I have lived a thousand lives and I've loved a thousand loves. Ive walked on distant worlds and seen the end of time. Because I read. George R.R. Martin
ജീവിതം കടലിലേക്കെറിഞ്ഞ ഒരു കല്ലുപോലെ കാണാനാവാത്ത ആഴങ്ങളിലേക്കാണ്ടുപോകുന്നുവെന്നു ഭയപ്പെടുന്ന നിമിഷമായിരിക്കും പ്രകാശം പരത്തുന്ന ഒരു പുസ്തകം നിങ്ങളുടെ കൈ പിടിക്കാനെത്തുന്നത്. അതോടെ, അതിജീവനമെന്നു മറുപേരുള്ള അക്ഷരങ്ങളുടെ പച്ചപ്പുല്‍നാമ്പുകള്‍ ഹൃദയത്തില്‍ വേരാഴ്ത്തിത്തുടങ്ങുന്നു. പുസ്തകം ഒരു സൗഖ്യസ്‌നാനമാവുന്നു. അത്തരം പുസ്തകങ്ങളെക്കുറിച്ചാണ്, അക്ഷരങ്ങളായിത്തെളിയുന്ന പ്രത്യാശയുടെ ചക്രവാളങ്ങളെക്കുറിച്ചാണ് ലോകം അവസാനിക്കുന്നില്ല എന്ന പുസ്തകത്തില്‍ അജയ് പി. മങ്ങാട്ട് എഴുതുന്നത്. അതിജീവനത്തിന്റെ അക്ഷരങ്ങള്‍ക്കൊപ്പംതന്നെ ലോകപ്രശസ്തരായ എഴുത്തുകാരുടെ അനന്യമായ മനോവ്യാപാരങ്ങളുടെയും അസാധാരണമായ ജീവിതദിശാസന്ധികളുടെയുമൊക്കെ ആകര്‍ഷകമായ രേഖാചിത്രങ്ങളും ഇവിടെ കാണാം. കേവലം ഒരു പുസ്തകം എന്നതിനപ്പുറം അനേകപുസ്തകങ്ങളിലേക്കും, അതുല്യരായ എഴുത്തുകാരിലേക്കുമുള്ള ഒരു സര്‍ഗവാതില്‍ക്കൂടിയായി മാറുന്നുണ്ട് ഈ പുസ്തകം.
മാര്‍ക്കസ് ഔറേലിയസ്, ഫ്രെഡറിക് നീത്‌ഷെ, ഹോര്‍ഹെ ലൂയി ബോര്‍ഹസ്, മിഷേല്‍ ഫൂക്കോ എന്നിങ്ങനെ എഴുത്തിലൂടെയും തത്ത്വചിന്തയിലൂടെയും ലോകമറിഞ്ഞ, ലോകത്തെയറിഞ്ഞ അനേകം അതുല്യപ്രതിഭകളെ കണ്ടുമുട്ടാം ഈ ഗ്രന്ഥപാതയില്‍. ഔറേലിയസ് അദ്ദേഹത്തിന്റെ പ്രശസ്തമായ 'മെഡിറ്റേഷന്‍സി'ലൂടെ പകര്‍ന്നുതരുന്ന ചില ഉള്‍ക്കാഴ്ചകളുണ്ട്. ഒരാള്‍ രാവിലെ ഉണരുന്നു. ആ ദിവസത്തെ വിചാരിക്കുന്നു. ഇന്നു ഞാന്‍ നല്ല മനുഷ്യരെ മാത്രമല്ല, വെറുപ്പും വിദ്വേഷവും നിറഞ്ഞ മനുഷ്യരെയും കാണേണ്ടിവന്നേക്കാം. എന്നാല്‍, അവരൊന്നും എന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുകയോ മുറിവേല്പിക്കുകയോ ഇല്ല. 'ഞാന്‍ എന്റെ കണ്ണുകളെ എന്നിലേക്കു തിരിക്കുന്നു. എന്റെ സ്വത്വം, എന്റെ ജീവിതം, എന്റെ വര്‍ഷങ്ങള്‍... തത്ത്വചിന്തയില്‍ താത്പര്യമുള്ളവര്‍ തീര്‍ച്ചയായും തേടിപ്പിടിച്ചു വായിക്കുന്നവിധം ഔറേലിയസിലേക്കു വഴിവെട്ടിയിരിക്കുന്നു ഗ്രന്ഥകാരന്‍.
ഔറേലിയസില്‍നിന്നു നീത്‌ഷേയിലേക്കെത്തുമ്പോള്‍ അദ്ദേഹത്തിന്റെ വിഖ്യാതമായ പല ദര്‍ശനങ്ങളിലേക്കും അവയുടെ പിന്നാമ്പുറക്കാഴ്ചകളിലേക്കും എഴുത്തുകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. 1882 ല്‍ നീത്‌ഷെ പാരീസിലായിരുന്ന കാലത്ത് സലോമി എന്ന യുവതിയെ കണ്ടുമുട്ടുന്നു. തന്റെ സഖിയും സഹയാത്രികയുമായി നീത്‌ഷെ അവളെ സങ്കല്പിക്കുന്നുവെങ്കിലും ആ സ്‌നേഹം തിരികെ ലഭിക്കുന്നില്ല. ആ സ്‌നേഹനിരാസം അദ്ദേഹത്തെ തകര്‍ത്തുകളയുന്നു. പിന്നീട് ജീവിതത്തില്‍ ഒരിക്കലും മറ്റൊരു വ്യക്തിയുടെയും സ്‌നേഹത്തിനോ സൗഹൃദത്തിനോവേണ്ടി യാചിച്ചിട്ടില്ല നീത്‌ഷെ. ഈ സംഭവങ്ങള്‍ക്കുശേഷമാണ് അദ്ദേഹം പ്രശസ്തമായ 'സരതുഷ്ട്ര' എന്ന കൃതി എഴുതിത്തുടങ്ങുന്നത്.''But you, you deep one, suffer too deeply even from small wounds...''എന്ന് സരതുഷ്ട്രയില്‍ നാം വായിക്കുന്നു. സ്‌നേഹശ്രമത്തില്‍നിന്നുണ്ടായ മുറിവിനെ അക്ഷരങ്ങള്‍കൊണ്ടുണക്കാന്‍ നീത്‌ഷെ പരിശ്രമിച്ചു. ആ ശ്രമം ഏകാന്തതയെ സ്‌നേഹിക്കാനും ആത്മമനുഷ്യനെ ധ്യാനിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കി. അന്യദേശത്തു നിധിതേടിപ്പോകുന്നവന്‍ സ്വദേശത്തെ നിധിയെക്കുറിച്ച് അജ്ഞനായിരിക്കുന്നതുപോലെതന്നെയാണ്, ആത്മബോധത്തിലേക്കു യാത്ര ചെയ്യാതെ, മനുഷ്യന്‍ അവനാവശ്യമുള്ളത് മറ്റുള്ളവരില്‍ തേടുന്നതെന്ന് നീത്‌ഷെ എഴുതി.
'ഒരാളുടെ സ്വരൂപം, വ്യക്തിസത്ത, അയാളില്‍ത്തന്നെ ഒളിപ്പിക്കപ്പെട്ടിരിക്കുന്നു' എന്ന നീത്‌ഷെയുടെ പ്രസിദ്ധമായ ആശയത്തിന്റെ രൂപപ്പെടലിനു സലോമിയുടെ ഈ സ്‌നേഹനിരാസവും സഹായകമായിട്ടുണ്ടെന്നുവേണം മനസ്സിലാക്കാന്‍.
പ്രണയനൈരാശ്യത്താല്‍ ഒരിക്കല്‍ ആത്മഹത്യയുടെ വക്കോളമെത്തിയിട്ടുണ്ട് ലോകപ്രശസ്ത കവിയും കഥാകൃത്തുമൊക്കെയായിരുന്ന ബോര്‍ഹസും. 'കുടഞ്ഞെറിഞ്ഞിട്ടും പോകാത്ത തീക്കട്ടയായി അവളെന്റെ കൈയിലിരിക്കുന്നു' എന്ന് അദ്ദേഹം എഴുതി. എന്നാല്‍, ഈ വേദനയില്‍പ്പോലും നീത്‌ഷെയെപ്പോലെ സ്‌നേഹത്തില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് ബോര്‍ഹസ് വിചാരിച്ചില്ല. ഓരോ സ്‌നേഹാനുഭവവും അവയുടെ ആനന്ദവും കണ്ണീരും എല്ലാം അദ്ദേഹത്തിന്റെ സര്‍ഗാത്മകതയുടെ ഊര്‍ജമായി പരിണമിച്ചു.
വലിയ എഴുത്തുകാരന്‍ എന്നതുപോലെതന്നെ വലിയ വായനക്കാരനുമായിരുന്നു ബോര്‍ഹസ്. വായനയുടെ മുതിര്‍ന്ന കാലങ്ങളില്‍ അദ്ദേഹത്തിന്റെ കാഴ്ച നഷ്ടമായി. ഇതേ കാലത്തുതന്നെയാണ് അര്‍ജന്റീനയിലെ നാഷണല്‍ ലൈബ്രറിയുടെ ലൈബ്രേറിയനായി ബോര്‍ഹസ് നിയമിക്കപ്പെടുന്നതും. 'ദൈവം എനിക്ക് പുസ്തകവും അന്ധതയും ഒരുമിച്ചുതന്നിരിക്കുന്നു' എന്നാണ് ബോര്‍ഹസ് ഇതിനെക്കുറിച്ചു പറഞ്ഞത്. അന്ധനായ ബോര്‍ഹസ് പിന്നീട് ഉള്‍ക്കണ്ണുകളാല്‍ ലോകത്തെ വായിച്ചു. ഓര്‍മകളുടെ ഉദ്യാനത്തിലൂടെ അനേകായിരം പുസ്തകങ്ങളിലേക്കു യാത്ര ചെയ്തു. 'സ്‌നേഹത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യം സ്‌നേഹിക്കപ്പെട്ടതിന്റെ ഓര്‍മയാണ്' എന്നെഴുതുന്നുണ്ട് 'ദ മിസ്റ്റീരിയസ് ക്യൂന്‍ ഓഫ് ലയോണ' എന്ന നോവലില്‍ ഉംബര്‍ട്ടോ എക്കോ. ബോര്‍ഹസ് പുസ്തകങ്ങളെയും മനുഷ്യരെയും അതിരുകളില്ലാതെ സ്‌നേഹിച്ചു. ആ സ്‌നേഹത്തിന്റെ ഓര്‍മകൊണ്ട് കാഴ്ചയില്ലായ്മയെന്ന കാഠിന്യത്തെ കാറ്റില്‍പറത്തി.
അപ്രതീക്ഷിതമായെത്തുന്ന രോഗങ്ങളും പ്രതിസന്ധികളുമൊക്കെ ജീവിതത്തെ കുറെക്കൂടി തെളിച്ചമുള്ളതാക്കാന്‍ ചിലരെയെങ്കിലും പ്രാപ്തരാക്കുന്നുണ്ട്. മിഷേല്‍ ഫൂക്കോ പറയുന്നത് വിരസവും ശരാശരിയുമായ ജീവിതത്തില്‍നിന്ന് ഒരു വ്യക്തി അയാളെ സ്വയം കണ്ടെത്തുകയാണ് രോഗത്തിലൂടെ ചെയ്യുന്നതെന്നാണ്. മടുപ്പിക്കുന്ന ഒരു ജീവിതം പെട്ടെന്ന് അസാധാരണമായിത്തീരുന്നു. രോഗം ഒരു സൂചനയാണെന്നും പിന്നില്‍ ആരോ ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും അതിനാല്‍, ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ഒരാള്‍ തിരിച്ചറിഞ്ഞുതുടങ്ങുമ്പോള്‍ അലസനേരങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാകും.
സമയം പൊടുന്നനേ പൊന്‍നാണയംപോലെ വിലയുള്ളതായി മാറുന്നു. 'പഴത്തിനുള്ളിലെ വിത്ത് എന്നപോലെ നാം മരണത്തെ കൊണ്ടുനടക്കുന്നു'വെന്ന് റില്‍ക്കെ എഴുതുന്നുണ്ട്. തൊട്ടടുത്തനിമിഷം നാം മരിച്ചുപോകുമെന്ന വിചാരത്തോടെ ജീവിക്കണമെന്ന് ഔറേലിയസും പറയുന്നു. അപ്പോഴാണ് ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയുക.
'ഓരോ നിമിഷത്തിനുള്ളിലും കുടിപാര്‍ക്കാ/
മോരോരോ നൂറ്റാണ്ടിന്നെന്നോതുന്നു കരളിന്നും' എന്ന് അക്കിത്തം. ഓരോ നിമിഷത്തിനുള്ളിലും ഒരായിരം അദ്ഭുതനിമിഷങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ട്.
ഹിറ്റ്‌ലറുടെ നാസിപ്പട്ടാളം ഏതുനിമിഷവും തേടിവരുമെന്ന ഭയത്തില്‍ ജീവിക്കുമ്പോഴും ഒളിസങ്കേതത്തിലെ മങ്ങിയ വെളിച്ചത്തിലിരുന്ന് ആന്‍ഫ്രാങ്ക് എന്ന പെണ്‍കുട്ടി ഇങ്ങനെ എഴുതി: 'ഞാന്‍ ഇപ്പോഴും മനുഷ്യരില്‍ വിശ്വസിക്കുന്നു.'
അവളുടെ വിശ്വാസം അവളെ രക്ഷിച്ചില്ല. എന്നാല്‍, അവള്‍ എഴുതിയ അക്ഷരങ്ങള്‍ പിന്നീട് അനേകര്‍ക്കു വെളിച്ചമായി. കത്തിയെരിഞ്ഞൊരു മെഴുകുതിരിയായിരുന്നു ആ പെണ്‍കുട്ടി. തിരിതീര്‍ന്നു കാലമിത്ര കഴിഞ്ഞിട്ടും വെളിച്ചമിപ്പോഴും ഇവിടെയുണ്ട്.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് 'ലീഫ് സ്റ്റോം' (Leaf Storm) എന്ന തന്റെ ആദ്യനോവലില്‍ ഇങ്ങനെ എഴുതുന്നുണ്ട്: ''എല്ലാം നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ടുതന്നെ ജീവിതത്തെ സ്‌നേഹിക്കാനാവണം. കാറ്റിനെ അതിന്റെ ചിറകുകളോടു കൂടിത്തന്നെ സ്വീകരിക്കാന്‍ കഴിയണം.''
ബുക്ക് ഷെല്‍ഫ്