. ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷിതമാക്കിയശേഷമാണ് ശത്രുപാളയത്തില്‍ കടന്നുചെന്നു കൊടുംക്രൂരത കാണിച്ച ഭീകരവാദികളെ വകവരുത്തിയത്. ലോകത്തിന്റെ ഏതു ഭാഗത്ത് ഒളിച്ചിരുന്നാലും തിരഞ്ഞുപിടിച്ചു ശിക്ഷിക്കുമെന്ന പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രഖ്യാപനം സേനകള്‍ക്ക് ആത്മവിശ്വാസവും ആവേശവും പകര്‍ന്നു.
നിരപരാധികളെ കവചമാക്കി അക്രമം വിതച്ച പാക്കിസ്ഥാനെപ്പോലെയല്ല, അന്താരാഷ്ട്രമര്യാദകളെല്ലാം പാലിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്. നിരപരാധികള്‍ കൊല്ലപ്പെടാതിരിക്കാനും വസ്തുനഷ്ടം ആവുന്നത്ര കുറയ്ക്കാനും ഇന്ത്യന്‍സേന അങ്ങേയറ്റം ജാഗ്രത പുലര്‍ത്തി. അതേസമയം, ഭീകരരുടെ കേന്ദ്രങ്ങള്‍ മാത്രമല്ല, അവര്‍ക്കു സംരക്ഷണം നല്‍കുന്ന പാക്കിസ്ഥാന്റെ സൈനികകേന്ദ്രങ്ങളും എയര്‍ബേസുകളും ഇന്ത്യന്‍സേന തകര്‍ത്തു. ലാഹോറിലും കറാച്ചിയിലും വരെ സേനയുടെ അക്രമത്തിന്റെ ഞടുക്കമനുഭവപ്പെട്ടു. പാക്കിസ്ഥാന്‍ ഭയന്നുവിറച്ചു. ഗതിമുട്ടിയപ്പോള്‍ വെടിനിര്‍ത്തലിനുവേണ്ടി യാചിച്ചു. അമേരിക്ക മധ്യസ്ഥസ്ഥാനത്തു നില്ക്കാനുള്ള രാഷ്ട്രീയകരുനീക്കങ്ങള്‍ നടത്തി. സ്ഥലം കശ്മീരാകയാല്‍ വിദേശ ഇടപെടലുകളെ അംഗീകരിക്കാന്‍ ഇന്ത്യന്‍ഭരണകൂടത്തിനു സാധിക്കാത്ത അവസ്ഥയുണ്ട്. എങ്കിലും സൈനികതലവന്മാര്‍ തമ്മിലുണ്ടാക്കിയ ധാരണപ്രകാരം വെടിനിര്‍ത്തലിന് ഇന്ത്യ സന്നദ്ധത അറിയിച്ചു. ഇന്ത്യ വെടിനിര്‍ത്തല്‍ നടപ്പിലാക്കി. എന്നാല്‍, പാക്കിസ്ഥാന്‍ ഉടമ്പടി ലംഘിച്ചു. തങ്ങള്‍ നീതിബോധമില്ലാത്തവരും മാന്യത ശീലമാക്കാത്തവരുമാണെന്നു ലോകത്തെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ട് അതിര്‍ത്തി കടന്ന് ആക്രമണം അഴിച്ചുവിട്ടു. പാക്കിസ്ഥാനെ തീര്‍ക്കാനുള്ള അവസരം വീണുകിട്ടിയിട്ടും പക്വതയോടും ആത്മസംയമനത്തോടുംകൂടിയത്രേ ഇന്ത്യന്‍ ഭരണകൂടം വര്‍ത്തിച്ചത്. അതാണ് ജനാധിപത്യത്തിന്റെ കരുത്ത്.