•  22 May 2025
  •  ദീപം 58
  •  നാളം 11
ബുക്ക് ഷെല്‍ഫ്‌

ഒറ്റയ്ക്കു നടക്കുന്നയാള്‍ ഒറ്റയ്ക്കല്ല

''Distance changes utterly when you take the world on foot.''þ Bill Bryson (American Journalist and Author)
എത്ര വീണിട്ടാണ് നമ്മളൊക്കെ നടക്കാന്‍ പഠിച്ചത്! സരളമായ ഒരു വാക്യമാണ് സാമാന്യേന നാമെല്ലാം കേട്ടിട്ടുള്ളത്. എങ്കിലും ഒന്നു ചിന്തിച്ചാല്‍ അര്‍ഥത്തിന്റെ ഒരു മഹാകാശം ഈ കുഞ്ഞുവാക്യത്തിനുള്ളില്‍ തെളിഞ്ഞുവരുന്നതു കാണാം. ചുവടുറയ്ക്കാത്ത കുഞ്ഞ് തട്ടിയും തടഞ്ഞുവീണും കാല്‍മുട്ടു പൊട്ടിയതുമാത്രമാണോ ഇവിടെ സൂചിതം? അതോ, വീഴ്ചകളാകുന്ന തെറ്റുകളെ തിരുത്താന്‍ ശ്രമിക്കുന്ന, ഇടയ്‌ക്കെല്ലാം വീണുപോകുന്ന,  എന്നാല്‍ തോല്‍വി സമ്മതിക്കാതെ പിടഞ്ഞെണീറ്റു മുന്നോട്ടുനടക്കുന്ന മനുഷ്യവര്‍ഗത്തിന്റെതന്നെ ചരിത്രമോ?  
നടത്തമൊന്നും വെറും നടത്തമല്ലെന്നോര്‍മിപ്പിക്കുന്നു 'നടക്കുമ്പോള്‍' എന്ന കൃതിയിലൂടെ ഇ. പി. രാജഗോപാലന്‍. 'നടത്തത്തില്‍ ഓരോ നടയിലും ആദിമമായ ഓര്‍മകളുണ്ട്. തലച്ചോറിന്റെ പടിപടിയായ വളര്‍ച്ചയുടെ ഘട്ടത്തിലാണ് രണ്ടു കാലുകള്‍കൊണ്ടുള്ള ചലനജീവിതം സാധ്യമായത്. പഴയ മുന്‍കാലുകള്‍ അങ്ങനെ സ്വതന്ത്രമായി. കൈകള്‍ എന്ന അനുഭവമുണ്ടായി. കൈകളിലെ വിരലുകള്‍ കൂടുതല്‍ കാര്യക്ഷമമായി. ആ വിരലുകള്‍കൊണ്ട് സര്‍ഗാത്മകമായ ചിലത്, പിന്നെപ്പിന്നെ പലതും ചെയ്യാനായി. വിത്തു വിതയ്ക്കാനും ധാന്യം കൊയ്‌തെടുക്കാനും കൊത്താനും കിളയ്ക്കാനും വരയ്ക്കാനും എണ്ണാനുമൊക്കെ കൈവിരലുകള്‍ തയ്യാറായി. വിരലുകള്‍ ഉദയത്തിന്റെ രശ്മികളായി. ഇതൊരു ചരിത്രചുരുക്കമാണ്. ഈ ചരിത്രം ഓരോ ആളിന്റെയും ഓരോ നടത്തത്തിലും പ്രവര്‍ത്തിക്കുന്നു. ഒരാളും ഒരാള്‍മാത്രമല്ല. ചരിത്രം ചോരപോലെ ഉള്ളിലുണ്ട്. ജീനുകള്‍ ജീവനുള്ള ചരിത്രാലയങ്ങളാണ്. ചരിത്രമുറങ്ങുന്ന വഴികളും, ഇടവഴികള്‍പോലും എത്രയോ മനുഷ്യരുടെ വിയര്‍പ്പിലാണു തെളിഞ്ഞുവരുന്നത്. ആ വഴികളില്‍ നടന്ന മനുഷ്യരെത്ര? അതില്‍ കരഞ്ഞവരെത്ര? ചിരിച്ചവരെത്ര? വഴിയോരങ്ങളില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ആത്മമിത്രങ്ങള്‍മുതല്‍ നെഞ്ചുപൊട്ടി വഴിയില്‍വീണു യാത്രയവസാനിപ്പിച്ച പാവം മനുഷ്യര്‍വരെ.
1913 മുതല്‍ 1948 വരെയുള്ള കാലത്ത് ദിവസവും 18 കിലോമീറ്റര്‍ നടക്കുമായിരുന്നത്രേ നമ്മുടെ രാഷ്ട്രപിതാവ്. ആ സ്‌നേഹമനുഷ്യന്റെ 390 കിലോമീറ്റര്‍ നീളമുള്ള നടത്തമായിരുന്നു ദണ്ഡിയാത്ര. നടത്തത്തില്‍ ഗാന്ധി തന്റെ രാഷ്ട്രത്തെ കണ്ടു. നിസ്വരും ദരിദ്രരുമായ ജനകോടികളെ കണ്ടു. അങ്ങനെ ആ മഹാത്മാവ് കോട്ടും സ്യൂട്ടും ഉപേക്ഷിച്ച് ഒരൊറ്റ മുണ്ടിലേക്കു ജ്ഞാനസ്‌നാനപ്പെട്ടു. കേരളരാഷ്ട്രീയത്തിന്റെ ഇന്നലെകള്‍ കാലുകളുടെയും വഴികളുടെയും ചരിത്രംകൂടിയാണെന്നും നിരീക്ഷിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. നടന്നു നടത്തിയ സംഘാടനം, മര്‍ദകരില്‍നിന്നുള്ള കുതറിയോട്ടം, ഒളിവിടംതേടിയുള്ള രാത്രിനടപ്പ് ഇതൊക്കെ സാധാരണകാര്യങ്ങളായിരുന്നു. നടക്കാതെ ഒന്നും നടക്കില്ലായിരുന്നു. നടക്കുക എന്നതിനു സംഭവിക്കുക എന്ന പൊരുള്‍കൂടി നല്‍കിയ ജനതയാണ് കേരളത്തിലേത്.
ഗ്രാമം എന്നതിന്റെ ഏറ്റവും വലിയ സൂചകമാണ് നടന്നുണ്ടായ വഴി. ഓരോ നീളന്‍ നടപ്പാതയും, മനുഷ്യര്‍ ജീവിക്കുന്നു, ജീവിക്കാനായി യാത്ര ചെയ്യുന്നു എന്നതിന്റെ തെളിവാണ്. 'കാലാണ് വഴിയുടെ മൂര്‍ത്തി. വഴിക്ക് വേറേ ദൈവമില്ല. ഉടയോനില്ല.'  ജാതിവ്യവസ്ഥയും തീണ്ടലും തൊടീലും ഒക്കെ പ്രബലമായിരുന്ന പഴയകാലത്ത് ഏവര്‍ക്കും സഞ്ചരിക്കാവുന്ന പൊതുവഴികള്‍ എന്നത് ഒരു നവോത്ഥാനപ്രവര്‍ത്തനം കൂടിയായിരുന്നു. നഗ്‌നപാദരായി നടന്ന മനുഷ്യര്‍ സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കുമായുള്ള മുദ്രാവാക്യങ്ങള്‍ വഴിനീളെ വിളിച്ചു. അങ്ങനെ വഴികള്‍ വിപ്ലവപാതകള്‍കൂടിയായി. മദിരാശിനഗരത്തില്‍ കണ്ട മതേതരവഴികളായിരുന്നു മലബാറുകാരന്‍ അനന്തഷേണായിയെ സ്വാമി ആനന്ദതീര്‍ഥന്‍ എന്ന ശ്രീനാരായണശിഷ്യനാക്കി മാറ്റിയത്. കീഴാളരുടെ പൊതുവഴിനടപ്പടക്കമുള്ള കാര്യങ്ങള്‍ക്കായിട്ടായിരുന്നു നീതിബോധമുള്ള ആ സന്ന്യാസി തന്റെ പില്‍ക്കാലജീവിതം മാറ്റിവച്ചത്.
സാഹിത്യപണ്ഡിതനായിരുന്ന രാജശേഖരന്‍ 'കാവ്യമീമാംസ'യില്‍ ഭുവനകോശം എന്നൊരു ആശയം അവതരിപ്പിക്കുന്നുണ്ട്. കവി ഓരോ ഋതുവിലെയും പൂക്കളെയും ചെടികളെയും മറ്റും കണ്ടറിയണം എന്നതാണ് ഇതിന്റെ ഉള്ളടക്കം. കണ്ടറിയാന്‍ കണ്ണുകള്‍ മാത്രം പോരാ, കാലും ചലിക്കണം. ശിശിരത്തിലും ഹേമന്തത്തിലും പൂക്കള്‍ക്കു ചാരെ എത്തണം. അങ്ങനെ നടന്നറിയുന്നത്, കണ്ടറിയുന്നത്, തൊട്ടറിയുന്നത്,  കവിയുടെ സര്‍ഗഭാവനയെ കൂടുതല്‍ പുഷ്‌കലമാക്കും. കവിയുടെമാത്രമല്ല കര്‍ഷകന്റെയും കാലുകള്‍ സര്‍ഗാത്മകമാണ്. കര്‍ഷകന്റെ കാലുകള്‍ക്കു വയല്‍മണ്ണിനോടാണ് സര്‍ഗസംവാദം. ആ വളക്കൂറു പാഠവത്കരിച്ച കാലുകളാണവ. വിത്തകങ്ങളിലും ധാന്യമുറികളിലും കയറുന്ന കാലുകള്‍, നനവുള്ള വരമ്പുകളിലൂടെ ശ്രദ്ധയോടെ നീങ്ങുന്ന കാലുകള്‍. വയല്‍ച്ചെളിയുടെ  മണമുള്ള എത്രയോ കര്‍ഷകപാദങ്ങള്‍ ചേര്‍ന്നാണ് ലോകത്തിനുള്ള അന്നമൊരുക്കുന്നത്.
വിഷാദവും വിഭ്രാത്മകചിന്തകളും വല്ലാതെ വലച്ചിരുന്ന വാന്‍ഗോഗ് വഴിതെറ്റിയും വഴിതേടിയും വഴികള്‍ ഏറെ നടന്നു. വഴികളനേകമുണ്ട് അയാളുടെ കാന്‍വാസില്‍. വളഞ്ഞുപുളഞ്ഞ, ചിലപ്പോള്‍ അര്‍ഥവൃത്താകാരം പൂണ്ട നാട്ടുവഴികള്‍, അവയുടെ ഭാഗമെന്നപോലെ കാണാക്കുരിശും പേറിനടക്കുന്ന ഏകാകികള്‍. അവരോടു മിണ്ടാതെ മിണ്ടുന്ന മരങ്ങള്‍, ചെടികള്‍. വാന്‍ഗോഗിന്റെ ചിത്രങ്ങളിലെ നടവഴികളെയും നടത്തക്കാരെയുംമാത്രം വിഷയമായി എടുത്തുകൊണ്ട് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കവി വില്യം വേര്‍ഡ്‌സ്‌വര്‍ത്തും നടത്തശീലത്താല്‍ അനുഗ്രഹിക്കപ്പെട്ടവനായിരുന്നു. കേംബ്രിഡ്ജ്  സര്‍വകലാശാലയിലെ വിദ്യാര്‍ഥിജീവിതത്തിനിടയ്ക്ക് ഒരു വേനലവധിക്കാലത്ത് കാവ്യദേവതയില്‍നിന്ന് വേര്‍ഡ്‌സ്‌വര്‍ത്തിന് ഒരുള്‍വിളിയുണ്ടായി. ആല്‍പ്‌സ് നിരകള്‍ നടന്നുകയറി വിപ്ലവംകൊണ്ടു മട്ടുമാറിയ ഫ്രാന്‍സില്‍ എത്തിച്ചേരുക. ആ ഉള്‍വിളി കവിയുടെ പാദങ്ങള്‍ ശിരസാ വഹിച്ചു. ആല്‍പ്‌സ്  കയറിയിറങ്ങി ഫ്രാന്‍സയാള്‍ നടന്നുകണ്ടു. ഒടുവില്‍ നടന്നുതന്നെ തിരിച്ചെത്തിയപ്പോഴേക്കും സര്‍വകലാശാലയില്‍ പുതിയ സെമസ്റ്റര്‍ തുടങ്ങിയിരുന്നു. എങ്കിലും ആ നടത്തത്തെയും ഗൗരവമുള്ള പഠനകാലമായിത്തന്നെ സ്വീകരിച്ചതിനാല്‍ കുറച്ചുദിവസത്തെ അക്കാദമികപഠനം നഷ്ടമായതില്‍ അദ്ദേഹത്തിനു സങ്കടമുണ്ടായില്ല. എഴുപതാം വയസ്സില്‍ സ്വന്തം നാട്ടിലെ കൊടുമുടിയായ ഹെല്‍വെല്യന്‍(Helvellyn)വേര്‍ഡ്‌സ്‌വര്‍ത്ത്  കാലുകള്‍ കൊണ്ടു വായിച്ചറിഞ്ഞു. അക്ഷീണനായ നടത്തക്കാരന്‍ എന്ന ആത്മവിശ്വാസം ജീവിതത്തിന്റെ കഠിനവഴികളിലും കവിയ്ക്കു തുണയായി.
തോമസ് ഡിക്വന്‍സിയാണ് വേര്‍ഡ്‌സ്‌വര്‍ത്ത്  ജീവിതകാലംകൊണ്ട് ഏതാണ്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം ഇംഗ്ലീഷ് മൈല്‍ (2,89,620 കി.മീ.)  നടന്നതിന്റെ കണക്കെഴുതി പരസ്യമാക്കിയത്. എണ്‍പതാം വയസ്സില്‍ മരിക്കുമ്പോഴേക്കും വേര്‍ഡ്‌സ്‌വര്‍ത്തിന്റെ കാലുകള്‍ നന്നായി വളഞ്ഞു പോയിരുന്നു. നടന്നുവളഞ്ഞ കാലുകള്‍. എത്രയെത്ര കവിതകള്‍ക്കുള്ള പ്രചോദനമായിട്ടുണ്ടാവും ആ കാലുകള്‍ കണ്ട കാഴ്ചകള്‍!
'ആരാണ് എന്റെ കാല്പാടുകള്‍ മായ്ച്ചുകളയുന്നത്?' എന്ന ബഷീറിയന്‍വിലാപത്തില്‍ കാലും കാലവും തമ്മിലുള്ള ബന്ധത്തിന്റെ ഈണം കേള്‍ക്കാം എന്നും ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നുണ്ട്. പിന്നില്‍ ഉപേക്ഷിക്കപ്പെടുന്നവയാണ് കാല്പാടുകള്‍. ആരോ ഒരാള്‍ മുമ്പേ ഇവിടെ എത്തിയിരുന്നുവെന്ന് അവ നിശ്ശബ്ദമായി ഓര്‍മിപ്പിക്കുന്നു. മുമ്പേ നടന്നവരുടെ കാണാതായ കാല്പാടുകളാണ് തന്റെ ഇന്നത്തെ വഴി എന്നറിയുന്ന ജ്ഞാനത്തിന്റെ പേരുകൂടിയാണ് ചരിത്രം. എത്രപേര്‍ നടന്ന വഴികളിലൂടെയാണ് നമ്മള്‍ ഓരോരുത്തരുടെയും ജീവിതസഞ്ചാരം. മുമ്പേ നടന്ന അജ്ഞാതരായ ആ  മനുഷ്യര്‍ക്ക്, അവരുടെ അതുല്യമായ കര്‍മവഴികള്‍ക്കൊക്കെയുള്ള ഉചിതമായ ഒരാദരംകൂടിയാവുന്നുണ്ട് കണ്ണുകൊണ്ടും കാലുകൊണ്ടും വായിക്കാവുന്ന ഈ പുസ്തകം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)