കൊട്ടാരകവാടത്തില്‍നിന്ന് പ്രജകള്‍ അത്യന്തം ആകാംക്ഷയോടെ കൊട്ടാരത്തിലേക്കുതന്നെ നോക്കിനിന്നു. എന്താണു സംഭവമെന്നറിയാതെ അവര്‍ ഒന്നടങ്കം വേവലാതി പൂണ്ടു.
കൊട്ടാരത്തിലെ കാര്യസ്ഥന്റെ സംസാരത്തില്‍നിന്നു മഹാരാജാവുതിരുമനസ്സിന് എന്തോ കാര്യമായ അത്യാഹിതം സംഭവിച്ചെന്നു ജനത്തിനു ബോധ്യമായി. അതോടെ പ്രജകളെല്ലാം വല്ലാതെ പരിഭ്രാന്തരായി.
മഹാരാജാവുതിരുമനസ്സിന് എന്തെങ്കിലും സംഭവിച്ചിരിക്കുമോ? തങ്ങളുടെ പ്രിയങ്കരനായ രാജാവിന്റെ നിലവിളി അവര്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
''ദൈവമേ, ഞങ്ങളുടെ രാജാവിനെന്തുപറ്റി?'' അവര്‍ മാറത്തടിച്ചു നിലവിളിച്ചു. അവര്‍ കാവല്‍ക്കാരോട് വീണ്ടും ചോദിച്ചു: ''പറയൂ ഞങ്ങളുടെ രാജാവിനെന്തു പറ്റി?''
''ഞങ്ങള്‍ക്കൊന്നും അറിയില്ല.''
കാവല്‍ക്കാര്‍ പ്രധാന കവാടം വലിച്ചടച്ചു.
ആ സമയം കാര്യസ്ഥനും പരിവാരങ്ങളും 'തിരുമേനീ, തിരുമേനീ' എന്ന് അലറിവിളിച്ചുകൊണ്ട് വാതിലില്‍ ആഞ്ഞിടിച്ചുകൊണ്ടിരുന്നു.
എത്ര ശ്രമിച്ചിട്ടും വാതില്‍ തുറക്കാന്‍ കഴിയുന്നില്ല. അകത്തുനിന്ന് രാജാവ് വീണ്ടും അലറിക്കറഞ്ഞു.
''ഓടിവായോ, എന്നെ രക്ഷിക്കണേ, അല്ലെങ്കില്‍ ഞാനീ തറയില്‍ മരിച്ചുവീഴും...''
രാജാവിന്റെ രോദനം ചുറ്റും നിന്നവരുടെ ഹൃദയത്തില്‍ ഒരു ഇരുമ്പാണി കയറ്റുന്ന പ്രതീതിയുണ്ടാക്കി.
''തിരുമേനീ, വാതില്‍ തുറക്കൂ.'' അവര്‍ ഒന്നടങ്കം വാതിലിലിടിച്ചു നിലവിളിച്ചു.
''തിരുമേനീ, അങ്ങേക്ക് എന്തുപറ്റി? തിരുമേനീ, ദയവുചെയ്ത് വാതില്‍ തുറക്കൂ...''
അന്നും പതിവുപോലെ അത്യന്തം സന്തോഷത്തോടെയാണ് രാജാവ് നിദ്രപ്രാപിക്കാനായി പള്ളിയറയില്‍ പ്രവേശിച്ചത്. പിന്നെന്തുപറ്റി?
ജീവിതത്തില്‍ ഒരിക്കലും ഇത്ര ദയനീയമായി രാജാവ് പ്രാണനുവേണ്ടി ആരോടും കേണപേക്ഷിച്ചിട്ടില്ല. രാവിലെ എന്നും രാജാവ് പള്ളിയുറക്കം കഴിഞ്ഞ് എണീല്‍ക്കുന്നതു പ്രസന്നവദനനായിട്ടായിരിക്കും. ഇന്നിതാ അര്‍ധരാത്രിയായപ്പോള്‍ തിരുമേനിക്ക് എന്തോ അപകടം വന്നുഭവിച്ചിരിക്കുന്നു.
''എത്രയും വേഗം തിരുമനസ്സിന്റെ രണ്ടു പുത്രന്മാരെയും വിളിച്ചുകൊണ്ടുവരൂ.... കാര്യസ്ഥന്‍ മേഘനാദന്‍ അലറുന്ന സ്വരത്തില്‍ കല്പിച്ചു.
പെട്ടെന്ന് ആരോ കുമാരന്മാരുടെ സമീപത്തേക്ക് ഓടി. മേഘനാദന്‍ വല്ലാതെ വിയര്‍ത്തൊലിച്ചു. ശരീരം തളരുന്നതുപോലെ അയാള്‍ക്കു തോന്നി.
അയാള്‍ അത്രയ്ക്ക് ആത്മാര്‍ഥമായി, അഗാധമായി വീരസേനമഹാരാജാവിനെ സ്‌നേഹിച്ചിരുന്നു. ''തിരുമേനീ, എന്റെ തിരുമേനീ,'' അയാള്‍ വാതിലില്‍ ആഞ്ഞുചവിട്ടി. ആ സ്വരം രാവിന്റെ നിശ്ശബ്ദതയില്‍ എങ്ങും മാറ്റൊലിക്കൊണ്ടു.
കൊട്ടാരക്കെട്ടിലെ പള്ളിയറയില്‍ രാജാവിന് യാതൊരു അപകടവും സംഭവിക്കാന്‍ വഴിയില്ല. അവിടെ തിരുമേനിയല്ലാതെ മറ്റാരുമില്ല. തന്നെയുമല്ല, രാജാവിനു കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. നല്ല ബലമുള്ളതും നൂറുശതമാനം സുരക്ഷിതവുമായ സ്വര്‍ണം പൂശിയ വാതിലുകളാണ് കൊട്ടാരത്തിനുള്ളത്.
പുറത്തുനിന്ന് ഒരു ശത്രുവിനും കൊട്ടാരത്തിന്റെ ഏഴയലത്തുപോലും അടുക്കാന്‍ പറ്റില്ല.
രാജാവിന്റെ നിലവിളിയുടെ സ്വരം പൊടുന്നനെ താണു. അലറിക്കരച്ചിലിന്റെ ശക്തി നേര്‍ത്തില്ലാതാവുകയാണ്. നാവു തളര്‍ന്ന പ്രതീതി.
''ന്റെമ്മോ! എന്റെ തിരുമേനീ, എന്തുപറ്റി? ദൈവമേ, അദ്ദേഹത്തിന് ഒന്നും വരുത്തല്ലേ...''
മേഘനാദന്‍ ഒരു ഭ്രാന്തനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടാന്‍ തുടങ്ങി.
തിരുമേനിക്ക് എന്തോ കാര്യമായി സംഭവിച്ചിരിക്കുന്നു. അവിടുത്തെ സ്വരം വല്ലാതെ തളര്‍ന്നിരിക്കുന്നു.
രാജകുമാരന്മാര്‍ ആഗതരാകുന്നതും നോക്കി ജനം ഒന്നടങ്കം ആകാംക്ഷയോടെ നില്‍ക്കേ, പെട്ടെന്ന് ഒരു കുതിരവണ്ടി പാഞ്ഞുവന്ന് കൊട്ടാരത്തിലെത്തി. വണ്ടിയില്‍ മഹാരാജാവിന്റെ രണ്ടു പുത്രന്മാരുമുണ്ടായിരുന്നു. ജനം അവര്‍ക്കുവേണ്ടി വഴിമാറി. രണ്ടു രാജഭടന്മാരുടെ അകമ്പടിയോടെ അവര്‍ കൊട്ടാരകവാടത്തിലും പിന്നെ രാജാവിന്റെ പള്ളിയറയുടെ മുമ്പിലുമെത്തി.
മൂത്ത രാജകുമാരന്‍ കാര്‍ഫിയൂസും അനുജന്‍ ദേവദത്തനും കൂടി അലറിവിളിച്ചു: ''പിതാവേ, അങ്ങേക്ക് എന്തുപറ്റി? പറയൂ. ദൈവമേ, രക്ഷിക്കണേ.''
ഇരുവരും വാതിലില്‍ ആഞ്ഞുചവിട്ടുകയും തൊഴിക്കുകയും ചെയ്തു. എന്നാല്‍ ആര്‍ക്കും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല.
''എന്റെ ഹെലന്‍ദേവീ; എന്റെ അച്ഛനൊന്നും വരുത്തല്ലേ.'' രണ്ടാമത്തെ കുമാരന്‍ മാറത്തടിച്ചു നിലവിളിച്ചു.
''എല്ലാവരും ചേര്‍ന്ന് വാതില്‍ ഒന്നുകൂടി ചവിട്ടിത്തുറക്കാന്‍ ശ്രമിക്കാം... വരൂ...''
എല്ലാവരുംകൂടി സര്‍വശക്തിയും സംഭരിച്ചു വാതിലില്‍ ആഞ്ഞുതള്ളി. കുറേപ്പേര്‍ ആഞ്ഞുചവിട്ടി. ആകാശംപോലും ഞടുങ്ങുന്ന സ്വരമുയര്‍ന്നു. പക്ഷേ, വാതിലിനു നേരിയൊരു ചലനംപോലും സംഭവിച്ചില്ല. ചവിട്ടിയവരില്‍ രണ്ടുപേര്‍ മലര്‍ന്നടിച്ചു നിലത്തുവീണതു മിച്ചം. ''അയ്യോ... ദൈവമേ, നാമിനി എന്തു ചെയ്യും? തിരുമേനിയെ എങ്ങനെ കാണും?'' കാര്‍ഫിയൂസ് നിരാശയോടെ തളര്‍ന്നു ഭിത്തിയില്‍ ചാരിനിന്നു. പെട്ടെന്ന് മേഘനാദന്‍ പറഞ്ഞു: ''എനിക്കിപ്പോള്‍ കാര്യം പിടികിട്ടി. വാതില്‍ അകത്തുനിന്ന് ആരോ തഴുതിട്ടിരിക്കുകയാണ്. അല്ലെങ്കില്‍ രാജാവുതിരുമനസ്സിനു വാതില്‍ തുറക്കാന്‍ കഴിയുന്നില്ല...''
''ഭഗവാനേ, നമ്മളിനി എന്തു ചെയ്യും? എല്ലാവരും അന്യോന്യം പരിഭ്രാന്തരായി തുറിച്ചുനോക്കി നിന്നു. അപ്പോള്‍ മേഘനാദന്‍ പറഞ്ഞു: ''വാതിലിനു മുകളില്‍ കുറേ ഉയരത്തില്‍ ഒരു ദ്വാരമുണ്ട്. വേഗം ഒരു കുതിരയെ കൊണ്ടുവരൂ. അതിനു പുറത്തുകയറിനിന്ന് അകത്തേക്കു നോക്കാം.''
പെട്ടെന്ന് രാജാവിന്റെ നേര്‍ത്ത ഞരക്കംപോലും നിലച്ചു.
ഭടന്‍ പുറത്തേക്കോടി. നിമിഷങ്ങള്‍ക്കകം ഒരു വലിയ വെള്ളക്കുതിര അവിടെയെത്തി. മേഘനാദന്‍ ദ്വാരത്തിലൂടെ നോക്കിയത് 'എന്റെ തിരുമേനീ' എന്നൊരലര്‍ച്ചയോടെ കുതിരപ്പുറത്തുനിന്നും താഴേക്കുപതിച്ചതും ഒന്നിച്ചുകഴിഞ്ഞു.
(തുടരും)