•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

നിരാസത്തിന്റെ തന്ത്രവിദ്യകള്‍

ഗുരുതരമായ രീതിയില്‍ വിലയിടിച്ചില്‍ ഉണ്ടാക്കുന്ന ഒരു ആരോപണം അല്ലെങ്കില്‍ വിവരം ലഭിക്കുന്നുവെന്നിരിക്കട്ടെ, അതിനെ ബോധമനസ്സിലേക്കു കടന്നുവരാന്‍പോലും അനുവദിക്കാതെ, തടയുന്ന പ്രതിരോധതന്ത്രമാണ് നിരാസം.
തറയില്‍ക്കിടന്ന പഴത്തൊലിയില്‍ ചവിട്ടി കുട്ടികളിലൊരാള്‍ വീണെന്നു കരുതുക. ഭര്‍ത്താവാണ് അശ്രദ്ധമായി അതു വലിച്ചെറിഞ്ഞത്. ഭാര്യയ്ക്കതറിയാം. ''നിങ്ങള്‍ക്കൊരു കാര്യത്തിലും ശ്രദ്ധയില്ല'' എന്നു പറഞ്ഞ് അവള്‍ ഗുണദോഷിക്കുന്നു. പക്ഷേ, അയാളത് ഗൗനിക്കാന്‍പോലും കൂട്ടാക്കാതെ പറയുന്നു: ''ഞാനൊന്നുമല്ല.''
അയാള്‍ പറയുന്നതു വാക്ക് വാസ്തവവിരുദ്ധമാണെങ്കിലും, കളവായി കാണാന്‍ കഴിയില്ല. സ്വന്തം വീഴ്ച അഹത്തിന്റെ പതനത്തിനു കാരണമാകും. അതുകൊണ്ട് അത്തരമൊരു ആരോപണത്തെ സമ്മതിച്ചുകൊടുക്കുവാന്‍ മനസ്സ് കൂട്ടാക്കുന്നില്ല. അവിടെ, ''ഇല്ലില്ല, ഒരിക്കലുമില്ല'' എന്ന ബാരിക്കേഡ് ഉയരുന്നു.
മറ്റൊരു വശം ആരോപണത്തെ ശ്രവിക്കാന്‍പോലും കൂട്ടാക്കാതിരിക്കലാണ്. ''ഒന്നു പൊയ്‌ക്കോണം'' എന്നുംമറ്റും പറഞ്ഞ് പങ്കാളിയെ നിരുത്സാഹപ്പെടുത്തിയോ, ഭീഷണിപ്പെടുത്തിയോ തിരിച്ചയച്ചെന്നു വരും.
ഭാര്യയുടെ പഴകിയ വയറുവേദന കാന്‍സറാണോ എന്ന് ഫിസിഷ്യന്‍ സംശയിക്കുന്നു. കൂടുതല്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്യുന്നു. ഭര്‍ത്താവ് വിദഗ്ധനായ ഡോക്ടര്‍ക്കായി തെരയുമ്പോള്‍ ''ഒന്നും വേണ്ട, ഇതു ഗ്യാസാ'' എന്നു നിരാകരിക്കുന്ന ഭാര്യ ചികിത്സ വൈകിക്കുകയും, കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയുമല്ലേ ചെയ്യുക? ഇവിടെ അസ്വസ്ഥപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം നിരാകരിക്കപ്പെടുന്നു.
മദ്യപിച്ചു കരള്‍രോഗിയായ ഭര്‍ത്താവ് വീണ്ടും കുടിക്കുമ്പോള്‍ ഭാര്യ കെഞ്ചുന്നു: ''കുടിക്കല്ലേ!...'' പക്ഷേ, അയാള്‍ നിരാസത്തിന്റെ വേലിക്കെട്ടുയര്‍ത്തുന്നു: ''എനിക്കൊരു കുഴപ്പവുമില്ല. ഡോക്ടര്‍മാര്‍ ഓരോന്നു പറയും.''
അയാള്‍ക്കു മദ്യപാനം നിര്‍ത്തുക മൃത്യുതുല്യമാണ്. മാറാരോഗിയായിത്തീരുന്നതും ഉള്‍ക്കൊള്ളാനാകില്ല. അതുകൊണ്ട് ''ഇല്ല, ഇല്ല'' എന്ന പ്രതിരോധം ഏര്‍പ്പെടുത്തുകയാണ്.
കുടുംബജീവിതത്തില്‍ ചെറുകാര്യങ്ങള്‍ മുതല്‍ ഗൗരവമുള്ള വിഷയങ്ങള്‍വരെ ''നിരാസ''ത്തിനു വഴിപ്പെടാം. 
നിരാസം പങ്കാളിയെ വേദനിപ്പിക്കും; ചിന്താക്കുഴപ്പത്തിലാക്കും. എല്ലാക്കാര്യത്തിലും എതിരാണല്ലോ എന്ന് വ്യാകുലപ്പെട്ടുകൊണ്ടേയിരിക്കും. ക്രമേണ ഹൃദയങ്ങളുടെ തുറവ് നഷ്ടപ്പെടുന്നു. അടഞ്ഞ മനസ്സുകളില്‍നിന്ന് വിശ്വസ്തത പടിയിറങ്ങും.
ഓര്‍ക്കണം; പ്രണയത്തിന്റെ കാവലാളാണ് വിശ്വസ്തത.

 

Login log record inserted successfully!