ജില്ലാകളക്ടറുടെ തൊട്ടുതാഴെയുള്ള പദവിയും അധികാരകേന്ദ്രവുമാണ് എഡിഎമ്മിന്റേത്. നവീന്‍ ബാബു ആ സ്ഥാനത്തേക്കു പരീക്ഷാവിജയത്തിലൂടെ ചാടിക്കയറിയതല്ല; പകരം, പടിപടിയായ സ്ഥാനക്കയറ്റത്തിലൂടെ എത്തിയതാണ്. സീനിയോരിറ്റികൊണ്ടുമാത്രം ആ പദവിയിലെത്താനാവുകയില്ല. പ്രവര്‍ത്തനമികവും നല്ല സര്‍വീസ് റിക്കാര്‍ഡും ഉള്ളവര്‍ക്കാണ് അത്തരം ഉയര്‍ന്ന പദവികളിലെത്താന്‍ കഴിയുന്നത്. നവീന്‍ ബാബുവിനെക്കുറിച്ചു മേലധികാരികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്ലതുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ഇടതുപക്ഷ അനുഭാവിയും സംഘടനാപ്രവര്‍ത്തകനുമൊക്കെയാണെങ്കിലും ശാന്തനും മിതഭാഷിയും സത്യസന്ധനുമാണ്. രാഷ്ട്രീയനേതൃത്വത്തോടു വലിയ അടുപ്പമോ അകല്‍ച്ചയോ ഇല്ല. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്താതെ പദവിയുടെ ഗര്‍വില്ലാതെ ജീവിക്കുന്ന ഒരു നല്ല ഉദ്യോഗസ്ഥന്‍.
വിരമിക്കാന്‍ ഏഴുമാസം ബാക്കിനില്‌ക്കേ, അദ്ദേഹത്തിനു സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ചു. യാത്രയയപ്പില്‍ താത്പര്യമില്ലാതിരുന്നിട്ടും കണ്ണൂര്‍ കളക്‌ട്രേറ്റില്‍ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സഹപ്രവര്‍ത്തകരും കളക്‌ട്രേറ്റ് ജീവനക്കാരും മാത്രമുള്ള ചെറിയ സദസ്സ്. അവിടേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്തുപ്രസിഡന്റ് പി.പി. ദിവ്യ കടന്നുവന്നു. യാതൊരു പ്രകോപനവുമില്ലാതെ നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് പരിഹസിച്ചു സംസാരിച്ചു. പുതിയ സ്ഥലത്ത് ഇങ്ങനെയാകരുതെന്ന താക്കീതും നല്‍കി. ആറു മിനിറ്റു നീണ്ട പ്രസംഗം അവസാനിപ്പിച്ചത് രണ്ടുദിവസത്തിനകം വിവരം അറിയുമെന്നു പറഞ്ഞാണ്. യാത്രയയപ്പുസമ്മാനദാനച്ചടങ്ങില്‍ പങ്കെടുക്കുന്നത് തന്റെ പദവിക്ക് അപമാനകരമാകുമെന്ന സന്ദേശം നല്‍കി സമ്മാനദാനത്തിനുമുമ്പേ അവര്‍ വേദി വിട്ടിറങ്ങി.
യാത്രയയപ്പുസമ്മേളനങ്ങളില്‍ പറയുന്ന പ്രസംഗം ചരമപ്രസംഗംപോലെയാണ്. സാധാരണനിലയില്‍ നല്ലതേ പറയാറുള്ളൂ. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് വിഷംപുരട്ടിയ വാക്കുകളാണ് ഉച്ചരിച്ചത്. വിളിക്കാത്ത വേദിയില്‍വന്ന് വേണ്ടാത്തതു പറഞ്ഞ് ആ ചടങ്ങ് അലങ്കോലമാക്കിയതില്‍ അവര്‍ക്ക് യാതൊരു ഉളുപ്പും തോന്നിയില്ല. അത്രമാത്രം വിവരക്കേടും ധാര്‍ഷ്ട്യവും ധിക്കാരവും ഗര്‍വും അവര്‍ക്കുണ്ടായിരുന്നു. താന്‍ അംഗമായിരിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ തനിസ്വഭാവമാണ് അവര്‍ പ്രകടമാക്കിയത്. പാര്‍ട്ടിക്ക് അടിമപ്പെട്ടാല്‍ ഏതു കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും സത്യവും നീതിയും നോക്കാതെ സംരക്ഷണകവചം സൃഷ്ടിക്കുന്ന പ്രസ്ഥാനം. ജയിലിലടയ്ക്കപ്പെട്ടാല്‍ നേതാക്കന്മാരുടെ സന്ദര്‍ശനം ഉറപ്പുള്ള പാര്‍ട്ടി. ജയിലില്‍ മെച്ചപ്പെട്ട സൗകര്യങ്ങളും അത്യാവശ്യസ്വാതന്ത്ര്യവും. വീടിനെക്കുറിച്ച് ആകുലത വേണ്ട. എല്ലാം പാര്‍ട്ടി നോക്കിക്കൊള്ളും. പ്രതിക്ക് നിയമസഹായവും സാമ്പത്തികസഹായവും ഉറപ്പ്. പിന്നെ ആരെ പേടിക്കണം? അക്രമത്തിന്റെ വിത്തെറിഞ്ഞു കൊടുംക്രൂരതയുടെ വിളവെടുക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കെതിരേ ജനം തിരിഞ്ഞേ മതിയാകൂ. ജനാധിപത്യത്തിനും സമാധാനപരമായ അന്തരീക്ഷത്തിനും അത് അനിവാര്യമാണ്. ഭീഷണികള്‍ക്കും ഗുണ്ടാ ആക്രമണങ്ങള്‍ക്കും വാളിനും ബോംബിനുമിടയില്‍ സമാധാനകാംക്ഷികള്‍ എങ്ങനെ ജീവിക്കും?
ജില്ലാപഞ്ചായത്തുപ്രസിഡന്റ് ധിക്കാരം പറഞ്ഞിട്ട് എന്തുകൊണ്ട് ജനം തടഞ്ഞില്ല എന്ന ചോദ്യത്തിനു പ്രസക്തിയില്ല. അത് ആ പാര്‍ട്ടിയില്‍ നടപ്പുള്ള കാര്യമല്ല. അന്ധമായ വിധേയത്വം നിര്‍ബന്ധമാണ്. അവിടെ അനുഭവപ്പെട്ടത് ഭയത്തില്‍നിന്നുണ്ടായ മൗനമാണ്. വേദിയില്‍നിന്നു വിജയശ്രീലാളിതയായിട്ടാണ് ഇറങ്ങിപ്പോയതെങ്കിലും ആ സന്തോഷത്തിന് ഒരു രാവിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. നവീന്‍ബാബുവിന്റെ അസ്വാഭാവികമരണത്തിന്റെ വാര്‍ത്തയുമായാണ് പിറ്റേന്നു പ്രഭാതമുണര്‍ന്നത്. ജില്ലാപഞ്ചായത്തുപ്രസിഡന്റിന്റെ വാക്കുകള്‍ എഡിഎമ്മിനുള്ള അന്ത്യയാത്രാമൊഴിയായിരുന്നു.
എഡിഎമ്മിന്റെ മരണം ഒരു സാധാരണക്കാരന്റെ മരണംപോലെ എന്നു കരുതിയവര്‍ക്കു തെറ്റി. ജില്ലാപഞ്ചായത്തുകാരിയുടെ ഹിംസ ഒളിപ്പിച്ചുവച്ച പുഞ്ചിരി മാഞ്ഞു. ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാനും ന്യായീകരിച്ചു വെള്ളപൂശാനും ശ്രമിച്ചവരൊക്കെ വിരണ്ടു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ദിവ്യയെ കൈയൊഴിയാതെ കൂടെനിര്‍ത്താന്‍ ശ്രമിച്ചു. വിമര്‍ശനം സദുദ്ദേശ്യപരമായിരുന്നു. എങ്കിലും, വേണമെങ്കില്‍ യാത്രയയപ്പുസമ്മേളനത്തില്‍ ഒഴിവാക്കാമായിരുന്നു. പത്തനംതിട്ട ജില്ലാകമ്മിറ്റിമാത്രം നാട്ടുകാരനെന്ന പരിഗണന നവീന്‍ ബാബുവിനോടു കാണിച്ചു. അദ്ദേഹത്തിന്റേത് പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കുന്ന മരണമാണെന്ന് അവര്‍ സമ്മതിച്ചു. ജനം ഒറ്റക്കെട്ടായി ജില്ലാപഞ്ചായത്തു പ്രസിഡന്റുസ്ഥാനത്തിരുന്ന പെണ്‍ധിക്കാരത്തിനെതിരേ തിരിഞ്ഞപ്പോള്‍ പാര്‍ട്ടിക്കു പ്രിയപ്പെട്ട പെണ്‍നേതാവിനെ ഉപേക്ഷിക്കേണ്ടിവന്നു. സ്ഥാനം തെറിച്ചു. ഏതോ മാളത്തില്‍ ഒളിക്കേണ്ടിയുംവന്നു.
പാര്‍ട്ടിക്കാരി തെറ്റു ചെയ്തു എന്ന ചിന്ത അപ്പോഴും പാര്‍ട്ടിക്കില്ല. അഴിമതി തിരുത്താന്‍ ശ്രമിച്ചു എന്നു വ്യാഖ്യാനിച്ചു രക്ഷപ്പെടാനുള്ള ശ്രമം പാളിയത് ജനരോഷം ഉയര്‍ന്നപ്പോഴാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും പാര്‍ട്ടിയെ അലട്ടി. ഇതിനുംപുറമേയാണ് മന്ത്രി രാജന്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍. നവീന്‍ബാബു അഴിമതിക്കാരനായിരുന്നുവെന്ന് ആരും പറഞ്ഞില്ല. സമര്‍ഥനായ ഉദ്യോഗസ്ഥന്‍ എന്ന സര്‍ട്ടിഫിക്കറ്റാണ് എല്ലാവരും നല്‍കിയത്. താന്‍ ക്ഷണിച്ചിട്ടല്ല ദിവ്യ എത്തിയതെന്നു കളക്ടര്‍ക്കുപോലും പറയേണ്ടിവന്നു. രാഷ്ട്രീയജീര്‍ണത ഭീകരതയ്ക്കു തുല്യമാണ്.